Explainers

അമേരിക്കയുടെ ഉപരോധം ഇറാനെ കൂടുതല്‍ ശക്തരാക്കും: ഉപരോധം മറികടക്കാന്‍ ഇന്ത്യയുടെ പിന്തുണയും; ചബഹാര്‍ തുറമുഖം ഇന്ത്യയ്ക്കും ഇറാനും പ്രധാനം; ഗാസയ്ക്കു വേണ്ടി എന്തു നെറികേടിനും തയ്യാറായി ട്രമ്പ്

ഗാസയെ മോഹിച്ച് അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ക്ക് ദല്ലാളായി ഇസ്രയേല്‍ പണിയെടുക്കുമ്പോള്‍ ഇസ്ലാം രാഷ്ട്രങ്ങളെ ഉപരോധത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി കാര്യം സാധിക്കാനാണ് ശ്രമം. എന്നാല്‍, ഗാസയെ സ്വന്തമാക്കാനോ, ഇസ്ലാം രാഷ്ട്രങ്ങളെ അടിമകളാക്കാനോ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനം എടുത്ത ഇറാന്‍ പൂര്‍വ്വാധികം ശക്തി സംഭരിക്കുന്നത് അമേരിക്കയെ ഭയപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ ഭാഗമായാണ് ഇറാനെതിരേയും അമേരിക്കയുടെ ഉപരോധ നടപടികള്‍ തുടരുന്നത്. എന്നാല്‍, ഇതിനെ മറി കടക്കാന്‍ ഇറാനെ പിന്തുണച്ചിരിക്കുന്നത് ഇന്ത്യയാണ്. അശക്തരെ സഹായിക്കുക എന്ന നിലപാടാണ് ഇന്ത്യയ്ക്ക് ഇക്കാര്യത്തിലുള്ളതെന്ന് വ്യക്തം.

ലോകശക്തിക്ക് ഇന്ത്യയുടെ പിന്തുണയുടെ ആവശ്യമില്ല. അവര്‍ യുദ്ധവും കോളനി വത്ക്കരണവും, അധിനിവേശവുമെല്ലാം സ്വപ്‌നം കാണുന്നവരാണ്. എന്നാല്‍, ഇന്ത്യ സമാധാനത്തിന്റെ വഴിയിലൂടെ സൗഹൃദം ഊട്ടിയുറപ്പിക്കലിന്റെ വഴിയിലും. ഈ രണ്ടു വഴികളും വ്യത്യസ്തമായിരിക്കുകയും കാഴ്ചപ്പാടുകള്‍ വിഭിന്നമാവുകയും ചെയ്യുന്നതോടെ യോജിക്കാന്‍ ബുദ്ധിമുട്ടാകും. ഇന്ത്യന്‍ കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തിയതില്‍ തെറ്റില്ല, പക്ഷെ, അവരുടെ കൈകാലുകള്‍ ചങ്ങലയിട്ട് ബന്ധിച്ച് നാടുകടത്തിയതിലെ മനുഷ്യത്വ രഹിതമായ നടപടിയെ ഇന്ത്യ അപലപിച്ചിരുന്നു. അമേരിക്കയുടെ ഈ നടപടി ലോക രാജ്യങ്ങള്‍ക്കെല്ലാം എതിര്‍പ്പുണ്ടായ സംഭവം കൂടിയാണ്.

ഇങ്ങനെ ലോകത്തിനു തന്നെ ശരിയെന്നു തോന്നാത്ത കാര്യങ്ങള്‍ നിരന്തരം ചെയ്യുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ അമേരിക്കയുടെ റോള്‍ ഇസ്രയേലിന്റെ ആയുധപ്പുര എന്നതായിരുന്നു. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന് മുസ്ലീം തീവ്രവാദ സംഘടനയായ ഹമാസിനെ തകര്‍ക്കുക, ബന്ദികളെ മോചിപ്പിക്കുക അതുവഴി ഇസ്രയേലില്‍ അമേരിക്കന്‍ സാന്നിധ്യം ഉറപ്പിച്ച്, പശ്ചിമേഷ്യയില്‍ പിടിമുറുക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രമ്പ് വന്നതോടെ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനിടയില്‍ ഗാസ എന്ന തന്ത്രപ്രധാന തീരദേശം സ്വന്തമാക്കുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയായിരുന്നു.

