Explainers

കളിക്കളത്തില്‍ പത്താം നമ്പറുകാരന്റെ ഒന്‍പതാം ഊഴം: വിജയനെ തേടിയെത്തിയ ആ പദ്മശ്രീ; വൈകിയെങ്കിലേയുള്ളൂ പക്ഷെ, അര്‍ഹിക്കുന്ന കറുത്ത മുത്താണത്: വിജയന്‍ കേരളത്തിന്റെ കറുത്ത മുത്തായ കഥ ?

കളി എഴുത്തുകള്‍ എപ്പോഴും ഹരംപിടിപ്പിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ഇഷ്ടം കൂടുതലുള്ള കളിക്കാര്‍ ഉണ്ടെങ്കില്‍ എഴുതിയ വാക്കുകള്‍ പോരെന്നു തോന്നും. മാറ്റി മാറ്റി എഴുതി കളിക്കാരെയൊക്കെ വാനോളം എത്തിക്കാറുണ്ട്. കറുപ്പഴകിനെ മുത്തായ് സ്‌നേഹിച്ച മലയാളികളെ ഇപ്പോള്‍ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ കാണാറില്ല. കാരണം കറുത്ത മുത്തിനെപ്പോലെ മറ്റൊന്ന് ഉണ്ടായിട്ടില്ല എന്നതു തന്നെ. 90കളില്‍ എഫ്.സി കൊച്ചിന്‍ എന്ന ക്ലബ്ബിന്റെ ഹോം പ്രാക്ടീസ് ഗ്രൗണ്ടായിരുന്നു മഹാരാജാസ് കോളേജിന്റെ ഗ്രൗണ്ട്. ഇവിടെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ ഐ.എം. വിജയനും, ജോ പോള്‍അഞ്ചേരിയും, ചാപ്മാനും, രാമന്‍ വിജയനും ഒക്കെ പരിശീലനത്തിന് ഇറങ്ങുന്നത്.

അന്ന് പരിചയപ്പെട്ടതാണ് വിജയേട്ടനെയും സംഘത്തെയും. പിന്നീട് പ്രസ്‌ക്ലബ്ബിന്റെ പ്രദര്‍ശന മന്തരസത്തില്‍ 2014ല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍വെച്ച് ഒരേ ടീമില്‍ കളിച്ചു. വൈകിട്ടത്തെ പാര്‍ട്ടിയിലും ഒരുമിച്ചുണ്ടായിരുന്നു. നാടന്‍പാട്ടും, എറമാകുളത്തു വെച്ചുകണ്ട കഥയുമെല്ലാമായി ജോറാക്കി. പിന്നീട് കേള്‍ക്കുന്ന നല്ലതും, മനസ്സു നിറച്ചതുമായ വാര്‍ത്തയാണ് ഇന്ത്യയുടെ പത്താം നമ്പര്‍ കളിക്കാരനായിരുന്ന ക്യാപ്ടന്‍ ഐ.എം വിജയന് പദ്മശ്രീ ലഭിച്ചുവെന്ന്. വൈകിയെങ്കിലും എത്തിപ്പെട്ടിരിക്കുന്നു ആ പുരസ്‌ക്കാരം.

പത്താം നമ്പര്‍ കളിക്കാരനെ ഒമ്പതാം ഊഴക്കാരനായി പരിഗണിച്ചിരിക്കുന്നു. വിജയേട്ടനു മുമ്പ് എട്ട് ഫുട്‌ബോളര്‍മാര്‍ക്കാണ് പദ്മശ്രീ ലഭിച്ചിരിക്കുന്നത്. ഗോഷ്താ പാല്‍, ശൈലന്‍ മന്ന, ചുനി ഗോസ്വാമി, പി.കെ ബാനര്‍ജി, ബൈച്ചുംഗ് ബൂട്ടിയ, സുനില്‍ ഛേത്രി, ബെംബെം ദേവി, ബ്രഹ്മാനന്ദ് എന്നിവര്‍ക്ക് ശേഷം പദ്മശ്രീ നേടുന്ന ഒന്‍പതാമത്തെ ഇന്ത്യന്‍ ഫുട്‌ബോളറായി ഐ.എം വിജയന്‍. ‘ഇനിയൊരു പന്തുകളിക്കാരന് പദ്മ കിട്ടാന്‍ എത്ര കാലം കാത്തിരിക്കേണ്ടി വരും ? അറിയില്ല. ഒന്നുമാത്രം അറിയാം. ഇതുവരെ കിട്ടിയവരുടെ പട്ടികയില്‍ ഏറ്റവും തിളങ്ങി നില്‍ക്കുന്ന പേരുകളിലൊന്ന് വിജയന്റേത് തന്നെ.

