വീടിന്റെ പരിസരത്തു ഒഴിഞ്ഞുകിടക്കുന്ന സ്ഥലമുണ്ടെങ്കിൽ നമ്മുടെ അടുക്കളയിലേക്കു ആവശ്യമായ പച്ചക്കറികൾ കൃഷിചെയ്തുണ്ടാക്കാം.കുടുംബത്തിലെ അംഗങ്ങളുടെ എണ്ണവും സ്ഥലത്തിന്റെ ലഭ്യതയും അനുസരിച്ചായിരിക്കണം ഒരു അടുക്കളത്തോട്ടത്തിന്റെ വലിപ്പം നിർണയിക്കാൻ.നല്ല നീർവാർച്ചയും വളക്കൂറുമുള്ള മണ്ണാണ് പച്ചക്കറി കൃഷിക്ക് അനിവാര്യം. ഒരു കുടുംബത്തിന് ആവശ്യമായ പച്ചക്കറികൾ ലഭിക്കണമെങ്കിൽ ഒരാൾക്കു അര സെന്റ് എന്ന കണക്കിൽ കൃഷി സ്ഥലം ആവശ്യമായി വരും . നമ്മൾ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത് സ്ഥലത്ത് അംശം കൂടുതലാണെങ്കിൽ അവിടെ കുറച്ച് അധികം ജൈവവളം ചേർത്തുകൊടുക്കുന്നത് ഉത്തമം.
പച്ചക്കറി കൃഷിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം ധാരാളം വെളിച്ചവും ധാരാളം വെള്ളവും ലഭിക്കുന്ന സ്ഥലമാണ് വീടിന്റെ തെക്ക് ഭാഗത്ത് ഏറ്റവും കൂടുതൽ വെയിൽ ലഭിക്കുന്നതിനാൽ അവിടെ കൃഷി ചെയ്യുന്നത് നല്ലതാണ്. കിണറിന് അടുത്താണ് ചെയ്യുന്നതെങ്കിൽ നനയ്ക്കുവാൻ ഉള്ള സൗകര്യം ലഭിക്കും. വേനൽ കാലത്ത് വളർത്താൻ പറ്റിയ പച്ചക്കറികളും അതിന്റെ പരിചരണവും എങ്ങനെയൊക്കെ എന്ന് അറിഞ്ഞാലോ.
കത്തിരിക്ക
40 ശതമാനം മണ്ണ്, 30 ശതമാനം മണൽ, 30 ശതമാനം വെർമി കമ്പോസ്റ്റ് തുടങ്ങിയവ ചേർത്ത് ചട്ടിയിൽ നിറക്കുക. വലിയ ചട്ടിയിൽ നടുന്നതിനേക്കാളും ചെറിയ ട്രേയിൽ നടുന്നതാണ് നല്ലത്. പിന്നീട് അത് മറ്റൊന്നിലേക്ക് മാറ്റാവുന്നതാണ്. മണ്ണിൽ ഒരു ഇഞ്ച് ആഴത്തിൽ വേണം വിത്തുകൾ നടേണ്ടത്. 20 ദിവസത്തിനുള്ളിൽ ചെറിയ ചെടികളായി വളർന്നു വരും. അതിന് ശേഷം ചെടികളെ ആവശ്യമനുസരിച്ച് വലിയ ചട്ടിയിലേക്ക് മാറ്റി വെക്കാവുന്നതാണ്. ചാണകം, പച്ചക്കറി തൊലി, പഴവർഗങ്ങൾ തുടങ്ങിയ വളങ്ങൾ മാസത്തിൽ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്.
