ജോലിക്ക് മാന്യമായ കൂലി എന്നത് അവകാശമാണ്. അതിനെ നിഷേധിക്കാനാവില്ല. എന്നാല്‍, ചെയ്യുന്ന ജോലി എന്താണെന്നത് പ്രധാനമാണ്. കാരണം, ജോലിപോലും ചെയ്യാതെ നോക്കു കൂലി വാങ്ങുന്ന നാടാണ് കേരളമെന്ന് ദോഷൈക ദൃക്കുകള്‍ പറയുന്നുണ്ട്. അപ്പോള്‍ ഏത് ജോലി ചെയ്താലും അതിനു തക്കതായ കൂലി(ശമ്പളം) നല്‍കേണ്ടതാണ്. പി.എസ്.സി അംഗങ്ങള്‍ക്കായാലും, കിഫ്ബിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായാലും ശമ്പളവും അലവന്‍സുകളും നല്‍കുന്നതിനോട് എതിര്‍പ്പുണ്ടാകാന്‍ പാടില്ല. എന്നാല്‍, സമസ്ത മേഖലയിലെയും ജോലിക്കാരെക്കൂടി ശമ്പളവും, ആനുകൂല്യങ്ങളും നല്‍കുന്നതിന് പരിഗണിക്കുക എന്നതാണ് ചെയ്യേണ്ടത്.
നോക്കൂ, കേരളത്തില്‍ ക്ഷേമ പെന്‍ഷന്‍ കുടിശികയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് മുടക്കം സംഭവിച്ചിട്ടുണ്ട്. ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് നടയില്‍ സമരം കിടക്കുകയാണ്. K.S.R.T.C ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്, മാസത്തിന്റെ പകുതിയില്‍. മൂന്നു മാസമായി ശമ്പളം കിട്ടാതെ നരകിക്കുന്ന ജീവനക്കാര്‍ വേറെയുമുണ്ട്. ഇങ്ങനെ ശമ്പളക്കാര്യത്തിലും മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിലും വേതനവും, ഓണറേറിയവും കിട്ടാത്തതിന്റെ പേരിലും നിരവധി പേരാണ് വിഷമിക്കുന്നത്. ആശാ വര്‍ക്കര്‍മാര്‍ക്ക് വേതനം നല്‍കാന്‍ 100 കോടി വേണമെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ഈ തുക കിട്ടാനായി കേന്ദ്രത്തില്‍ സമരം ചെയ്യാന്‍ മന്ത്രിയും കൂടെപോകാമെന്നും പറയുന്നുണ്ട്.
എന്നാല്‍, ഈ വിഷമങ്ങള്‍ക്കു മുകളിലൂടെയാണ് സര്‍ക്കാര്‍ ഇന്നലെ PSC ചെയര്‍മാനും അംഗങ്ങള്‍ക്കുമുള്ള ശമ്പളം വര്‍ദ്ധിപ്പിച്ചത്. ലക്ഷങ്ങള്‍ ശമ്പളമായും, അലവന്‍സായുമൊക്കെ വാങ്ങുന്ന, ജോലി ഭാരം കുറവുള്ള, എല്ലാ സൗകര്യങ്ങളുമുള്ള PSC അംഗങ്ങള്‍ക്ക് ശമ്പളം ഉയര്‍ത്തിയാല്‍, ഒന്നും ലഭിക്കാത്തവര്‍ അസ്വസ്ഥരാകുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അതുകൊണ്ടു തന്നെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനത്തില്‍ അമ്പരന്നിരിക്കുകയാണ് സാധാരണ ജനങ്ങള്‍.
