മദ്യ ഉപഭോഗവും, മദ്യ നിര്‍മ്മാണവും, വിതരണവും മദ്യ വിപണിയുമാണ് സോഷ്യലിസം നടപ്പാക്കാനുള്ള കവാടമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. അതുകൊണ്ടാണ് മദ്യ നിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഭരണം മുന്നോട്ടു കൊണ്ടു പോകുന്നത്. എന്നാല്‍, മദ്യം നിരോധിക്കാതെ, മദ്യം വര്‍ജ്ജിക്കാനായി നാടുനീളെ ബെവ്‌കോ ഔട്ട്‌ലെറ്റുകളും, ബാര്‍ഹോട്ടലുകളും, ബിയര്‍ വൈന്‍ ഷോപ്പുകളും മദ്യ നിര്‍മ്മാണ കമ്പനികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയുമാണ് സര്‍ക്കാരിന്റെ പ്രതിബദ്ധത തെളിയിക്കുന്നത്. ‘ഗോവയില്‍ നിറയെ മദ്യക്കടകളാണ്.
എന്നാല്‍, ഗോവക്കാര്‍ മദ്യത്തില്‍ മുങ്ങിയല്ല ജീവിക്കുന്നത്’. ഇതാണ് കേരള സര്‍ക്കാരും എടുക്കുന്ന നിലപാട്. മലയാളികള്‍ മദ്യം വര്‍ജ്ജിക്കുകയും, ടൂറിസ്റ്റുകള്‍ക്കും വിദേശ സഞ്ചാരികള്‍ക്കുമായി മദ്യം സുലഭമായി നല്‍കുക. അതുവഴി സമ്പാദിക്കുക. ഈ ആശയം മുന്നില്‍ക്കണ്ടാണ് കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയതു പോലും. മാത്രമല്ല, വീര്യം കുറഞ്ഞ മദ്യം നിര്‍മ്മാണവും, വിദേശ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുകയാണ്.
കേരളത്തിനാവശ്യമായ മദ്യം ഇവിടെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാക്കുകള്‍ എങ്ങനെ മറക്കാനാവും. രണ്ടാം പിണറായി സര്‍ക്കാരിന്റെ മദ്യത്തിനോടുള്ള അടുപ്പം ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് കേരളത്തിലെ മദ്യപന്‍മാരാണ്. കള്ള് ഷാപ്പുകളില്‍ ഡയസപ്പാം ഗുളിക കലക്കി കിട്ടുന്ന കള്ളുമോന്തി കുടലു ചീത്തയാക്കാതെ, ഉള്ള കാശിന് നല്ലയിനം മദ്യം കിട്ടിയാല്‍ അത്രയും നല്ലത് എന്ന ചിന്തയാണുള്ളത്.
ചാരായം പണ്ടേ നിര്‍ത്തലാക്കിയതു കൊണ്ട്, കൈയ്യിലുള്ള കാശിന് കിട്ടുന്ന വിലകുറഞ്ഞ മദ്യം കിട്ടാനില്ല എന്ന നിരാശയാണ് മദ്യപന്‍മാര്‍ക്കുള്ളത്. അതുകൊണ്ടുതന്നെ മദ്യപന്‍മാരുടെ ജനകീയ ഐറ്റമായ ജവാന്‍, സല്‍സ തുടങ്ങി ബ്രാന്റുകള്‍ കൂടുതല്‍ ഉത്പാദിപ്പിച്ച്, വരുമാനം കുറഞ്ഞ മദ്യപന്‍മാരെ മുഴുക്കുടിയന്‍മാരും പാപ്പരുമാക്കി ഖജനാവ് നിറയാക്കാമെന്നാണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്. കൂടാതെ, ഇടത്തരക്കാരും, ധനികരുമായവരെയും ഊറ്റാന്‍ ഇടിലൂടെ സാധിക്കുമെന്നതാണ് പ്രധാനം. അതിനായി മദ്യം യഥേഷ്ടം ലഭ്യമാക്കാന്‍ ഔട്ട്‌ലെറ്റുകള്‍ വര്‍ദ്ധിപ്പിക്കുകയാണ്.
