കേരളത്തില്‍ ഇപ്പോഴുള്ള ക്രമസമാധാന തകര്‍ച്ചയെ നിസ്സാരവത്ക്കരിക്കാനാവില്ല. സമസ്ത മേഖലയിലും കൊലപാതകങ്ങളും കൊള്ളയും പീഡനങ്ങളും നിറഞ്ഞിരിക്കുന്നുവെന്ന് കാണാം. പക്ഷെ, മറ്റു സംസ്ഥാനങ്ങളിലെ ക്രമസമാധാന നിലയും കേരളത്തിന്റെ നിലയും താരതമ്യം ചെയ്താല്‍ അത് കുറവുമായിരിക്കും. ഈയൊരു കാരണം ചൂണ്ടിക്കാട്ടിയാണ് ഭരണകൂടങ്ങള്‍ കേരളത്തിന്റെ ക്രമസമാധാന തകര്‍ച്ചയെ ന്യായീകരിക്കുന്നത്. അതായത്, മറ്റു സംസ്ഥാനങ്ങളെപ്പോലെ ക്രമസമാധാനം തകരുന്ന അവസ്ഥയില്‍ എത്തിയാല്‍ മാത്രമേ കേരളത്തിലും ക്രമസമാധാനം തകര്‍ന്നു എന്നു പറയാനൊക്കൂ എന്നാണ് ന്യായീകരണത്തിന്റെ അര്‍ത്ഥം.
അതിന് വടക്കേ ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ക്രൈം റേറ്റും കേരളത്തിലെ ക്രൈം റേറ്റും അവതരിപ്പിക്കുകയും ചെയ്യും. എന്നാല്‍, അറിയേണ്ട കാര്യം, കേരളത്തിലെ ജനങ്ങള്‍ സമാധാനത്തോടെയാണോ കഴിയുന്നത് എന്നാണ്. കുറുവാ സംഘം മുതല്‍, പ്രണക്കൊല വരെയും, ക്യാമ്പസ് റാംഗ് മുതല്‍ ദുര്‍മന്ത്രവാദക്കൊല വരെ അരങ്ങേറുകയാണ് കേരളത്തില്‍. ഒരു ജില്ലയും ഇതില്‍ നിന്ന് മുക്തമല്ല. സൈബര്‍ തട്ടിപ്പും മയക്കുമരുന്ന് കച്ചവടവും, കള്ളക്കടത്തും രാഷ്ട്രീയ കൊലപാതകങ്ങളും എല്ലാം നടക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്കു നേരെയും പീഡനങ്ങള്‍ ഉണ്ടാകുന്നുണ്ട്.
വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ മുന്നോട്ടു പോയ കേരളത്തില്‍ ക്രൈം റേറ്റ് മറ്റു സംസ്ഥാനങ്ങളേക്കാള്‍ കുറവാണെന്ന വാദത്തിന് മറുവശമുണ്ട്. വിദ്യാഭ്യാസം ഉള്ള സംസ്ഥാനത്തെ ഇപ്പോഴത്തെ ക്രൈം റേറ്റ് ഇത്രയും ആകാന്‍ പാടില്ലെന്നതാണ് വസ്തുത. എന്നിട്ടും, അത് ഉയരുന്നുണ്ടെങ്കില്‍, വിദ്യാഭ്യാസമുള്ളത് ഒരു കഴിവായി സംസ്ഥാന ഉയര്‍ത്തിക്കാട്ടാതിരിക്കുകയാണ് ഭേദം. ഭരണകൂടത്തിന്റെ പിടിപ്പുകേടും, ക്രമസമാധാനം നിലനിര്‍ത്താന്‍ കഴിയാതെ പോകുന്നതും ഭരിക്കുന്ന പാര്‍ട്ടിയുടെ നയം കൊണ്ടാണ് എന്നതാണ് തിരിച്ചറിയേണ്ടത്. നോക്കൂ, കേരളത്തിലെ ക്യാമ്പസുകളിലേക്ക്.
എല്ലായിടവും ഗുണ്ടായിസവും ഗുണ്ടകളും മാത്രമല്ലേ വളരുന്നത്. ഗുണ്ടായിസം വിളയുന്ന ക്യാമ്പസുകള്‍ എന്ന് പറയാതെ വയ്യ. എവിടെയാണ് സമാധാനാന്തരീക്ഷമുള്ളത്. കേരളാ യൂണിവേഴ്‌സിറ്റി സെന്റിനുള്ളില്‍ അനധികൃത പന്തല്‍കെട്ടി സമരം കിടക്കുന്നു. സ്വകാര്യ സര്‍വ്വകലാശാലകള്‍ വരുന്നതിനെതിരേ സമരം ചെയ്ത സംഘടന ഇന്ന് വാ മൂടിക്കെട്ടി ഓച്ഛാനിച്ച് നില്‍ക്കുന്നു. ടി.പി. ശ്രീനിവാസനെ തല്ലി താഴെയിട്ടവരാണാ പുരോഗമന ചിന്താഗതിക്കാര്‍. ഇവരുടെ പുരോഗമന വാദത്തിന്റെ മറ്റൊരു മുഖമാണ് കോട്ടയത്തെ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം കണ്ടത്. ഒരു ജൂനിയര്‍ വിദ്യാര്‍ത്ഥിയെ പച്ചയ്ക്ക് കൊല്ലുകയെന്ന രീതിയില്‍ റാഗിംഗ് നടത്തുന്നു.