സ്വാഭാവികമായും അവര്‍ ചിന്തിക്കുക, സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ് എന്നായിരിക്കും. സാധാരണക്കാരല്ല PSC അംഗങ്ങള്‍. അവര്‍ക്ക് മുടക്കമില്ലാതെ എല്ലാ സൗകര്യങ്ങളും കിട്ടുന്നവരാണ്. അവര്‍ക്ക് വീണ്ടും ശമ്പളം കൂട്ടി നല്‍കാനുള്ള സാമ്പത്തിക ഭദ്രത സര്‍ക്കാരിനുണ്ടോ. എങ്കില്‍ എന്തുകൊണ്ട് ആസാ വര്‍ക്കര്‍മാരെയും, ക്ഷേമ പെന്‍ഷന്‍കാരെയും, സര്‍ക്കാര്‍ ജീവനക്കാരെയും കാണാതെ പോകുന്നു. ഇതാണ് ചോദ്യം. ഈ ചോദ്യത്തിനൊപ്പം, ഇത്രയും ഭീമമായ ശമ്പളം വാങ്ങാന്‍ PSC ചെയര്‍മാനും അംഗങ്ങളും എന്ത് ഭാരിച്ച ജോലിയാണ് ചെയ്യുന്നത് ?. അത് ജനങ്ങള്‍ അറിയേണ്ടതല്ലേ.
ആഴ്ചയില്‍ രണ്ടു ദിവസം ജോലിയൊന്നുമില്ല. അത് വ്യാഴാഴ്ചയും, ഞായറാഴ്ചയുമാണ്. എന്നാല്‍, എന്തെങ്കിലും പ്രത്യേക സാഹചര്യങ്ങള്‍ ഉണ്ടായാല്‍ വ്യാഴാഴ്ച ജോലി ചെയ്യേണ്ടി വരും. സാധാരണ ദിവസങ്ങളിലെ ടൈം ടേബിള്‍ ഇങ്ങനെയാണ് എന്നാണ് സൂചന.
തിങ്കള്‍: കമ്മിഷന്‍ സിറ്റിംഗ്
ചൊവ്വ: വിവിധ കമ്മിറ്റികളില്‍ പങ്കെടുക്കണം
ബുധന്‍-വെള്ളി: ഇന്റര്‍വ്യു
ശനി: ഫയല്‍ നോക്കല്‍
ഇതോടെ ജോലി അവസാനിക്കുകയാണ്. ഇത് ഭാരിച്ച ജോലിയായി കണക്കാക്കിയാണ് ശമ്പളം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് PSC അംഗങ്ങളുടെ ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട നോട്ട് തീരുമാനത്തിനായി എത്തിയത്. ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്സി ചെയര്‍മാന്റെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനം ഉണ്ടായത്.
ചെയര്‍മാനും അംഗങ്ങള്‍ക്കും ശമ്പളം വര്‍ദ്ധിപ്പിക്കുന്നതോടെ സര്‍ക്കാരിന് ശമ്പള ചെലവ് വീണ്ടും വര്‍ദ്ധിക്കും. PSCക്ക് 237.23 കോടിരൂപയാണ് 2025-26 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വകയിരുത്തിയിരിക്കുന്നത്. ഇതില്‍ പി.എസ്.സി ചെയര്‍മാന്‍, അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് 2025-26ല്‍ ശമ്പളവും ക്ഷാമബത്ത അടക്കമുള്ള അലവന്‍സുകളും നല്‍കാന്‍ 166.44 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ ചെയര്‍മാന്റേയും അംഗങ്ങളുടേയും ശമ്പളം കുത്തനെ വര്‍ദ്ധിപ്പിച്ചതോടെ പി.എസ്.സിയുടെ ബജറ്റ് വിഹിതം ഉയര്‍ത്തേണ്ടി വരും.
ഇതിന് ധനമന്ത്രി അധിക ഫണ്ട് അനുവദിക്കേണ്ട സ്ഥിതിയുണ്ട്. 38 കോടിയോളം രൂപ ചെയര്‍മാനും അംഗങ്ങള്‍ക്കും ശമ്പള കുടിശിക കൊടുക്കാന്‍ വേണം. അംഗങ്ങള്‍ക്ക് ശമ്പളത്തിന് പുറമെ കുടുംബാംഗങ്ങള്‍ക്ക് വരെ ചികില്‍സ സൗജന്യമായി ലഭിക്കും. വിരമിച്ചാല്‍ പെന്‍ഷന് പുറമെ ചികില്‍സയും ഫ്രീ ആണ്.
