കേരളത്തിന്റെ തനത് നികുതി വരുമാനം എങ്ങനെയൊക്കെയാണ് വരുന്നത്. ഏത് വിഭാഗത്തില്‍ നിന്നാണ് കൂടുതല്‍ നികുതി ലഭിക്കുന്നത്. സര്‍ക്കാര്‍ ഏത് നികുതിയാണ് കൂടുതല്‍ ആശ്രയിക്കുന്നത് എന്നൊക്കെ മലയാളികള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്. കാരണം, വികസനം നടത്താന്‍ ബജറ്റിനു പുറത്ത് പണം കണ്ടെത്തുക എന്ന ലക്ഷ്യം വെച്ച് ആരംഭിച്ച കിഫ്ബി ഇപ്പോള്‍ മലയാളികളുടെ പോക്കറ്റുകള്‍ പിഴിയുന്ന യന്ത്രമായി മാറിയിരിക്കുകയാണ്. കിഫ്ബി ഫണ്ടുകള്‍ കേന്ദ്രം വായ്പയായി കണ്ടാലും ഇല്ലെങ്കിലും ജനങ്ങള്‍ തന്നെയാണ് ഈ കടം വീട്ടാന്‍ ബാധ്യസ്ഥര്‍.
അതുകൊണ്ട് നികുതി വരുമാനം കൂട്ടുക എന്നത് സര്‍ക്കാരിന്റെ ചുമതലയുമായി മാറി. അങ്ങനെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കെല്ലാം ‘പണം’ നല്‍കണമെന്ന തിട്ടൂരം വന്നു കഴിഞ്ഞു. റോഡിലിറങ്ങിയാല്‍ 30 കിലോമീറ്റര്‍ സഞ്ചരിക്കുകയാണെങ്കില്‍ ടോളും നല്‍കണം. കിഫ്ബി വഴി നിര്‍മ്മിച്ച റോഡുകള്‍ക്കെല്ലാം ടോള്‍ ഉണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിക്കുന്ന റോഡുകളില്‍ ടോള്‍ നല്‍കുന്നതിനെ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്യണം. ഇതാണ് കേരളാ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നയം. നികുതി വരുമാനം എങ്ങനെയെങ്കിലും വര്‍ദ്ധിപ്പിക്കാതെ രക്ഷയില്ലാത്ത വിധം കേരളം കടക്കെണിയിലായിക്കഴിഞ്ഞു.
ഇത് മറികടക്കാനായാണ് വ്യാപകമായി മദ്യക്കച്ചവടം ആരംഭിക്കാന്‍ തീരുമാനിച്ചത്. പാലക്കാട് ബ്രൂവറി ഡിസ്റ്റിലറി ഫാക്ടറിക്ക് അനുമതി നല്‍കിയതു പോലും പണം എത്തിക്കാനാണെന്നത് വ്യക്തം. കൊച്ചി മെട്രോ സ്‌റ്റേഷനില്‍ മദ്യത്തിന്റെ പ്രിമിയം കൗണ്ടര്‍ ആരംഭിക്കുന്നു. ഇതുകേട്ട് കെ.എസ്.ആര്‍.ടി.സിയും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഐ.ടി. പാര്‍ക്കുകളില്‍ ബിയല്‍ വൈന്‍ പാര്‍ലറുകള്‍ കൊണ്ടു വരാന്‍ തത്വത്തില്‍ സര്‍ക്കാരിന് ആഗ്രഹമുണ്ട്. അത് സമീപ ഭാവിയില്‍ നടപ്പാക്കുകയും ചെയ്യുമെന്നുറപ്പായിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.
