Explainers

അമേരിക്കയുടെ ചാര സംഘടന ഗാസയെ കണ്ണുവെക്കുന്നു: ലോകത്ത് അവര്‍ നടത്തിയത് എണ്ണിയാലൊടുങ്ങാത്ത കുരുതികള്‍; എന്താണ് സി.ഐ.എ ?

ഗാസയിലെ അധിനിവേശ അജണ്ടയുമായി മുന്നോട്ടു പോകുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനങ്ങള്‍ അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എയുടെ നിര്‍ദ്ദേശ പ്രാകരം. ലോകത്തേറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ അശാന്തി പടര്‍ത്തിയ ഏജന്‍സിയാണ് സി.ഐ.എ. ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദിന്റെ സഹായത്തോടെ, ഈ കുരുതി സംഘത്തിന്റെ ചാരക്കണ്ണുകള്‍, ഇപ്പോള്‍ ഗാസയെയും ചുറ്റിയിരിക്കുകയാണ്. സി.ഐ.എ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരമാകും ഇനി ഡോണള്‍ഡ് ട്രംപ് ഗാസയിലെ നീക്കങ്ങള്‍ നടത്തുക എന്നതാണ് വസ്തുത. സി.ഐ.എ എന്ന ഈ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ചരിത്രം തന്നെ രക്തം കൊണ്ടടയാളപ്പെടുത്തിയതാണ്.

  • എന്താണ് സി.ഐ.എ ?

അമേരിക്കയിലെ സിവിലിയന്‍ രഹസ്യാന്വേഷണവിഭാഗമാണ് സി.ഐ.എ എന്ന സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഉണ്ടായിരുന്ന ഒ.എസ്.എസ്. (ഓഫീസ് ഓഫ് സ്ട്രാറ്റെജിക് സര്‍വ്വിസസ്) പിരിച്ചു വിടപ്പെട്ടതിനെ തുടര്‍ന്ന് 1946ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്‍ രൂപം നല്‍കിയ സംഘടനയാണിത്. നയരൂപവത്കരണം നടത്തുന്നതിനു സഹായകമായി വിദേശ ഗവണ്മെന്റുകള്‍, കോര്‍പ്പറേഷനുകള്‍, വ്യക്തികള്‍ തുടങ്ങിയവയേക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച്, അപഗ്രഥിച്ച് ഗവണ്മെന്റിനെ ഉപദേശിക്കലാണ് ഇതിന്റെ പ്രധാന ധര്‍മ്മം.

അമേരിക്കന്‍ പ്രസിഡന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയ്ക്ക് പ്രസിഡന്റിനെ കൂടാതെ യു.എസ് കോണ്‍ഗ്രസ് കമ്മിറ്റികളോടു മാത്രമേ വിധേയത്വം പുലര്‍ത്തേണ്ടതുള്ളൂ. 2004വരെ അമേരിക്കയിലെ ഗവണ്മെന്റിന്റെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ആയിരുന്നു. 2004ല്‍ ഇന്റലിജന്‍സ് റിഫോം ആന്‍ഡ് ടെററിസം പ്രിവന്‍ഷന്‍ ആക്റ്റ് നിലവില്‍ വന്നതോടെ, ഗവണ്മെന്റിന്റേയും ഇന്റലിജന്‍സ് കമ്യൂണിറ്റിയുടേയും ചില ധര്‍മ്മങ്ങള്‍ ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് ഏറ്റെടുത്തു. ഇന്റലിജന്‍സ് സൈക്കിളിന്റെ നിയന്ത്രണവും നിര്‍വഹണവും, പതിനാറ് ഇന്റലിജന്‍സ് കമ്യൂണിറ്റി ഏജന്‍സികളുടെയും പൊതു അഭിപ്രായങ്ങളൂടെ ഏകീകൃത റിപ്പോര്‍ട്ടിങ്ങ്, പ്രസിഡന്റിനുള്ള ബ്രീഫ് തയ്യാറാക്കല്‍ എന്നിവ ഇപ്പോള്‍ ഡി.എന്‍.ഐയുടെ ചുമതലയിലാണ്.

എന്‍.ആര്‍.ഒ( നാഷണല്‍ റിക്കൊനൈസന്‍സ് ഓഫീസ്)യുടെ പര്യവേഷണ ഉപഗ്രഹങ്ങളും സിഗ്‌നലുകള്‍ തടസ്സപ്പെടുത്തുവാനുള്ള സംവിധാനങ്ങളൂം , അമേരിക്കന്‍ സൈന്യത്തിന്റെ വിമാനങ്ങാളും സി ഐ എ ഉപയോഗിക്കുന്നു. ഡയക്ടര്‍ ഓഫ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ആണ് സി.ഐ.എയുടെ തലവന്‍. അദ്ദേഹമാണ് അമേരിക്കയിലെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളൂടെ തലവനും ഇക്കാര്യത്തിലെ പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവും. വിര്‍ജീനിയയിലെ ഫെയര്‍ഫാക്‌സ് കൗണ്ടിയിലാണ് സി.ഐ.എയുടെ ആസ്ഥാനം.

