Explainers

‘അഴിമതി’ എന്ന ആയുധം, അധികാരത്തില്‍ കയറാനും ഇറങ്ങാനും കാരണമായി: ആപ്പ് ഡെല്‍ഹിയില്‍ അധികപ്പറ്റായി; ഒരു സ്ഥാനാര്‍ത്ഥിയുടെ പെരുമാറ്റം, ചിന്തകള്‍ ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം, ത്യാഗമായിരിക്കണം; അണ്ണാ ഹസാരെ

ഒരുകാലത്ത് ജനങ്ങളുടെ കണ്ണിലുണ്ണിയായി അഴിമതിക്കെതിരെ പോരാടി അധികാരത്തിലെത്തിയ അതേ പാര്‍ട്ടി അതേ നാണയത്തില്‍ തിരിച്ചടി നേരിട്ട് കടപുഴകി വീഴുന്ന കാഴ്ചയാണ് രാജ്യം ഒന്നാകെ ഡെല്‍ഹിയില്‍ കണ്ടത്. ഇന്ദ്രപ്രസ്ഥം ഇന്ന് BJPയുടെ കോട്ടയായി മാറി. ഷീലാ ദീക്ഷിത് സര്‍ക്കാരിന്റെ അഴിമതിയും കോണ്‍ഗ്രസ് നടത്തിയ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും ഉയര്‍ത്തി ഡല്‍ഹി ജനതയുടെ പ്രീതിയും വിശ്വാസവും പിടിച്ചു പറ്റിയാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ മൂന്ന് തവണ അധികാരത്തില്‍ വന്നത്. എന്നാല്‍ അതേ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ ഉയര്‍ന്ന അതിശക്തമായ മദ്യനയ ‘അഴിമതി’ അവരുടെ ഭരണം കടപുഴക്കി എറിയാന്‍ കാരണായിരിക്കുന്നു.

2011ലെ ജന്‍ ലോക് പാല്‍ പ്രക്ഷോഭത്തിലൂടെ ഡല്‍ഹിക്കാരുടെ ഹൃദയം കവര്‍ന്ന അരവിന്ദ് കെജ്രിവാളും കൂട്ടരും അഴിമതിക്കെതിരേയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയും തുറന്ന സമരമുഖങ്ങള്‍ ഡല്‍ഹിക്ക് പുതിയ അനുഭവമായിരുന്നു സമ്മാനിച്ചത്. തൊട്ടു പിന്നാലെ വന്ന നിര്‍ഭയ സംഭവം ഡല്‍ഹി നിവാസികളെ വല്ലാതെ സ്പര്‍ശിച്ചു. സ്ത്രീകളും വീട്ടമ്മമാരും വിദ്യാര്‍ഥികളും ഒന്നടങ്കം ആം ആദ്മി പാര്‍ട്ടിക്കൊപ്പം അണിനിരന്നു. ഞായറാഴ്ചകളിലും സായാഹ്നങ്ങളിലും ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ചിരുന്ന ജന സഭകളിലേക്ക് സര്‍ക്കാര്‍ ജീവനക്കാരടക്കമുള്ള ഡല്‍ഹിക്കാര്‍ ഒഴുകിയെത്തി. നിര്‍ഭയ സംഭവത്തിലും ഡല്‍ഹിക്കാര്‍ക്കൊപ്പം നിന്ന് സമരം നയിച്ച കെജ്രിവാളും കൂട്ടരും വോട്ടര്‍മാരുടെ ഹൃദയങ്ങളിലേക്ക് പതുക്കെ കടന്നു കയറുകയായിരുന്നു.