അതിന് നേതൃത്വം കൊടുക്കുന്നതോ, പുരോഗമന ചിന്താഗതിയുള്ള പ്രസ്ഥാനത്തിന്റെ പോഷക സംഘടനാ നേതാക്കള്‍. പത്തനം തിട്ട നഴ്‌സിംഗ് കോളേജില്‍ കുറച്ചു നാള്‍ മുമ്പാണ് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ആ സംഭവം മറക്കാറായിട്ടില്ല. ഓര്‍മ്മയില്ലേ വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥനെ. കൊന്നെടുത്തത്, ക്രൂരമായ റാഗിംഗിലൂടെയാണ്. വരുന്ന 18ന് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തിട്ട് ഒരു വര്‍ഷം തികയുകയാണ്. എന്നിട്ടും, കോട്ടയത്ത് വീണ്ടും ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. റാഗിിംഗിന്റെ ഇരയായി ഒരു വിദ്യാര്‍ത്ഥി വയനാട്ടില്‍ മരിച്ചിട്ടും, കോട്ടയത്ത് അതേ റാഗിംഗ് ഉണ്ടാകുമ്പോള്‍ ഉയരുന്ന ചോദ്യമിതാണ്.
എന്താണ് കേരളത്തിലെ ക്യാമ്പസുകള്‍ക്ക് സംഭവിക്കുന്നത്. ഇത് ഗുണ്ടായിസം വിളയുന്നതു കൊണ്ടല്ലേ സംഭവിക്കുന്നത്. ആരാണ് ഇതിനുത്തരവാദി. ആരാണ് ഇതെല്ലാം ശരിയെന്ന് ചിന്തിപ്പിക്കുന്നത്. ഭരണകൂടം സംരക്ഷിക്കുമെന്ന ചിന്തയുണ്ടാകുമ്പോള്‍ കേരളത്തിലെ ക്യാമ്പസുകളില്‍ രാഷ്ട്രീയം വഴിമാറി അരാഷ്ട്രീയം കൊടികുത്തും. അരാഷ്ട്രീയ വാദത്തിലൂന്നിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇന്ന് ക്യാമ്പസുകളെ ഭരിക്കുന്നത്. ഭയം ഒരു മാധ്യമമാക്കി, വിദ്യാര്‍ത്ഥികളെ കത്തിമുനയില്‍ നിര്‍ത്തിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം. അതിന്റെ പിന്‍ബലത്തോടെയാണ് കോളേജ് ഹോസ്റ്റലുകളില്‍ റാഗിംഗ് നടത്തപ്പെടുന്നതു പോലും.
അതുകൊണ്ടാണ് ഭരണകൂടത്തിന് ഈ അനീതിയെ ചെറുകത്കാനോ നിര്‍ത്തലാക്കാനോ പറ്റാത്തതും. സീനിയേഴ്‌സ് എന്നാല്‍, കൊമ്പും വാലുമുള്ള പ്രത്യേകതരം ജീവികളാണ് എന്നാണോ ധരിക്കേണ്ടത്. ജീനിയേഴ്‌സ് അന്യഗ്രത്തില്‍ നിന്നു വരുന്നതാണോ. എത്ര നീചമായും പൈശാചികമായുമാണ് അവരോട് പെരുമാറുന്നത്. ഒരാളുടെ ജീവന്‍ എടുക്കാന്‍ പാകത്തിന് വ്യക്തി ഹത്യ ചെയ്യുമ്പോള്‍ ഓര്‍ക്കാതെന്താണ്. കേരളത്തിലെ മെഡിക്കല്‍ പഠന കേന്ദ്രങ്ങളെല്ലാം പച്ചയ്ക്ക് പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ഇടങ്ങളായി മാറിയിട്ടുണ്ട്. പഠിക്കുമ്പോഴേ മനുഷ്യ ശരീരത്തെ കീറിമുറിച്ചുള്ള പഠ രീതിയാണ് റാഗിംഗ്. വയനാട്ടില്‍ സിദ്ധാര്‍ത്ഥന് സംഭവിച്ച ദുരന്തത്തിന്റെ തുടര്‍ച്ചയാണ് കോട്ടയം നഴ്സിങ് കോളജിലെ റാഗിങ് ക്രൂരതയും.