ഇത് ഇസ്രയേലുമായി പറഞ്ഞുറപ്പിക്കുകയും ചെയ്തു കഴിഞ്ഞു. ഹമാസിനെ ഇല്ലാതാക്കുകയോ, ബന്ദികളെ മോചിപ്പിക്കുകയോ, പലസ്തീന്‍കാരെ പലായനം നടത്തിക്കുകയോ ചെയ്താലും ഇല്ലെങ്കിലും ഗാസ അമേരിക്കയ്ക്കുള്ളതാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു. പലസ്തീന്‍കാര്‍ മറ്റ് മുസ്ലീം രാഷ്ട്രങ്ങളിലേക്ക് പോകാനാണ് ട്രമ്പിന്റെ നിര്‍ദ്ദേശം. ഇത് ശിരസ്സാവഹിച്ചിരിക്കുകയാണ് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവും. അമേരിക്കന്‍ അധിനിവേശം ഗാസയില്‍ ഉണ്ടായാല്‍ മുസ്ലീം തീവ്രവാദം ഇപ്പോള്‍ നടക്കുന്നതിനേക്കാള്‍ പതിന്‍മടങ്ങ് ശക്തിയില്‍ വര്‍ദ്ധിക്കുമെന്നുറപ്പാണ്. എന്നാലും വേണ്ടില്ല, ഗാസയെ സ്വന്തമാക്കിയേ മതിയാകൂ എന്നാണ് അമേരിക്കയുടെ നിലപാട്.

എന്നാല്‍, ഇറാന്‍ ഇതിനെ ശക്തമായി എതിര്‍ക്കുമെന്നു മാത്രമല്ല, ഒരു തുറന്ന യുദ്ധത്തിനു പോലും തയ്യാറായേക്കും. ഇസ്ലാമിക് രാഷ്ട്രങ്ങളില്‍ അമേരിക്ക അടക്കം ഭയക്കുന്ന ഏക രാജ്യമാണ് ഇറാന്‍. ആയുധബലം കൊണ്ടും, അംഗബലം കൊണ്ടും, ബുദ്ധികൊണ്ടും ഇറാന്‍ ശക്തരാണെന്നു മാത്രമല്ല, മറ്റു രാജ്യങ്ങളുടെ ഭരണാധികാരികളുമായുള്ള നയതന്ത്രബന്ധവും ശക്തമാണ്. ഇത് ഇറാന് മുതല്‍ക്കൂട്ടുമാണ്. ഇന്ത്യയാണ് ഇറാനെ പിന്തുണയ്ക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇറാനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ തന്നെ ഇറാനുമായുള്ള ചബഹാര്‍ തുറമുഖ പദ്ധതിക്ക് തുടര്‍ന്നും പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തിരിക്കുകയാണ് ഇന്ത്യ. മേഖലയുടെ സാമ്പത്തിക വികസനത്തിന് ഇറാനുമായുള്ള ചബഹാര്‍ പദ്ധതി നിര്‍ണായകമാണെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ 46-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയില്‍ ഇന്ത്യ-ഇറാന്‍ ബന്ധത്തില്‍ പ്രാദേശിക സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ജയ്ദീപ് മജുംദാര്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. സഹകരണം ഇറാനുമായുള്ള ബന്ധത്തിന്റെ ഏറ്റവും ‘നിര്‍ണ്ണായക’ വശമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒമാന്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ഇറാന്റെ ഏക സമുദ്ര തുറമുഖമാണിത്. കൂടാതെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുള്ള ഒരു നിര്‍ണായക കവാടമായും ഇത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയെ മധ്യേഷ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ചബഹാര്‍ തുറമുഖം ഇന്ത്യയ്ക്കും ഇറാനും ഒരുപോലെ തന്നെ പ്രധാനയ്മുള്ളത്.

