Explainers

ആരാണടിമ? ആരാണുടമ?: നരേന്ദ്രമോദി ഡൊണാള്‍ഡ് ട്രമ്പിനെ കണ്ടിട്ടും മാറാത്ത വിലങ്ങുമായി ഇന്ത്യന്‍ ജനത; തീരാത്ത ചങ്ങലക്കിലുക്കം; ഓര്‍മ്മയുണ്ടോ ഇന്ദിരാജിയെ ?

ഇന്ത്യന്‍ പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റിനെ ‘മൈ ഫ്രണ്ട്’ ആയി കണ്ടാലും ഇന്ത്യാക്കാരെക്കുറിച്ച് അമേരിക്കയുടെ ചിന്തകള്‍ മാറില്ല. അതിന് വലിയ ഉദാഹരണമാണ് കുടിയേറ്റക്കാരായവരെ അമേരിക്ക നാടുകയത്തിയത്. ശരിയാണ്. അവര്‍ കുടിയേറ്റക്കാര്‍ തന്നെ. മതിയായ രേഖകള്‍ ഇല്ലാതെ അമേരിക്കയില്‍ എത്തിപ്പെടുകയോ, നുഴഞ്ഞു കയറുകയോ ചെയ്തവര്‍. എന്നാല്‍, ഡൊണാള്‍ഡ് ട്രമ്പ് അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ കൊണ്ടുവന്ന കുടിയേറ്റ നിരോധന നിയമം മൂലം നാടുകടത്തപ്പെട്ടപ്പോള്‍ അവര്‍ സ്വന്തം രാജ്യത്തിലേക്ക് എത്തിയത് മാനുഷിക പരിഗണന ലഭിക്കാതെയാണ്. കൈയ്യും കാലും ബന്ധിച്ചായിരുന്നു. ഇത് ഒഴിവാക്കണമെന്നും, കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ തയ്യാറാണെന്നും ഇന്ത്യ ഔദ്യോഗികമായി അമേരിക്കയെ അറിയിച്ചതുമാണ്.

എന്നാല്‍, ആദ്യം ട്രിപ്പില്‍ ഉണ്ടായ മനുഷ്യത്വ രഹിതമായ നടപടി രണ്ടാമതും അമേരിക്ക ആവര്‍ത്തിച്ചു. അതും പ്രധാനമന്ത്രി അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയതിനു തൊട്ടു പിന്നാലെ. രണ്ടാമതെത്തിയ വിമാനത്തില്‍ പുരുഷന്‍മാരെയെല്ലാം കൈവിലങ്ങ് അണിയിച്ചിരുന്നു. കൈലിലും. സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കുകയും ചെയ്തിരുന്നു. പഴയകാല അടിമകളെപ്പോലെ ചങ്ങലക്കിട്ടും ചാട്ടവാറിനടിച്ചും വലിച്ചുകെട്ടി ചന്തയില്‍ കൊണ്ടുപോയിരുന്നത് പോലെ പുതിയകാലത്ത് കയ്യും കാലും കൂച്ചുവിലങ്ങിട്ട് വിമാനത്തില്‍ കൊണ്ട് തള്ളുന്നു. ഒരു രാജ്യത്തിന്റെയും ജനതയുടെയും ആത്മാഭിമാനമാണ് ഒന്നാകെ തകര്‍ന്നടിയുന്നത്. ഒരു റഷ്യക്കാരനെയോ ചൈനക്കാരനെയോ യൂറോപ്യനെയോ ഇങ്ങനെ കയ്യും കാലും കൂട്ടിക്കെട്ടി അടിച്ചുതെളിച്ചു കൊണ്ടുപോയി അവരുടെ രാജ്യത്ത് കൊണ്ടുതള്ളുമോ അമേരിക്കയും ട്രമ്പും?!.

ഓരോ ഭാരതീയനും നാണിച്ചു തലകുമ്പിട്ട് നില്‍ക്കേണ്ട അവസ്ഥയാണ് ഇത്. കാരണം, ഒരിക്കല്‍ സംഭവിച്ച തെറ്റ് വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ അത് ബോധപൂര്‍വ്വമാണെന്നേ പറയാനാകൂ. അമേരിക്ക ചെയ്തിരിക്കുന്നത് അതാണ്. ഇതിന്റെ ഭാഗമായാണ് അനധികൃത കുടിയേറ്റക്കാരെ അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിച്ച രീതിയില്‍ വിവാദം കടുക്കുന്നതും. അമേരിക്കന്‍ സൈനിക വിമാനമായ സി-17 നില്‍ കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ചും ചങ്ങലകൊണ്ട് സീറ്റില്‍ ബന്ധിച്ചുമാണ് ഇന്ത്യയിലെത്തിച്ചത്. മാത്രമല്ല, സിഖ് മതവിശ്വാസികള്‍ക്ക് അവരുടെ മതാചാരമായ തലപ്പാവ് അണിയാനും അനുവാദം നല്‍കിയില്ല. ഇന്നലെ രാത്രി എത്തിയ വിമാനത്തില്‍ 31 പഞ്ചാബുകാര്‍ ഉണ്ടായിരുന്നു.

