ഇറാന്‍ രണ്ടും കല്‍പ്പിച്ചു തന്നെയാണ്. അമേരിക്കയെയും അതിലൂടെ സഖ്യ കക്ഷികളെയും ലക്ഷ്യം വെച്ചുള്ള പടയൊരുക്കമാണ് ഇറാന്‍ നടത്തുന്നതെന്ന് വ്യക്തമായ ചിത്രം നല്‍കുകയാണ് ഇറാനിലെ സംയുക്ത വ്യോമ പ്രതിരോധ താവളത്തിന്റെ പ്രവര്‍ത്തന കമാന്‍ഡിന് കീഴില്‍ നടക്കുന്ന പരിശീലനം. അമേരിക്കന്‍ പ്രസിഡന്റിനു പോലും ഭയം ജനിപ്പിച്ച രാജ്യമെന്ന രീതിയില്‍ ഇറാന്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്, തന്നെ വധിച്ചാല്‍ ഇറാനെ നിശേഷം ഇല്ലാതാക്കാനുള്ള എല്ലാ നിര്‍ദ്ദേശവും കൊടുത്തു കഴിഞ്ഞിട്ടുണ്ടെന്നാണ്. അതായത്, അമേരിക്കന്‍ പ്രസിഡന്റിനെ കൊല്ലും എന്നു തന്നെയല്ലേ ഇറാന്‍ പറഞ്ഞിരിക്കുന്നത്.
അതുകൊണ്ടാണല്ലോ, ട്രംപ് തന്നെ കൊന്നാല്‍ ഇറാനെ തകര്‍ക്കാനുള്ള നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട് എന്ന് പറയുന്നത്. ലോകരാജ്യങ്ങളെ നിയന്ത്രിക്കുന്ന, ലോക പോലീസെന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുന്ന അമേരിക്കയുടെ പ്രസിഡന്റ് ഭയപ്പെടുന്നുണ്ടെങ്കില്‍ ഇറാന്‍ അത്ര ചെറുതല്ല. ഇറാന്റെ സൈനിക ശക്തി അത്രയും ശക്തവുമാണ് എന്നുവേണം മനസ്സിലാക്കാന്‍. കണ്ടതിനേക്കാള്‍ ദൃഢമാണത്. ഇറാന്റെ പ്രതിരോധ ശേഷികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയില്‍ ദേശീയ വ്യോമാതിര്‍ത്തിയുടെ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇറാനിയന്‍ സൈന്യം.
”എക്തെദാര്‍ 1403” വ്യോമ പ്രതിരോധ പരിശീലനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയാണ്. ഇറാന്‍ തദ്ദേശീയമായി നിര്‍മ്മിച്ച ‘മജീദ്’ വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം അഭ്യാസത്തിന്റെ പുതിയ ഘട്ടത്തില്‍ കൂടുതല്‍ വിപുലമാക്കുകയും ചെയ്തിട്ടുണ്ട്. അതി പ്രധാന്യമുള്ള ഈ പരിശീലന ഘട്ടത്തില്‍ ശത്രു ലക്ഷ്യങ്ങള്‍ കണ്ടെത്താനും, ട്രാക്ക് ചെയ്യാനും, തടസ്സപ്പെടുത്താനും, വെടിവയ്ച്ചിടുന്നതിനുമുള്ള തന്ത്രങ്ങളാണ് സൈന്യം പരിശീലിക്കുന്നത്. ഇറാന്റെ തെക്കുപടിഞ്ഞാറന്‍, മധ്യ മേഖലകളില്‍ നടക്കുന്ന പരിശീലനത്തില്‍ റഡാര്‍ സംവിധാനങ്ങളും വ്യോമ പ്രതിരോധ യൂണിറ്റുകളും ഉപയോഗിക്കുന്നുണ്ട്.
കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അത്യാധുനിക ആക്റ്റീവ്, പാസീവ് റഡാര്‍ സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക. കൂടാതെ യുദ്ധമേഖലയിലെ ശത്രുതാപരമായ ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നതിന് സിഗ്‌നല്‍, ഇലക്ട്രോ-ഒപ്റ്റിക്കല്‍ നിരീക്ഷണം എന്നിവയുടെ ഉപയോഗവും വര്‍ധിപ്പിക്കും. ഇറാനിലെ സംയുക്ത വ്യോമ പ്രതിരോധ താവളത്തിന്റെ പ്രവര്‍ത്തന കമാന്‍ഡിന് കീഴില്‍ നടക്കുന്ന ഈ പരിശീലനം പ്രതിരോധ സേനയെയും വ്യോമസേനയെയും സംയോജിപ്പിക്കാനാണ് ശ്രമിക്കുന്നത്.