കൊലപാതകത്തിലേക്ക് എത്തിയില്ലെന്നു മാത്രമേയുള്ളൂ. ക്രൂരമായ പീഡന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് കേരളത്തിലെ പല കോളജ് ഹോസ്റ്റലുകളിലും നടക്കുന്നുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥിയെ വരെ യൂണിയന്‍ റൂമിലെ ഇടിമുറിയില്‍ കൊണ്ടു പോയി മര്‍ദ്ദിച്ചു. പൂക്കോട് സംഭവത്തില്‍ പ്രതികളായ എസ്.എഫ്.ഐക്കാരെ സംരക്ഷിക്കാനുള്ള ശ്രമം സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. കോട്ടയം നഴ്സിങ് കോളജിലും റാഗിംഗിന് നേതൃത്വം നല്‍കിയത് എസ്.എഫ്.ഐയുമായി ബന്ധമുള്ള സംഘടനയുടെ സംസ്ഥാന സെക്രട്ടറിയാണ്. ഡ്രഗ്സിനും മദ്യത്തിനുമുള്ള പണത്തിന് വേണ്ടിയാണ് ഇവര്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നത്.
പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഹോസ്റ്റലിലാണ് ഇത്രയും വലിയ ക്രൂരതയുണ്ടായതെന്നു കൂടി മനസ്സിലാക്കുമ്പോള്‍ എന്ത് പുരോഗമന ചിന്തയാണ് ഈ പ്രസ്ഥാനങ്ങള്‍ക്കുള്ളതെന്നു കൂടി ചിന്തിക്കേണ്ടതുണ്ട്. പത്തനംതിട്ടയില്‍ ആത്മഹത്യ ചെയ്ത കുട്ടിയും പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയാണ്. കോട്ടയത്തെ വിദ്യാര്‍ത്ഥിയെ ശരീരം മുഴുവന്‍ കോംമ്പസ് കൊണ്ട് വരച്ചു. ഫെവികോള്‍ ഒഴിച്ചു. സ്വകാര്യ ഭാഗങ്ങളില്‍ വെയിറ്റ് കയറ്റി വയച്ചു പീഡിപ്പിച്ചു. എന്നിട്ട്, അക്രമികള്‍ തന്നെ ആക്രമണ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നു.
പൂക്കോട്ടെ സിദ്ധര്‍ത്ഥിന്റെ മാതാപിതാക്കള്‍ ഇപ്പോഴും മകന്‍ നഷ്ടപ്പെട്ട വേദനയില്‍ കഴിയുകയാണ്. പ്രതികള്‍ പരീക്ഷയും എഴുതി സന്തോഷമായി അടുത്ത ഇരകളെയും അന്വേഷിച്ച് നടക്കുകയാണ്. പൂക്കോടുണ്ടായ സംഭവത്തില്‍ സര്‍ക്കാര്‍ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. വീട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും. പല കോളജുകളിലെയും യൂണിയന്‍ മുറികള്‍ ഇടിമുറികളാണ്. ആര്‍ക്കും സംഘടനാ പ്രവര്‍ത്തനം നടത്താനാകാത്ത അവസ്ഥയാണ്.
സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിച്ച് ഇത്തരം സംഭവങ്ങള്‍ ഒരു ഹോസ്റ്റലുകളിലും ഇനി നടക്കില്ലെന്നത് ഉറപ്പാക്കണം. പിറന്നാള്‍ ദിനത്തില്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനായിരുന്നു അതിക്രൂര മര്‍ദ്ദനമുറ സീനിയേഴ്‌സ് പുറത്തെടുത്തത്. മദ്യമടക്കം വാങ്ങാന്‍ പരാതിക്കാരനായ വിദ്യാര്‍ഥിയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം കൊടുക്കാന്‍ തയ്യാറാകാഞ്ഞതോടെ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കോളേജിലും ഹോസ്റ്റലിലും അന്വേഷണ സംഘം വിശദമായ പരിശോധന നടത്തുന്നുണ്ട്.
