177 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥം ഇപ്പോഴും വായിക്കപ്പെടുന്നു എങ്കില്‍ അത് പ്രത്യേക പരിശോധന അര്‍ഹിക്കുന്ന ഒന്നാണെന്ന് വ്യക്തം. അതും മത ഗ്രന്ഥമല്ലാത്ത ഒരു പുസ്തകം. പക്ഷെ, അതൊരു സാമൂഹിക ശാസ്ത്ര പുസ്തകമാണ്. ഒരു രാഷ്ട്രീയ രചനയാണ്. അതാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. ലോകത്ത് ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വായനക്ക് വിധേയമായ പുസ്തകം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആണെന്നത് നിസ്സംശയം പറയാനാകും. 2008 ലെ മുതലാളിത്ത ലോകത്തെ ബാധിച്ച്, ലോകം മുഴുവന്‍ പടര്‍ന്ന, ഇപ്പോഴും ഏറിയും കുറഞ്ഞും തുടരുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ പുനര്‍വായനക്ക് തെരെഞ്ഞെടുത്ത പുസ്തകം കമ്മ്യൂണിസ്റ്റ് മാനിഫസ്റ്റോയും മാര്‍ക്‌സിന്റെ മൂലധനവും ആയിരുന്നു.
കാരണം മുതലാളിത്ത ലോകത്തിന് പ്രതിസന്ധി മറികടക്കാന്‍ എന്തെങ്കിലും പ്രതിവിധിയുണ്ടോ എന്ന് തിരച്ചില്‍ നടത്തുകയായിരുന്നു സാമ്പത്തിക ശാസ്ത്രകാരന്‍മാര്‍. മാനിഫെസ്റ്റോയുടെ ആദ്യത്തെ പതിപ്പ് പ്രസിദ്ധീകരിച്ചത് 1848 ഫെബ്രുവരി 21നായിരുന്നു. തൊഴിലാളികളുടെ സാര്‍വ്വദേശീയ സംഘടനയായിരുന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറില്‍ ലണ്ടനില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സിന്റെ ആവശ്യപ്രകാരം ആ പാര്‍ട്ടിയുടെ താത്വികവും പ്രായോഗികവുമായ ഒരു വിശദ പരിപാടി തയ്യാറാക്കുന്നതിന് കാറല്‍ മാര്‍ക്‌സിനേയും ഫ്രെഡറിക് എംഗത്സിനേയും ചുമതലപ്പെടുത്തി.
അതനുസരിച്ച് 1847 ഡിസംബറില്‍ ആരംഭിച്ച് 1848 ഫെബ്രുവരി 21ന് മാര്‍ക്‌സും എംഗത്സും ചേര്‍ന്ന് ജര്‍മ്മന്‍ ഭാഷയില്‍ എഴുതി പ്രസിദ്ധീകരിച്ച കൃതിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. 1850ല്‍ മിസ്.ഹെലന്‍ മാക്ഫര്‍ലെയിന്‍ അതിന്റെ ആദ്യ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി. ‘സര്‍വ്വ രാജ്യതൊഴിലാളികളേ സംഘടിക്കുവിന്‍’ എന്ന മുദ്രാവാക്യത്തോടെ അവസാനിക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍, വര്‍ഗ്ഗ സമരത്തിന്റെ ചരിത്രപരവും കാലികവുമായ ചിത്രീകരണം, മുതലാളിത്തക്കുഴപ്പങ്ങളും കമ്മ്യൂണിസത്തിന്റെ ഭാവി രൂപങ്ങളും സംബന്ധിച്ച പ്രവചനങ്ങളും അവതരിപ്പിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ രാഷ്ട്രീയ രചനകളിലൊന്നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.
