രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റ് പഴികേട്ട് സഹികെട്ടിരിക്കുമ്പോള്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിനു മാത്രം തൃപ്തി നല്‍കുന്ന 2025-26ലെ സംസ്ഥാന ബജറ്റ് നാളെ നിയമസഭയില്‍ അവതരിപ്പിക്കും. കഴിഞ്ഞ ബജറ്റുവരെ അല്‍പ്പം പ്രതീക്ഷകളെങ്കിലും പുലര്‍ത്തിയിരുന്ന ജനങ്ങള്‍ക്ക് സംസ്ഥാന ബജറ്റെന്നു കേട്ടാല്‍ ഭയമാണിപ്പോള്‍. കാരണം, ജനങ്ങള്‍ക്ക് ഗുണമുള്ള ബജറ്റല്ല, അവരതിപ്പിക്കപ്പെടാന്‍ പോകുന്നതെന്നും, നികുതിയും ടോള്‍പിരിവും, മദ്യ സംസ്‌ക്കാരവും, വിലക്കയറ്റവുമെല്ലാം ഞെക്കിക്കൊല്ലുന്ന ഒന്നായിരിക്കും എന്നതു കൊണ്ടുതന്നെയാണ്.
കേരളത്തിന്റെ സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണെന്ന് ഒരുപരിധി വരെ അംഗീകരിക്കേണ്ടതുണ്ട്. ഉപഭോഗ സംസ്ഥാനമായ കേരളത്തെ സഹായിക്കേണ്ടിടത്തൊന്നും കേന്ദ്രം സഹായിക്കാന്‍ തയ്യാറാകാതെ വന്നപ്പോഴാണ് സംസ്ഥാനം കോടതിയില്‍ പോയത്. ഇതിനു പിന്നാലെ കേന്ദ്രസഹായം കിട്ടുകയും ചെയ്തു. കേന്ദ്രബജറ്റില്‍ കേരളമെന്ന പേരുപോലും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതിപാദിക്കാതിരുന്നതും വിമര്‍ശനങ്ങള്‍ക്കു കാരണമായി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലാണ് വയനാട് ദുരന്തം വാപിളര്‍ത്തിയത്.
ഇതിനുള്ള നഷ്ടപരിഹാരത്തുക പോലും കൃത്യമായി നല്‍കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വിമര്‍ശിക്കപ്പെടേണ്ടതാണ്. എന്നാല്‍, സംസ്ഥാനത്തിന്റെ നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ജനങ്ങളെ പിഴിയുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തു പോരുന്നത്. ഇത് നല്ല പ്രവണതയല്ല. ജനത്തെ സംരക്ഷിക്കാന്‍ അധികാരത്തിലേറിയവര്‍, ജനത്തെ കഷ്ടപ്പെടുത്താനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിന് ചരിത്രത്തില്‍ കിട്ടാത്ത തിരിച്ചടിയുണ്ടായിരിക്കുന്നു.
അവരുടെ വിദ്യാഭ്യാസ-സാമൂഹിക ഇടപെടലുകള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതു വഴി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്റെ പ്ലാന്‍ ബി നടപ്പാക്കയതാണ് കാരണം. എന്നാല്‍, ധന ധൂര്‍ത്തിന് ഒരു കുറവും കാട്ടിയിട്ടുമില്ല. എല്ലാ മേഖലയിലും ധൂര്‍ത്ത് നടത്തുമ്പോള്‍ ആവശ്യമായ പദ്ധതികള്‍ക്കുള്ള വിഹിതമെല്ലാം വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി ടിക്കറ്റിനു പോലും വിലയിട്ടു. പെട്രോളിന് സര്‍ ചാര്‍ജ്ജ് പിരിച്ചു. മദ്യത്തിന് വിലകൂട്ടി. പച്ചക്കറി-പഴവര്‍ഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം തീവിലയായി.
