Explainers

ആസ്ഥാനം മാറിയാലും സി.പി.എം എപ്പോഴും എല്‍.ഡി.എഫിന്റെ ‘തല’ സ്ഥാനം തന്നെ: മദ്യനിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചത് സി.പി.ഐയുടെ എതിര്‍പ്പ് മറികടന്ന്; മുന്നണിയില്‍ പരാജയപ്പെട്ട സി.പി.ഐയ്ക്ക് മുന്നില്‍ വഴിയെന്ത് ?

വലതു കമ്യൂണിസ്റ്റുകാനെന്ന വിളിപ്പേരുള്ള സി.പി.ഐയുടെ ഇടതു രാഷ്ട്രീയ നിലപാടുകളും, യാഥാര്‍ത്ഥ ഇടതുപക്ഷമാണെന്ന ആത്മവിശ്വാസമുള്ള സി.പി.എമ്മിന്റെ വലതുപക്ഷ രാഷ്ട്രീയ നയങ്ങളും കേരളത്തില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്. കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് സി.പി.ഐ രാഷ്ട്രീയമായി ഉള്‍ച്ചേര്‍ന്നു പോകാനാണ് ശ്രമിച്ചു കൊണ്ടേയിരിക്കുന്നത്. അത് പാര്‍ട്ടിക്കുള്ളിലും, പാര്‍ട്ടി പ്രവര്‍ത്തനത്തിലും, സര്‍ക്കാരിന്റെ ഇടപെടലുകളിലും പ്രകടവുമാണ്. എന്നാല്‍, സി.പി.എമ്മാകട്ടെ മാറ്റങ്ങള്‍ കൊണ്ടുവരാനും, അതിലുണ്ടാകുന്ന വെല്ലുവിളികളെ നേരിടാനുമുള്ള വൈദഗ്ധ്യം കാട്ടിയാണ് മുന്നോട്ടു പോകുന്നതും.

ഇന്ത്യയില്‍ ഇടതുപക്ഷ ചേരി ശക്തി പ്രാപിക്കണം എന്നതു കൊണ്ടും ആശയധാരകള്‍ ഒന്നായതു കൊണ്ടും മാത്രമാണ് സി.പി.ഐ-സി.പി.എം പാര്‍ട്ടികള്‍ ഒറ്റ മുന്നണിയായി പോകുന്നത്. എല്ലാ നിലപാടുകളിലും സി.പി.എമ്മിന്റെ പിന്നില്‍ അടിയുറച്ച് നില്‍ക്കുകയോ, മൗനം പാലിക്കുകയോ ചെയ്യുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ എല്‍.ഡി.എഫില്‍ നേരത്തേ തന്നെ ഉടലെടുത്തിരുന്നതാണ്. നിരവധി കാര്യങ്ങളില്‍ സി.പി.ഐ എതിര്‍പ്പ് അറിയിച്ചിട്ടുമുണ്ട്. അതിനെ തുടര്‍ന്ന് നേര്‍ക്കു നേര്‍ യുദ്ധപ്രഖ്യാപനവും ഉണ്ടായിട്ടുണ്ട്. എന്നാല്‍, സി.പി ഐ അവിടെയൊക്കെ വിട്ടുവീഴ്ചാ മനോഭാവത്തോടെ സി.പി.എമ്മിന് വിധേയത്തപ്പെട്ടു പോയി.

