Explainers

ത്രില്ലര്‍ ആക്ഷന്‍ സിനിമ പോലെ തമിഴ് രാഷ്ട്രീയം: ദളപതിയുടെ വരവും അധികാര കസേരയും തമിഴര്‍ക്ക് ആവേശം പകരുന്നുണ്ടോ?; കമലും രജനിയും തോറ്റിടത്ത് വിജയ് വാജയിക്കുമോ ?

ജനങ്ങളെ രക്ഷിക്കുന്ന നായകന്‍, നായകനെ സൈഡാക്കാനുമെത്തുന്ന വില്ലനും ഒക്കെ അടങ്ങുന്ന ഒരു മാസ്സ് പടം കാണുന്ന പ്രതീതിയാണ് പണ്ടും ഇന്നും തമിഴ് രാഷ്ട്രീയം. തമിഴ്നാട്ടില്‍ സിനിമാകാരില്ലാതെ ഒരു രാഷ്ട്രീയ യുഗവും കടന്ന് പോയിട്ടില്ല. എം.ജി.ആറും ജയലളിതയും ഇതാ ദളപതി വിജയ് വരെ എത്തിനില്‍ക്കുന്നു ആ രാഷ്ട്രീയ സമസ്യ. സിനിമയിലെ ഭ്രമം ജീവിത്തതിലും അതേപടി പ്രാവര്‍ത്തികമാക്കുന്ന തമിഴ്നാട്ടിലെ ജനങ്ങള്‍ ഇഷ്ടതാരങ്ങളുെട രാഷ്ട്രീയ പരിവേഷത്തില്‍ മതിമറക്കുന്നവര്‍ കൂടിയാണ്. പക്ഷെ ചരിത്രം പരിശോധിച്ചാല്‍ അവരുടെ തീരുമാനങ്ങളൊന്നും ഇതുവരെ തെറ്റിയിട്ടുമില്ല. അഭ്രപാളിയിലെ മിടുക്ക് ജനാധിപത്യത്തിലും ഫലവത്താക്കിയാണ് പലരും കളം വിട്ടിട്ടുള്ളത്.

എത്രയൊക്കെ താരങ്ങള്‍ വന്നുപോയാലും ദ്രാവിഡ മണ്ണില്‍ പക്ഷെ എം.ജി.ആറും ജയലളിതയും ഉണ്ടാക്കിയ സ്വാധീനമൊന്നും വര്‍ഷമിത്ര കഴിഞ്ഞിട്ടും ആര്‍ക്കും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അതിനൊരു മാറ്റമാണോ വിജയ്യുടെ വരവോടെ സംഭവിക്കുക എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കാരണം തമിഴ് മണ്ണില്‍ ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന വിജയ്ക്കുള്ള സ്വാധീനം അത്രത്തോളമുണ്ട്. തമിഴ് സിനിമകളുടെയും രാഷ്ട്രീയത്തിന്റെയും അഭേദ്യമായ ബന്ധം പൊതുവെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ബ്രിട്ടീഷ് വിരുദ്ധ പ്രചാരണത്തിനായി സിനിമകള്‍ ഉപയോഗിച്ചിരുന്ന കാലം മുതല്‍ സിനിമകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ദ്രാവിഡ പാര്‍ട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പ്രചാരണ ആവശ്യങ്ങള്‍ക്കായുള്ള ഒരു മാധ്യമമായി തന്നെയാണ് സിനിമയെ കണ്ടിരുന്നത്.

ദ്രാവിഡ പാര്‍ട്ടിയില്‍ നിന്നുള്ള തമിഴ്‌നാടിന്റെ ആദ്യ മുഖ്യമന്ത്രിയായ സി.എന്‍. അണ്ണാദുരൈ, ദ്രാവിഡ പ്രത്യയശാസ്ത്രങ്ങളെ തന്റെ തിരക്കഥകളിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചയാളായിരുന്നു. ജാതിവ്യവസ്ഥ നിശ്ചയിച്ച സമൂഹത്തിലെ അരക്ഷിതാവസ്ഥ എന്നിവയ്ക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്ത പരാശക്തി (1952) എന്ന സിനമയും അക്കാലത്ത് വളരെ ജനപ്രീതി നേടിയിരുന്നു. ഈ സിനിമ എഴുതിയതാകട്ടെ മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയാണ്. ഈ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചവരാണ് ഡി.എം.കെയുടെ രണ്ട് സ്ഥാപക അംഗങ്ങളായ ശിവാജി ഗണേശനും എസ്.എസ്.രാജേന്ദ്രനും.

