അമേരിക്കയില്‍ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് അധികാരമേറ്റതു മുതല്‍ ലോകരാജ്യങ്ങള്‍ക്ക് ഉണ്ടാക്കിയിരിക്കുന്ന ആശങ്കകള്‍ ചെറുതല്ല. ഇന്ത്യയെയും അത് വല്ലാതെ ബാധിച്ചിട്ടുണ്ട്. എല്ലാത്തിനും അറുതി വരുമെന്ന പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവും, മോദി-ട്രമ്പ് കൂടിക്കാഴ്ചയും രാജ്യം നോക്കിക്കാണുന്നത്. ഇരു രാജ്യ നേതാക്കളുടെയും കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ രണ്ടാമത്തെ സെറ്റ് ഇന്നും നാളെയുമായി അമൃത്സറിലെ വിമാനത്താവളത്തില്‍ ഇറങ്ങും. ഇവിടെ അറിയേണ്ടത്, ഇത്രമാത്രമാണ്. അമേരിക്കയില്‍ നിന്നും വിമാനത്തിലേറി ഇന്ത്യാക്കാരെ കൈയ്യിലും കാലിലും വിലങ്ങിട്ട് ബന്ധിച്ചാണോ എത്തിക്കുന്നത് എന്നാണ്.
അങ്ങനെയാണെങ്കില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഒരു പ്രസക്തിയുമില്ല എന്ന് മനസ്സിലാക്കണം. കാരണം, സ്വന്തം രാജ്യത്തെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റിനോട് പറയേണ്ടത്, ചങ്ങലയ്ക്കിട്ടു കൊണ്ടു വരുന്നതിലെ പ്രതിഷേധമാണ്. അറവു മാടുകളെ കൊണ്ടു വരുന്നതു പോലെയല്ല, നാടു കടത്തേണ്ടത്. അവരെ സ്വന്തം രാജ്യങ്ങളിലേക്ക് പറഞ്ഞു വിടുമ്പോള്‍ കുറഞ്ഞപക്ഷം വിലങ്ങിടാതെ കൊണ്ടു വരണം. ഇത് മനുഷ്യത്വവും മാനുഷിക മൂല്യങ്ങളും ഉള്ള രാജ്യത്തലവന്‍മാര്‍ക്കു ചേര്‍ന്നതാണ്. ഇന്ന് അമൃത്സറില്‍ ഇറങ്ങുന്നവരുടെ ശരീരത്തില്‍ വിലങ്ങുണ്ടെങ്കില്‍ അത് ഡൊണാള്‍ഡ് ട്രമ്പ് എന്ന സ്വേച്ഛാധിപതിയുടെ അഹന്തയുടെ ചിഹ്നമായി കാണണം.
മാതച്രമല്ല, നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി ജനങ്ങളുടെ വികാരമോ, രാജ്യത്തിന്റെ താല്‍പ്പര്യമോ ട്രമ്പിനെ അറിയിച്ചില്ല എന്നും കരുതേണ്ടി വരും. അഥവാ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ മനസ്സുകാട്ടാന്‍ ട്രമ്പ് തയ്യാറായില്ല എന്നും മനസ്സിലാക്കാം. എന്തായാലും, അമേരിക്കന്‍ സൈനിക ഫ്‌ളൈറ്റ് ഇന്ത്യയില്‍ എത്തുമ്പോള്‍ അറിയാം, എന്താണ് സംഭവിക്കുന്നതെന്ന്. ചങ്ങലയിലാണ് മനുഷ്യരെ കൊണ്ടു വരുന്നതെങ്കില്‍, അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ ആഴം എത്രയാണെന്ന് ബോധ്യമാകും. പ്രധാനമന്ത്രി അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം എക്‌സില്‍ കുറിച്ച മാഗ-മിഗ-മെഗാ സൂത്ര വാക്യം കൊണ്ട് പ്രയോജനമുണ്ടാകുമോ എന്നതാണ് പ്രധാന ചോദ്യം. പ്രണയദിനത്തില്‍പ്പോലും, ട്രമ്പിന്റെ ഓഫീസില്‍ നിന്നും കോലം കേട്ടത്, ഭീഷണിയാണ്. എക്‌സിലൂടെ ഭീഷണി സ്വരത്തിലാണ് അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
”റോസാപ്പൂക്കള്‍ ചുവപ്പാണ്, വയലറ്റ് നീലയാണ്. നിയമവിരുദ്ധമായി ഇവിടെ വരൂ, ഞങ്ങള്‍ നിങ്ങളെ നാടുകടത്തും” വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രണയദിന ആശംസയില്‍ പറയുന്നത് ഇതാണ്. ‘വയലറ്റുകള്‍ നീലയാണ്, റോസാപ്പൂക്കള്‍ ചുവപ്പാണ്’ എന്ന വരികള്‍ എഡ്മണ്ട് സ്‌പെന്‍സറുടെ വിഖ്യാതമായ ‘ദി ഫിയറി ക്വീന്‍’ എന്ന കവിതയിലെ വരികളാണ്. സ്‌നേഹം ശക്തവും വികാരഭരിതവുമാണ്. ചുവന്ന റോസാപ്പൂവ് അതിനെ പ്രതിനിധീകരിക്കുന്നു. അതേസമയം പ്രണയം വിശ്വസ്തവും ആഴത്തിലുള്ളതും ആത്മാര്‍ത്ഥവുമാണ്. നീല നിറം അതിനെയും പ്രതിനിധീകരിക്കുന്നു. സാധാരണയായി പ്രണയദിനത്തില്‍ ഈ വരികള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്.