അതായത്, മദ്യ വരുമാനം നിലവില്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയായി വര്‍ദ്ധിപ്പിച്ച് നികുതി വരുമാനം ഉയര്‍ത്തുക എന്നതാണ് പ്ലാന്‍. വിനോദ സഞ്ചാര മേഖലയിലെല്ലാം ബിയര്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. ബിവറേജസ് കോര്‍പ്പറേഷന്റെ പുതിയ ഷോപ്പുകള്‍ വരുന്നുണ്ട്. 300 എണ്ണത്തില്‍ കൂടുതലുണ്ട് പുതിയ പ്രിമിയം ഷോപ്പുകള്‍. സര്‍ക്കാരിനെ നയിക്കുന്ന സി.പി.എം മദ്യക്കമ്പനി വരുന്നതിനും, മദ്യഷോപ്പുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, വീര്യം കുറഞ്ഞ മദ്യം ഉത്പ്പാദിപ്പിക്കുന്നതിനും അനുകൂലവും. ഘടകകക്ഷിയായ സി.പി.ഐ, അണികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്, മദ്യം വീട്ടില്‍വെച്ച് ഉപയോഗിക്കാമെന്നാണ്.
ഇങ്ങനെ മദ്യത്തിന് എല്ലാ രീതിയിലും അനുകൂലമായ കാലാവസ്ഥ ഒരുക്കിയെടുത്തിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. എന്നാല്‍, മദ്യത്തില്‍ നിന്നുള്ള നികുതി വരുമാനം 3.7 ശതമാനം മാത്രമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് തുലോം കുറവും. മദ്യത്തില്‍ നിന്നുള്ള വരുമാനം ഒഴുകുന്നുവെന്ന ആരോപണം ശരിയല്ലെന്നും മുഖ്യമന്ത്രി തന്നെ പറയുന്നുണ്ട്. കേരളം മദ്യ ഉപഭോഗ സംസ്ഥാനമാണ്. എന്നാല്‍, കേരളത്തിനാവശ്യമായ മദ്യം ഇവിടെ ഉത്പ്പാദിപ്പിച്ചാല്‍ അത് ഖജനാവിന് ഗുണം ചെയ്യുമെന്നും മനസ്സിലാക്കിയാണ് എക്‌സൈസ് വകുപ്പ് കാര്യങ്ങള്‍ നീക്കുന്നത്. പക്ഷെ, മദ്യ വരുമാനം തുലോ കുറവാണെന്ന് സമര്‍ദ്ധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചില കണക്കുകള്‍ അവതരിപ്പിച്ചിരുന്നു.
പൊതു വേദിയില്‍പ്പറഞ്ഞ ആ കണക്കുകള്‍ ഒറ്റനോട്ടത്തില്‍ വളരെ ശരിയാണെന്ന് തോന്നും. പ്രതിപക്ഷത്തെയും എതിരാളികളെയും ആക്രമിക്കാന്‍ സി.പി.എം അണികള്‍ ഈ പ്രസംഗം വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുമുണ്ട്. ‘അങ്ങനെ ആ നുണയും പൊളിച്ചു’ എന്ന തലക്കെട്ടോടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം അണികള്‍ ആഘോഷിക്കുന്നത്. എന്നാല്‍, ഒറ്റനോട്ടത്തില്‍ ശരിയെന്നു തോന്നിക്കുന്ന പ്രസംഗത്തിലെ കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ വസ്തുത മനസ്സിലാകും. ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം ആ കണക്ക് പറയുന്നതെന്ന് വ്യക്തമാകും.