ഡി.എം.കെ നിര്‍മ്മിച്ച സിനിമകള്‍ക്ക് അന്നത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് കടുത്ത രീതിയലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ഇവരുടെ നേതൃത്വത്തിലുള്ള സെന്‍സര്‍ ടീം അന്ന് സിനിമയില്‍ നിന്നും നിരവധി രംഗങ്ങള്‍ നീക്കം ചെയ്തതായി ഡിഎംകെയിലെ മുന്‍ കേന്ദ്രമന്ത്രിയായ മുരസൊലി മാരന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ സ്‌ക്രീന്‍ പ്ലേയുടെ ഔചിത്യം നഷ്ടപ്പെടുകയും സിനിമകള്‍ ബോക്സ് ഓഫീസില്‍ പരാജയമാകുകയും ചെയ്തു തുടങ്ങി. പിന്നീട് സെന്‍സര്‍ഷിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ തിരക്കഥാകൃത്തുക്കള്‍ പല വഴികളും പയറ്റിയിരുന്നു. ദ്രാവിഡ പാര്‍ട്ടികളില്‍ നിന്നുള്ള ഏഴ് മുഖ്യമന്ത്രിമാരില്‍ അഞ്ച് പേരും എഴുത്തുകാര്‍ അല്ലെങ്കില്‍ അഭിനേതാക്കള്‍ എന്ന നിലയില്‍ തമിഴ് സിനിമയില്‍ സജീവമായിരുന്നവരായിരുന്നു.

കേരളം, ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലൊക്കെ തന്നെ സിനിമയില്‍ നിന്നും രാഷ്ട്രീയ പ്രവേശനവും അതിനുള്ള ശ്രമങ്ങളുമൊക്കെ നടന്നിട്ടുണ്ടെങ്കിലും തമിഴ്നാട്ടിലുളളത്ര മുന്നേറ്റം ഉണ്ടായതായി അറിവില്ല. പല സംസ്ഥാനങ്ങളിലും താരങ്ങള്‍ തങ്ങളുടെ ജനപ്രീതി ഒരു ചവിട്ടുപടിയായി പ്രയോഗിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഭൂരിഭാഗവും പച്ച പിടിച്ചിരുന്നില്ല. സിനിമാ ഹാളുകള്‍ തന്നെ തമിഴ്നാട്ടില്‍ ഒരു സാമൂഹിക സമത്വത്തിന്റെ പ്രതീകമായാണ് കാണപ്പെടുന്നത്. എല്ലാ തമിഴരും ഒരേ മേല്‍ക്കൂരക്ക് കീഴില്‍ ഒത്തുകൂടുന്നിടത്ത് രാഷ്ട്രീയത്തിന് വലിയ സ്വാധീനം തന്നെയാണുള്ളത്. കേവലം സൂപ്പര്‍ താരം എന്നതിപ്പുറത്തായിരുന്നു തമിഴകത്ത് എം.ജി.ആര്‍ എന്ന നടന്റെ അല്ലെങ്കില്‍ രാഷ്ട്രീയ നേതാവിന്റെ സ്ഥാനമുണ്ടായിരുന്നത്.

കൃത്യമായ രാഷ്ട്രീയ അവബോധവും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും സ്വാധീനങ്ങളും എല്ലാം അദ്ദേഹത്തെ രാഷ്ട്രീയത്തില്‍ സഹായിച്ചിരുന്നു. സൂപ്പര്‍സ്റ്റാര്‍ പദവികൊണ്ട് മാത്രം ആ പിന്തുണ ലഭിക്കില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണം വരെയെത്തി പിന്തിരിഞ്ഞ രജനികാന്തും മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിയുണ്ടാക്കി വിജയം തൊടാനാകാതെ പിന്നോട്ടുപോയ ഉലകനായകന്‍ കമല ഹാസനും. സിനിമയിലൂടെ നേടിയ ജനപ്രീതി മാത്രം പോര ജനപിന്തുണയ്ക്ക് എന്നതാണ് സത്യം. ജനങ്ങളെ സേവിക്കാനുള്ള കഴിവ് അവര്‍ക്കുണ്ടെന്ന ജനങ്ങളുടെ ആത്മവിശ്വാസമാണ് ഒരോ രാഷ്ട്രീയകാരനെയും വിജയിപ്പിക്കുന്നത്.

അഭിനയ രാജാവായ ശിവാജി ഗണേശന്‍ മുതല്‍ വിജയകാന്ത്, ശരത് കുമാര്‍, കര്‍ണാസ്, കെ. ഭാഗ്യരാജ്, കാര്‍ത്തിക്, ഖുശ്ബു സുന്ദര്‍, രാധ രവി വരെയുള്ള സിനിമ താരങ്ങള്‍ ചെറുതും വലുതുമായ പ്രസ്ഥാങ്ങളിലൂടെ കരകയറാന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ഇവര്‍ക്കാര്‍ക്കും സാധിച്ചിരുന്നില്ല. അന്തരിച്ച വിജയകാന്ത് മാത്രമായിരുന്നു എം.ജി.ആറിനു ശേഷം രാഷ്ട്രീയത്തില്‍ പിന്നെയെങ്കിലും പറയത്തക്ക വിധത്തിലുള്ള നേട്ടം കൈവരിച്ചത്.

