Explainers

ഫാഷിസ്റ്റ് അല്ലാത്ത ബി.ജെ.പി സര്‍ക്കാര്‍ കേരളത്തെ കടമെടുക്കാന്‍ അനുവദിക്കുമോ ?: അന്തര്‍ധാര സജീവമാക്കിയവര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍; കേരളം 10,000 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രാനുമതി തേടുന്നു

കടം വാങ്ങി കാര്യം സാധിച്ച് മുന്നോട്ടു പോകുന്ന ഒരു ‘കട സംസ്ഥാനം’ ആയി കേരളത്തെ മാറ്റിയിരിക്കുകയാണ് ഇടതുപക്ഷ മന്ത്രിസഭ. പ്രത്യക്ഷത്തില്‍ കാമട്ടുന്ന സാമ്പത്തിക അരാചകത്വത്തിന് പരോക്ഷമായി കേന്ദ്രത്തെ കുറ്റപ്പെടുത്തിക്കൊണ്ട്, കടപത്രം ഇറക്കി കടംവാങ്ങുകയാണ് ചെയ്തുകൊണ്ടേയിരിക്കുന്നത്. 2024-25 ബജറ്റ് അവതരിപ്പിച്ചിട്ടു പോലും യാതൊരു മാറ്റവും കേരളത്തിലുണ്ടാക്കാന്‍ സാധിക്കാത്ത ധനവകുപ്പിന്റെ കഴിവു കേടുകളുടെ മൂര്‍ത്തിമദ് ഭാവമാണ് ഇപ്പോള്‍ കാണാനാകുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരുമാസം ബാക്കി നില്‍ക്കേ കേരളത്തിന് കടം വാങ്ങാന്‍ അഴസരം തരണമെന്ന കാലുപിടുത്തവുമായി കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെയടുത്ത് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇതുവരെ എടുത്ത കടങ്ങളും, കിഫ്ബിയുടെ വായ്പയെന്ന കടവും, വയനാട് പുനരുദ്ധാരണത്തിന്റെ പണ്ട് കടമായുമെല്ലാം കേന്ദ്രം അനുവദിച്ചിട്ടും ഇനിയും കടം വാങ്ങാനുള്ള അനുമതി കിട്ടിയില്ലെങ്കില്‍ തകിടം മറിയുന്നത്, കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളടക്കമുള്ള ദൈനംദിന പ്രവൃത്തികളായിരിക്കും. അതുകൊണ്ട് മറ്റു മാര്‍ഗങ്ങളെല്ലാം അടഞ്ഞ സ്ഥിതിക്ക് കേന്ദ്രത്തോട് ചോദിക്കുകയേ നിവൃത്തിയുള്ളൂ എന്നതാണ് മുന്നിലുള്ള ഏക മാര്‍ഗം. അതിനായി ആര്‍.എസ്.എസ്സിനെയും, ബി.ജെ.പിയെയും, സംഘപരിവാരങ്ങളെയും ഫാഷിസ്റ്റുകള്‍ അല്ലെന്ന പ്രഖ്യാപനം നടത്തി സുഖിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇടതു ഭരണം കേരളത്തിലെങ്കിലും ഉറപ്പിച്ചു നിര്‍ത്താന്‍ അണികളുടെ പിന്തുണയല്ല, മറിച്ച്, കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ അകമഴിഞ്ഞ സഹായമാണ് ആവശ്യമെന്ന് തിരിച്ചറിഞ്ഞാണ് ഈ നീക്കം.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും പാര്‍ട്ടികളുടെയും പ്രത്യക്ഷത്തില്‍ കല്‍ച്ചയിലാണെങ്കിലും ഇരു കൂട്ടരുടെയും അന്തര്‍ധാര എപ്പോഴും സജീവമാണ് എന്നുവേണം കരുതാന്‍. ബി.ജെ.പി-ഇടതുപക്ഷം എന്നീ പാര്‍ട്ടികള്‍ ഭരണ-പ്രതിപക്ഷങ്ങളായിരിക്കുകയും കോണ്‍ഗ്രസ് ഇല്ലാതാവുകയും ചെയ്യുക എന്നതാണ് രാഷ്ട്രീയ തന്ത്രം. കോണ്‍ഗ്രസ് ഇല്ലാതാകണമെങ്കില്‍ ഇടതുപക്ഷം നിലനില്‍ക്കണം. സി.പി.എമ്മിന്റെ ആശയം വൈദേശിക പാര്‍ട്ടി ആശയമായതിനാല്‍ പ്രദേശിയ പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകേണ്ടതുണ്ട്. ഇത് ജനതാ പാര്‍ട്ടിയുടേതാവുകയാണ് കാലഘട്ടത്തിനനുസരിച്ചുള്ള ശറിയെന്ന് ചിന്തിക്കുകയാണ് ഇടതുപക്ഷ നേതാക്കള്‍. അതുകൊണ്ടു കൂടിയാണ് 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരട് നയരേഖയില്‍ ബി.ഡെ.പി-ആര്‍.എസ്.എസിനെ ഫാഷിസ്റ്റുകള്‍ അല്ലാതാക്കിയതു പോലും.