റോഡിലിറങ്ങാന്‍ കഴിയാത്ത വിധം ടോള്‍ പിരിവിനും തുടക്കമിടുകയാണ്. സര്‍ക്കാര്‍ നലവ്#കുന്ന സേവനങ്ങള്‍ക്കെല്ലാം യൂസര്‍ ഫീസ് ഏര്‍പ്പെടുത്തിയുമൊക്കെയാണ് ജനത്തെ പിരിക്കുന്നത്. ഫലത്തില്‍ ഒന്നുമില്ലെങ്കിലും എന്തൊക്കെയോ ഉണ്ടെന്ന് കാണിക്കാനുള്ള ശ്രമമായിരിക്കും 2025-26ലെ സംസ്ഥാന ബജറ്റ്. കെ.എന്‍. ബാലഗോപാലിന്റെ ധനമാനേജ്‌മെന്റിനോട് മുഖ്യമന്ത്രിക്ക് വിശ്വാസം കുറവായെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്. ഇതിനു പിന്നാലെ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ കൂടി ബജറ്റ് തയ്യാറാക്കാന്‍ ഡെപ്യൂട്ട് ചെയ്യിച്ചിട്ടുണ്ട്.
ഇതോടെ കെ.എന്‍. ബാലഗോപാലിന്റെ ബജറ്റില്‍ ഇത്തവണ ഐസക്ക് ടച്ചും ഉണ്ടാകുമെന്നുറപ്പായി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ബജറ്റ് തയ്യാറാക്കുന്നതിന് ധനമന്ത്രിയെ സഹായിക്കാന്‍ മുന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തുന്നത്. 2021-22 മുതലുള്ള കെ.എന്‍. ബാലഗോപാലിന്റെ ബജറ്റ് ജനകീയമായിരുന്നില്ല. നികുതി ഭാരം അടിച്ചേല്‍പിക്കുന്ന ബജറ്റ് ആയിരുന്നു ബാലഗോപാലിന്റെ ബജറ്റുകളെല്ലാം. തുടര്‍ഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായിക്ക് ബാലഗോപാലിന്റെ ബജറ്റുകള്‍ സൃഷ്ടിച്ച വെല്ലുവിളികള്‍ വളരെ വലുതാണ്.
എല്ലാ വിഭാഗങ്ങളേയും ശത്രുവാക്കാന്‍ ബാലഗോപാലിന്റെ ബജറ്റുകള്‍ക്ക് സാധിച്ചിട്ടുണ്ട്. തുടര്‍ഭരണം കിട്ടി ആറ് മാസം കൊണ്ട് തന്നെ എല്ലാ മേഖലകളും സര്‍ക്കാരിന് എതിരായി. ആനുകൂല്യങ്ങള്‍ തടഞ്ഞതിന്റെ പേരില്‍ സര്‍ക്കാരിന് താങ്ങും കരുത്തമായിരുന്ന ജീവനക്കാരും പെന്‍ഷന്‍കാരും പോലും സര്‍ക്കാരില്‍ നിന്നകന്നു. ക്ഷേമ പെന്‍ഷന്‍ കുടിശികയാക്കി. ബജറ്റ് മാത്രമല്ല ബാലഗോപാലിന്റെ ധനകാര്യ മാനേജ്‌മെന്റും താളംതെറ്റി. നാളെ അവതരിപ്പിക്കുന്ന ബജറ്റിന്റെ പച്ചയിലാണ് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനും തയ്യാറെടുപ്പ് നടത്തേണ്ടത്.
തെരഞ്ഞടുപ്പുകള്‍ക്കു മുമ്പുള്ള ഏക സമ്പൂര്‍ണ്ണ ബജറ്റാണിത്. ഇതില്‍ അകന്ന് നില്‍ക്കുന്ന എല്ലാ മേഖലകളെയും അടുപ്പിക്കണം. അതിന് ബാലഗോപാല്‍ ഒറ്റക്ക് കൈവച്ചാല്‍ വീണ്ടും കുളമാകുമെന്നുറപ്പാണ്. ഈ ചിന്തയാണ് സഹായിക്കാന്‍ ഐസക്കിനെ നിയോഗിച്ചതിന് പിന്നില്‍. ഇതിന് വേണ്ടിയാണ് ഒരു മാസം മുന്‍പ് ഐസക്കിനെ വിജ്ഞാന കേരളത്തിന്റെ തലവനായി നിയോഗിച്ചതും. ഐസക്കും ഐസക്കിന്റെ സഹായിയും ബജറ്റ് തയ്യാറാക്കലിന് രംഗത്തിറങ്ങിയിരുന്നു.