എംജിആറിനൊപ്പം സ്‌ക്രീനില്‍ ജോഡിയായ പ്രധാന നായികമാരില്‍ ഒരാളായിരുന്നു ജയലളിത. എംജിആര്‍ തന്നെയാണ് അവരെ ദ്രാവിഡ പാര്‍ട്ടിയില്‍ ചേര്‍ത്തതും. 1984 ല്‍ എംജിആര്‍ വൈദ്യചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതുവരെ പാര്‍ട്ടി റാലികളില്‍ അദ്ദേഹത്തോടൊപ്പം പതിവ് സാന്നിധ്യമായിരുന്നു ജയലളിത. രാഷ്ട്രീയത്തില്‍ ജയലളിതയുടെ ജനപ്രീതി എംജിആറില്‍ നിന്നാണ് ആരംഭിച്ചത്. പിന്നീടങ്ങോട്ട് ജയലളിതയുടെ കാലമായിരുന്നു. തലൈവിയുടെ വരവോടെ തമിഴ് മക്കളുടെ പിന്തുണ അപ്പാടെ അങ്ങോട്ട് ചരിഞ്ഞു. തമിഴകത്തിന്റെ അമ്മയായി മാറിയ തലൈവി ആറ് തവണയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നത്. എംജിആറിന്റെ പിന്‍ഗാമിയായി എത്തിയ തലൈവി അധികാരം അതിന്റെ എല്ലാ സാധ്യതകളോടെയും ഉപയോഗിക്കാന്‍ പഠിച്ച രാഷ്ട്രീയ നേതാവായിരുന്നു.

തമിഴ് രാഷ്ട്രീയത്തില്‍ എം.ജി.ആറിനും ജയലളിതക്കും ശേഷം ഒരു ചലച്ചിത്ര താരത്തിനും അത്രത്തോളം വലിയൊരു ചലനമുണ്ടാക്കാന്‍ സാധിക്കാതെ നില്‍ക്കുന്നൊരു സമയത്താണ് തന്റെ 49 മത്തെ വയസില്‍ ജോസഫ് വിജയ് ചന്ദ്രശേഖര്‍ തമിഴ് രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുന്നത്. ഇളയ ദളപതിയായി തമിഴകത്തെത്തിയ വിജയ് കരിയറിന്റെ പീക്ക് ടൈമില്‍ നില്‍ക്കുമ്പോളാണ് നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നത്. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയുമായി അരസിയല്‍ മന്നനാകാന്‍ തീരുമാനച്ച വിജയുടെ പ്രവേശന സമയം ഒരു കണക്കിന് ബെസ്റ്റ് ടൈമിലാണെന്ന് വേണമെങ്കില്‍ പറയാം. ഇതിനോടകം തന്നെ വന്‍തോതിലുള്ള പിന്തുണയും വിജയ്ക്കും പാര്‍ട്ടിക്കും ലഭിച്ചിട്ടുമുണ്ട്.

അടുത്ത തെരഞ്ഞെടുപ്പില്‍ ഉദയനിധിയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാനുള്ള നീക്കമാണ് സ്റ്റാലിന്റേതെന്നാണ് ഉയരുന്ന ആരോപണങ്ങള്‍. ഇപ്പോള്‍ ഉപമുഖ്യമന്ത്രിയായിരിക്കുന്ന ഉദയനിധി സ്റ്റാലിന്റെ പാത പിന്തുരാനുള്ള സാധ്യത ഏറെയാണ്. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എം.കെ സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയിരുന്നു. സ്റ്റാലിന്റെ വഴിയില്‍ തന്നെ ഉദയനിധിക്കും അവസരമൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2026ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ പ്രധാന മുഖമായി ഉദനയനിധിയെ മാറ്റാനും ഡിഎംകെ ലക്ഷ്യമിടുന്നുണ്ട്.

ഉപമുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകളോട് നേരത്തെ ഉദയനിധി പ്രതികരിച്ചിരുന്നു. ഡിഎംകെ സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടിമാരായി പ്രവര്‍ത്തിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനമാ മേഖലയിലും പരിചിത മുഖമാണ് ഉദനയനിധി സ്റ്റാലിന്റേത്. അങ്ങനെ വരുകയാണെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയ് – ഉദയനിധി നേര്‍ക്കു നേര്‍ പോരാട്ടമുണ്ടായേക്കാം.

CONTENT HIGH LIGHTS; Tamil Politics Like Thriller Action Movie: Is Dalapathy’s Arrival and Seat of Power Exciting Tamils?; Will Vijay win where Kamal and Rajini lost?

Latest News