യുദ്ധക്കളത്തിലെ യഥാര്‍ത്ഥ സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നതിനാണ് ഈ പരിശീലനം. മാത്രമല്ല, ഇതിലൂടെ രാജ്യം ആഭ്യന്തരമായി നിര്‍മ്മിച്ച വിവിധതരം നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പരീക്ഷിക്കാനുള്ള ഒരു അവസരം കൂടി സൈന്യത്തിന് നല്‍കുന്നുണ്ട്. വ്യോമാക്രമണം, മിസൈല്‍ ആക്രമണങ്ങള്‍, ഇലക്ട്രോണിക് യുദ്ധ തന്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഭീഷണികളെ നേരിടുന്നതില്‍ ഈ സംവിധാനങ്ങള്‍ പ്രയോജനപ്പെടും. ശത്രുക്കളുടെ ഭീഷണികളോട് പ്രതികരിക്കുന്നതില്‍ ഇറാന്റെ വ്യോമ പ്രതിരോധ സേനയുടെ സന്നദ്ധത എത്രത്തോളമുണ്ടെന്ന് വിലയിരുത്താനും വര്‍ധിപ്പിക്കാനും ഈ പരിശീലനം ഏറെ സഹായകമാകും.
സമാനമായി ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള വേഗതയേറിയ രീതിയെക്കുറിച്ച് ഇറാനിയന്‍ ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തുകയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കയുടേയും ഇസ്രയേലിന്റെയും സൈനിക നടപടികളെ തടയുന്നതിനായി അണുബോംബ് നിര്‍മ്മിക്കുന്നതിനുള്ള ഒരു പുതിയ മാര്‍ഗം കണ്ടെത്തുന്നതിന് ടെഹ്റാന്‍ ആസ്ഥാനമായുള്ള ശാസ്ത്രജ്ഞരുടെ ഒരു രഹസ്യ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പുതിയ രീതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇറാനിയന്‍ ശാസ്ത്രജ്ഞര്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആണവ വസ്തുക്കളെ പ്രവര്‍ത്തനക്ഷമമായ ആയുധമാക്കി മാറ്റാന്‍ സാധിക്കുന്ന കുറുക്കുവഴികള്‍ പര്യവേക്ഷണം ചെയ്യുന്നുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങളും പറഞ്ഞിരുന്നു.കുറഞ്ഞത് നാല് ബോംബുകളെങ്കിലും നിര്‍മ്മിക്കാന്‍ ആവശ്യമായ ആണവ ഇന്ധനം ഇറാനിലുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാന്‍ ആണവായുധ പരിധിക്ക് താഴെയാണെങ്കിലും, മുന്‍ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ പതനവും ഇസ്രയേല്‍ സൈനിക നടപടികള്‍ക്കിടയില്‍
ഹിസ്ബുള്ള ദുര്‍ബലമായതും ഉള്‍പ്പെടെയുള്ള സമീപകാല പ്രാദേശിക സംഭവവികാസങ്ങള്‍ ഇറാനെ ആണവ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ പ്രേരിപ്പിച്ചതായി അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടത്തിന്റെ അവസാന മാസങ്ങളില്‍ ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങള്‍ ഇപ്പോഴത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ സംഘവുമായി പങ്കിട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഇറാനിലെ ആണവ ബോംബ് നിര്‍മ്മാണത്തെ കുറിച്ചുള്ള പുതിയ രഹസ്യാന്വേഷണ വിവരങ്ങളും ചര്‍ച്ചയില്‍ വന്നിട്ടുണ്ട്.
തന്റെ ജീവന് വരെ ഭീഷണിയുണ്ടെന്ന് പറയാന്‍ തോന്നിയ ട്രംപ് ഇറാനെ നോക്കുന്നതു പോലും ഭയത്തോടെയാണ്. അതല്ലെങ്കില്‍, ഭീഷണിയുള്ള രാജ്യത്തിനു നേരേ പ്രത്യക്ഷ ആക്രമണമല്ലേ നടത്തേണ്ടത്. മരിച്ചതിനു ശേഷം കൊലചെയ്ത രാജ്യത്തെ നശിപ്പിച്ചതു കൊണ്ട് എന്തു പ്രയോജനമാണുള്ളത്. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഉത്തരവിടുന്നതിനെക്കുറിച്ച് നെതന്യാഹു പലതവണ ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. പക്ഷേ നയതന്ത്ര ഉപദേഷ്ടാക്കളും അമേരിക്കയും ഇസ്രയേലിനെ ഈ നടപടിയില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.