ബാലഗോപാലിനെ കൊണ്ട് ബഷീറിന്റെ പാത്തുമ്മയുടെ ആടും, തകഴിയുടെ കയറും, എം.ടിയുടെ നാലുകെട്ടും, കെ.ആര്‍ മീരയുടെ ആരാച്ചാരും, ബെന്യാമിന്റെ ആടു ജീവിതവും മാര്‍ക്‌സിന്റെ ദസ് ക്യാപിറ്റലുമെല്ലാം പറയിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. കുറഞ്ഞപക്ഷം ഐസക്ക് കൈവെച്ച ബാലഗോപാലന്റെ ബജറ്റില്‍ കവിത പറയിക്കാനെങ്കിലും ശ്രമിക്കും. തന്റെയൊരു ബജറ്റില്‍ 12 കവിത ചൊല്ലി റെക്കോര്‍ഡ് ഇട്ട ആളാണ് ഐസക്ക്. 2500 രൂപ ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തുമെന്ന പ്രകടന പത്രിക വാഗ്ദാനം ഐസക്ക് വന്നതു കൊണ്ട് എത്രയായി ഉയര്‍ത്തും എന്ന് കണ്ടറിയണം.
ഐസക്ക് വന്നതിന്റെ പ്രതീക്ഷയിലാണ് ജീവനക്കാരും പെന്‍ഷന്‍കാരും. വയനാടിന് വേണ്ടി പാക്കേജ് ഉറപ്പായും പ്രഖ്യാപിക്കും. പത്തോളം പാക്കേജുകള്‍ പ്രഖ്യാപിച്ച ചരിത്രം ഉള്ള ആളാണ് ഐസക്ക്. 5000 കോടി മുതല്‍ 20000 കോടി വരെ പാക്കേജുകള്‍ ഐസക്ക് ബജറ്റില്‍ പ്രഖ്യാപിക്കും. പിറ്റേ ദിവസം പത്രങ്ങളില്‍ തലക്കെട്ട് സൃഷ്ടിക്കും. ആ കാര്യത്തില്‍ സകലകലാവല്ലഭനാണ് ഐസക്ക്. പാക്കേജുകള്‍ക്ക് ഒന്നും പണം കൊടുത്ത ചരിത്രവും ഐസക്കിനില്ല. പേരിന് എന്തെങ്കിലും കൊടുത്താലായി. പിന്നില്‍ ഐസക്ക് ഉള്ളതുകൊണ്ട് ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് വര്‍ഷ ബജറ്റ് തലക്കെട്ട് സൃഷ്ടിക്കും എന്ന് ഉറപ്പ്.
നാളെ ബാലഗോപാല്‍ അവതരിപ്പിക്കുന്ന തോമസ് ഐശക്ക് മാജിക്ക് ഒളിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചേക്കാന്‍ സാധ്യതയുള്ള പ്രധാനപ്പെട്ട പദ്ധതികള്‍ ഇവയാണ്.
