Explainers

‘കൈ’വിട്ട് ഘടകകക്ഷികള്‍, ഇന്ത്യാ മുന്നണി തകര്‍ന്നോ ?: നരേന്ദ്രമോദിയെ പ്രതിരോധിക്കാന്‍ ഇനി മാര്‍ഗമെന്ത്? ; പ്രതിപക്ഷ മുന്നണിയില്‍ അവശേഷിക്കുന്നതാരൊക്കെ ?; ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രതിപക്ഷ കക്ഷികളുടെ ഗൃഹനില വെളിപ്പെടുത്തി

ഡല്‍ഹി തെരഞ്ഞെടുപ്പോടു കൂടി പ്രതിപക്ഷസഖ്യമായ ഇന്ത്യാ മുന്നണി തകര്‍ന്നു തരിപ്പണമായി. ബി.ജെ.പിയുടെ വിജയം അത്രെേറ വലിയ ആഘാതമാണ് മുന്നണിയില്‍ ഏല്‍പ്പിച്ചിരിക്കുന്നത്. പത്ത് വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച ആം ആദ്മി പാര്‍ട്ടിയെ വീഴ്ത്തുന്നതില്‍ കോണ്‍ഗ്രസ്സും പ്രധാന പങ്ക് വഹിച്ചതിനാല്‍ ഇനി ഇന്ത്യാ മുന്നണിയില്‍ തുടരാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിയില്ലെന്നുറപ്പായി. കെജ്രിവാളിനെ കള്ളനെന്ന് വിളിച്ച് ഡല്‍ഹിയില്‍ പ്രചരണം നടത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്ന ചീത്തപ്പേരുമുണ്ട്. അങ്ങനെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കാട്ടിത്തന്നത് ഇന്ത്യാ മുന്നണിയുടെ കഴിവുകേടും, ഘടകകക്ഷികളുടെ ഗൃഹനിലയുമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തേരോട്ടം പ്രതിരോധിക്കാന്‍ സകല പ്രതിപക്ഷ കക്ഷികളും ചേര്‍ന്ന് രൂപീകരിച്ച ഇന്ത്യാ മുന്നണി ഇപ്പോള്‍ ഊര്‍ദ്വശ്വാസം വലിക്കുന്ന സ്ഥിതിയിലായിരിക്കുന്നു. ഇനി എന്താണ് മാര്‍ഗമെന്ന് ചിന്തിക്കുമ്പോള്‍ മുന്നണിയില്‍ അവശേഷിക്കുന്നത് ആരൊക്കെ ആണെന്നതാണ് കാണേണ്ടത്. ആംആദ്മി പാര്‍ട്ടിയെ വീഴ്ത്താനായി എന്നതില്‍ ബി.ജെ.പിയേക്കാള്‍ സന്തോഷിക്കുന്നതിപ്പോള്‍ കോണ്‍ഗ്രസ്സാണ്. അത്, ഡല്‍ഹിയിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ പ്രതികരണത്തിലും വ്യക്തമായിരുന്നു. അതേസമയം, അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും തോറ്റ തിരഞ്ഞെടുപ്പില്‍, നിലവിലെ മുഖ്യമന്ത്രി അതിഷിക്ക് വിജയിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ്സിനേറ്റ കനത്ത തിരിച്ചടിയാണ്.

കാരണം, അതിഷി മത്സരിച്ച കല്‍ക്കാജിയില്‍ അതിഷിയുടെ തോല്‍വി ഉറപ്പാക്കാന്‍ കോണ്‍ഗ്രസ്സ് രംഗത്തിറക്കിയിരുന്നത് അവരുടെ തീപ്പൊരി നേതാവായ അല്‍ക്ക ലാംബയെ ആയിരുന്നു. ‘ഇനിയും തമ്മിലടിക്കൂ… എന്നും പരസ്പരം പോരാടി അവസാനിപ്പിക്കൂ’ എന്നാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ്സ് ആം ആദ്മി പാര്‍ട്ടി മത്സരത്തെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പരിഹസിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ നിലപാടിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉള്‍പ്പെടെയുള്ളവരും ഇതനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. എന്‍.സി.പി, ഡി.എം.കെ, ഇടതുപാര്‍ട്ടികള്‍ തുടങ്ങിയ മറ്റ് ഇന്ത്യാ മുന്നണിയിലെ ഘടക കക്ഷികളും, കോണ്‍ഗ്രസ്സ് ഡല്‍ഹിയില്‍ സ്വീകരിച്ച നിലപാട് ശരിയല്ലന്ന അഭിപ്രായക്കാരാണ്.

കെജ്രിവാളിന് എതിരെ പട നയിച്ച രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഉള്ളത്. രാജ്യ തലസ്ഥാനത്തിന്റെ ഭരണം, ഒരു കാരണവശാലും ബി.ജെ.പിയിലേക്ക് പോകാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രത കോണ്‍ഗ്രസ്സ് കാട്ടേണ്ടതായിരുന്നു എന്നാണ് ഈ പാര്‍ട്ടികള്‍ എല്ലാം അഭിപ്രായപ്പെടുന്നത്. ഇന്ന് ഡല്‍ഹി പിടിച്ചെടുത്ത ബി.ജെ.പി നാളെ ബീഹാറിലും ഈ വിജയം ആവര്‍ത്തിക്കുമെന്ന ആശങ്കയും ഇന്ത്യാ സഖ്യത്തിനുണ്ട്. യഥാര്‍ത്ഥത്തില്‍, ലോകസഭ തിരഞ്ഞെടുപ്പില്‍ നിറം മങ്ങിയ വിജയം കരസ്ഥമാക്കിയ ബി.ജെ.പിയുടെ നിറം കൂട്ടുന്ന ഏര്‍പ്പാടാണ് ഡല്‍ഹി വഴി കോണ്‍ഗ്രസ്സ് ചെയ്തിരിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം.

