Explainers

ആരാണ് വലിയവന്‍ ?: ശമ്പളമോ അധികാരമോ വലിപ്പം നിശ്ചയിക്കുന്നത് ?; ഗവര്‍ണറേക്കാള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ട് ?; ഭരണത്തലവന്‍ വെറും പാവയോ ?

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച സാമ്പത്തിക പ്രതിസന്ധിയും അതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ധനമാനേജ്‌മെന്റും ധൂര്‍ത്തും, ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കലും കടമെടുപ്പും കേന്ദ്രത്തിന്റെ അവഗണനയുമൊക്കെയാണ്. ഇതിനിടയില്‍ മറ്റൊരു കാര്യവും കൂടി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കേരളത്തില്‍ ആരാണ് വലിയവന്‍ എന്നതാണ് ഈ ചര്‍ച്ച. സംസ്ഥാനത്തിന്റെ ഖജനാവുമായി ബന്ധപ്പെട്ടുള്ളതു തന്നെയാണ് ഈ ചര്‍ച്ചയ്ക്കാധാരവും. ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ സര്‍ക്കാരിന്റെ തലവന്‍ മുഖ്യമന്ത്രിതന്നെയാണ് സംസ്ഥാനത്തിന്റെ തല.

എന്നാല്‍, ഉദ്യോഗസ്ഥരില്‍(ബ്യൂറോക്രാറ്റ്) ചീഫ്‌സെക്രട്ടറിയാണ് മുമ്പന്‍. ഇതിനെല്ലാം ഉയരെ മറ്റൊരാളുണ്ട്. ഭരണഘടനാ സ്ഥാപനമായ രാജ്ഭവന്റെ അധികാരിയും സംസ്ഥാന ഭരണത്തലവനുമായ ഗവര്‍ണര്‍. അധികാരം കൊണ്ടും വാങ്ങുന്ന ശമ്പളം കൊണ്ടും ഗവര്‍ണര്‍ക്കു മുകളില്‍ മറ്റാരുമില്ലെന്നതാണ് വസ്തുത. സ്വാഭാവികമായും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കേണ്ട വ്യക്തിയും ഗവര്‍ണര്‍ ആയിരിക്കണം. എന്നാല്‍ കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. ഗവര്‍ണര്‍ ശമ്പളം പറ്റുന്നതില്‍ മൂന്നാം സ്ഥാനക്കാരനായിരിക്കുകയാണ്. അധികാരമാണോ ശമ്പളമാണോ വലിപ്പം നിശ്ചയിക്കുന്നതെന്ന സംശയം ജനങ്ങള്‍ക്കുണ്ട്.

കടംകേറി മുടിഞ്ഞും, വിലക്കയറ്റത്തിന്റെ ഭാരവും പേറി നില്‍ക്കുന്ന ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്ന തരത്തിലാണ് ഇപ്പോഴത്തെ ഭരണം പോകുന്നതെന്നു പറയാതെവയ്യ. അതുകൊണ്ടാണ് വിരമിച്ചിട്ടും, ഗവര്‍ണറേക്കാള്‍ ശമ്പളവും നല്‍കി രണ്ടു ഉന്നത ഉദ്യോഗസ്ഥരെ ഇപ്പോഴും സര്‍ക്കാര്‍ തീറ്റിപ്പോറ്റുന്നത്. ബഹിരാകാശ ദൗത്യങ്ങള്‍ നിറവേറ്റുന്ന പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചെയര്‍മാന്‍മാര്‍ പോലും വിരമിച്ചാല്‍ ഐ.എസ്.ആര്‍.ഒയില്‍ വീണ്ടും ജോലി നല്‍കാതിരിക്കുമ്പോള്‍ എന്തിനാണ് കേരളത്തിലെ വിരമിച്ച ചീഫ്‌സെക്രട്ടറിമാര്‍ക്ക് വീണ്ടും സര്‍ക്കാര്‍ ജോലി നല്‍കുന്നത്.

ശാസ്ത്രജ്ഞന്‍മാരുടെ തലയേക്കാള്‍ ചിന്താശേഷിയുള്ള തലയൊന്നമല്ലല്ലോ ഈ വിദ്വാന്‍മാര്‍ക്കുള്ളത്. അങ്ങനെയായിരുന്നെങ്കില്‍ കേരളം കടംകേറി മുടിയില്ലായിരുന്നു എന്നുറപ്പാണ്. പറയുന്നത്, മുന്‍ ചീഫ്‌സെക്രട്ടറിമാരായ കെ.എം. എബ്രഹാമും, വി.പി. ജോയിയെയുമാണ്. ഇരുവരും കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി വിരമിച്ചവരാണ്. ഇവരുടെ ശമ്പളം കേട്ടാണ് ജനം വാ പൊളിച്ചിരിക്കുന്നത്. ഗവര്‍ണറുടെ വാര്‍ഷിക ശമ്പളം 42 ലക്ഷം രൂപയാണ്. ഒരു മാസം 3.50 ലക്ഷം രൂപ ഗവര്‍ണര്‍ക്ക് ശമ്പളമായി ലഭിക്കും.

ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.എം എബ്രഹാം 2018 ല്‍ ആണ് കിഫ്ബി സി.ഇ.ഒ ആകുന്നത്. 2.75 ലക്ഷമായിരുന്നു തുടക്കത്തിലെ ശമ്പളം. പിന്നിട് 2019 ജനുവരിയില്‍ 27,500 രൂപയും 2020 ല്‍ 27,500 രൂപയും 2022 ല്‍ 19,250 രൂപയും 2023 ല്‍ 19,250 രൂപയും 2024 ഏപ്രില്‍ മാസത്തില്‍ 19,250 രൂപയും എബ്രഹാമിന്റെ ശമ്പളത്തില്‍ വര്‍ദ്ധിപ്പിച്ചു. 5 തവണയാണ് എബ്രഹാമിന്റെ ശമ്പളം വര്‍ദ്ധിപ്പിച്ചത്. 2024 ഒക്ടോബര്‍ 8 ന് കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ നല്‍കിയ മറുപടി പ്രകാരം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആയി എബ്രഹാമിന് നല്‍കിയത് 2,73,23,704 രൂപയാണ്.

ശമ്പള ഇനത്തില്‍ 2,66,19,704 രൂപയും ലീവ് സറണ്ടര്‍ ആയി 6,84,750 രൂപയും ഉല്‍സവ ബത്തയായി 19,250 രൂപയും എബ്രഹാം കൈപറ്റിയിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. 2.50 ലക്ഷമാണ് ചീഫ് സെക്രട്ടറി പെന്‍ഷന്‍. നിലവില്‍ എബ്രഹാമിന് ലഭിക്കുന്ന കരാര്‍ ശമ്പളം 3,87,750 രൂപ. പെന്‍ഷനും ശമ്പളവും കൂടി എബ്രഹാമിന് മാസം ലഭിക്കുന്നത് 6.37 ലക്ഷം രൂപ. ശമ്പളം വീണ്ടും വര്‍ദ്ധിപ്പിക്കുന്നതോടെ ഈ തുക വീണ്ടും ഉയരും. കെ.എം എബ്രഹാമിന്റേത് കരാര്‍ നിയമനമാണ്. അതുകൊണ്ട് ചീഫ് സെക്രട്ടറി പെന്‍ഷനും ലഭിക്കും. രണ്ടും കൂടി 6.37 ലക്ഷം എബ്രഹാമിന് പ്രതിമാസം കിട്ടും.

ഗവണ്‍മെന്റ് സെക്രട്ടറിയായി വിരമിച്ച മിനി ആന്റണിക്കും കിഫ്ബിയില്‍ ജോലി നല്‍കിയിട്ടുണ്ട്. അതും കരാര്‍ നിയമനമാണ്. അതുകൊണ്ട് തന്നെ ശമ്പളവും പെന്‍ഷനും മിനി ആന്റണിക്കും കിട്ടും. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലവന്‍മാരെ തെരഞ്ഞെടുക്കാന്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ തലവന്‍ വി.പി ജോയിക്കും ഗവര്‍ണറേക്കാള്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നുണ്ട്. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടക്കാന്‍ മന്ത്രിസഭ യോഗത്തില്‍ വച്ചാണ് ജോയിയുടെ ശമ്പളം ഉയര്‍ത്തിയത്. ചീഫ് സെക്രട്ടറിയായി വിരമിച്ച പെന്‍ഷനും കൂടി ലഭിക്കത്തക്ക വിധമാണ് ജോയി ശമ്പളം വാങ്ങുന്നത്.

6 ലക്ഷം രൂപ ജോയിക്ക് ശമ്പളമായി കിട്ടും. മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയ് വിരമിച്ചതിന് ശേഷം വഹിക്കുന്ന പദവിയില്‍ അധിക വേതനം കൈപ്പറ്റുന്നുവെന്ന് അക്കൗണ്ട് ജനറല്‍ ഓഫീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തല്‍. പുനര്‍നിയമനം നേടുന്നവര്‍ക്ക് ക്ഷാമാശ്വാസം കൈപ്പറ്റാന്‍ അര്‍ഹത ഇല്ല. എന്നാല്‍ പുതിയ ജോലിയില്‍ പ്രതി മാസം 51,750 രൂപ വീതം ക്ഷാമാശ്വാസം തുടക്കത്തിലും, 56,250 രൂപ വീതം പിന്നീടും ജോയി കൈപ്പറ്റി. ഇത് പെന്‍ഷനൊപ്പം വാങ്ങുന്ന ക്ഷമബത്തക്ക് പുറമെയാണ്.