എ.കെ.ജി സെന്റര്‍ എന്ന ഇടതുപക്ഷ സെന്റര്‍ എന്നും എല്‍.ഡി.എഫ് യോഗം ചേരാനുള്ള ഇടമായി മാാറ്റപ്പെട്ടത് സി.പി.എമ്മിന്റെ അപ്രമാദിത്തം കൊണ്ടായിരുന്നു. എല്‍.ഡി.എപിനെ നയിക്കുന്നതു തന്നെ സി.പി.എമ്മാണ് എന്നതു കൊണ്ട് മരുവാക്കോ, എതിര്‍ ശബ്ദമോ ഉണ്ടാവുകയെന്നത് തുലോം കുറവുമായി. സി.പി.എം തീരുമാനിക്കുന്ന കാര്യങ്ങളുടെ പ്രചാരകര്‍ ആയി മറ്റു കക്ഷികള്‍ കേരളത്തില്‍ മാറിക്കഴിഞ്ഞു. ഇതു തന്നെയാണ് ഇന്നലെ എം.എ്#. സ്മാരകത്തിലും നടന്നത്. എം.എന്‍. സ്മാരകം പുതുക്കിപ്പണിതതു കാണാന്‍ അവസരം ഒരുക്കിയതിനപ്പുറം സി.പി.ഐയ്ക്ക് മറ്റൊരു റോളും മുന്നണിയില്‍ ഇല്ലെന്നത് സി.പി.ഐയുടെ ആസ്ഥാനത്തു വെച്ചു തന്നെ മുഖ്യമന്ത്രി തെളിയിച്ചു കൊടുക്കുയാണ് ചെയ്തത്.

എലപ്പുള്ളി ബ്രൂവറി വിഷയത്തില്‍ പാലക്കാട് സി.പി.ഐ ജില്ലാക്കമ്മിറ്റിയുടെ എതിര്‍പ്പ് സംസ്ഥാന നേതൃത്വം അംഗീകരിച്ചിരുന്നു. ഇത് എല്‍.ഡി.എപില്‍ പറയാനുള്ള തന്റേടം കാട്ടിയെങ്കിലും അത് കേള്‍ക്കാനുള്ള മനസ്സ് സി.പി.എം കാണിച്ചില്ല എന്നതാണ്. ബാര്‍കോഴ അഴിമതിയുടെ പേരില്‍ അധികാരം വിട്ടിറങ്ങിപ്പോകേണ്ടി വന്ന കോണ്‍ഗ്രസിന്റെ ഘടകകക്ഷിയാ മാണി കോണ്‍ഗ്രസിനെ കൂടെക്കൂട്ടി, അവര്‍ക്കൊരു മന്ത്രിസ്ഥാനവും നല്‍കി വായടപ്പിച്ചു കൊണ്ടാണ് മദ്യനിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കാന്‍ ഇടതുപക്ഷം തയ്യാറെടുക്കുന്നത്. ബാര്‍കോഴ പോലെയുള്ള അതേ വിഷയം തന്നെയാണ് മദ്യനിര്‍മ്മാണവുമായി ബന്ധപ്പെട്ട ബ്രൂവറി ഡിസ്റ്റിലറി കമ്പനിയും.

ഇടതുപക്ഷത്തിന്റെ നയവ്യതിയാനം എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യാകതമാക്കുന്നതാണിത്. എന്തുകൊണ്ട് കൊക്കകോള കമ്പനിയെ അടച്ചു പൂട്ടിക്കാന്‍ ഇടതുപക്ഷം പിന്തുണ നല്‍കിയ സമരം ഉണ്ടായി എന്നതാണ് ഇവിടെയും വിഷയം. ഇപ്പോള്‍ അതേ ജില്ലയില്‍ മദ്യക്കമ്പനി ആരംഭിക്കാന്‍ പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് ഇടതുപക്ഷത്തിന്റെ നയം. ഇതിനോട് സി.പി.ഐ സ്വന്തം ആസ്ഥാനത്തു വെച്ചു നടന്ന യോഗത്തില്‍പ്പോലും എതിര്‍പ്പ് അറിയിക്കാന്‍ സാധിക്കാതെ അശക്തരായിരിക്കുന്നു. നേതാക്കളുടെ അശക്തത സി.പി.ഐയെ പ്രതിരോേധത്തിലാക്കിയിട്ടുണ്ട്. പാലക്കാട് ബ്രൂവറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇടതുപക്ഷ തീരുമാനം സി.പി.ഐയില്‍ പൊട്ടിത്തെറിയാക്കുമെന്നുറപ്പായിക്കഴിഞ്ഞു.