മാസം തോറും ശമ്പളം തരണേ എന്ന് ആര്‍ത്തു വിളിച്ച് കരയുന്നവരെല്ലാം PSC ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം എത്രയാണെന്ന് കാണണം. അഴര്‍ക്ക് ശമ്പള കുടിശികയായി കിട്ടുന്നത് 38.87 കോടി രൂപയാണ്. ചെയര്‍മാന് ശമ്പളം 4 ലക്ഷം രൂപയായി ഉയരും. അംഗത്തിന് 3.82 ലക്ഷവുമാകും. നിലവില്‍ 2.24 ലക്ഷമാണ് ചെയര്‍മാന്റെ ശമ്പളം. അംഗങ്ങളുടേത് 2.19 ലക്ഷവും. ശമ്പള വര്‍ധനക്ക് 2016 മുതല്‍ മുന്‍കാല പ്രാബല്യവും ഉണ്ട്. അതുകൊണ്ട് 9 വര്‍ഷത്തെ ശമ്പള കുടിശികയും ഇവര്‍ക്ക് ലഭിക്കും. ചെയര്‍മാന് ശമ്പള കുടിശികയായി 1.90 കോടി ലഭിക്കും. 21 അംഗങ്ങളാണ് പി.എസ്.സിയില്‍ ഉള്ളത്.
PSC ചെയര്‍മാന്റെയും അംഗങ്ങളുടെയും ക്ഷാമബത്ത നേരത്തെ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരി 1 മുതല്‍ 9 ശതമാനവും ജൂലൈ 1 മുതല്‍ 7 ശതമാനവുമായിരുന്നു വര്‍ധന. ഇതോടെ ആറാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ നിശ്ചയിച്ചതനുസരിച്ചുള്ള (പ്രീ റിവൈസ്ഡ് സ്‌കെയില്‍) ആകെ ഡി.എ 246 ശതമാനമായിരുന്നു. കുടിശികത്തുക പണമായി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേന്ദ്രജീവനക്കാര്‍ക്ക് ക്ഷാമബത്ത വര്‍ധിപ്പിച്ചത് കണക്കിലെടുത്താണ് പി.എസ്.സി അംഗങ്ങള്‍ക്കും വര്‍ധിപ്പിച്ചത്.
രാജ്യത്ത് പി.എസ്.സി മെമ്പര്‍മാരുടെ എണ്ണത്തില്‍ കേരളം നമ്പര്‍ വണ്‍ ആണ്. ചെയര്‍മാനും അംഗങ്ങളും ഉള്‍പ്പെടെ 21 പേരാണ് കേരളത്തില്‍ ഉള്ളത്. രാഷ്ട്രിയ നിയമനമാണ് പി.എസ്.സിയിലേത്. 14 പേര്‍ സി.പി.എമ്മുകാര്‍. 7 പേര്‍ ഘടകകക്ഷിയില്‍ നിന്നുള്ളവരും. രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, തെലുങ്കാന, ജമ്മുക്കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ 8 പി.എസ്.സി അംഗങ്ങള്‍ ആണുള്ളത്. ഛത്തീസ് ഗഡ്, അരുണാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 5 പി.എസ്.സി അംഗങ്ങളുണ്ട്. ബീഹാര്‍, ഒറീസ, ഉത്തരാഖണ്ഡ്, ആസാം എന്നി സംസ്ഥാനങ്ങളില്‍ 6 പേരാണ് PSC അംഗങ്ങളായിട്ടുള്ളത്. പശ്ചിമ ബംഗാളിലും ഗുജറാത്തിലും 7 അംഗങ്ങള്‍ മാത്രമേയുള്ളൂ. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ത്രിപുര എന്നിവിടങ്ങളില്‍ 4 അംഗങ്ങള്‍ ഉണ്ട്.