ആം ആദ്മികള്‍ക്കൊപ്പം നില്‍ക്കുന്ന തങ്ങള്‍ക്ക് വി.ഐ.പി സൗകര്യങ്ങള്‍ ഒന്നും വേണ്ടെന്നായിരുന്നു ആപ് നേതാക്കള്‍ ഭരണത്തിലേറിയപ്പോള്‍ എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന്. മധ്യവര്‍ഗത്തേയും ചേരി നിവാസികളേയും കൈയിലെടുക്കാനുള്ള വിദ്യകളൊന്നും കെജരിവാള്‍ പാഴാക്കിയില്ല. ഡല്‍ഹിയിലെ വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ ബില്ലടക്കാന്‍ വിസമ്മതിച്ചു കൊണ്ടായിരുന്നു കെജരിവാള്‍ സമരം നടത്തിയത്. വൈദ്യുതി വിഛേദിക്കപ്പെട്ട വീടുകളില്‍ ആപ്പ് നേതാക്കള്‍ നേരിട്ടെത്തി വൈദ്യുതി പുനസ്ഥാപിച്ചു. തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പറ്റിയ നേതാക്കള്‍ ഇവരാണെന്ന് തിരിച്ചറിഞ്ഞ ഡല്‍ഹിയിലെ മധ്യവര്‍ഗവും ചേരി നിവാസികളും ന്യൂനപക്ഷവും ഒറ്റക്കെട്ടായി ആം ആദ്മി പാര്‍ട്ടിക്കൊപ്പം നിന്നു.

അതിര്‍ത്തി സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും ഹരിയാനയിലും തുടര്‍ഭരണം ഉണ്ടായിട്ടും ബി.ജെ.പിക്ക് ഡല്‍ഹി തൊടാനാവാതിരുന്നത് ഈ വിഭാഗങ്ങളുടെ ശക്തമായ പിന്തുണ ആപ്പിന് ഉണ്ടായിരുന്നതു കൊണ്ടായിരുന്നു. ഊര്‍ജ്ജ മേഖലയിലും വിദ്യാഭ്യാസ രംഗത്തും ആപ് സര്‍ക്കാര്‍ കൊണ്ടു വന്ന പരിഷ്‌കാരങ്ങള്‍ വിപ്ലവാത്മകമായിരുന്നു. എന്നാല്‍ ആം ആദ്മിയെ മുന്‍ നിര്‍ത്തി രണ്ടാം തവണയും ഭരണത്തിലേറിയ ശേഷം കെജരിവാള്‍ അടക്കമുള്ള നേതാക്കള്‍ സാധാരണക്കാരെ മറന്ന് ഭരണം നടത്തിയെന്ന ആക്ഷേപം ഉയര്‍ത്തി പലരും ആപ് വിട്ടു. ഇതിനൊപ്പം മദ്യനയ അഴിമതിക്കേസും വന്നു. മനീഷ് സിസോദിയയും കെജരിവാളും അടക്കമുള്ളവര്‍ ജയിലിലായി.

ഒരു ദശകത്തിലേറെ നീണ്ട ആപ് ഭരണത്തിനൊടുവില്‍ ഡല്‍ഹിയില്‍ കാറ്റ് മാറി വീശാന്‍ തുടങ്ങി. ന്യൂഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ ബി.ജെ.പി സ്വാധീനം തിരിച്ചു പിടിക്കുന്നതാണ് പിന്നീട് കണ്ടത്. 27 വര്‍ഷത്തെ ഇടവേളക്ക് ശേഷം ബി.ജെ.പി രാജ്യ തലസ്ഥാനത്ത് ഭരണത്തില്‍ തിരിച്ചെത്തുകയാണ്. പഞ്ചാബികള്‍ക്ക് ആധിപത്യമുള്ള പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്ന് ബിജെപി വന്‍ നേട്ടമുണ്ടാക്കി. 9 സീറ്റുകളാണ് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്ന് ബിജെപി അധികമായി നേടിയെടുത്തത്. കഴിഞ്ഞ തവണത്തേക്കാള്‍ 10 ശതമാനം വോട്ടുകള്‍ കൂടുതലായി നേടി. ഇത് ആപ് അധികാരത്തിലിരിക്കുന്ന പഞ്ചാബിലും പ്രതീക്ഷ പുലര്‍ത്തുന്ന ഹരിയാനയിലും ആപത് സൂചനകള്‍ നല്‍കുകയാണ്.

