ഒരു നാടിന്റെ സമാധാനത്തെ തല്ലിക്കെടുത്തി, ആ നാടിനെ ശവപ്പറമ്പാക്കി മാറ്റി, ജീവനുള്ളവരെയെല്ലാം പലായനം ചെയ്യിച്ച് അവിടം സ്വന്തമാക്കാമെന്നുള്ള മോഹം കൊണ്ടു നടക്കുന്ന അമേരിക്കന്‍ ഭരണാധികാരികള്‍ക്കെതിരേ അമേരിക്കയിലെ തന്നെ മനുഷ്യാവകാശ സംഘടന രംഗത്തു വന്നിരിക്കുകയാണ്. യുദ്ധക്കുറ്റകൃത്യം നടത്തിയ മുന്‍ പ്രസിഡന്റും നിലവിലെ പ്രസിഡന്റിനുമെതിരേ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി അമേരിക്കയിലെ മനുഷ്യാവകാശ സംഘടനയാണ് അന്താരാഷ്ട്രാ ക്രിമിനല്‍ കോടതിെ സമീപിച്ചിരിക്കുന്നത്. അണേരിക്കയുടെ ഇടപെടല്‍ കൊണ്ട് രണ്ടു തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായത്. അതായത്, അമേരിക്കയ്ക്കു വേണമെങ്കില്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് അര്‍ത്ഥം.
എന്നാല്‍, യുദ്ധം അവസാനിക്കാന്‍ പാടില്ലെന്നും, ഇടവേളകള്‍ ആകാമെന്നുമാണ് അമേരിക്കയുടെ നയം എന്നു വ്യക്തം. ഇത് ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ഇസ്രയേലും ഹമാസും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതു മുതല്‍ അമേരിക്കയുടെ സൈനിക സഹായം ഇസ്രയേലിന് ലഭിച്ചിട്ടുണ്ട്. ഇത് സാധാരണയിലും അധികമായിരുന്നുവെന്നും മനുഷ്യാവകാശ സംഘടന ആരോപിക്കുന്നുണ്ട്. മാത്രമല്ല, ട്രമ്പിന്റെ അധികാരമേറ്റെടുക്കലിനു ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയത്, ഗാസയെ സ്വന്തമാക്കണമെന്നാണ്. ഗാസയെ കോളനിയാക്കാന്‍ ആഗ്രഹിച്ചാണോ ഇസ്രയേല്‍ -പാലസ്തീല്‍ യുദ്ധം തന്നെ നടക്കുന്നതെന്നും സംശയിക്കാം.
മാത്രമല്ല, ഇസ്ലാം രാഷ്ട്രങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക നീങ്ങുന്നത്. ഇതിനു വേണ്ടി ഇസ്രയേലിനെ ആയുധമാക്കുന്നുവെന്നേയുള്ളൂ എന്നാണ് വിമര്‍ശം. ഇതു കൂടി കണക്കിലെടുത്താണ് ഗാസ മുനമ്പിലെ യുദ്ധക്കുറ്റകൃത്യങ്ങള്‍ക്ക് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും, ‘നീതി തടസ്സപ്പെടുത്തിയതിന്’ നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെയും അന്വേഷണം വേണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട് ആവശ്യപ്പെട്ട് അമേരിക്ക ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജനുവരി 19 ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രോസിക്യൂട്ടര്‍ കരിം ഖാന് 172 പേജുള്ള ഒരു അപേക്ഷ സമര്‍പ്പിച്ചതായി ഡെമോക്രസി ഫോര്‍ ദി അറബ് വേള്‍ഡ് നൗ സംഘടന പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
ഇസ്രയേലിന്റെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയതിന് ബൈഡനെതിരയെും മുന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും മുന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും എതിരെയും ഐ.സി.സി അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്. ബൈഡന്റെ കീഴില്‍ ഇസ്രയേല്‍ ഭരണകൂടം ഗാസയില്‍ വംശഹത്യ നടത്തിയപ്പോള്‍ 2023 ഒക്ടോബര്‍ മുതല്‍ 2024 ഒക്ടോബര്‍ വരെ മാത്രം അമേരിക്ക ഇസ്രയേലിന് 17.9 ബില്യണ്‍ ഡോളര്‍ സൈനിക സഹായമാണ് നല്‍കിയത്. ഇസ്രയേലിന് അമേരിക്ക പതിവായി നല്‍കുന്ന വാര്‍ഷിക സൈനിക സഹായത്തിന്റെ ആറിരട്ടിയായിരുന്നു ഇത്. അമേരിക്കന്‍ പിന്തുണയില്ലാതെ ഇസ്രയേലിന് ഗാസയില്‍ യുദ്ധക്കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.