മികച്ച സൗ കര്യങ്ങളോടു കൂടിയുള്ള 14 ഔട്ട്‌ലെറ്റുകളാണ് പുതിയതായി ബെവ്‌കോയില്‍ വരുന്നത്. പ്രീമിയം കൗണ്ടറുകളാണിവ. നമുക്കിഷ്ടമുള്ള മദ്യം നോക്കിയ എടുക്കാം. അതാണ് പ്രീമിയം കൗണ്ടറുകളുടെ ഗുണം.പുതുതായി 243 ഔട്ട്‌ലെറ്റുകളാ കേരളത്തില്‍ തുറക്കുന്നത്. ഒരു മലയാളി സിനിമയിലെ ഗാനം പോലെ ‘ നീ അറിഞ്ഞോ, മേലേ മാനത്ത്…ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്’ എന്ന പോലെ കേരളത്തിലാകെ മദ്യഷോപ്പുകളുടെ ഔട്ട്‌ലെറ്റുകള്‍ കൊണ്ട് നിറയുകയാണ്. മലയാളികളുടെ ആഘോഷ വേളകള്‍ ആന്നദകരമാക്കാന്‍ മദ്യം ഇല്ലാതെ കഴിയാത്ത അവസ്ഥയാണ്.
ജനിച്ചാലും, മരിച്ചാലും മദ്യം വേണം. ഈ അവസരം മുതലെടുത്താണ് സര്‍ക്കാരും മദ്യത്തിനു പുറകേ പോകുന്നത്. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ സിംഹ ഭാഗവും വരുന്നത്, മദ്യം-ലോട്ടറി എന്നിവയില്‍ നിന്നുമാണ്. ഇത് രണ്ടും നിയമപരമായി നടത്തുന്നതിലൂടെ സര്‍ക്കാര്‍ തന്നെ ജനങ്ങളെ വഴിതെറ്റിക്കുന്നു എന്നു പറയേണ്ടി വരും.വിദേശ രാജ്യങ്ങളിലെ മദ്യക്കടകളോടു കിടപിടിക്കുന്ന രീതിയില്‍ മുന്തിയ ഇനം മദ്യങ്ങള്‍ക്കു മാത്രമായി മികച്ച മദ്യ ഷോപ്പുകള്‍ ആരംഭിക്കാനാണ് ബെവ്കോ തയ്യാറെടുക്കുന്നത്.
സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍ എന്ന പേരിലാണ് സംസ്ഥാനത്ത് മികച്ച സൗകര്യങ്ങളില്‍ പ്രീമിയം മദ്യങ്ങള്‍ മാത്രം വില്‍ക്കുന്ന ഷോപ്പുകള്‍ ബെവ്കോ ആരംഭിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍ എന്ന പേരില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും ഓരോന്നു വീതം ആരംഭിക്കുമെന്ന് ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി പറയുന്നു. നിലവില്‍ ബെവ്കോ ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നിടത്ത് തന്നെ പ്രത്യേകമായാണ് പ്രീമിയം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുതുതായി ആരംഭിക്കുന്ന സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍ക്കൊപ്പം വിലകുറഞ്ഞ മദ്യം ലഭിക്കുന്ന കൗണ്ടറുകള്‍ ഉണ്ടാകില്ല.
അതായത് 750 മില്ലി ലിറ്ററിന് 750 രൂപവരെ വില വരുന്ന മദ്യം ഇത്തരം പുതിയ ഷോപ്പുകളില്‍ ഉണ്ടാകില്ല. അതിനു മുകളിലുള്ള മദ്യങ്ങള്‍ വില്‍ക്കുന്നതിനാണ് സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍ ആരംഭിക്കുന്നത്. വളരെ മനോഹരമായ ഡിസ്പ്ലേയില്‍ മദ്യ ഉപഭോക്താക്കള്‍ക്ക് മികച്ച വാങ്ങല്‍ അനുഭവം പ്രദാനം ചെയ്യുന്ന തരത്തിലായിരിക്കും പുതിയ സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍ സജീകരിക്കുക. ഇതിനാവശ്യമായ ഇന്റീരിയര്‍ ഡിസൈനുകളുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. 3000 ചതുരശ്ര അടി വലിപ്പത്തില്‍ മികച്ച ലുക്ക് ആന്‍ഡ് ഫീലിലായിരിക്കും പുതിയ സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍.