എന്നാല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും അദ്ദേഹത്തിന്റെ അതിര്‍ത്തി മേധാവി തോമസ് ഹോമന്റെയും കര്‍ക്കശമായ മുഖങ്ങള്‍ നല്‍കിയായിരുന്നു വൈറ്റ് ഹൗസിന്റെ എക്‌സ് പോസ്റ്റ്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ് ട്രംപ്. യുഎസിന്റെ കുടിയേറ്റ നയങ്ങളെ വിമര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക്, തോമസ് ഹോമന്‍ മുന്നറിയിപ്പ് നല്‍കിയതും വിവാദമായിരുന്നു. പ്രണയ ദിവസം തന്നെയാണ് നരേന്ദ്രമോദിയും ട്രമ്പിനെ കണ്ടത്. അനധികൃത കുടിയേറ്റത്തെ ന്യായീകരിക്കുന്നില്ല എങ്കിലും, കുടിയേറ്റക്കാരെ നാടുകടത്തുമ്പോള്‍ പാലിക്കേണ്ട മനുഷ്യത്വത്തെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടോ എന്നാണ് രാജ്യത്തെ ജനങ്ങള്‍ക്കറിയേണ്ടത്.
അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയതിനു പിന്നാലെ അമേരിക്ക തിരിച്ചയക്കുന്ന 119 ഇന്ത്യക്കാരുമായുള്ള യു.എസ് സൈനിക വിമാനം ഇന്നും നാളെയുമായി ഇന്ത്യയിലെത്തും. സൈനിക വിമാനങ്ങളില്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കുന്നതിന് എതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് വീണ്ടും വിമാനം ഇന്ത്യയിലെത്തുന്നത്. പഞ്ചാബിലെ അമൃത്സറിലെ ഗുരു രാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സി-17 സൈനിക വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുക. തിരിച്ചെത്തുന്നവരില്‍ 67 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. 33 പേര്‍ ഹരിയാനയില്‍ നിന്നും, എട്ടുപേര്‍ ഗുജറാത്ത്, മൂന്നുപേര്‍ യു.പി., രാജസ്ഥാന്‍-മഹാരാഷ്ട്ര-ഗോവ എന്നിവിടങ്ങളില്‍ നിന്നും രണ്ടുപേര്‍വീതവും, ജമ്മു കശ്മിര്‍-ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് ഒരാള്‍ വീതവുമാണ് തിരിച്ചെത്തുന്നത്. ആദ്യത്തെ വിമാനം ഇന്നു രാത്രിയും രണ്ടാമത്തേത് നാളെ (ഞായറാഴ്ച) രാത്രിയുമാണ് ലാന്‍ഡ് ചെയ്യുക.