ഇതാദ്യമായാണ് അമേരിക്ക ആസ്ഥാനമായുള്ള ഒരു സംഘടന മുന്‍ പ്രസിഡന്റിനെതിരെ അന്വേഷണം നടത്താന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട് ആവശ്യപ്പെടുന്നത്. ഇസ്രയേലിന്റെ കുറ്റകൃത്യങ്ങളില്‍ ജോ ബൈഡന്‍, ആന്റണി ബ്ലിങ്കെന്‍, ലോയ്ഡ് ഓസ്റ്റിന്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷിക്കാന്‍ ശക്തമായ കാരണങ്ങളുണ്ട്. പലസ്തീന്‍ ആശുപത്രികളിലും സ്‌കൂളുകളിലും വീടുകളിലും വര്‍ഷിച്ച ബോംബുകള്‍ അമേരിക്കന്‍ ബോംബുകളാണ്. എല്ലാ നടന്നത് അമേരിക്കയുടെ പിന്തുണയോടെയാണെന്നാണ് സംഘടനയിലെ അംഗമായ റീഡ് ബ്രോഡി പറഞ്ഞത്. കൂടാതെ, ഗാസയില്‍ നിന്ന് എല്ലാ പലസ്തീനികളെ ബലമായി ഒഴിപ്പിച്ച് പ്രദേശം പിടിച്ചെടുക്കാനുള്ള പദ്ധതി നിര്‍ദേശിച്ച ട്രംപ് കടുത്ത നിയമലംഘനങ്ങളാണ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ട്രംപ് നീതിയെ തടസ്സപ്പെടുത്തുക മാത്രമല്ല, ഇസ്രയേലി കുറ്റവാളികളെ രക്ഷിക്കുക കൂടിയാണ് ചെയ്യുന്നതെന്ന് സംഘടനയുടെ അഭിഭാഷക ഡയറക്ടര്‍ റെയ്ഡ് ജറാര്‍ പറഞ്ഞു. ഗാസയില്‍ നിന്ന് എല്ലാ പലസ്തീനികളെയും മാറ്റാനുള്ള ട്രംപിന്റെ പദ്ധതിയെക്കുറിച്ചും അന്വേഷണം വേണം. ഇസ്രയേലിന്റെ കുറ്റകൃത്യങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് മാത്രമല്ല, ജനങ്ങള്‍ക്ക് മേലുള്ള ഇത്തരം നിര്‍ബന്ധിത തീരുമാനങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് ജറാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇസ്രയേല്‍ നൂറുകണക്കിന് പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നത് നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് ഗാസ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ‘മനഃപൂര്‍വ്വം അട്ടിമറിച്ചു’ എന്ന് ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോ അംഗമായ ബാസെം നയിം തുറന്ന് പറഞ്ഞിരിക്കുകയാണ്.