  • സി.ഐ.എ ലോകത്ത് നടത്തിയ ഓപ്പറേഷനുകള്‍ ?

നിരവധി വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളില്‍ നടന്ന അട്ടിമറി, ഗൂഢാലോചന, നെറികെട്ട യുദ്ധങ്ങള്‍, നിയമവിരുദ്ധ ചാരവൃത്തി, പീഡനങ്ങള്‍, കൊലപാതകങ്ങള്‍, എന്നിവയുള്‍പ്പെടെ വിവിധ അഴിമതികളും വിവാദങ്ങളും നിറഞ്ഞ സി.ഐ.എയുടെ ചരിത്രം ലോകത്തെ ഇന്നും എന്നും ഭയപ്പെടുത്തുന്നു. ഗാസയിലേക്ക് കണ്ണെറിഞ്ഞ ട്രംപിന്റെ പിന്നിലും ബുദ്ധിയായും കൂര്‍മ്മതയായും സി.ഐ.എയുണ്ട്. വിദേശ സംഘര്‍ഷങ്ങളില്‍ സി.ഐ.എയുടെ ഇടപെടലിന്റെ ആദ്യകാല ഉദാഹരണങ്ങളിലൊന്ന് 1947 മുതല്‍ 1949 വരെ ഗ്രീസിലായിരുന്നു നടന്നത്. ഈ കാലയളവില്‍, നാസി അധിനിവേശത്തിനെതിരെ പോരാടിയ ഇടതുപക്ഷ കലാപമായ ഡെമോക്രാറ്റിക് ആര്‍മി ഓഫ് ഗ്രീസിനെതിരായ നീക്കങ്ങളെ പിന്തുണയ്ക്കുന്നതിനായി സി.ഐ.എ ഗ്രീക്ക് സര്‍ക്കാരിന് സാമ്പത്തികവും സൈനികവുമായ സഹായമാണ് നല്‍കിയിരുന്നത്.

1948ല്‍ ഇറ്റലിയിലായിരുന്നു ഈ കഴുകന്‍ സംഘത്തിന്റെ ഇടപെടല്‍ നടന്നത്. ഇറ്റലിയിലെ കമ്മ്യൂണിസ്റ്റുകളുടെ വിജയം ഇറ്റലിയെ സോവിയറ്റ് സ്വാധീന മേഖലയിലേക്ക് ആകര്‍ഷിക്കുമെന്ന് ഭയന്ന്, പൊതുതെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ അനുകൂല സര്‍ക്കാരിനെ വിജയിപ്പിക്കാന്‍ സി.ഐ.എ നടത്തിയത് വ്യാപക ഇടപെടലുകളാണ്. ശേഷം 1953ല്‍ ഇറാന്റെ എണ്ണ വ്യവസായം ദേശസാല്‍ക്കരിച്ച ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മൊസാദേക്കിനെ അട്ടിമറിക്കാന്‍ സി.ഐ.എയും എം.ഐ6-ഉം സംയുക്തമായ നീക്കങ്ങളാണ് നടത്തിയിരുന്നത്. TPAJAX എന്ന രഹസ്യ നാമത്തിലുള്ള ഈ ഓപ്പറേഷന്‍ ഇറാന്റെ എണ്ണയുടെ മേലുള്ള പാശ്ചാത്യ നിയന്ത്രണം പുനഃസ്ഥാപിക്കുന്നതിനും കൂടുതല്‍ വഴക്കമുള്ള ഒരു സര്‍ക്കാര്‍ സ്ഥാപിക്കുന്നതിനുമാണ് ലക്ഷ്യമിട്ടിരുന്നത്.

1954ലെ ഗ്വാട്ടിമാല അട്ടിമറിയും സി.ഐ.എയുടെ നെറികെട്ട ചരിത്രത്തിന്റെ ഭാഗമാണ്. ഗ്വാട്ടിമാലയില്‍ ഗണ്യമായ വാഴത്തോട്ടങ്ങളുള്ള ഒരു അമേരിക്കന്‍ കോര്‍പ്പറേഷനായ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണിയായ ഭൂപരിഷ്‌കരണ നയങ്ങള്‍ അവതരിപ്പിച്ചതിനെത്തുടര്‍ന്ന് പ്രസിഡന്റ് ജേക്കബ് അര്‍ബെന്‍സിന്റെ സര്‍ക്കാരിനെ സി.ഐ.എ പിന്തുണയിലൂടെയാണ് അമേരിക്ക അട്ടിമറിച്ചിരുന്നത്. 1950കളില്‍ ശീതയുദ്ധകാലത്ത് ഭക്ഷ്യസുരക്ഷയെ തകര്‍ക്കാന്‍ ആക്രമണാത്മക കീടങ്ങളെ കൊണ്ട് വന്ന് ജൈവയുദ്ധത്തില്‍ ഏര്‍പ്പെട്ട ഒരു ചരിത്രവും സി.ഐ.എയ്ക്കുണ്ട്. സോവിയറ്റ് യൂണിയന്‍, ജി.ഡി.ആര്‍, പോളണ്ട്, ചൈന, ഡി.പി.ആര്‍കെ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇക്കാര്യം ആരോപിച്ച് അക്കാലത്ത് രംഗത്ത് വന്നിരുന്നു.