ബൈഡന്‍ സ്ഥാനമൊഴിയുന്നതിന് മുമ്പ് ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ സൈനിക നടപടിയെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും എന്നാല്‍ ഒടുവില്‍ ആക്രമണങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ നിന്ന് വിട്ടുനിന്നുവെന്നും ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ട്രംപ് അധികാരമേറ്റതിനുശേഷം, ഇറാനുമായുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതില്‍ വിമുഖത കാണിക്കുന്നുവെന്നും ന്യയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ മാസം ഇറാനിയന്‍ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ഇസ്രയേല്‍ ആക്രമണത്തെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്,
‘നയതന്ത്രപരമായി പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായാണ്’ ട്രംപ് മറുപടിയായി പറഞ്ഞത്. ആണവ പദ്ധതി സംബന്ധിച്ച് ‘ഇറാന്‍ ഒരു കരാറില്‍ എത്തുമെന്ന്’ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങള്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള രഹസ്യ ശ്രമമായിട്ടാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പണ്ടേ കണ്ടിരുന്നത്. പക്ഷെ ഇറാന്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. അവരുടെ ആണവ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്ന് വാദിക്കുകയും ചെയ്തിരുന്നു.
2015ല്‍, ലോകശക്തികളുമായി ഇറാന്‍ സംയുക്ത സമഗ്ര പ്രവര്‍ത്തന പദ്ധതിയില്‍ (ജെസിപിഒഎ) ഒപ്പുവയ്ക്കുകയും ഉപരോധങ്ങളില്‍ ഇളവ് നല്‍കുന്നതിന് പകരമായി അവരുടെ ആണവ പദ്ധതി പരിമിതപ്പെടുത്താന്‍ കരാറിലുള്ള രാജ്യങ്ങള്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍, 2018-ല്‍ ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് ആണവ കരാറില്‍ നിന്ന് സ്വയം പിന്‍മാറിയിരുന്നു. അതിന്റെ ഫലമായി ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിച്ചുവെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ പരസ്പരം പ്രയോജനകരമായ’ ഒരു കരാറിന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സമ്മതിച്ചാല്‍ ഇറാന്‍ ചര്‍ച്ചകള്‍ക്ക് സമ്മതിക്കുമെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പാശ്ചാത്യ രാജ്യങ്ങളെ അറിയിച്ചിരുന്നത്.
അതിനിടയില്‍, നാല് കപ്പലുകള്‍ അടങ്ങുന്ന ഒരു ഇറാനിയന്‍ നാവിക കപ്പല്‍ക്കൂട്ടം യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നങ്കൂരമിട്ടതായി പ്രമുഖ ഇറാനിയന്‍ മാധ്യമമായ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐആര്‍ജിസി) നാവികസേനയുടെയും ഇറാനിയന്‍ ആര്‍മിയുടെയും ഭാഗമായ ഈ കപ്പലിനെ ഷാര്‍ജയിലെ ഖാലിദ് തുറമുഖത്ത് എമിറാത്തി കപ്പലുകളും സൈനിക ഉദ്യോഗസ്ഥരും പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യത്ത് താമസിക്കുന്ന വിദേശ നയതന്ത്രജ്ഞരും സൈനിക അറ്റാഷെകളും യുഎഇയിലെ ഇറാന്‍ അംബാസഡര്‍ റെസ അമേരിയും ചേര്‍ന്നാണ് സ്വീകരിച്ചത്.
ഇറാന്‍-യുഎഇ ബന്ധം വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്. കൂടാതെ എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുന്നതിനു വേണ്ടി ഇരു രാജ്യങ്ങളും കാര്യമായ നടപടികള്‍ തന്നെ സ്വീകരിക്കുന്നുമുണ്ട്. ഇറാനിയന്‍ സൈനിക സേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശദമായ ഷെഡ്യൂള്‍ പ്രകാരം അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. പുതിയ ആയുധങ്ങളും, ഉപകരണങ്ങളും പരീക്ഷിക്കുന്നതിനുള്ള ഒരു തയ്യാറെടുപ്പാണിത്. പ്രതിരോധത്തിനുവേണ്ടിയുള്ള മിസൈല്‍ ശക്തി ഉള്‍പ്പെടെയുള്ള സൈനിക ശേഷികള്‍ ശക്തിപ്പെടുത്താന്‍ ഇസ്ലാമിക് റിപ്പബ്ലിക് മടിക്കില്ലെന്നും ഇറാന്റെ പ്രതിരോധ ശേഷികള്‍ ഒരിക്കലും ചര്‍ച്ചകള്‍ക്ക് വിധേയമാകില്ലെന്നും രാജ്യത്തെ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പറയുകയും ചെയ്തു. ഇതെല്ലാം തന്നെ ശത്രുക്കള്‍ക്കുള്ളൊരു മുന്നറിയിപ്പായാണ് കരുതേണ്ടത്.
CONTENT HIGH LIGHTS; Iran’s army looks at America: moves to increase nuclear arsenal by hinting that it will detonate if touched; America’s knees tremble; Will Trump’s calculations be wrong?