2021-22 മുതലുള്ള ബാലഗോപാലിന്റെ ബജറ്റില്‍ 100 രൂപ പോലും ക്ഷേമ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചിരുന്നില്ല. 2021-22ലെ പുതുക്കിയ ബജറ്റ്, 2022-23, 2023 – 24, 2024- 25 എന്നിങ്ങനെ 4 ബജറ്റുകളാണ് ബാലഗോപാല്‍ ഇതുവരെ അവതരിപ്പിച്ചത്. ഓരോ ബജറ്റിലും 100 രൂപ വീതം എങ്കിലും ക്ഷേമ പെന്‍ഷനില്‍ വര്‍ധന വരുത്തിയിരുന്നുവെങ്കില്‍ ക്ഷേമ പെന്‍ഷന്‍ തുക ഇപ്പോള്‍ തന്നെ 2000 രൂപ എന്ന നിലയില്‍ എത്തുമായിരുന്നു. തെരഞ്ഞെടുപ്പ് വര്‍ഷ ബജറ്റാണ് അവതരിപ്പിക്കുന്നത് എന്നത് കൊണ്ട് ഇത്തവണ ക്ഷേമ പെന്‍ഷന്‍ തുക ഉയര്‍ത്തും എന്നാണ് ധനകാര്യ വിദഗ്ധരുടെ കണക്കുക്കൂട്ടല്‍.
2500 രൂപ ആയി ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കും എന്നായിരുന്നു 2021ലെ എല്‍.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനം. നിലവില്‍ 1600 രൂപയാണ് പെന്‍ഷന്‍. അത് തന്നെ 3 മാസത്തെ കുടിശികയുമുണ്ട്. 4800 രൂപ വീതം ഓരോ ക്ഷേമ പെന്‍ഷന്‍കാരനും ഇപ്പോഴും കുടിശികയാണ്. ക്ഷേമ പെന്‍ഷന്‍കാര്‍ മരണപ്പെട്ടാല്‍ കുടിശിക അവകാശികള്‍ക്ക് ലഭിക്കില്ല. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരില്‍ 25,000 ത്തോളം പേര്‍ ഒരു വര്‍ഷം മരണമടയുന്നു എന്നാണ് ഏകദേശ കണക്ക്. പലരും വാര്‍ധക്യ സംബന്ധമായ അസുഖങ്ങളാല്‍ വലയുന്നവരാണ്. അതുകൊണ്ട് തന്നെ ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് കുടിശിക വരുത്തുന്നത് നീതികരിക്കാനാവുന്നതല്ല.
ലോക്‌സഭാതെരഞ്ഞെടുപ്പ് സമയത്ത് 5 മാസത്തെ കുടിശിക ആയിരുന്നു ക്ഷേമ പെന്‍ഷനില്‍ ഉണ്ടായിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റതോടെ 5 ഗഡു കുടിശികയില്‍ 2 ഗഡു കൊടുത്തു. 2025-26 സാമ്പത്തിക വര്‍ഷം കുടിശികയായ 3 ഗഡുക്കള്‍ നല്‍കും എന്നാണ് മുഖ്യമന്ത്രി നിയമസഭയ്ക്കു നല്‍കി ഉറപ്പ്. വാഗ്ദാനം പാലിച്ചാല്‍ 2025 – 26 സാമ്പത്തിക വര്‍ഷം ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് 15 മാസത്തെ പെന്‍ഷന്‍ ലഭിക്കും.പെന്‍ഷന്‍ നല്‍കുന്ന കമ്പനിക്ക് സര്‍ക്കാര്‍ 15,000 കോടി കൊടുക്കാനുണ്ട്.
ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തരുത് എന്ന് ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ഭരണത്തില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന വിരമിച്ച ധനകാര്യ വിദഗ്ധനും ബാലഗോപാലിനെ ഉപദേശിച്ചിട്ടുമുണ്ട്. പകരം ക്ഷേമ പെന്‍ഷന്‍ കൃത്യമായി കൊടുക്കുക എന്നതിന് ഊന്നല്‍ നല്‍കണം എന്നായിരുന്നു ഉപദേശം. അതുകൊണ്ടു തന്നെ തദ്ദേശവും നിയമസഭ തെരഞ്ഞെടുപ്പും വരുന്നതിനാല്‍ ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കും എന്ന സൂചനകളുണ്ട്. 1750 രൂപ ആയി വര്‍ദ്ധിപ്പിക്കാന്‍ ഏകദേശ ധാരണ ആയിട്ടുണ്ട്. എന്നാല്‍ ഇത് പോര 2000 രൂപ ആയി വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്.