മോചിപ്പിക്കപ്പെടാനിരുന്ന 620 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടയക്കുന്നതുവരെ ഹമാസ് കൂടുതല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നും അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബാസെം നയിം പറഞ്ഞു. അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് 620 തടവുകാരെ മോചിപ്പിച്ച മുന്‍ ഘട്ടം പൂര്‍ത്തിയാക്കണം. വീണ്ടും ഒരു യുദ്ധത്തിനുള്ള അന്തരീക്ഷമൊരുക്കുകയാണ് നെതന്യാഹുവെന്നും അദ്ദേഹം പറഞ്ഞു. കരാറിന്റെ രണ്ടാം ഘട്ടത്തിലെത്താന്‍ ചര്‍ച്ചകള്‍ തുടരണമെന്ന് മധ്യസ്ഥര്‍ ഇരുകൂട്ടരോടും പറഞ്ഞിട്ടുണ്ടെങ്കിലും നെതന്യാഹു അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ തയ്യാറാണോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം.
നെതന്യാഹു ഗാസയ്‌ക്കെതിരായ യുദ്ധം പുനരാരംഭിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും എന്നാല്‍ അതിനെതിരെ ഇസ്രയേലി പൊതുജനങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവരുമെന്നും ഇസ്രയേലി വാര്‍ത്താ ഏജന്‍സിയായ ലോക്കല്‍ കോളിന്റെ എഡിറ്ററായ മെറോണ്‍ റാപ്പോപോര്‍ട്ട് പറഞ്ഞതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ ലോകമെമ്പാടുമുള്ള മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നീതിയുടെയും നിഷ്പക്ഷതയുടെയും തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ഇറാനിയന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞു. ചില രാജ്യങ്ങള്‍ മനുഷ്യാവകാശങ്ങളെ മറ്റ് രാജ്യങ്ങളുടെ മേല്‍ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദ്ദം ചെലുത്തുന്നതിനോ അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനോ ഒരു ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തുറന്ന് പറഞ്ഞു.
ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ 58-ാമത് സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്ന അദ്ദേഹം. ചില സര്‍ക്കാരുകള്‍ സ്വന്തം അജണ്ടകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പലര്‍ക്കും നേരെ തിരിയുകയാണെന്നും അദ്ദേഹം പറഞ്ഞു. നീതിയുടെയും നിഷ്പക്ഷതയുടെയും തത്വങ്ങളെ അടിസ്ഥാനമാക്കി മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ എല്ലാ സര്‍ക്കാരുകളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള ഏറ്റവും വലിയ തടസ്സങ്ങളിലൊന്നാണ് ഇപ്പോള്‍ നടക്കുന്ന നടപടികളെന്ന് ഉന്നത നയതന്ത്രജ്ഞന്‍ ആരോപിച്ചു. ‘ഈ നടപടികള്‍ സാധാരണക്കാരെയും ദുര്‍ബല വിഭാഗങ്ങളെയും ദോഷമായി ബാധിക്കും.