കാലമേറെ കഴിഞ്ഞാലും അതിന് മാറ്റു കുറയില്ലെന്ന് മാധ്യമ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ് ലേഖകനുമായ രവിമേനോന്‍ കുറിച്ചിട്ടുള്ളത് എത്ര സത്യമായ കാര്യം’. പ്രായം കൊണ്ടും പരിചയസമ്പത്ത് കൊണ്ടും എത്രയോ ഇളമുറക്കാരായവരാണ് ബൈച്ചും ബൂട്ടിയയും, സുനില്‍ ഛേത്രിയും. ഇവര്‍ക്ക് വര്‍ഷങ്ങള്‍ക്കു മുമ്പേ പദ്മശ്രീ പുരസ്‌ക്കാരം ലഭ്യമായിരുന്നു. എന്നിട്ടും, ക്ഷമയോടെ തന്റെ ഊഴത്തിന് വേണ്ടി കാത്തിരിക്കാന്‍ തയ്യാറായി എന്നതാണ് വിജയനെ വ്യത്യസ്തനാക്കുന്നത്. കാലത്തിന്റെ കാവ്യനീതി കൂടിയാവുകയാണ് ഈ പുരസ്‌ക്കാരം. ഒരു വിവാദത്തിനും ഇട നല്‍കാത്ത അവാര്‍ഡ്.

‘മ്മടെ വിജയന് ഇതുവരേയും കിട്ടിയിരുന്നില്ലേ പദ്മ’ എന്നൊരു ചോദ്യം മാത്രമേ ഉണ്ടാവൂ അന്തരീക്ഷത്തില്‍. എന്നാല്‍, ചിലരെങ്കിലും നെറ്റി ചുളിച്ചേക്കാം, വിജയന് പദ്മശ്രീ കിട്ടുന്നതാണോ ഇത്ര വലിയ കാര്യമെന്ന് ആലോചിച്ച്. പദ്മശ്രീ കിട്ടിയാലും കിട്ടിയില്ലെങ്കിലും എന്താണ് കുഴപ്പെമെന്നും ചോദിക്കാം. അതിനെല്ലാം മറുപടി ഐ.എം വിജയനെന്ന കളിക്കാരന്റെ ജീവിതം തന്നെയാണ്. തൃശൂരങ്ങാടി മുഴുവന്‍ ആക്രി പെറുക്കി നടന്നിട്ടുണ്ട്. ഇല്ലായ്മയില്‍ നിന്ന് വളര്‍ന്നവന്‍, ശൂന്യതയില്‍ നിന്നും ഗോളുകള്‍ സൃഷ്ടിച്ചവന്‍. അതാണ് ഏറ്റവും ഒടുവില്‍ തേച്ചുതേച്ചു മിനുക്കിയ കേരളത്തിന്റെ കറുത്തമുത്ത്.

അഞ്ചാം ക്ലാസ്സില്‍ അഞ്ചു പ്രാവിശ്യം പഠിച്ചവന്‍. സ്‌കൂളില്‍ വൈകി വരുന്ന വിജയനെ കണ്ട് ടീച്ചര്‍ ചോദിച്ചു എവിടെയാണ് നീ കളിക്കാന്‍ പോകുന്നതെന്ന്. അവന്‍ പറഞ്ഞു ടീച്ചറെ കളിക്കാന്‍ പോയതല്ല, അരി വെന്തില്ലായിരുന്നു വീട്ടില്‍. അതെന്താണ് എന്നു ചോദിച്ചപ്പോള്‍ അമ്മ എവിടുന്നെങ്കിലും കടം മേടിച്ചാണ് അരി വെച്ചിരുന്നത്. അതുകൊണ്ടാണ് താമസിച്ചത്. പിന്നെ ടീച്ചര്‍ അവന് വേണ്ടി ഒരു പൊതി കൊണ്ടുവരുമായിരുന്നു. അച്ഛന്‍ ഒരു ഹോട്ടലില്‍ വിറകുവെട്ടുകാരന്‍.

അമ്മ ആക്രി പെറുക്കാന്‍ പോയി കുടുംബം നോക്കിയവള്‍. ചെറുപ്പത്തില്‍ അച്ഛന്‍ റേഷന്‍ കടയില്‍ പോയി വരുമ്പോള്‍ സൈക്കിളില്‍ ബസ്സ് ഇടിച്ചു മരണപ്പെട്ടു. പിന്നെ കുടുംബഭാരം മുഴുവന്‍ അമ്മയുടെ തലയില്‍. വിജയനും കൂലിപ്പണിക്ക് പോയി തുടങ്ങി. വിശപ്പായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. 1982ല്‍ തൃശൂര്‍ സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ പത്തു പൈസ കമ്മീഷനില്‍ സോഡ വിറ്റ് നടക്കുകയായിരുന്നു. എന്നെ വളര്‍ത്താന്‍ ഈ തൃശൂരങ്ങാടി മുഴുവന്‍ അമ്മ ആക്രി പെറുക്കി നടന്നിട്ടുണ്ട്.