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് 7 സീറ്റുകളും ന്യൂഡല്‍ഹിയില്‍ നിന്ന് 6 സീറ്റുകളും ബിജെപിക്ക് ഇത്തവണ കൂടുതലായി നേടാനായി. ന്യൂഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 13 ശതമാനം വോട്ടുകള്‍ നഷ്ടമായി. ഒബിസി, മേല്‍ജാതികള്‍, എന്നിവരുടെ വോട്ടുകളില്‍ വലിയ വിള്ളലുണ്ടായി. ആപ്പില്‍ നിന്ന് നഷ്ടമായ വോട്ടുകള്‍ മുഴുവന്‍ ബിജെപിയിലേക്കെത്തി. ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള 11 സീറ്റുകളില്‍ ഏഴ് ഇടത്ത് ആപ്പ് മുന്നിലെത്തിയപ്പോള്‍ 4സീറ്റുകളില്‍ ബിജെപി മുന്നിലെത്തി. 52 ശതമാനത്തിലേറെ മുസ്ലീം വോട്ടര്‍മാരുള്ള ഓഖ്‌ലയില്‍ രണ്ട് തവണ എം.എല്‍.എ യായ ആപ്പിന്റെ അമാനത്തുള്ള ഖാനെ നേരിടാന്‍ മനീഷ് ചൗധരിയെയാണ് ബിജെപി രംഗത്തിറക്കിയത്. കോണ്‍ഗ്രസാകട്ടെ മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരന്റെ മകള്‍ ആരിബാ ഖാനെ രംഗത്തിറക്കിയത്.

അതേസമയം, ഡല്‍ഹിയില്‍ എന്തുകൊണ്ട് ആംആദ്മി തോറ്റു? എന്ന ചോദ്യത്തിന് മറുപടിയുമായി അണ്ണാ ഹസാരെ രംഗത്തെത്തിയിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് അരവിന്ദ് കെജ്രിവാള്‍ മദ്യത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ”ഒരു സ്ഥാനാര്‍ത്ഥിയുടെ പെരുമാറ്റം, ചിന്തകള്‍ ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം, ത്യാഗമായിരിക്കണം. ഈ ഗുണങ്ങള്‍ വോട്ടര്‍മാര്‍ക്ക് നേതാക്കളില്‍ വിശ്വാസമുണ്ടാക്കാന്‍ കാരണമാകും. ഞാന്‍ ഇത് പറഞ്ഞെങ്കിലും അദ്ദേഹം ശ്രദ്ധിച്ചില്ല, ഒടുവില്‍ അദ്ദേഹം മദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പണത്തിന്റെ സ്വാധീനമാണ് കെജരിവാളിനെ നയിച്ചതെന്നും ഹസാരെ പറയുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്കേറ്റ തിരിച്ചടിക്ക് പിന്നാലെയായിരുന്നു ഹസാരെയുടെ വിമര്‍ശനം.

ഡല്‍ഹിയില്‍ രാഷ്ട്രീയവുമായി സജീമായതിന് ശേഷം കെജ്രിവാള്‍ തന്റെ രാഷ്ട്രീയ ഗുരുവായ അണ്ണാ ഹസാരയെ കാണുക പോലും ചെയ്തിട്ടില്ല. ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ജയിലില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ശേഷം അരവിന്ദ് കെജരിവാള്‍ രാജിവച്ചിരുന്നു. അന്ന് രാജി പ്രഖ്യാപനത്തില്‍ പ്രതികരണവുമായി അണ്ണാ ഹസാരെ രംഗത്തു വന്നിരുന്നു. ഒരിക്കലും രാഷ്ട്രീയത്തിലിറങ്ങരുതെന്ന് കെജരിവാളിനോട് പറഞ്ഞിരുന്നതായും എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷിച്ചത് സംഭവിച്ചുവെന്നുമായിരുന്നു അദ്ദേഹത്തന്റെ പ്രതികരണം. അിമതി എന്ന ആയുധം പ്രയോഗിച്ചാണ് കോണ്‍ഗ്രസിനെതിരേ പൊരുതി അരവിന്ദ് കെജരിവാളും സംഘവും ഡെല്‍ഹി പിടിക്കുന്നത്. അതേ ആയുധം ഉഫയോഗിച്ചു തന്നെയാണ് ബി.ജെ.പിയും കെജരിവാളിനെയും സംഘത്തെയും ആപ്പിലാക്കിയതും.

CONTENT HIGH LIGHTS; Weapon of ‘corruption’, the rise and fall of power: app overrun in Delhi; A candidate must be pure in conduct, pure in thought, blameless in life, sacrificial; Anna Hazare

Latest News