ഹിമാചല്‍, സിക്കിം എന്നിവിടങ്ങളില്‍ 3 അംഗങ്ങളാണ് ഉള്ളത്. ഗോവയിലും മണിപ്പൂരിലും ആണ് ഏറ്റവും കുറവ് പി.എസ്.സി അംഗങ്ങള്‍. 2 പേരാണ് ഗോവയിലും മണിപ്പൂരിലും ഉള്ളത്. കേരളത്തിന്റെ തൊട്ട് പിന്നില്‍ ഉള്ളത് തമിഴ്‌നാടാണ്. 14 പി.എസ്. സി അംഗങ്ങള്‍ തമിഴ്‌നാടില്‍ ഉണ്ട്. 13 അംഗങ്ങളുള്ള കര്‍ണ്ണാടകയാണ് മൂന്നാം സ്ഥാനത്ത്. യു.പി.എസ്.സിയില്‍ 9 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ അവസ്ഥയില്‍ പി.എസ്.സി അംഗങ്ങളുടെ എണ്ണം വെട്ടികുറയ്ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍, അതിന് പകരം അംഗങ്ങളെ കുറയ്ക്കാതെ അവരുടെ ശമ്പളം കൂട്ടി കൊടുക്കുകയാണ് ഇവിടെ ചെയ്യുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കേരളത്തില്‍ പി.എസ്. സി നിയമനങ്ങള്‍ കുത്തനെ കുറയുകയാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അംഗങ്ങള്‍ക്ക് ലക്ഷങ്ങള്‍ ശമ്പളം നല്‍കുമ്പോഴും ഒട്ടുമുക്കാല്‍ റാങ്ക് ലിസ്റ്റുകളിലും നിയമനമില്ല. സിവില്‍ പോലിസ് ഓഫിസര്‍, കോളേജ് അധ്യാപകര്‍, സിവില്‍ എക്സൈസ് ഓഫിസര്‍, കമ്പനി ബോര്‍ഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിയമനം നാമ മാത്രമാണ്. സ്റ്റാഫ് നഴ്സ് അടക്കം റാങ്ക് ലിസ്റ്റുകള്‍ മൂന്നിലൊന്ന് നിയമനം പോലും നടക്കാതെ റദ്ദായി. 2019ല്‍ 35422 പേര്‍ക്ക് പി.എസ്.സി വഴി നിയമനം കിട്ടിയെങ്കില്‍ 2023ല്‍ ഇത് 25144 ആയി കുറഞ്ഞു. 10278 നിയമനങ്ങള്‍ ആണ് 2019നെ അപേക്ഷിച്ച് കുറഞ്ഞത്.
പി.എസ്.സി ചെയര്‍മാനും മെമ്പര്‍മാര്‍ക്കും മെച്ചപ്പെട്ട ശമ്പളം അനുവദിച്ച സര്‍ക്കാര്‍ പി.എസ്.സിയെ നിലനിര്‍ത്തിക്കൊണ്ടുപോകുന്ന ജീവനക്കാരുടെ ആവശ്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതായിരുന്നുവെന്ന ആരോപണം ഉയരുന്നു. പി.എസ്.സി എംപ്ലോയീസ് അസോസിയേഷനാണ് ഇക്കാര്യം ആരോപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് കഴിഞ്ഞ എട്ടു വര്‍ഷമായി PSCയിലെ ജോലിഭാരത്തിന് അനുസൃതമായ തസ്തികകള്‍ സൃഷ്ടിക്കാതിരിക്കുകയാണ് സര്‍ക്കാര്‍. പി.എസ്.സി വാര്‍ഷിക സെലക്ഷന്‍, കലണ്ടര്‍ എന്നിവ നടപ്പാക്കിയതും, സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ പുതിയ നിയമനങ്ങള്‍ കൈമാറിയതു മൂലവും ജീവനക്കാര്‍ അമിത ജോലിഭാരം കൊണ്ട് പൊറുതിമുട്ടുകയാണ്.