2021 ല്‍ ധനമന്ത്രിയായതിന് ശേഷം ക്ഷാമബത്ത കുടിശിക ഇനത്തില്‍ പഴി കേള്‍ക്കുന്ന മന്ത്രിയാണ് കെ.എന്‍. ബാലഗോപാല്‍. നിലവില്‍ 6 ഗഡു ക്ഷാമബത്ത കുടിശികയാണ്. 19 ശതമാനമാണ് നിലവിലെ കുടിശിക. കഴിഞ്ഞ ബജറ്റില്‍ ഒരു ഗഡു ക്ഷാമബത്തയാണ് ബാലഗോപാല്‍ പ്രഖ്യാപിച്ചത്. 2021 ജനുവരി 1 പ്രാബല്യത്തിലെ 2 ശതമാനം ക്ഷാമബത്ത ആയിരുന്നു ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം 2 ശതമാനം ക്ഷാമബത്തയും നല്‍കി ബാലഗോപാല്‍ വാക്ക് പാലിച്ചു. പ്രഖ്യാപിച്ച 2 ശതമാനം ക്ഷാമബത്തക്ക് ബാലഗോപാല്‍ കുടിശിക നിഷേധിച്ചു.
ഇതോടെ അര്‍ഹതപ്പെട്ട 39 മാസത്തെ ക്ഷാമബത്ത കുടിശിക ആവിയായി. ജീവനക്കാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ലോക്‌സഭയില്‍ ഇടതുമുന്നണിക്ക് ഇത് തിരിച്ചടിയുമായി. തൊട്ട് പിന്നാലെ നിയമസഭയില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രസ്താവന നടത്തി. ഒരു സാമ്പത്തിക വര്‍ഷം 2 ഗഡു ക്ഷാമബത്ത നല്‍കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതോടെ ബാലഗോപാല്‍ വീണ്ടും ക്ഷാമബത്ത പ്രഖ്യാപിച്ചു. 2021 ജൂലൈ പ്രാബല്യത്തിലുള്ള 3 ശതമാനം ക്ഷാമബത്തയാണ് പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ച 3 ശതമാനം ഡി.എക്ക് പഴയതു പോലെ കുടിശിക നിഷേധിച്ചു. ജീവനക്കാര്‍ വീണ്ടും തെരുവിലേക്കിറങ്ങി. പണിമുടക്കും നടന്നു. ഒരു സാമ്പത്തിക വര്‍ഷം 2 ഗഡു ഡി.എ നല്‍കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഈ ബജറ്റിലും ബാലഗോപാല്‍ ആവര്‍ത്തിക്കുമെന്ന് കാത്തിരുക്കുന്നവരെ അമ്പരിപ്പിക്കുന്ന തീരുമാനം ആകും ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്നത്.
ക്ഷാമബത്ത പറഞ്ഞതിലേറെ നല്‍കും എന്ന് ബാലഗോപാല്‍ ധനവകുപ്പിലെ തന്റെ വിശ്വസ്തര്‍ക്ക് സൂചന നല്‍കി കഴിഞ്ഞു. 3 ഗഡു ക്ഷാമബത്ത ആയിരിക്കും പ്രഖ്യാപിക്കുക. 1.1.2022 ലെ 3 ശതമാനം, 1.7.2022 ലെ 3 ശതമാനം, 1.1.2023 ലെ 4 ശതമാനം എനിങ്ങനെ 3 ഗഡു ക്ഷാമബത്തകള്‍ ബജറ്റില്‍ പ്രഖ്യാപിക്കും. മൊത്തം 10 ശതമാനം ക്ഷാമബത്ത ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിക്കും. സാമ്പത്തിക വര്‍ഷത്തിന്റെ 3 പാദങ്ങളിലായിട്ടായിരിക്കും ക്ഷാമബത്ത ലഭിക്കുക.