അമേരിക്കന്‍ വ്യോമസേനാ വിമാനത്തില്‍ കയറിയപ്പോള്‍ തങ്ങളുടെ തലപ്പാവ് അഴിച്ചുമാറ്റാന്‍ സൈനികര്‍ ആവശ്യപ്പെട്ടെന്ന് നാടുകടത്തപ്പെട്ട ഒരു കുടിയേറ്റക്കാരന്‍ ഇന്ത്യന്‍ എംബസി അധികൃതരോട് വെളിപ്പെടുത്തി. ഇതില്‍ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ പിടിയിലായതിന് പിന്നാലെ തന്നെ തങ്ങളുടെ തലപ്പാവ് അഴിച്ചുമാറ്റിയെന്നാണ് ഒരാള്‍ വെളിപ്പെടുത്തിയത്. യു.എസില്‍ നിന്ന് നാടുകടത്തപ്പെട്ട് അമൃത്സര്‍ വിമാനത്താവളത്തിലെത്തിയവരെ സഹായിക്കാനെത്തിയ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അംഗങ്ങള്‍ അവര്‍ക്ക് തലപ്പാവ് കെട്ടാന്‍ ടര്‍ബന്‍ നല്‍കുകയും ചെയ്തു.

ഇന്നലെ എത്തിയ മൂന്നാമത്തെ വിമാനത്തില്‍ പഞ്ചാബികള്‍ക്ക് പുറമെ 44 പേര്‍ ഹരിയാണ സ്വദേശികളും 33 പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരുമായിരുന്നു. ആകെ 112 പേരെയാണ് ഞായറാഴ്ച ഇന്ത്യയിലെത്തിച്ചത്. ഈ സംഘത്തില്‍ 19 സ്ത്രീകളും 14 കുട്ടികളും രണ്ട് നവജാത ശിശുക്കളുമുണ്ടായിരുന്നു. ഇന്നലെ രാത്രി 10.03 ഓടെയാണ് വിമാനം എത്തിയത്. ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യയ്ക്കാരുമായുള്ള ആദ്യവിമാനം അമൃത്സറിലെത്തിയത്. പിന്നാലെ ഫെബ്രുവരി 15ന് രണ്ടാമത്തെ സംഘമെത്തി. ഇതുവരെ മൂന്ന് വിമാനങ്ങളിലായി അനധികൃത കുടിയേറ്റക്കാരായ 332 ഇന്ത്യക്കാരെയാണ് യു.എസ്. നാടുകടത്തിയത്. ഫെബ്രുവരി അഞ്ചിന് 104 പേരെയും, കഴിഞ്ഞ ശനിയാഴ്ച 116 പേരെയും നാടു കടത്തിയിരുന്നു.

സ്ത്രീകളെയും കുട്ടികളെയും ഒഴികെ മറ്റുള്ളവരെ വിലങ്ങണിയിച്ചാണ് കൊണ്ടുവന്നതെന്ന് വിമാനമിറങ്ങിയവര്‍ പറയുന്നു. കൈയില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ടിരുന്നുവെന്ന് പഞ്ചാബ് സ്വദേശി വെളിപ്പെടുത്തിയിരുന്നു. ആദ്യസംഘത്തെ വിലങ്ങ് അണിയിച്ച് കൊണ്ടുവന്നതിന്റെ പേരില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം നടന്നത്. ഡൊണാള്‍ഡ് ട്രമ്പുമായി കുടിയേറ്റക്കാരുടെ പ്രശ്‌നം സംസാരിച്ചെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങളെ അറിയിച്ചത്. ഇതിനിടെയാണ് ഇന്ത്യക്കാരെ വീണ്ടും വിലങ്ങണിയിച്ച് എത്തിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെ നേരിട്ടു കണ്ടിട്ടും ഇന്ത്യാക്കാരെ വിലങ്ങിടുന്നതില്‍ നിന്നും മാറ്റാനായില്ല. ഇത് അടിമത്തം ഉള്ളില്‍ ഉള്ളതു കൊണ്ടാണോ എന്നതാണ് ചോദ്യം. എങ്കില്‍ ഓര്‍മ്മിപ്പിക്കാനുള്ളത് ഇന്ത്യയിലൈ അയണ്‍ ലേഡി എന്നറിയപ്പെട്ടിരുന്ന ഒരു വനിതാ പ്രധാനമന്ത്രിയെ കുറിച്ചാണ്. ഇന്ത്യ-പാക്കിസ്താന്‍ യുദ്ധ സമയത്ത്, അമേരിക്കന്‍ ഏഴാം കപ്പല്‍പ്പട പാക്കിസ്താനെ സഹായിക്കാന്‍ എത്തുമെന്ന സന്ദേശമാണ് ലഭിക്കുന്നത്. ഇന്ത്യ യുദ്ധം നിര്‍ത്തണമെന്നും അമേരിക്കയുടെ തിട്ടൂരം വന്നു. അന്ന് പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയുടെ നിലപാട് കണ്ട് ലോകം പോലും നമുച്ചു പോയി.

അമേരിക്ക ആരെ സഹായിച്ചാലും വേണ്ടില്ല, ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്ന ഏഴാം കപ്പല്‍പ്പടയുടെ ഒരു കപ്പല്‍ പോലും പിന്നെ അവശേഷിക്കില്ല എന്നായിരുന്നു അമേരിക്കയ്ക്ക് അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നല്‍കിയ മറുപടി. അതൊരു നിലപാടാണ്. നയതന്ത്രബന്ധങ്ങളെ തകര്‍ക്കാതെ നിര്‍ത്തിയുള്ള നിലപാട്. എന്നാല്‍, അതു കഴിഞ്ഞ എത്രയോ കാലം കടന്നുപോയിരിക്കുന്നു. ഇന്ന് അതേ ഇന്ത്യാമഹാരാജ്യത്തെ ജനങ്ങളെ അമേരിക്ക കൂച്ചുവിലങ്ങിട്ട് കൊണ്ടു തള്ളുകയാണ്.

CONTENT HIGH LIGHTS; Whose slave? Who owns it?: Indian people with shackles that won’t change even after Narendra Modi meets Donald Trump; Endless chain shaking; Do you remember Indiraji?

Latest News