പദ്ധതിയെ അംഗീകരിക്കരുതെന്ന തീരുമാനം സി.പി.ഐ നേരത്തെ എടുത്തിരുന്നു. സി.പി.എമ്മിന്റെ നിലപാട് അംഗീകരിക്കരുതെന്നായിരുന്നു തീരുമാനം. എന്നാല്‍ സി.പി.ഐ ആസ്ഥാനത്ത് നടന്ന ഇടത് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ പോലും സി.പി.ഐയ്ക്കായില്ല. ഇത് സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ കഴിവു കേടായി ചിത്രീകരിക്കപ്പെടുകയാണ്. ഇടതിലെ ഭൂരിപക്ഷം അനുസരിച്ചാണ് ബ്രൂവറിയ്ക്ക് അംഗീകാരം കിട്ടുന്നത്. ആര്‍.ജെ.ഡിയും സി.പി.ഐയും മാത്രമാണ് പദ്ധതിയെ എതിര്‍ത്തത്. സി.പി.ഐയുടെയും ആര്‍.ജെ.ഡിയുടെയും എതിര്‍പ്പ് മറികടന്നാണ് ബ്രൂവറി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാന്‍ ഇടതു മുന്നണി തീരുമാനിച്ചത്.

ആക്ഷേപങ്ങള്‍ ഒഴിവാക്കി മുന്നോട്ടുപോകണമെന്നും യോഗത്തില്‍ തീരുമാനിച്ചു. ശക്തമായ എതിര്‍പ്പാണ് സി.പി.ഐയും ആര്‍.ജെ.ഡിയും ഉയര്‍ത്തിയതെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചതോടെ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടു. കുടിവെള്ളം അടക്കമുന്നയിക്കുന്ന പ്രശ്നങ്ങളില്‍ ഒന്നും ആശങ്ക വേണ്ടെന്നും മറ്റ് എന്തെങ്കിലും ആശങ്കകള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ എലപ്പുള്ളി എന്ന സ്ഥലമാണ് പ്രശ്നമെന്ന് യോഗത്തില്‍ സി.പി.ഐ നിലപാടെടുത്തു. ഏലപ്പുള്ളിക്ക് പകരം മറ്റൊരു സ്ഥലം പരിഗണിച്ചു കൂടേയെന്നും ചോദിച്ചു. എന്നാല്‍ കുടിവെള്ളത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് യോഗത്തില്‍ എം.വി ഗോവിന്ദന്‍ മറുപടി നല്‍കി.

ഇതോടെ സി.പി.ഐയ്ക്ക് വാദിക്കാന്‍ കഴിയാത്ത സാഹചര്യം വന്നു. അങ്ങനെ സി.പി.ഐ ആസ്ഥാനത്ത് നടന്ന ഇടതു യോഗത്തിലും സി.പി.ഐയ്ക്ക് സമ്മര്‍ദ്ദ ശക്തിയായി മാറാന്‍ കഴിഞ്ഞില്ല. പിന്നീട് കാര്യങ്ങള്‍ വിശദീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനും രംഗത്തു വന്നു. 2023-2024ല്‍ കേരളത്തിന്റെ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വ്യക്തമാക്കിയിട്ടുള്ള കാര്യമാണ് കേരളത്തിനാവശ്യമായ സ്പിരിറ്റും മദ്യവും ഇവിടെ ഉദ്പ്പാദിപ്പിക്കുന്നതിനാവശ്യമായ നിലപാട് സ്വീകരിക്കുമെന്ന്. അതിന് നേരത്തേതന്നെ ശ്രമം തുടങ്ങിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കിഫ്ബി സംരക്ഷിക്കേണ്ടത് കേരളത്തിന്റെ ഭാവി വികസനത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രൂവറി സ്ഥാപിക്കുകയെന്നത് സര്‍ക്കാരിന്റെ ഭരണപരമായ നടപടിയുടെ ഭാഗമാണെന്ന് ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. അത് ആ നിലയില്‍ മുന്നോട്ടുപോവുകയാണ്. പല ആശങ്കകളും ഇതുസംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുണ്ട്. കുടിവെള്ളത്തെയും കൃഷിയേയും ബാധിക്കുമോ എന്നെല്ലാമാണ് ആ ആശങ്കകള്‍. ഒരുതരത്തിലും ഇവ രണ്ടിനേയും ബാധിക്കാത്ത നിലയിലായിരിക്കണം ഇത്തരം പദ്ധതികള്‍ മുന്നോട്ടുപോകേണ്ടതെന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലപാട് എന്നും അദ്ദേഹം പറഞ്ഞു. എതിര്‍പ്പ് പരിഗണിക്കാതെ ബ്രൂവറിയില്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി സി.പി.എം മുന്നോട്ട് പോകുന്നതില്‍ സി.പി.ഐക്കും ആര്‍.ജെ.ഡിക്കും അതൃപ്തി നേരത്തെ ഉണ്ടായിരുന്നു.