പങ്കാളിത്ത പെന്‍ഷന് പകരം ശമ്പളത്തിന്റെ നിശ്ചിത ശതമാനം പെന്‍ഷന്‍ കിട്ടുന്ന പദ്ധതി പ്രഖ്യാപിച്ചേക്കും. ബാലഗോപാലിന്റെ കഴിഞ്ഞ ബജറ്റില്‍ വ്യക്തമായ സൂചന നല്‍കിയിരുന്നു. ”പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം പുനഃപരിശോധിച്ച് ജീവനക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന ഒരു പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. ഒരു Assured പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കുന്നതിന് വേണ്ടി പുതുക്കിയ സ്‌കീം രൂപികരിക്കും. കേന്ദ്ര സര്‍ക്കാരിന് നല്‍കിയ വിഹിതം തിരികെ ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും.
മറ്റ് സംസ്ഥാനങ്ങളിലെ പുതിയ പദ്ധതികള്‍ കൂടി പഠിച്ച് സംസ്ഥാനത്ത് നടപ്പിലാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും”. എന്നാല്‍ കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തില്‍ നിന്ന് ഒരു പടി മുന്നോട്ട് പോകാന്‍ ബാലഗോപാലിന് സാധിച്ചില്ല. തെരഞ്ഞെടുപ്പ് വര്‍ഷം ആയതു കൊണ്ട് ഇത്തവണ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും എന്നാണ് സൂചന. പങ്കാളിത്ത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക തിരിച്ചു കിട്ടുമോ എന്നറിയാന്‍ കേന്ദ്രത്തിന് ബാലഗോപാല്‍ കത്തയച്ച് കഴിഞ്ഞു. കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിച്ചാല്‍ നടപടിയിലേക്ക് കടക്കും എന്നാണ് ബാലഗോപാല്‍ പറയുന്നത്.
പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക കേരളം കടം എടുത്തിട്ടുണ്ട്. 6000 കോടിയോളം രൂപ ഈ ഇനത്തില്‍ കേരളം കടം എടുത്ത് കഴിഞ്ഞു. അതുകൊണ്ടാണ് കേന്ദ്രത്തില്‍ നിന്നുള്ള മറുപടി വൈകുന്നത്. 2016ല്‍ പങ്കാളിത്ത പെന്‍ഷന്‍ നിര്‍ത്തലാക്കും എന്നായിരുന്നു ഇടതുമുന്നണിയുടെ പ്രകടന പത്രിക. ഭരണം കിട്ടി, പിന്നീട് തുടര്‍ഭരണം കിട്ടി 8 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
പ്രകടനപത്രികയിലെ വാഗ്ദാനമായ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചു സി.പി.ഐ സര്‍വീസ് സംഘടനകള്‍ ജനുവരി 22 ന് പണിമുടക്ക് നടത്തിയിരുന്നു. ഇനി ഒരു സമ്പൂര്‍ണ്ണ ബജറ്റ് ബാലഗോപാലിന്റെ മുന്നില്‍ ഇല്ല. അതുകൊണ്ട് തന്നെ ഈ ബജറ്റില്‍ പങ്കാളിത്ത പെന്‍ഷന്‍ നിര്‍ത്തും എന്ന നിര്‍ണായക പ്രഖ്യാപനം ബാലഗോപാല്‍ നടത്തുമെന്നു തന്നെയാണ് ജീവനക്കാര്‍ വിശ്വസിക്കുന്നത്. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തിലേക്ക് മടങ്ങണമെന്ന പങ്കാളിത്ത പെന്‍ഷന്‍കാരുടെ ആഗ്രഹം പിന്നെയും ബാക്കിയാകുമെന്നതാണ് മറ്റൊരു സങ്കടം.
CONTENT HIGH LIGHTS;State budget tomorrow, people have lost hope, though?: Balagopalan aide Thomas Isaac; 2000 may be raised to welfare pension; 3 installments of dearness allowance may be announced to the employees; Participatory pension to be discontinued and replaced