‘യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു – കമ്മ്യൂണിസമെന്ന ഭൂതം.’ മാനിഫസ്റ്റോയുടെ ആമുഖം തുടങ്ങുന്നത് ഇങ്ങനെയാണ്. കമ്മ്യൂണിസ്റ്റ് ലീഗിന്റെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ തന്നെ അതിനെ എത്രത്തോളം ഭയത്തോടെയാണ് ഭരണാധികാരികള്‍ കണ്ടത് എന്നത് സൂചിപ്പിക്കുന്നതാണ് ഇത്. ഇന്നും അത് തുടരുന്നു. മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ച ഫെബ്രുവരി 21 റെഡ് ബുക്‌സ് ഡേ ആയി ലോകമ്പാടുമുള്ള പുരോഗമനവാദികള്‍ ആചരിക്കുകയാണ്. അതാണ് റെഡ്ബുക്ക് ഡേ.
ഇതിനു പിന്നിലുമുണ്ട് ടില ചരിത്ര സത്യങ്ങള്‍. വരും തലമുറകള്‍ അതറിയേണ്ടതുണ്ട്. 1848 ഫെബ്രുവരി 21ന് മാര്‍ക്‌സും ഏംഗല്‍സും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ച് ഏതാനും മണിക്കൂറുകള്‍ക്കു ശേഷം പാരീസില്‍ ഒരു വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറങ്ങിയതുമായി നേരിട്ടുള്ള ബന്ധം 1848 ഫെബ്രുവരി 22ന്റെ ഫ്രഞ്ച് വിപ്ലവത്തിന് കല്‍പ്പിക്കാനാകില്ലെങ്കിലും ചരിത്രത്തിലെ ഒരു കൗതുക യാദൃച്ഛികതയായി അതിന്നും വിലയിരുത്തപ്പെടുന്നുണ്ട്. എംഗല്‍സ് തയ്യാറാക്കിയ ‘കമ്യൂണിസ്റ്റ് കണ്‍ഫെഷന്‍സ് ഓഫ് ഫെയ്ത്ത്’ എന്ന ലഘുലേഖയാണ് പല ഘട്ടങ്ങളിലെ മാറ്റങ്ങള്‍ക്കു ശേഷം മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആയി രൂപാന്തരപ്പെട്ടത്.
അടിസ്ഥാനമാക്കിയത് എംഗല്‍സിന്റെ ലഘുലേഖയാണെങ്കിലും രൂപമെടുത്തപ്പോള്‍ അത് മാര്‍ക്‌സിന്റെ സൃഷ്ടിയായി മാറിയെന്ന് എംഗല്‍സ് തന്നെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ചൂഷണത്തിനിരയാകുന്ന ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ വിമോചന സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ‘റെഡ് ബുക്ക്’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മുതലാളിത്ത ചൂഷണത്തെ തുറന്നുകാണിക്കുകയും അതിന്റെ മനുഷ്യവിരുദ്ധതയ്‌ക്കെതിരായി പൊരുതുകയും ചെയ്യുന്ന തൊഴിലാളികള്‍ക്കും ഇതര ജനവിഭാഗങ്ങള്‍ക്കും ആത്മവിശ്വാസവും പ്രതീക്ഷയും പകര്‍ന്ന പുസ്തകമാണത്.
ലോകത്തെ ഇത്രമേല്‍ ആഴത്തിലും തീവ്രമായും പിടിച്ചുകുലുക്കിയ മറ്റൊരു ഗ്രന്ഥമില്ല. 1848നു ശേഷം ചരിത്രം കണ്ട എല്ലാ വിപ്ലവാഭിലാഷങ്ങളുടെയും പ്രചോദനം, ജൈവ ഇന്ധനം ഈ ഗ്രന്ഥം പകര്‍ന്ന ആശയലോകത്തിന്റെ സൂക്ഷ്മതയായിരുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ട ഫെബ്രുവരി 21ന് ലോകമെങ്ങും ‘റെഡ് ബുക്ക് ഡേ’യായി ആചരിക്കുന്നു. ഇടതുപക്ഷ പുസ്തക പ്രസാധകരുടെ സാര്‍വദേശീയ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ലെഫ്റ്റ് പബ്ലിഷേഴ്‌സിന്റെ ആഹ്വാനപ്രകാരം 2020 ഫെബ്രുവരി 21നാണ് റെഡ് ബുക്ക് ഡേയ്ക്ക് തുടക്കം കുറിച്ചത്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ പ്രസാധക സംഘങ്ങളും തൊഴിലാളി സംഘടനകളും പുരോഗമന കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്ന സകലരും ഈ ദിവസം ഇടതുപക്ഷ പുസ്തകങ്ങളുടെ പ്രചാരണത്തിനായി നീക്കിവയ്ക്കുന്നു.
