കുരുമുളകിനെ നശിപ്പിക്കുന്ന രോഗമാണ് ദ്രുതവാട്ടം. ഇലകളിലും ഇളം തണ്ടുകളിലും കറുത്ത പൊള്ളിവീണപോലുള്ള പാടുകള്‍ വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കും.ചെടി പാടെ വാടുന്നതാണ് പ്രാരംഭ ലക്ഷണം . ഫൈറ്റോഫ്ത്താറ കുമിളാണ് രോഗഹേതു.
രോഗനിയന്ത്രണം
മേല്‍മണ്ണില്‍നിന്നും അടിമണ്ണില്‍നിന്നും നീര്‍വാര്‍ച്ച ഉറപ്പാക്കുന്നതാണ് രോഗനിയന്ത്രണത്തിന്റെ ആദ്യഘട്ടം. മഴ ആരംഭിക്കുന്നതിന് മുമ്പും ശേഷവും പടര്‍ന്ന് വളരുന്ന ചെന്തലകള്‍ മുറിച്ചുമാറ്റുകയോ താങ്ങുമരത്തോട് ചേര്‍ത്തുകെട്ടുകയോ വേണം. താങ്ങുമരങ്ങളുടെ കൊമ്പ് കോതി സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തണം. കൊടി ഒന്നിന് ഒരു കിലോഗ്രാം കുമ്മായം ചേര്‍ത്തുകൊടുക്കാം. രണ്ടാഴ്ച കഴിഞ്ഞതിനുശേഷം അഞ്ച് കിലോഗ്രാം ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം ചേര്‍ക്കണം. രോഗം ബാധിച്ച വള്ളികള്‍ വേരടക്കം പിഴുതുമാറ്റി കത്തിച്ചുകളയണം. വളം ചെയ്യുന്ന അവസരത്തില്‍ വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെ സംരക്ഷിക്കുന്നത് ഏറെ പ്രധാനം.
രോഗബാധിതമായ തോട്ടത്തില്‍ വര്‍ഷത്തില്‍ രണ്ടുതവണ ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം അഞ്ച് കിലോഗ്രാം വീതം ചേര്‍ക്കണം. സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി വര്‍ഷത്തില്‍ നാലുതവണയെങ്കിലും തടം കുതിര്‍ക്കണം. പൊട്ടാസ്യം ഫോസ്ഫണേറ്റ് വര്‍ഷത്തില്‍ നാലുതവണയെങ്കിലും മൂന്നു മില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിച്ചുകൊടുക്കുന്നത് രോഗത്തെ പ്രതിരോധിക്കുന്നതിനും കരുത്തോടെ വളരുന്നതിനും സഹായകമാകും.