കൂടാതെ, രോഗം പടര്‍ത്താന്‍ ചെള്ളുകളെയും കൊതുകുകളെയും വായുവിലൂടെ വലിച്ചെറിയുന്ന നിരവധി പരീക്ഷണങ്ങളും സി.ഐ.എ നടത്തിയതായി തെളിഞ്ഞിട്ടുമുണ്ട്. 1959ല്‍ ക്യൂബയില്‍ ഫിഡല്‍ കാസ്‌ട്രോ അധികാരത്തിലെത്തിയതോടെ, പൊട്ടിത്തെറിക്കുന്ന സിഗരറ്റ് മുതല്‍ ഫംഗസ് ബാധിച്ച ഡൈവിംഗ് സ്യൂട്ട്, വിഷ പേന, എന്നിങ്ങനെ 600ല്‍ അധികം കൊലപാതക പദ്ധതികളുടെ ഒരു പരമ്പര തന്നെ, സി.ഐ.എ ഈ കമ്യൂണിസ്റ്റ് നേതാവിന് നേര്‍ക്ക് നടത്തിയിട്ടുണ്ട്. എന്നാല്‍, ഈ വധശ്രമങ്ങളെയെല്ലാം അതിജീവിച്ച ചരിത്രമാണ് കാസ്‌ട്രോക്കുണ്ടായിരുന്നത്.

1962ല്‍, ക്യൂബയെ കുറ്റപ്പെടുത്താനും അധിനിവേശത്തെ ന്യായീകരിക്കാനുമായി അമേരിക്കയുടെ നഗരങ്ങളില്‍ വ്യാജ ഫ്‌ളാഗ് ആക്രമണങ്ങള്‍ നടത്താന്‍ ഡി.ഒ.ഡിയും സി.ഐ.എയും ഒരു പദ്ധതിയും ആസൂത്രണം ചെയ്തു. എന്നാല്‍ അത്തരം നടപടികളുടെ ഭയാനകമായ പ്രത്യാഘാതം തിരിച്ചറിഞ്ഞുകൊണ്ട് പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി ഈ പദ്ധതി നിരസിക്കുകയാണ് ചെയ്തത്. എന്നാല്‍ പിന്നീട്, 73 പേരുടെ മരണത്തിന് കാരണമായ 1976ലെ കുപ്രസിദ്ധമായ ക്യൂബാന ഡി ഏവിയേഷ്യന്‍ ഫ്‌ളൈറ്റ് 455 ബോംബാക്രമണം ഉള്‍പ്പെടെ, വിവിധ തരത്തിലുള്ള ഭീകരവാദം ഉപയോഗിച്ച് സി.ഐ.എ ക്യൂബയെ ലക്ഷ്യം വയ്ക്കുന്നത് തുടരുകയായിരുന്നു.

1962ല്‍, വര്‍ണ്ണവിവേചന വിരുദ്ധ നേതാവ് നെല്‍സണ്‍ മണ്ടേല എവിടെയാണെന്നതിന് ദക്ഷിണാഫ്രിക്കന്‍ അധികാരികള്‍ക്ക് സിഐഎയാണ് വിവരങ്ങള്‍ നല്‍കിയിരുന്നത്. അത് അദ്ദേഹത്തിന് 27 വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കുന്നതിലാണ് കലാശിച്ചത്. സി.ഐ.എയുടെ ഹിറ്റ് ലിസ്റ്റില്‍ കാസ്‌ട്രോ മാത്രമല്ല ഉണ്ടായിരുന്നത്. 1961ല്‍ ബെല്‍ജിയന്‍ മെര്‍ക്കുകള്‍ സി.ഐ.എയുടെ സഹായത്തോടെ കോംഗോ പ്രസിഡന്റ് പാട്രിസ് ലുമുംബയെ കൊലപ്പെടുത്തുകയുണ്ടായി. രണ്ട് വര്‍ഷത്തിന് ശേഷം, 1963-ല്‍ ദക്ഷിണ വിയറ്റ്‌നാമിന്റെ നേതാവായിരുന്ന എന്‍ഗോ ദിന്‍ ഡിയെമിനെ അട്ടിമറിക്കുന്നതിലും വധിക്കുന്നതിലും സിഐഎ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മേഖലയിലെ ഒരു പ്രധാന സഖ്യകക്ഷിയായിരുന്നിട്ടും ഡിയെം ജനപ്രീതിയില്ലാത്തവനായി മാറുകയും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് ഒരു തടസ്സമായി കാണപ്പെടുകയും ചെയ്തിരുന്നു. ഇതോടെ അദ്ദേഹത്തെ നീക്കം ചെയ്യാനും ഒടുവില്‍ വധശിക്ഷ നടപ്പാക്കാനും സിഐഎ സഹായിക്കുകയാണുണ്ടായത്.