നിലവില്‍ കേസില്‍ അഞ്ച് പ്രതികള്‍ മാത്രമാണെന്നാണ് നിഗമനം. വിശദമായ പരിശോധനയില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നതില്‍ വ്യക്തത വരും. ഇപ്പോഴത്തെ പരാതി പ്രകാരം ഇരയാക്കപ്പെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും വിശദമായ മൊഴി പൊലീസ് രേഖപ്പെടത്തിയിട്ടുണ്ട്. പുറത്ത് വന്ന ദൃശ്യങ്ങളുടെ പരിശോധനയ്ക്കായി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടും. പ്രതികളുടെ ഫോണില്‍ മറ്റെന്തെങ്കിലും ദൃശ്യങ്ങളുണ്ടോയെന്ന് അറിയുന്നതിനായി മൊബൈല്‍ ഫോണുകള്‍ ശാസ്ത്രിയ പരിശോധനയ്ക്ക് അയച്ചു. നിലവില്‍ റിമാന്റിലുള്ള പ്രതികളെ പൊലീസ് ഉടന്‍ കസ്റ്റിയില്‍ വാങ്ങില്ല. വിശദമായി അന്വേഷണത്തിന് ശേഷമായിരിക്കും കസ്റ്റഡി അപേക്ഷ നല്‍കുന്നത്.
സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ഭീഷണി ഭയന്നാണ് പീഡന വിവരം ആരും പുറത്ത് പറയാതിരുന്നത്. എതിര്‍ക്കുന്നവരെ ഈ ദൃശ്യങ്ങള്‍ കാണിച്ച് പേടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊഴിയെടുത്ത പൊലീസ്, കോളേജ് പ്രിന്‍സിപ്പാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടി. നിലവില്‍ കേസെടുത്തിരിക്കുന്നത് റാഗിങ് നിരോധന നിയമ പ്രകാരമാണ്. ആരെയും റാഗ് ചെയ്യില്ലെന്നും ചെയ്താല്‍ നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റുവാങ്ങാമെന്നും രേഖപ്പെടുത്തിയ ബോണ്ടില്‍ ഒപ്പുവച്ച് പ്രവേശനം നേടിയവരാണ് റാഗിങ് കേസില്‍ അറസ്റ്റിലായവര്‍.
ഈ വിഷത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍, ഈ അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് എന്തു വിശ്വാസമാണുള്ളതെന്നു കൂടി അറിയേണ്ടതുണ്ട്. പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പിടിക്കപ്പെട്ട പ്രതികളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ്. ടി.പി ശ്രീനിവാസനെ അടിച്ചതില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായം ഇപ്പോള്‍ എന്താണെന്ന് അറിഞ്ഞിരിക്കണം. പത്തനംതിട്ടയിലെ നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടവര്‍ എവിടെ. ഇങ്ങനെ എല്ലാ കേസുകളിലും ഭരണകൂടത്തിന്റെ നിലപാട് പോലെയായിരിക്കും പോലീസ് അന്വേഷണവും.
ഈ കേസിലും നിലവില്‍ ഊര്‍ജ്ജിതമെന്നു തോന്നിക്കുന്ന അന്വേഷണത്തിന്റെ അവസാന ഭാഗം പ്രതികള്‍ക്ക് അനുകൂലമായിരിക്കും. പ്രതികള്‍ക്ക് കേസില്‍ നിന്നും ഊരിപ്പോകാന്‍ നിയമത്തിലെ പഴുതുകള്‍ കണ്ടെത്തുകയാകും അന്വേഷണ സംഘവും സര്‍ക്കാരും ചെയ്യുക. അതുമല്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ പാര്‍ട്ടിയില്‍ പുറത്താക്കി എന്നൊരു പ്രസ്ഥാവനയില്‍ കൈ കഴുകും. എങ്കിലും കേരളത്തിലെ ക്യാമ്പസുകളില്‍ ഗുണ്ടായിസമാണ് വിളഞ്ഞു പാകമായിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ മുണ്ടും ഷര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്.
എന്നാല്‍, ഇന്ന് അടിവസ്ത്രം പുറത്തു കാണാന്‍ പാകത്തിന് പാന്‍സും യോയോ വസ്ത്രങ്ങളും അണിഞ്ഞാണ് ക്യാമ്പസില്‍ വരുന്നത്. ഈ മാറ്റം പ്രസ്ഥാനത്തിനും പിടിപെട്ടിട്ടുണ്ട് എന്നു പറയാതെ വയ്യ. ക്യാമ്പസുകളെല്ലാം ഗുണ്ടായിസം വിളയിക്കുന്നുണ്ടെന്നത് നഗ്ന സത്യമാണ്. അത് മാറ്റിയെടുക്കാനാണ് നോക്കേണ്ടത്. അല്ലാതെ ചെയ്യുന്നതെല്ലാം പുരോഗമന ചിന്തയിലൂടെയാണെന്ന് പറഞ്ഞ്, പിന്തുണച്ചാല്‍ നാളെ കേരളം ക്രിമിനലുകളുടെ കൂടാരമായി മാറും.
CONTENT HIGH LIGHTS; Campuses breeding hooliganism: God’s own country synonymous with brutality?; Don’t you see ragging taking lives of students in Wayanad, Kottayam and Pathanamthitta?; Are exodus movements turning campuses into concentration camps?