മുഖ്യമന്ത്രി തീരുമാനിക്കുന്നുത് മുന്നണി അനുസരിക്കുന്നു എന്ന വിധം മുന്നോട്ട് പോകാനാകില്ലെന്ന് വിലയിരുത്തിയ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ്, തിരുത്തല്‍ ശക്തിയാകാന്‍ സംസ്ഥാന അധ്യക്ഷന്‍ ബിനോയ് വിശ്വത്തിന് കഴിയണമെന്ന സന്ദേശം നല്‍കിയിരുന്നു. പക്ഷേ സി.പി.ഐ ആസ്ഥാനത്ത് നടന്ന ചര്‍ച്ചയിലും പിണറായിയുടെ തീരുമാനമാണ് ഇടതു മുന്നണിയുടേതായി പുറത്തു വരുന്നത്. ഇത് സി.പി.ഐയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. എലപ്പുള്ളി ബ്രൂവറിക്കായി ഭൂമി തരംമാറ്റത്തിന് ഒയാസിസ് കമ്പനി നല്‍കിയ അപേക്ഷ പാലക്കാട് ആര്‍.ഡി.ഒ തള്ളിയിരുന്നു. സി.പി.ഐ ഭരിക്കുന്ന റവന്യൂ വകുപ്പ് പദ്ധതിയ്ക്ക് എതിരാണെന്ന പൊതു ചര്‍ച്ചയും ഇതോടെ ഉയര്‍ന്നു.

എലപ്പുള്ളിയിലെ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയെ തരം മാറ്റാനുള്ള അപേക്ഷയാണ് തള്ളിയത്. നാല് ഏക്കറിലെ മദ്യനിര്‍മ്മാണ ശാലയുടെ പ്രവര്‍ത്തനത്തിന് ഭൂവിനിയോഗ നിയമത്തില്‍ ഇളവ് വേണമെന്നായിരുന്നു ഒയാസിസ് കമ്പനിയുടെ ആവശ്യം. ഇടതു മുന്നണി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇതും ഇനി ആര്‍.ഡി.ഒ അംഗീകരിക്കും. അങ്ങനെ ആസ്ഥാനങ്ങള്‍ മാറിയാലും സി.പി.എമ്മിന്റെ വലതുപക്ഷ നയവ്യതിയാനം വലതു കമ്യൂണിസ്റ്റുകാരുടെ ഇടത് നയസമീപനങ്ങള്‍ക്ക് വിലങ്ങു തടിയായിരിക്കുകയാണ്.

CONTENT HIGH LIGHTS; The CPM has always remained the ‘head’ of the LDF despite the change of headquarters: it decided to sanction the brewing company over CPI’s opposition; What is the way forward for the CPI which has failed in the front?

Latest News