മാനിഫെസ്റ്റോ ഉള്‍പ്പെടെയുള്ള രാഷ്ട്രീയകൃതികളുടെ വായനയും ചര്‍ച്ചകളും പുസ്തകോത്സവങ്ങളുമൊക്കെ സംഘടിപ്പിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് അബിപ്രായപ്പെടുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലെ ഭാഷയുടെയും പ്രയോഗങ്ങളുടെയും കാര്യത്തില്‍ കാവ്യഭംഗിയാര്‍ന്ന മറ്റൊരു രാഷ്ട്രീയകൃതിയുണ്ടാകില്ല. ലളിത സുന്ദരമായ ആഖ്യാനമാണ് അതിന്റെ പ്രത്യേകത. കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്കുനേരെ നടക്കുന്ന സംഘടിത ആക്രമണങ്ങളെക്കുറിച്ച് സൂചിപ്പിച്ച് ആരംഭിക്കുന്ന മാനിഫെസ്റ്റോയിലെ നിരീക്ഷണങ്ങള്‍ ഇന്നും പ്രസക്തമാണ്. തൊഴിലാളിയെയും ബൂര്‍ഷ്വാസിയെയുമെല്ലാം ആദ്യമായി വ്യക്തതയോടെ നിര്‍വചിച്ചതും മാനിഫെസ്റ്റോയിലായിരുന്നു. മാനിഫെസ്റ്റോ അവസാനിക്കുന്നത് ഇന്നേവരെ ലോകംകണ്ട ഏറ്റവും പ്രതീക്ഷാനിര്‍ഭരമായ സമരാഹ്വാനത്തോടെയാണ്.
‘ലോകമെമ്പാടുമുള്ള തൊഴിലാളികളെ നിങ്ങള്‍ സംഘടിക്കുവിന്‍ നഷ്ടപ്പെടുവാന്‍ കൈവിലങ്ങുകള്‍ മാത്രം, നേടിയെടുക്കാനോ ഒരു ലോകമുണ്ടുതാനും’. ഒടുവിലത്തെ ഈ വരികള്‍ തിരയൊടുങ്ങാത്ത കടലിരമ്പമായി വിവിധ ഭാഷകളില്‍ അലയടിക്കുന്ന സാര്‍വദേശീയ സമരപ്രഖ്യാപനമാണ്. കൊടിയ ചൂഷണങ്ങള്‍ക്കിരയാകുന്ന തൊഴിലാളികള്‍ക്ക് വിമോചന സ്വപ്നങ്ങളുടെ നവലോകങ്ങള്‍ തുറന്നുകൊടുത്ത മാനിഫെസ്റ്റോ പുറത്തിറങ്ങിയിട്ട് ഇന്നേയ്ക്ക് 177 വര്‍ഷം പിന്നിടുന്നു. അതിന്റെ ആഹ്വാനം ഹൃദയത്തിലേറ്റുവാങ്ങിയ തൊഴിലാളികള്‍ ലോകമെങ്ങും സംഘടിതരായി. ചൂഷണത്തിനെതിരെ അവര്‍ ശക്തമായ സമരങ്ങള്‍ നയിച്ചു. അടിമസമാനമായ തൊഴില്‍സാഹചര്യങ്ങള്‍ക്ക് ഒട്ടൊക്കെ മാറ്റമുണ്ടായി. തൊഴിലാളിവര്‍ഗം നേതൃത്വം നല്‍കിയ മഹാവിപ്ലവങ്ങള്‍ പുതിയകാലത്തിന് നാന്ദി കുറിച്ചു. തൊഴിലാളികളെ അടിമകളായി കണക്കാക്കിയവര്‍ക്ക് അവരും മനുഷ്യരാണെന്ന് അംഗീകരിക്കേണ്ടിവന്നു. ലോകത്തെ മാറ്റിമറിച്ച തൊഴിലാളിവര്‍ഗ മുന്നേറ്റങ്ങള്‍ക്ക് രാസത്വരകമായി മാനിഫെസ്റ്റോ മാറിയെന്നും സ്വരാജ് പറയുന്നു.