1966ല്‍, ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുകര്‍ണോയെ സ്ഥാനഭ്രഷ്ടനാക്കാനും എതിരാളികളെ സിഐഎ സഹായിച്ചു. അദ്ദേഹത്തിന് പകരം 1965-ല്‍ അധികാരത്തില്‍ വന്ന ജനറല്‍ സുഹാര്‍ട്ടോയുടെ ഭരണകൂടം, മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കുപ്രസിദ്ധമായിരുന്നു. കമ്മ്യൂണിസ്റ്റ് അനുഭാവികള്‍, വംശീയ ചൈനക്കാര്‍, ഭരണകൂടത്തിന്റെ മറ്റ് ശത്രുക്കള്‍ എന്നിങ്ങനെ 3 ദശലക്ഷം ആളുകളുടെ കൂട്ടക്കൊലയാണ് പിന്നീട് അരങ്ങേറിയിരുന്നത്. 1973ല്‍, സി.ഐ.എ ചിലിയന്‍ പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡെയെ അട്ടിമറിച്ച് പീഡനം, തിരോധാനം, കൂട്ടതടവ് എന്നിവയ്ക്ക് പേരുകേട്ട ഒരു സൈനിക ഭരണകൂടത്തെ പകരം നിയമിക്കുകയും ചെയ്തു.

1975ല്‍, പുതിയ ഭരണകൂടവും സി.ഐ.എയും ചേര്‍ന്ന് ഓപ്പറേഷന്‍ കോണ്ടോര്‍ ആസൂത്രണം ചെയ്യുകയുണ്ടായി. ലാറ്റിന്‍ അമേരിക്കയിലുടനീളമുള്ള സ്വേച്ഛാധിപതികളുടെ വിയോജിപ്പുകള്‍ തകര്‍ക്കാനും അസ്ഥിരത വര്‍ദ്ധിപ്പിക്കാനുമാണ് ഇത് വഴിവച്ചിരുന്നത്. 70 കളിലും 80 കളിലും സിഐഎ ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും വ്യാപകമായി മയക്കുമരുന്ന് കടത്തുകയുണ്ടായി. പണം സമ്പാദിക്കാനും പ്രാദേശിക സഖ്യകക്ഷികളെ പിന്തുണയ്ക്കാനും വേണ്ടിയായിരുന്നു ഈ മാര്‍ഗ്ഗം അവര്‍ സ്വീകരിച്ചിരുന്നത്.

അമേരിക്കയുടെ സ്വന്തം നഗരങ്ങളെ ഭിന്നിപ്പിച്ചതുള്‍പ്പെടെയുള്ള സിഐഎയുടെ ഗൂഢാലോചന തുറന്നുകാട്ടിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ഗാരി വെബ്ബിനെ 2004 ലാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. അദ്ദേഹത്തിന്റെ തലയില്‍ രണ്ട് വെടിയേറ്റിരുന്നു. ഔദ്യോഗിക അന്വേഷണത്തില്‍ അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്നാണ് വിധിച്ചതെങ്കിലും ഇതും സി.ഐ.എ നടപ്പാക്കിയ കൊലപാതകമായിരുന്നു എന്നത് വ്യക്തമാണ്.സിഐഎയുടെ ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്നും അമേരിക്ക ഇന്നും മുക്തരായിട്ടില്ല. 1950-ല്‍, മനുഷ്യന്റെ പെരുമാറ്റത്തില്‍ മാറ്റം വരുത്തുന്നതിനായി മയക്കുമരുന്ന് ഉപയോഗിച്ച് ഏജന്‍സി പ്രോജക്റ്റ് ബ്ലൂബേര്‍ഡ്, എംകെ അള്‍ട്ര എന്നീ പേരുകളില്‍ അറിയപ്പെടുന്ന പരീക്ഷണങ്ങള്‍ നടത്തിയത് സി.ഐ.എയുടെ ഇടപെടലിന്റെ ഭാഗമായാണ്.

Latest News