ഇറാന്‍ വളരെക്കാലമായി ഇത്തരം തെറ്റായ നയങ്ങളുടെ ഇരയാണെന്നും എല്ലാ ഏകപക്ഷീയമായ ഉപരോധങ്ങളും ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അരാഗ്ചി പറഞ്ഞു. ചില രാജ്യങ്ങള്‍ പലപ്പോഴും മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ മറവില്‍ രാഷ്ട്രീയ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുകയും അംഗരാജ്യങ്ങള്‍ക്കിടയിലുള്ള വിശ്വാസം നശിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള ഇസ്രയേലിന്റെ ലംഘനമാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം. പലസ്തീന്‍ ജനതയുടെ കഷ്ടപ്പാടുകളും ഇസ്രയേല്‍ ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങളും പരാമര്‍ശിക്കാതെ ഒരാള്‍ക്ക് മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ലെന്നും, ഗാസയിലെ വംശഹത്യയെയും ഇസ്രയേലിന്റെ ആസൂത്രിതമായ അക്രമത്തെയും അധിനിവേശത്തെയും ഇറാന്‍ ശക്തമായി അപലപിക്കുന്നുവെന്നും ഈ കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രയേലിനെ ഉത്തരവാദിയാക്കണമെന്നും അരാഗ്ചി പറഞ്ഞു. സ്വേച്ഛാധിപത്യത്തിനും അധിനിവേശത്തിനുമെതിരായ ചെറുത്തുനില്‍പ്പ് ഒരിക്കലും അവസാനിക്കില്ലെന്ന് ഇസ്ലാമിക വിപ്ലവത്തിന്റെ നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനി വ്യക്തമാക്കി. അന്തിമ ലക്ഷ്യം കൈവരിക്കുന്നതുവരെ അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഐറിഷ് സിന്‍ ഫെയ്ന്‍ രാഷ്ട്രീയക്കാരിയും ഡബ്ലിന്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് അംഗവുമായ ലിന്‍ ബോയ്‌ലാന് അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് ഇസ്രയേലിനെ ‘തെമ്മാടി’ എന്ന് വിളിച്ച് അധിക്ഷേപിച്ചു. അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന് മേല്‍ ഉത്തരവാദിത്വത്തങ്ങളൊന്നും ഏല്‍പ്പിക്കാത്തതിന്റെ ഫലമാണ് ഇസ്രയേലിന്റെ ഈ ക്രൂരമായ പെരുമാറ്റത്തിന് കാരണമെന്നും അവര്‍ പറഞ്ഞു. ഇസ്രയേല്‍ ഒരു തെമ്മാടി രാഷ്ട്രമാണെന്നും ഈ ധിക്കാരം അന്താരാഷ്ട്ര നിയമങ്ങളോടുള്ള അവരുടെ കടുത്ത അവഗണനയാണെന്നും അവര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍-പലസ്തീന്‍ പ്രതിനിധി സംഘത്തിന്റെ അധ്യക്ഷ കൂടായായ ബോയ്‌ലാനും മറ്റൊരു അംഗമായ റിമ ഹസ്സനും ബെന്‍-ഗുരിയോണ്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇസ്രയേല്‍ അവര്‍ക്കുള്ള പ്രവേശനം നിഷേധിക്കുകയും യൂറോപ്പിലേക്ക് മടങ്ങാന്‍ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.
പലസ്തീന്‍ ഉദ്യോഗസ്ഥരുമായും അവിടുത്തെ ജനങ്ങളുമായും കൂടിക്കാഴ്ച നടത്താന്‍ ബോയ്‌ലാന്‍ പദ്ധതിയിട്ടിരുന്നു. പക്ഷെ അതവര്‍ എതിര്‍തക്കുകയായിരുന്നു. അതിനെതിരെയാണ് ബോയ്‌ലാന്‍ പ്രതികരണവുമായെത്തിയത്. വീണ്ടുമൊരു യുദ്ധത്തിനുള്ള കാഹളം മുഴക്കിയാണ് ഇസ്രയേല്‍ പിന്നെയും തന്ത്രങ്ങള്‍ മെനയുന്നതെങ്കില്‍ അത് ഇസ്രയേലിനു വരുത്തി വെയ്ക്കാന്‍ പോകുന്നത് കടുത്ത പ്രത്യാഘാതങ്ങളായിരിക്കും. ഇസ്രയേലിനെ സഹായിക്കാനെത്തിയ അമേരിക്കയ്ക്ക് ഇപ്പോള്‍ സ്വന്തം രാജ്യത്ത് നിന്ന് തന്നെയാണ് എതിര്‍പ്പുകള്‍ വന്നു തുടങ്ങിയത്. അതുകൊണ്ട് എടുത്തു ചാട്ടങ്ങള്‍ കുറച്ചില്ലെങ്കില്‍ നെതന്യാഹുവിന് പല തിരിച്ചടികളും ഇനി നേരിടേണ്ടി വരും.
CONTENT HIGH LIGHTS; US Presidents Conspired to Burn Gaza: Human Rights Organization Demands Investigation Against Them at the International Criminal Court; Biden and Trump are war criminals