വ്യാപാരം, ടൂറിസം, സാംസ്‌കാരിക വിനിമയം എന്നിവ മെച്ചപ്പെടുത്താനുള്ള നിരവധി സംരംഭങ്ങള്‍ ഇരുകൂട്ടരും നടത്തിവരുന്നുമുണ്ട്. ചബഹാര്‍ തുറമുഖത്തിന്റെ വികസനം ഉള്‍പ്പെടെ ഇന്ത്യ-ഇറാന്‍-അര്‍മേനിയ ത്രിരാഷ്ട്ര കൂടിയാലോചനകള്‍, ഈ സഹകരണം ഇനിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പര്യവേക്ഷണം ചെയ്തുവരികയാണ്. ചബഹാര്‍ തുറമുഖത്തിന്റെ വികസനം ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയ്ക്കിടയിലുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കാനും, കരയാല്‍ ചുറ്റപ്പെട്ട മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്ക് ഒരു ബദല്‍ മാര്‍ഗം ഒരുക്കുന്നതിനും സഹായകമാണ്. ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകാനും ഈ തുറമുഖം ഉപയോഗിച്ചുവരുന്നു.

എണ്ണ കയറ്റുമതി, തുറമുഖങ്ങള്‍, അനുബന്ധ ബിസിനസുകള്‍ എന്നിവയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഫണ്ടുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഇറാന്‍ സര്‍ക്കാരിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്കും അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിനും ട്രംപ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇറാന്റെ ആണവ സമ്പുഷ്ടീകരണ പദ്ധതികള്‍ പിന്‍വലിക്കുകയും എണ്ണ കയറ്റുമതി പൂജ്യം ആയി കുറയ്ക്കുകയും ചെയ്യുക എന്ന ട്രമ്പിന്റെ അഭിലാഷങ്ങളുടെ ബാക്കി പത്രമായിരുന്നു ഈ നീക്കം. 2018ല്‍ ട്രമ്പിന്റെ ആദ്യ ഭരണകാലത്ത് അഫ്ഗാനിസ്ഥാനിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിനായി, ചബഹാര്‍ തുറമുഖ പദ്ധതിക്ക് ഇന്ത്യ ഉപരോധ ഇളവ് നേടിയിരുന്നു.

2018-ല്‍ സംയുക്ത സമഗ്ര പ്രവര്‍ത്തന പദ്ധതിയില്‍ (ജെസിപിഒഎ) നിന്ന് പിന്മാറിയതോടെ ഇറാനോടുള്ള അമേരിക്കയുടെ സമീപനം ആകെ മാറി. ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഉള്‍പ്പെടെ ഇറാനുമായുള്ള ആഗോള വ്യാപാരത്തെ ഇത് ബാധിക്കുകയും ചെയ്തു. ചബഹാറിനുള്ള ഇന്ത്യയുടെ ഇളവ് അമേരിക്ക പൂര്‍ണ്ണമായും പിന്‍വലിച്ചാല്‍, അത് ഇറാനും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ ബാധിച്ചേക്കാം. ഇന്ത്യ, ഇറാന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് സൂയസ് കനാലിലേക്കുള്ള ഒരു ബദല്‍ കപ്പല്‍ പാതയായി വികസിപ്പിച്ചെടുത്ത ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സ്പോര്‍ട്ട് (INSTC) ഇടനാഴിയുടെ തന്ത്രപ്രധാന കേന്ദ്രമായാണ് ചബഹാര്‍ തുറമുഖം വിഭാവനം ചെയ്തത്.

മുംബൈയില്‍ നിന്നാണ് ഐ.എന്‍.എസ്.ടി.സിയുടെ ആരംഭം. ഇത് ഇറാനിലെ ബന്ദര്‍ അബ്ബാസ്, ബന്ദര്‍-ഇ-അന്‍സാലി, ചബഹാര്‍ എന്നിവിടങ്ങളിലൂടെ കടന്ന് കാസ്പിയന്‍ കടല്‍ കടന്ന് തെക്കന്‍ റഷ്യയിലെ അസ്ട്രഖാനില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് റെയില്‍, റോഡ് ലിങ്കുകള്‍ വഴി റഷ്യയിലേക്കും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്കും ബന്ധിപ്പിക്കുന്നു. ഇന്ത്യ, ഇറാന്‍, റഷ്യ, യൂറോപ്പ് എന്നിവ തമ്മിലുള്ള വ്യാപാരത്തില്‍ വിപ്ലവം സൃഷ്ടിക്കാനും ഗതാഗത ചെലവുകളും സമയവും കുറയ്ക്കാനും പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കാനും ഐ.എന്‍.എസ്.ടി.സിക്ക് കഴിവുണ്ട്. അതുകൊണ്ടു തന്നെ ഐ.എന്‍.എസ്.ടി.സി നടപ്പാക്കുന്നതില്‍ ചബഹാര്‍ തുറമുഖത്തിന്റെ വികസനം ഒരു പ്രധാന നാഴികക്കല്ലാണ്.