-
മുഖ്യമന്ത്രിയുടെ പ്രസംഗം ഇങ്ങനെ
ഈ അടുത്ത നാളില്‍ ചിലരൊക്കെ പ്രചരിപ്പിക്കാന്‍ നോക്കുകയാണ്. നമ്മുടെ വരുമാനം എന്നു പറയുന്നത് എന്തോ മദ്യത്തില്‍ നിന്നുള്ള വരുമാനമാണ് എന്ന്. മദ്യം ഇങ്ങനെ ഒഴുകി, അതിന്റെ ഭാഗമായുള്ള വരുമാനമാണ് കേരളാ ഗവണ്‍മെന്റിന്. മറ്റൊരു മേഖലയിലും ഇല്ലാ എന്നാണ്. എന്നാല്‍, അടുത്തകാലത്ത് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഒരു കണക്ക് പ്രസിദ്ധീകരിക്കുകയുണ്ടായി. ആ കണക്കില്‍ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം ഉണ്ടല്ലോ, ആ തനത് നികുതി വരുമാനത്തിന്റെ 3.7 ശതമാനം മാത്രമാണ് മദ്യ വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്നത്. ഇത് കേരളം. ഒന്നപ്പുറം ഒന്ന് കടന്നോളീന്‍. കര്‍ണാടകയിലേക്ക് അവിടെ 21 ശതമാനം. മദ്യത്തില്‍ നിന്നുള്ള വരുമാനം. നമ്മുടേത് 3.7 ശതമാനം. അപ്പോള്‍ എങ്ങനെയാണ് കേരളത്തിന്റേത് വലിയ മദ്യവരുമാനമാണെന്നു പറയാന്‍ പറ്റുക. ഇപ്പോള്‍ ബി.ജെ.പിയുടെ ഉത്തര്‍ പ്രദേശ് എടുത്താല്‍ അവിടെ 22 ശതമാനമാണ്. മധ്യപ്രദേശ് എടുത്താല്‍ 16 ശതമാനമാണ്. ഇതെല്ലാം താരതമ്യപ്പെടുത്തിയാല്‍ നമ്മുടെ കേരളം വളരെ ചെറിയ വരുമാനമല്ലേ. പക്ഷെ, പ്രചാരണമോ. ഈ വസ്തുത തുറന്നു കാണിക്കാന്‍ ബാധ്യതപ്പെട്ട നമ്മുടെ മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ ചിത്രീകരിക്കാനല്ലേ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മദ്യത്തില്‍ നിന്നും വരുമാനം ലഭിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയെടുത്താല്‍ ഏതായാലും അതിന്റെ ആദ്യ ഭാഗത്ത് കേരളം ഇല്ല എന്നത് വ്യക്തമാണ്.
ഈ പ്രസംഗത്തില്‍ മുഖ്യമന്ത്രി കേരളവുമായി താരതമ്യം ചെയ്യാനെടുത്തത്, കേരളത്തേക്കാള്‍ പതിന്‍മടങ്ങ് വലിപ്പമുള്ള സംസ്ഥാനങ്ങളെയാണെന്ന സത്യം ആദ്യം മനസ്സിലാക്കണം. എല്ലാ തനതു നികുതി വരുമാനങ്ങളും കേരളത്തേക്കാള്‍ ഇരട്ടി ഉണ്ടാക്കുന്ന സംസ്ഥാനങ്ങളാണ് അവ. കേരളത്തില്‍ 14 ജില്ലകള്‍ മാത്രമാണുള്ളത്. ഇവിടെ മദ്യ ഷോപ്പുകളും മദ്യക്കമ്പനികളും മദ്യ ഉപഭോഗവും എത്രയുണ്ടാകും എന്ന് സാമാന്യബോധത്തോടെ ചിന്തിച്ചാല്‍ മനസ്സിലാകും. കര്‍ണാടകയില്‍ 31 ജില്ലകളുണ്ട്. കേരളത്തേക്കാള്‍ ഇരട്ടിയിലധികം. അവിടുത്തെ ജനസംഖ്യ, മദ്യ ഷോപ്പുകളെ എണ്ണം, ഉപഭോഗം എന്നത് കേരളത്തേക്കാള്‍ ഇരട്ടിയില്‍ അധികമായിക്കുമെന്ന് മനസ്സിലാകും.