ഭരണ വിരുദ്ധ വികാരം ശക്തമായ ഹരിയാനയില്‍ ബി.ജെ.പിക്ക് തുടര്‍ഭരണം സാധ്യമാക്കിയ കോണ്‍ഗ്രസ്സ് നിലപാട് തന്നെയാണ് ഡല്‍ഹിയിലും ബി.ജെ.പിയെ തുണച്ചത്. പ്രതിപക്ഷത്തെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബി.ജെ.പി തന്ത്രം രണ്ടിടത്തും വിജയിച്ചു. ഡല്‍ഹി നിവാസികള്‍ക്ക് സൗജന്യ വൈദ്യുതിയും, സൗജന്യമായി വെള്ളവും, സ്ത്രീകള്‍ക്ക് സൗജന്യ യാത്രയും നല്‍കിയ ആം ആദ്മി സര്‍ക്കാറിനും മീതെ പറക്കാന്‍ കേന്ദ്ര ബജറ്റിലെ രണ്ട് പ്രധാന പ്രഖ്യാപനങ്ങളും ബി.ജെ.പിയെ സഹായിച്ചിട്ടുണ്ട്. അതില്‍ ഒന്ന്, 12.75 ലക്ഷം വരെ ശമ്പളമുള്ളവര്‍ ആദായനികുതി നല്‍കേണ്ട എന്ന ബജറ്റിലെ ജനവികാരമറിഞ്ഞുള്ള പ്രഖ്യാപനമാണ്. രണ്ടാമത്തേത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള എട്ടാംശമ്പള കമ്മിഷന്‍ പ്രഖ്യാപനമാണ്.

മധ്യവര്‍ഗ സമൂഹം ഭൂരിപക്ഷമുള്ള ഡല്‍ഹിയില്‍, ജനങ്ങളെ മാറി ചിന്തിക്കാന്‍ ഇത് പ്രേരിപ്പിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബി.ജെ.പി 48 സീറ്റുകള്‍ നേടിയപ്പോള്‍, ആം ആദ്മി പാര്‍ട്ടി 22 സീറ്റിലേക്ക് ഒതുങ്ങിപ്പോവുകയാണ് ചെയ്തത്. ഡല്‍ഹി ഏറെക്കാലം ഭരിച്ച കോണ്‍ഗ്രസിനാകട്ടെ, ഒറ്റ സീറ്റ് പോലും ഇത്തവണ ലഭിച്ചിട്ടില്ല. ഡല്‍ഹിയിലെ ബി.ജെ.പിയുടെ ഈ മിന്നുന്ന വിജയം നടക്കാനിരിക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പിലും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നാണ് സൂചന. ബി.ജെ.പിയും ജെ.ഡി.യുവും സംയുക്തമായി തന്നെയാണ്, ഇത്തവണ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. പ്രതിപക്ഷ സഖ്യത്തില്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളുമാണ് രംഗത്തുണ്ടാകുക.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ തോല്‍വി ഉറപ്പാക്കാന്‍ മത്സരിച്ച കോണ്‍ഗ്രസ്സിനെ ഒപ്പം നിര്‍ത്തണമോ എന്നതില്‍, ആര്‍.ജെ.ഡിയും ഇടതുപാര്‍ട്ടികളും ഒരു പുനരാലോചന നടത്താനുള്ള സാധ്യതയും ഈ സാഹചര്യത്തില്‍ ഏറെയാണ്. ബീഹാറില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പാക്കാന്‍, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ പോലും അത്ഭുതപ്പെടാനില്ല. അത്രയ്ക്കും പക ഇപ്പോള്‍ കോണ്‍ഗ്രസ്സിനോട് ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ആം ആദ്മി പാര്‍ട്ടിക്ക് എതിരായി ജനവികാരം ഉയര്‍ത്താനും രാഹുല്‍ ഗാന്ധി ബോധപൂര്‍വ്വം ശ്രമിച്ചതായാണ് പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നത്. ബി.ജെ.പി നേതാക്കള്‍ പോലും പ്രചരണ ഘട്ടത്തില്‍ വിളിക്കാത്ത ‘കള്ളന്‍’ പ്രയോഗം കെജ്രിവാളിന് നേരെ പ്രയോഗിച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു. ഡല്‍ഹി മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിനെ കുരുക്കിയത് നരേന്ദ്ര മോദി സര്‍ക്കാരാണെങ്കിലും ഈ വിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ വ്യാപകമായി ഉപയോഗിച്ചത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സുമായിരുന്നു.

CONTENT HIGH LIGHTS;Constituents left ‘hands off’, is the India front broken?: What is the way to defend Narendra Modi? ; Who is left in the opposition front?; Delhi election revealed the planetary position of the opposition parties

Latest News