മെക്‌സിക്കോയിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും അനധികൃതമായി യു.എസിലേക്ക് കടന്നവരെയാണ് മടക്കി അയക്കുന്നത്. അനധികൃതമായി കുടിയേറിയെന്ന് കണ്ടെത്തിയ 104 പേരടങ്ങിയ ആദ്യ ഇന്ത്യന്‍ സംഘത്തെ യു.എസ്. സൈനിക വിമാനം കഴിഞ്ഞയാഴ്ച തിരിച്ചയച്ചിരുന്നു. ഈ സൈനിക വിമാനവും ഗുരു രാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ഇറങ്ങിയത്. ഇന്നു രാത്രി വരുന്ന വിമാനവും അമൃത്സറില്‍ ഇറങ്ങുന്നതിനെതിരേ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ രംഗത്തെത്തിയിരിക്കുകയാണ്. പഞ്ചാബിനെ അപമാനിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. അനധികൃത കുടിയേറ്റക്കാരുമായി എത്തിയ ആദ്യത്തെ വിമാനത്തില്‍ ഹരിയാണയില്‍നിന്നും ഗുജറാത്തില്‍നിന്നുമുള്ള 33 പേരും പഞ്ചാബില്‍നിന്നുള്ള 30 പേരും ഉണ്ടായിരുന്നു. എന്നാല്‍, വിമാനം ഇറങ്ങിയത് അമൃത്സറിലാണ്. ഇപ്പോള്‍ രണ്ടാമത്തെ വിമാനവും ഇവിടെ ഇറങ്ങുന്നു. എന്തുകൊണ്ട്. എന്തിന്റെ അടിസ്ഥാനത്തിലാണ് അമൃത്സറിനെ തിരഞ്ഞെടുത്തത്? എന്തുകൊണ്ട് രാജ്യതലസ്ഥാനത്ത് ഇറക്കിയില്ല, എന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ ആരോപണം.
പഞ്ചാബികള്‍ മാത്രമാണ് അനധികൃത കുടിയേറ്റം നടത്തുന്നതെന്ന് ചിത്രീകരിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്‍ ആരോപിച്ചു. വിശുദ്ധനഗരമായ അമൃത്സറിനെ ഡിപോര്‍ട്ടേഷന്‍ സെന്ററാക്കി കേന്ദ്രം മാറ്റിയെന്നും പഞ്ചാബ് മുഖ്യമന്ത്രി ആരോപിക്കുന്നുണ്ട്. എന്നാല്‍, യു.എസില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനത്തില്‍ വ്യക്തമാക്കിയിരുന്നു എന്നാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന വിവരം. നിയമപരമായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരികെ കൊണ്ടുപോകുമെന്ന് പറഞ്ഞ അദ്ദേഹം, അനധികൃത കുടിയേറ്റം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ഊന്നിപ്പറഞ്ഞു. അനധികൃതമായി മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അവിടെ താമസിക്കാന്‍ നിയമപരമായ അവകാശമില്ല. ഇന്ത്യയെയും യുഎസിനെയും സംബന്ധിച്ചിടത്തോളം, സ്ഥിരീകരിക്കപ്പെട്ടവരാണ് യഥാര്‍ഥത്തില്‍ ഇന്ത്യയുടെ പൗരന്മാര്‍.
അവര്‍ യുഎസില്‍ അനധികൃതമായി താമസിക്കുന്നുണ്ടെങ്കില്‍ അവരെ തിരിച്ചെടുക്കാന്‍ ഇന്ത്യ തയ്യാറാണെന്നും മോദി പറഞ്ഞു. സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണവര്‍. വലിയ സ്വപ്നങ്ങള്‍ കാണിച്ച് തെറ്റിദ്ധരിപ്പിച്ച് ഇങ്ങോട്ട് കൊണ്ടുവരപ്പെട്ടവരാണ് ഇവരില്‍ ഭൂരിഭാഗവും. അതിനാല്‍, മനുഷ്യക്കടത്തിന്റെ മുഴുവന്‍ സംവിധാനത്തെയും നമ്മള്‍ ഇല്ലാതാക്കണം. അതിനായി പ്രസിഡന്റ് ട്രംപ് ഇന്ത്യയുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നിട്ടും, കുടിയേറ്റക്കാരെ അമേരിക്ക സൈനിക വിമാനത്തില്‍ നാടുകടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശനം നടത്തിയതു പിന്നാലെയുള്ള നാടുകടത്തല്‍.
CONTENT HIGH LIGHTS; Are they being brought in with their hands and feet tied?: This is what we need to know when the second set of migrants arrives after seeing Modi and Trump?; Is the Maga-Mega-Mega formula useful in a bounded land?; What is American love?