ഇനി മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഭാഷയില്‍, ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍ പ്രദേശിന്റെ കാര്യം നോക്കാം. ഉത്തര്‍ പ്രദേശില്‍ 75 ജില്ലകളുണ്ട്. കേരളത്തിന്റെ എത്രയോ മടങ്ങാണിത്. അപ്പോള്‍ അവിടുത്തെ മദ്യത്തില്‍ നിന്നുള്ള തനത് വരുമാനം 22 ശതമാനം എന്നത് വലുതല്ല. ഇനി മധ്യപ്രദേശിലെയും കണക്ക് നോക്കിയാല്‍ അതും വലുതാകില്ല. കാരണം, 55 ജില്ലകള്‍ ചേര്‍ന്നതാണ് മധ്യപ്രദേശ്. ഇവിടെയും മദ്യ ഉപഭോഗം കേരളത്തേക്കാള്‍ പതിന്‍മടങ്ങുണ്ട്. മദ്യത്തില്‍ നിന്നുള്ള തനത് വരുമാനം മാത്രമല്ല, ഈ സംസ്ഥാനങ്ങളില്‍ കൂടുതല്‍ എല്ലാ മേഖളയില്‍ നിന്നുമുള്ള വരുമാനവും കേരളത്തെ അപേക്ഷിച്ച് കൂടുതല്‍ തന്നെയായിരിക്കണം.
അപ്പോള്‍ കേരളത്തിന്റെ മദ്യ ഉപഭോഗവും, മദ്യ ഷോപ്പുകളുടടെ എണ്ണവും, ജനസംഖ്യയും, ജില്ലകളുടെ കുറവുമെല്ലാം വെച്ചു നോക്കുമ്പോള്‍ തനത് വരുമാനമെന്ന 3.7 കുറവല്ല. എന്നാല്‍, മറ്റും സംസ്ഥാനങ്ങളെപ്പോലെ കേരളവും മദ്യത്തില്‍ നിന്നുള്ള തനത് വരുമാനം ഉയര്‍ത്തേണ്ടതുണ്ട് എന്ന സൈക്കോളജിക്കല്‍ മൂവാണ് മുഖ്യമന്ത്രി തന്റെ പ്രസംഗത്തിലൂടെ നടത്തിയതെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. കാരണം, സമീപ ഭാവിയില്‍ സര്‍ക്കാര്‍ മദ്യ മേഖലയില്‍ നടത്തുന്ന ഇടപെടലുകള്‍ ഇതിന് ഉദാഹരണമാണ്. മദ്യത്തിലൂടെ മാത്രമേ കൂടുതല്‍ വരുമാനം ഉറപ്പാക്കാനാകൂ എന്നതു കൊണ്ടു തന്നെയാണ് സര്‍ക്കാരും ഇതിലേക്കു തിരിഞ്ഞിരിക്കുന്നത്.
മദ്യം വഴിയുള്ള തനത് വരുമാനത്തിനാകുമ്പോള്‍ ജനങ്ങള്‍ക്കു മേല്‍ അധിക നികുതി ഭാരം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്ന് കൃത്യമായി അറിഞ്ഞു കൊണ്ടുള്ള നീക്കമാണിത്. മദ്യത്തിന് വില ചെറുതായി കൂട്ടിയാലും മദ്യ ഉപഭോഗത്തിന് കുറവു വരില്ലെന്നും സര്‍ക്കാരിനറിയാം. മാത്രമല്ല, കുറ#്ഞ തുകയ്ക്കുള്ള മദ്യം നിര്‍മ്മിച്ചു നല്‍കിയും പണം ഖജനാവിലെത്തിക്കാമെന്ന കുടില തന്ത്രവും സര്‍ക്കാര്‍ പയറ്റുമെന്നുറപ്പാണ്.
CONTENT HIGH LIGHTS; ‘Alcoholic Weather’ in Kerala: Is it possible to settle debts by pouring alcohol?; Chief Minister, Koritharich lined up to account for liquor tax; Fake numbers like the elephant and the rabbit