1870കളില്‍ യൂറോപ്പിനുള്ളില്‍ തൊഴിലാളി-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്ന് അതിനെ അവരുടെ പ്രധാന ഗ്രന്ഥങ്ങളിലൊന്നായി സ്വീകരിച്ചതുവരെ മാനിഫെസ്റ്റോയ്ക്ക് ഒരു സ്വാധീനവും ഉണ്ടായിരുന്നില്ല. അത് പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെടുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പുസ്തകം സ്‌ഫോടനാത്മകമായി എഴുതിയിരിക്കുന്നു. സ്‌ഫോടനാത്മകമായ വാക്യങ്ങള്‍. പ്രവചനാത്മകമായ ആശയങ്ങള്‍. 23 പേജുകള്‍ മാത്രമുള്ള ഈ പുസ്തകം നാശത്തിന്റെ ഒരു ലഘുലേഖയല്ല. എങ്കിലും മുതലാളിത്തത്തിന്റെ ദുരന്തങ്ങളെക്കുറിച്ച് വലിയ വികാരത്തിന്റെ ഭാഗങ്ങളുണ്ട്. മനുഷ്യ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും, തൊഴിലാളികളുടെയും കര്‍ഷകരുടെയും, പ്രതീക്ഷയുടെയും പ്രവര്‍ത്തനത്തിന്റെയും വിപ്ലവത്തിന്റെയും ഒരു ലഘുലേഖയാണിത്. മാര്‍ക്‌സ് ‘തൊഴിലാളിവര്‍ഗം’ എന്ന പേര് നല്‍കി. വായിക്കാനും വീണ്ടും വായിക്കാനും വിശദീകരിക്കാനും ചര്‍ച്ച ചെയ്യാനും അര്‍ഹമായ ഒരു വാചകമാണിത്.
മാനിഫെസ്റ്റോയുടെ പ്രസിദ്ധീകരണത്തോടുള്ള ആദരസൂചകമായി ഇന്ത്യയിലെ ഇടതുപക്ഷ പ്രസാധകര്‍ ഫെബ്രുവരി 21 റെഡ് ബുക്‌സ് ദിനമായി തിരഞ്ഞെടുത്തു , കൂടാതെ മറ്റ് രണ്ട് കാരണങ്ങളുമുണ്ട്. ഫെബ്രുവരി 21 ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര മാതൃഭാഷാ ദിനം കൂടിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവും ലെഫ്റ്റ് വേഡ് ബുക്‌സ് എഴുത്തുകാരനുമായ ഗോവിന്ദ് പന്‍സാരെ ഫെബ്രുവരി 20 ന് കൊല്ലപ്പെട്ടു. 2020 ലെ ആദ്യത്തെ റെഡ് ബുക്‌സ് ദിനത്തിന്റെ ആശയം – ആളുകള്‍ അവരുടെ സ്വന്തം ഭാഷയില്‍ മാനിഫെസ്റ്റോ വായിക്കുകയും ഇടതുപക്ഷ എഴുത്തുകാരെ (സഖാവ് പന്‍സാരെ പോലുള്ളവര്‍), ഇടതുപക്ഷ പ്രസാധകര്‍, ഇടതുപക്ഷ പ്രിന്ററുകള്‍, ഇടതുപക്ഷ പുസ്തകശാലകള്‍ എന്നിവയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുക എന്നതായിരുന്നു.
CONTENT HIGH LIGHTS; ‘Communist Money Festo’ still relevant: What is Red Book Day?; Suffix science left by time; Workers of all countries, organize.. Shackles to lose, a new world to gain