അത് പറഞ്ഞപ്പോള്‍ ആ കണ്ണില്‍ നിന്ന് കണ്ണീര്‍ വരുന്നുണ്ടായിരുന്നു. എത്രയോ തവണ ആ കണ്ണീര്‍ കേരളത്തിന്റെ മണ്ണില്‍ വീണിരിക്കുന്നു. പഴയ കുപ്പിയും പാട്ടയും പത്രം ഇവ ചാക്കില്‍ പെറുക്കി പട്ടാളം മാര്‍ക്കറ്റില്‍ കൊണ്ടുപോയി വില്‍ക്കും. ആ വരുമാനവും കൂടി ചേര്‍ത്താണ് പട്ടിണി മാറ്റിയത്. ഉച്ചക്ക് തേക്കിന്‍കാട് മൈതാനത്ത് അമ്മ ഇതെല്ലാം കെട്ടിപ്പെറുക്കി ഇരിക്കുന്നുണ്ടാവും. എല്ലാം വിറ്റ് അമ്മയെത്താന്‍ രാത്രി എട്ടുമണിയാകും. അപ്പോള്‍ പാലസ് ഗ്രൗണ്ടിലും പരിസരത്തുമൊക്കെയായി പന്തുകളിച്ച് നടക്കുന്നുണ്ടാവും വിജയന്‍.

പിന്നെ കൃഷ്ണഭവന്‍ ഹോട്ടലിനു മുന്നില്‍ വിജയനും ജ്യേഷ്ഠന്‍ ബിജുവും ക്ഷീണിച്ചു അവശയായി വരുന്ന അമ്മയെ കാത്തിരിക്കും. ഭക്ഷണപ്പൊതിയുണ്ടാവും അമ്മയുടെ കൈയില്‍. അതായിരുന്നു ഒരു ദിവസത്തെ ഭക്ഷണം. പാഴ്ത്തുണി കൊണ്ട് പന്തുണ്ടാക്കി കോളനിയിലെ കുട്ടികള്‍ക്കൊപ്പം കളി തുടങ്ങി. പഠിത്തത്തില്‍ വട്ടപൂജ്യം ആയിരുന്നെങ്കിലും ഫുട്ബാള്‍ കളിച്ച് ഹീറോയായി. സി.എം.എസിലായിരിക്കെ ജില്ലാ, സംസ്ഥാന തല സ്‌കൂള്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു.

ജോസ് പറമ്പനാണ് വിജയനിലെ ഫുട്ബാള്‍ താരത്തെ ആദ്യം തിരിച്ചറിയുന്നത്. മൂന്ന് വര്‍ഷ ക്യാംപില്‍ ചേര്‍ത്തത് അദ്ദേഹമാണ്. മുന്‍ അന്താരാഷ്ട്ര താരം ടി.കെ ചാത്തുണ്ണിയായിരുന്നു ക്യാംപിലെ കോച്ച്. 1987ല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ കേരള പൊലീസില്‍ ജോലി കിട്ടി. ഡി.ജി.പി കെ.ജെ ജോസഫിനായിരുന്നു പൊലീസ് ടീമിന്റെ ചുമതല. അന്ന് പതിനേഴര വയസ്സാണ് പ്രായം. ആറ് മാസം ഗസ്റ്റ് കളിച്ചു. 18 തികഞ്ഞപ്പോള്‍ പൊലീസിലും ടീമിലും ഔദ്യോഗികമായി ചേര്‍ന്നു. അങ്ങിനെയാണ് ഐ.എം വിജയന്‍ പൊലീസ് ആവുന്നത്.

കാലിനും കാലത്തിനുമപ്പുറം ഐ.എം വിജയന്‍ നന്ദി പറയുന്നത് ദൈവത്തിനാണ്. ഇതുപോലൊരാള്‍ ഇനിയുണ്ടാവില്ല. പഴംതുണി കെട്ടി പന്തുണ്ടാക്കി കളിച്ച വിജയന്‍ ഇന്ന് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഇതിഹാസമാണ്. രാജ്യം അയാള്‍ക്ക് പത്മശ്രീ നല്‍കി ആദരിക്കുന്നു. ഇനി പ്പറയൂ ഈ പദ്മശ്രീ ഒമ്പതാം ഊഴത്തില്‍ വാങ്ങേണ്ട ആളായിരുന്നോ വിജയന്‍ ?. ഇനിയെങ്കിലും അദ്ദേഹത്തെ പത്മശ്രീ ഐ.എം വിജയന്‍ എന്ന് അഭിസംബോധന ചെയ്ത് കടം തീര്‍ക്കാം.

CONTENT HIGH LIGHTS; Number 10’s ninth turn on the field: That Padma Shri that came in search of Vijayan; It’s late but the black pearl it deserves: The story of Vijayan being the black pearl of Kerala?

Latest News