ആദ്യ ഘട്ടത്തില്‍ 14 ജില്ലകളില്‍ ഓരോ സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍ സ്ഥാപിക്കാനാണ് ബെവ്കോ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ പടിയായി എറണാകുളം ജില്ലയില്‍ വൈറ്റില, വടക്കേക്കോട്ട, കോഴിക്കോട് ഗോകുലം മാള്‍, തൃശൂര്‍ മനോരമ ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഷോപ്പുകള്‍ ഉടന്‍ നിലവില്‍ വരും. ആദ്യ നാലെണ്ണം പ്രവര്‍ത്തനം ആരംഭിച്ചാല്‍ മറ്റു ജില്ലകളില്‍ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഓരോന്നു വീതം സ്ഥാപിക്കാനാണ് ലക്ഷ്യം. തിരുവനന്തപുരം ജില്ലയില്‍ ടൂറിസം കേന്ദ്രം എന്നതു പരിഗണിച്ച് വര്‍ക്കലയില്‍ സൂപ്പര്‍ പ്രീമിയം കൗണ്ടര്‍ ആരംഭിക്കും.
സംസ്ഥാനത്ത് 68 ബിവറേജസ് ചില്ലറ വില്‍പനശാലകള്‍ ആരംഭിക്കാനുള്ള നീക്കം കോര്‍പറേഷന്‍ ആരംഭിച്ചിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദേശ പ്രകാരം ഹൈവേയുടെ സമീപത്തു നിന്നു മാറ്റിയ ഔട്ട് ലെറ്റുകളാണ് പുനസ്ഥാപിക്കുന്നത്. ഇവയ്ക്ക് എക്സൈസ് ലൈസന്‍സ് നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ബിവറേജസിന് കെട്ടിടം വാടകയ്ക്കു നല്‍കാന്‍ താത്പര്യമുള്ള ഉടമകള്‍ക്ക് ഓണ്‍ലൈന്‍ ആയി കെട്ടിടം വാടകയ്ക്കു നല്‍കുന്നതിന് ആരംഭിച്ച ഓണ്‍ലൈന്‍ സംവിധാനം വന്‍ വിജയമായിരുന്നു.
ഇതനുസരിച്ച് 500 കെട്ടിട ഉടമകള്‍ കെട്ടിടം വാടകയ്ക്കു നല്‍കാന്‍ സന്നദ്ധമായി രംഗത്തു വന്നിട്ടുണ്ട്. ഇതില്‍ നിന്നായിരിക്കും ആദ്യ 68 ഔട്ട്‌ലെറ്റുകള്‍ക്കാവശ്യമായ കെട്ടിടങ്ങള്‍ തെരഞ്ഞെടുക്കുക. ഇതിനു പുറമേ സംസ്ഥാന സര്‍ക്കാര്‍ 175 ചില്ലറ വില്‍പനശാലകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതും ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കോര്‍പറേഷന്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍ക്കു പുറമേ സംസ്ഥാനത്താകെ 243 ഔട്ട്ലെറ്റുകള്‍ തുറക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് ബെവ്കോ. ഇതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. 500 കെട്ടിടങ്ങളുടെ ഉടമകള്‍ വാടകയ്ക്ക് സന്നദ്ധമായി വന്നിട്ടുള്ളതിനാല്‍ 243 ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കുന്നതിന് കെട്ടിടം കണ്ടുപിടിക്കേണ്ട ആവശ്യം ഉണ്ടാകുന്നില്ല.
CONTENT HIGH LIGHTS; drinkers, Lalsalam: Come 14 Super Premium Bevco Shops; 68 outlets shifted from near the National Highway are coming back; A total of 243 new outlets; What do you want for happiness?