നിരവധിതവണ സര്‍ക്കാരിനോട് അര്‍ഹമായ തസ്തികകള്‍ ആവശ്യപ്പെട്ടിട്ടും അനുവദിക്കാതിരിക്കുകയാണ്. ഓഫീസ് ജോലികള്‍ക്ക് പുറമേ സംസ്ഥാനത്തുടനീളം പരീക്ഷകള്‍ക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ അര്‍ഹമായ അവധി പോലും എടുക്കാതെ പ്രവര്‍ത്തിക്കുന്നതാണ് പി.എസ്.സിയുടെ നിലനില്‍പ്പിന് കാരണം. ശനിയാഴ്ചകളില്‍ പരീക്ഷ ഡ്യൂട്ടിക്ക് അന്യ ജില്ലകളില്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ പോലും തൊട്ടടുത്ത പ്രവര്‍ത്തി ദിവസം ഓഫീസില്‍ എത്തി ജോലി നിര്‍വഹിക്കുന്നത് കൊണ്ടാണ് ഇന്നത്തെ സ്ഥിതിയില്‍ പി.എസ്.സിക്ക് എത്താന്‍ കഴിഞ്ഞതെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം.
പരീക്ഷാ ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ യാത്രാബത്ത പോലും ലഭിക്കുന്നില്ല. ജില്ലാ ഓഫീസുകളില്‍ മതിയായ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ ആണ് ആസ്ഥാന ഓഫീസില്‍ നിന്നും ജില്ലകളിലേക്ക് വേരിഫിക്കേഷനും ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിനും ഉള്‍പ്പെടെ ജീവനക്കാരെ നിയോഗിക്കേണ്ടി വരുന്നത്. അധിക ജോലിക്ക് ആവശ്യമായ തസ്തികകള്‍ അനുവദിക്കാതെ ചെയര്‍മാനും അംഗങ്ങള്‍ക്കും ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ PSCയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടില്ല.
വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ നട്ടംതിരിയുന്നതിനിടെ PSC ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും അലവന്‍സുകളും അനിയന്ത്രിതമായി വര്‍ധിപ്പിക്കാനുള്ള മന്ത്രസഭ യോഗ തീരുമാനം അംഗീകരിക്കാനാകില്ല. ഇത് ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണ്. മൂന്നു മാസമായി മുടങ്ങിയ തുച്ഛമായ വേതനത്തിനും വേതന വര്‍ധനവിനും വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാരാണ് ലക്ഷങ്ങള്‍ മാസശമ്പളം വാങ്ങുന്നവരുടെ ശമ്പളം വീണ്ടും വര്‍ധിപ്പിച്ചു നല്‍കിയിരിക്കുന്നത്. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരും വിരമിച്ചവരും നട്ടംതിരിയുന്നതും ഇതേ കേരളത്തിലാണെന്നത് മറക്കരുതെന്ന് പ്രതിപക്ഷം ഓര്‍മ്മിപ്പിക്കുന്നു. വയോധികരും വിധവകളും ഭിന്നശേഷിക്കാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇപ്പോഴും മൂന്നു മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശികയുണ്ട്. ജീവക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ഒരു ലക്ഷം കോടി രൂപയുടെ കുടിശകയാണ് നിലവിലുള്ളത്. ഖജനാവില്‍ പണമില്ലാത്തതില്‍ പ്രത്യേക പരിഗണന നല്‍കേണ്ട വിഭാഗങ്ങളുടെ പദ്ധതി വിഹിതം പോലും വെട്ടിക്കുറച്ച സര്‍ക്കാരാണ് ഇതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
CONTENT HIGH LIGHTS; What is the heavy workload of PSC members who get huge salaries?: How much additional cost to the government with increased salary?; What is the number of PSC members in other states?; What is the answer to the common people’s question?