ഇങ്ങനെ 2023 ജൂണ്‍ മുതല്‍ 2024 ജൂണ്‍ വരെ അനധികൃതമായി 19.37 ലക്ഷം രൂപ ജോയി അധിക ശമ്പളവും അനുകൂല്യവുമായി വാങ്ങിയിട്ടുണ്ടെന്ന് എജി കണ്ടെത്തി. ഇതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം ജി.എ.ഡി നല്‍കിയില്ലെന്നും പറയുന്നുണ്ട്്. പൊതുഭരണവകുപ്പില്‍ എജി നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കേന്ദ്ര സംസ്ഥാന സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് 2024 ജൂണ്‍ വരെയുള്ള ഒരു വര്‍ഷം 20 ലക്ഷത്തോളം രൂപ അധികമായി കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്. ചീഫ് സെക്രട്ടറിയായി വിരമിച്ചതിനു ശേഷം കേരള പബ്ലിക് എന്റര്‍പ്രൈസസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുകയാണ് വി.പി ജോയ്.

ഓള്‍ ഇന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ച ഓഫീസര്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പുനര്‍നിയമനം നേടിയാല്‍ പെന്‍ഷനും പുതിയ ജോലിയിലെ ശമ്പളവും ചേര്‍ന്ന തുക സര്‍വീസില്‍ അവസാന മാസം വാങ്ങിയ ശമ്പളത്തേക്കാള്‍ കുറവാകണം എന്നാണ് ചട്ടം. എന്നാല്‍ പുതിയ ജോലിയില്‍ ആനുകൂല്യങ്ങള്‍ക്ക് പുറമെ 2.25 ലക്ഷം രൂപ അടിസ്ഥാന മാസ ശമ്പളമായി ജോയി കൈപ്പറ്റുന്നു. കൂടാതെ മാസം 1,12,500 രൂപ പെന്‍ഷനുമുണ്ട്. മാസം തോറും 1,12,500 രൂപ അധികമെന്നാണ് എജി കണ്ടെത്തല്‍.

മുന്‍ ചീഫ് സെക്രട്ടറി വി.പി ജോയിക്ക് പുതിയ പദവിയില്‍ ഉയര്‍ന്ന ശമ്പളം നല്‍കാന്‍ ചട്ടത്തില്‍ ഇളവ് വരുത്തിയിരുന്നു സര്‍ക്കാര്‍ എന്നതാണ് വസ്തുത. വിരമിച്ചവര്‍ക്ക് നിയമനം നല്‍കുമ്പോള്‍ പെന്‍ഷന്‍ കിഴിച്ചുള്ള തുക ശമ്പളമായി നല്‍കുന്നതാണ് പതിവ്. കേരള സര്‍വീസ് റൂളില്‍ ഇക്കാര്യം പറയുന്നുണ്ട്. എന്നാല്‍ വി.പി. ജോയിക്ക് ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതാണ് എജി ചോദ്യം ചെയ്യുന്നത്. ഇതോടെ ഇങ്ങനെ മന്ത്രിസഭാ യോഗത്തിന്റെ ഇളവോടെ കൂടുതല്‍ പണം വാങ്ങുന്ന നിരവധി മുന്‍ ഐഎഎസുകാര്‍ കുടുക്കിലാകും.

ഈ വിഷയത്തില്‍ എജിയെടുക്കുന്ന തീരുമാനമാകും നിര്‍ണ്ണായകം. അതേസമയം, ശമ്പളം വാങ്ങാതെയും സര്‍ക്കാരിനെ സേവിച്ച് വിരമിച്ച ചീഫ് സെക്രട്ടറിമാരും കേരളത്തില്‍ ഉണ്ടായിരുന്നു. ഒരു പ്രതിഫലവും സ്വീകരിക്കാതെ ആയിരുന്നു സിവില്‍ സര്‍വീസ് അക്കാദമിയുടെ മെന്റര്‍ ആയി ഡോ.ഡി. ബാബുപോള്‍ പ്രവര്‍ത്തിച്ചിരുന്നത്. 2019 ഏപ്രിലില്‍ മരിക്കുന്നതു വരെ യാതൊരു പ്രതിഫലവും പറ്റാതെ സിവില്‍ സര്‍വീസ് അക്കാദമിയുടെ മെന്റര്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു ബാബു പോള്‍. ബാബുപോളിന്റെ അതേ മാതൃകയാണ് മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് പിന്തുടരുന്നത്.

വിരമിച്ചതിന് ശേഷം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിന്റെ എം.ഡി ആയി പ്രവര്‍ത്തിക്കുന്ന വിജയാനന്ദ് ഒരു രൂപ പോലും പ്രതിഫലം വാങ്ങിക്കുന്നില്ല. പിണറായി സര്‍ക്കാര്‍ ആറാം ധനകാര്യ കമ്മീഷന്റെ ചെയര്‍മാനായി നിയമിച്ചപ്പോള്‍ വേതനവും ഔദ്യോഗിക വാഹനവും വിജയാനന്ദ് സ്വീകരിച്ചിരുന്നില്ല എന്നതും ഓര്‍ക്കേണ്ടതുണ്ട്.

CONTENT HIGH LIGHTS;Who’s Bigger?: Does Salary or Power Determine Size?; Are there officers in Kerala who are paid more than the Governor?; Is the head of state just a puppet?

Latest News