2024ല്‍ ഇന്ത്യയും ഇറാനും തമ്മില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ‘ഇന്ത്യ ഷാഹിദ് ബെഹെഷ്തി’ തുറമുഖത്തിന്റെ ഉപകരണങ്ങള്‍ സജ്ജമാക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുമെന്ന കരാറില്‍ ഒപ്പുവച്ചു. ഇത് പാകിസ്ഥാനെ മറികടന്ന് മധ്യേഷ്യയുമായും റഷ്യയുമായും അഫ്ഗാനിസ്ഥാനുമായും വ്യാപാരവും വാണിജ്യവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ തുറക്കുന്നതായിരുന്നു. കരാര്‍ പ്രകാരം, ചാബഹാറിലെ രണ്ട് സൗകര്യങ്ങളില്‍ ഒന്നായ ഷാഹിദ് ബെഹെഷ്തി തുറമുഖത്തിലെ ജനറല്‍ കാര്‍ഗോ, കണ്ടെയ്നര്‍ ടെര്‍മിനലുകളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ഗ്ലോബല്‍ പോര്‍ട്ട്സ് ലിമിറ്റഡ് (ഐജിപിഎല്‍) ഏറ്റെടുക്കും. ചബഹാര്‍ കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം, ഇറാനുമായി വ്യാപാരം നടത്തുന്ന ആര്‍ക്കും ഉപരോധം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്‍കി ബൈഡന്‍ ഭരണകൂടം ഇന്ത്യയെ ഉപരോധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാല്‍ ചബഹാര്‍ തുറമുഖം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഇന്ത്യയും ഇറാനും തമ്മിലുള്ള ദീര്‍ഘകാല കരാര്‍ ‘എല്ലാവരുടെയും പ്രയോജനത്തിനായി’ ആണെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കര്‍ പ്രതികരിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഐഎന്‍എസ്ടിസി വഴിയുള്ള സമുദ്ര പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി ഇന്ത്യന്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് അടുത്തിടെ രേഖപ്പെടുത്തിയിട്ടുണ്ട്. കപ്പല്‍ ഗതാഗതത്തില്‍ 43% വര്‍ധനവും കണ്ടെയ്‌നര്‍ ഗതാഗതത്തില്‍ 34% വളര്‍ച്ചയും ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഇറാനിയന്‍ അംബാസഡര്‍ ഇറാജ് ഇലാഹിയെ ടൈംസ് ഓഫ് ഇന്ത്യ ഉദ്ധരിച്ച് ഇറാനും ഇന്ത്യയും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെ പ്രശംസിക്കുകയും സാമ്പത്തിക ബന്ധം വളര്‍ന്നുവരികയാണെന്ന് പ്രസ്താവിക്കുകയും ചെയ്തു.

ഇന്ത്യയും ഇറാനും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ ഒരു പ്രധാന ഉദാഹരണമായി ഐഎന്‍എസ്ടിസിയെ ഉദ്ധരിച്ചുകൊണ്ട്, ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ ഇറാജ് ഇലാഹി, ഐഎന്‍എസ്ടിസിയിലൂടെയുള്ള സഹകരണത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ഇന്ത്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും ഗണ്യമായ വളര്‍ച്ച കൈവരിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 21.76% വാര്‍ഷിക വളര്‍ച്ചയോടെ, 2.33 ബില്യണ്‍ ഡോളറിലെത്തി. കോവിഡ്-19 വെല്ലുവിളികളെ നേരിടുന്നതില്‍ ഇരു രാജ്യങ്ങളും വ്യാപകമായി സഹകരിക്കുകയും ഊര്‍ജ്ജം, അടിസ്ഥാന സൗകര്യങ്ങള്‍, മാനുഷിക സഹായം തുടങ്ങിയ മേഖലകളില്‍ അവരുടെ സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

CONTENT HIGH LIGHTS; US Sanctions Will Make Iran Stronger: India’s Support to Defeat Sanctions; Chabahar port important to India and Iran; Trump is ready to do anything for Gaza

Latest News