വെണ്ട
50 ശതമാനം ചകിരി ചോറ്, 25 ശതമാനം മണ്ണ്, 25 ശതമാനം വെർമി കമ്പോസ്റ്റ് എന്നിവ ചേർത്ത് ചെറിയ ചട്ടിയിൽ നിറക്കുക. അതിന് ശേഷം ചട്ടിയിലേക്ക് വിത്തുകൾ പാകണം. വെള്ളം തളിച്ചതിന് ശേഷം സൂര്യ പ്രകാശം നേരിട്ട് ലഭിക്കാത്ത സ്ഥലത്തേക്ക് ചട്ടി മാറ്റി വെക്കണം. വേണ്ട വളർന്നു വരുമ്പോൾ അതിനെ മറ്റൊരു വലിയ ചട്ടിയിലേക്ക് മാറ്റി വെക്കാവുന്നതാണ്. 10 ദിവസം ഇടവിട്ട് വളങ്ങൾ ഉപയോഗിക്കാൻ മറക്കരുത്.
ചീര
60 ശതമാനം മണ്ണ്, 40 ശതമാനം ഓർഗാനിക് കമ്പോസ്റ്റ്. ഇവ ചേർത്ത് ചട്ടിയിൽ നിറക്കുക. ചീര വിത്ത് രാത്രി മുഴുവൻ വെള്ളത്തിലിട്ടത്തിന് ശേഷം പിറ്റേന്ന് മണ്ണ് ചേർത്ത് വെച്ചിരിക്കുന്ന ചട്ടിയിൽ വിത്തുകൾ പാകുക. എല്ലാ ദിവസവും ചെറിയ രീതിയിൽ വെള്ളം തളിച്ച് കൊടുക്കണം. ഒരു മാസത്തിനുള്ളിൽ ചീര വിളവെടുക്കാവുന്നതാണ്.
ചുരക്ക
40 ശതമാനം മണ്ണ്, 30 ശതമാനം മണൽ, 30 ശതമാനം വെർമി കമ്പോസ്റ്റ് എന്നിവ ചേർത്ത് ചട്ടിയിൽ നിറക്കുക. ശേഷം കുറച്ച് വെള്ളം തളിച്ച് കൊടുക്കുക. അര ഇഞ്ച് നീളത്തിൽ ചെറിയ കുഴി എടുത്ത് അതിലേക്ക് വിത്തുകൾ ഇടണം. അതിന് ശേഷം മീതെ മണ്ണ് മൂടാൻ ശ്രദ്ധിക്കണം. 7 ദിവസത്തിനുള്ളിൽ വിത്തുകൾ മുളക്കാൻ തുടങ്ങും. ശേഷം സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് ചട്ടി മാറ്റിവെക്കണം. 25 -27 ദിവസങ്ങൾകൊണ്ട് ഇതിൽ വള്ളികൾ പടരാൻ തുടങ്ങും. 50 ദിവസം ആകുമ്പോൾ വള്ളികളിൽ പൂക്കൾ വരും. ആൺ പൂക്കളിൽ നിന്നും പോളനുകൾ ശേഖരിച്ച് പെൺ പൂക്കളെ പരാഗണം ചെയ്യണം. അതിന് ശേഷം നൂല് കൊണ്ട് പെൺ പൂക്കളെ മുകളിലേക്ക് കെട്ടി വെക്കണം. 60 ദിവസങ്ങൾ കഴിയുമ്പോഴേക്കും ചുരക്ക വളരാൻ തുടങ്ങും. 80 – 90 ദിവസങ്ങൾ കൊണ്ട് ഇത് വിളവെടുക്കാം.
വെള്ളരി
നിങ്ങൾ വാങ്ങുന്ന വെള്ളരിയിൽ നിന്നും ലഭിക്കുന്ന വിത്തുവകൾ ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് ഇത് വളർത്താൻ സാധിക്കും. മണ്ണ്, മണൽ, വളം തുടങ്ങിയവ ഒരേ അളവിൽ എടുത്ത് ചട്ടിയിൽ നിറച്ചതിന് ശേഷം വെള്ളം തളിച്ച് കൊടുക്കുക. നനഞ്ഞ മണ്ണിലേക്ക് വിത്തുകൾ പാകി കൊടുക്കണം. ഒരാഴ്ച കൊണ്ട് വിത്തുവകൾ മുളച്ചു വരുന്നത് കാണാം.
content highlight : best-vegetables-to-grow-at-home