കേരളത്തിലെ ഇടതു ഭറണത്തിന്റെ തുടര്‍ച്ചയും, കേന്ദ്രത്തില്‍ ബി.ജെ.പി ഭരണത്തിന്റെ തുടര്‍ച്ചയും ഉറപ്പിക്കുന്നതിനുള്ള ത്വരിത ഗതിയിലുള്ള ഇടപെടലുകള്‍ അന്തര്‍ധാരയില്‍ നടക്കുന്നുണ്ട്. കേന്ദ്രത്തിന്റെ സാമ്പത്തിക ഞെരുക്കല്‍ കുറയ്ക്കാന്‍ ഈ നിലപാടുകള്‍ കാരണമാകുമെന്ന പ്രതീക്ഷയുണ്ട്. ഫാഷിസ്റ്റുകള്‍ എന്ന പദപ്രയോഗം പോലുും ബി.ജെ.പിയില്‍ നിന്നും എടുത്തു മാറ്റിയാല്‍ തീരുന്നത്, വലിയൊരു മറയാണ്. കേരളത്തില്‍ ബി.ജെ.പി എന്നത്, ഏകാധിപത്യ വര്‍ഗീയ സ്വഭാവമുള്ള ഫാഷിസ്റ്റുകളായിരുന്നു. അത് പ്രഖ്യാപിച്ചതും പ്രചരിപ്പിച്ചതും കോണ്‍ഗ്രസ്സുകാരെക്കാള്‍ കൂടുതല്‍ ഇടതുപക്ഷവും. അതേ ഇടതുപക്ഷം തന്നെ അവര്‍ ഫാഷിസ്റ്റുകളല്ലെന്ന് എഴുതിവെച്ച് പ്രഖ്യാപിക്കുമ്പോള്‍ ബി.ജെ.പിക്ക് കൂടുതല്‍ ജനകീയ മുഖമാണ് കിട്ടുന്നത്.

ഇത് കേരളത്തിലെ മുന്നേറ്റത്തിന് കാരണമാകും. കേരള സര്‍ക്കാരിനെ സാമ്പത്തികമായി സഹായിക്കാന്‍ പകരം നല്‍കുന്നത്, ഇതുവരെ വിളിച്ചിരുന്ന ഫാഷിസ്റ്റ് എന്നപേര് ഒഴിവാക്കുകയാണ്. ഈ ഒരു കോംപ്രമൈസ് കൊണ്ട് കൂടിയാണ് നിര്‍മ്മലാ സീതാരാമന്റെയടുത്തേക്ക് ബാലഗോപാലിന് പോകാന്‍ കഴിയുന്നതു പോലും. കേന്ദ്രം കടമെടുക്കാന്‍ അനുവദിക്കുമെന്നുറപ്പാണെന്നും കേരളം വിശ്വസിക്കുന്നുണ്ട്. മാത്രമല്ല, വയനാട് സഹായം കടമാക്കില്ലെന്നും, കിഫ്ബിയെ വായ്പാ പരിധിയില്‍ നിന്നും ഒഴിവാക്കുമെന്നും വിശ്വസിക്കുന്നുണ്ട്. നിലവില്‍ കേരളം ആവശ്യപ്പെടാന്‍ പോകുന്നത്, 10,000 കോടി രൂപ കൂടി കടമെടുക്കാന്‍ അനുമതി വേണമെന്നാണ്. ഇതോടൊപ്പം വൈദ്യുതിനഷ്ടം നികത്തുന്നതുമായി ബന്ധപ്പെട്ട് 0.5 ശതമാനം കടമെടുക്കാനാകും. ഇത് ഏകദേശം 5,500 കോടി രൂപ വരുമെന്നാണു കണക്കാക്കുന്നത്.

ഇതിന് അനുമതി നല്‍കണമെന്നും കേന്ദ്ര ധന സെക്രട്ടറിയോട് അപേക്ഷിക്കും. ഇത് രണ്ടും ലഭിച്ചാല്‍ 15000 കോടി ട്രഷറിയില്‍ എത്തും. കൂടാതെ മാര്‍ച്ചില്‍ ചരക്കു സേവന നികുതിയും വില്‍പ്പന നികുതിയും ഇനത്തില്‍ 9,000 കോടി രൂപ സംസ്ഥാന ഖജനാവിലെത്തുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. 24,000 കോടി രൂപ ലഭ്യമായാല്‍ മാര്‍ച്ചിലെ ചെലവുകള്‍ കൃത്യമായി ക്രമീകരിക്കാനാകും. 1920 കോടി രൂപയുടെ കടമെടുപ്പു നടപടികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നു പണം ലഭിച്ചിരുന്നു. തുടര്‍ന്ന് 605 കോടി കൂടെ കടം എടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് പരിധി പൂര്‍ണ്ണമായും തീര്‍ന്നതോടെയാണ് കേന്ദ്രത്തോട് വീണ്ടും കടമെടുക്കാന്‍ അനുമതി തേടിയത്.

കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ മാര്‍ച്ച് മാസം ട്രഷറി പൂട്ടേണ്ടി വരും. സാമ്പത്തിക വര്‍ഷാവസാന മാസം ട്രഷറി പൂട്ടി എന്ന ചീത്ത പേരും ബാലഗോപാലിന് കേള്‍ക്കേണ്ടി വരും. പദ്ധതി വിഹിതം 50 ശതമാനം വെട്ടിക്കുറച്ചിട്ടും ആനുകുല്യങ്ങള്‍ പലതും തടഞ്ഞ് വച്ചിട്ടും കാര്യങ്ങള്‍ മുന്നോട്ട് പോകാന്‍ കഴിയുന്നില്ല എന്നത് ഗുരുതര ധനകാര്യ മാനേജ്‌മെന്റ് വീഴ്ചയാണ്. ബാലഗോപാലിന് ധനകാര്യ മാനേജ്‌മെന്റ് വഴങ്ങുന്നില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ബാലഗോപാല്‍ ധനകാര്യ മന്ത്രിയാണോ, കടം വാങ്ങല്‍ മന്ത്രിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

ഫെബ്രുവരി 25നാണ് 1920 കോടി കടം എടുത്തത്. കടപ്പത്രം പുറപ്പെടുവിക്കുന്നതിനായുള്ള ലേലം റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടത്തിയാണ് കടമെടുത്തത്. ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് 40920 കോടിയായി. ഇതിനു പുറമേയാണ് ഇപ്പോള്‍ 10,000 കോടി കൂടി കടമെടുക്കാന്‍ ആവശ്യവുമായി കേന്ദ്രത്തിനു മുമ്പില്‍ പോകാനൊരുങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ 50 ശതമാനം കേരളം വെട്ടിച്ചുരുക്കിയിരുന്നു. ഓരോ വകുപ്പുകളും അതിനനുസരിച്ച് നേരത്തെ ഇറക്കിയ ഭരണാനുമതി ഉത്തരവുകള്‍ പുതുക്കി ഇറക്കുകയും ചെയ്തു. അതേ അവസരത്തില്‍ ഓരോ വകുപ്പുകളും വരുമാനം ഉയര്‍ത്താന്‍ തങ്ങളുടെ സര്‍വീസുകളുടെ ഫീസുകള്‍ കുത്തനെ ഉയര്‍ത്തുകയും ചെയ്തു. 100 ശതമാനം വരെ ഫീസ് ഉയര്‍ത്തിയ വകുപ്പുകള്‍ ഉണ്ട്.

ഇങ്ങനെ എല്ലാം ചെയ്തിട്ടും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞില്ല. ക്ഷേമ പെന്‍ഷന്‍ പോലും കൃത്യമായി കൊടുക്കാന്‍ കഴിയുന്നില്ല. 3 മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയാണ്. 4800 രൂപ വീതം ഓരോ ക്ഷേമ പെന്‍ഷന്‍കാരനും ലഭിക്കാനുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്തയും ക്ഷാമ ആശ്വാസവും അടക്കം ലഭിക്കാനുള്ള നിരവധി ആനുകൂല്യങ്ങള്‍ ആണ് തടഞ്ഞ് വച്ചിരിക്കുന്നത്. 6 ഗഡു ക്ഷാമബത്തയും ക്ഷാമ ആശ്വാസവും കുടിശികയാണ്. കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിന്റെ കുടിശിക ആകട്ടെ ഇതുവരെ നല്‍കിയതുമില്ല. കഴിഞ്ഞ പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ നാലാം ഗഡു പെന്‍ഷന്‍കാര്‍ക്ക് കൊടുക്കാന്‍ ഉത്തരവിറങ്ങിയെങ്കിലും പെന്‍ഷന്‍കാര്‍ക്ക് പണം ഇതുവരെ ലഭിച്ചില്ല. ഒരു വശത്ത് ഇഷ്ടക്കാരുടെ ശമ്പളം കുത്തനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും ശമ്പളം ലക്ഷങ്ങള്‍ ആയിട്ടാണ് വര്‍ദ്ധിപ്പിച്ചത്. പ്ലീഡര്‍മാരുടെ ശമ്പളവും ഉയര്‍ത്തി. കടം എടുക്കാതെ മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ഈ സഹാചര്യത്തില്‍ കേന്ദ്രത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് കെ.എന്‍. ബാലഗോപാല്‍ ഇരിക്കുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 2025-26ല്‍ 41691.4 കോടി രൂപ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ധനമന്ത്രി. കേന്ദ്ര നികുതി വിഹിതമായി 28616.50 കോടിയും കേന്ദ്ര ധനസഹായമായി 13074.90 കോടിയും അടക്കം 41691.40 കോടി ലഭിക്കുമെന്നാണ് ബാലഗോപാലിന്റെ കണക്ക് കൂട്ടല്‍. ആദായ നികുതി, കോര്‍പ്പറേഷന്‍ നികുതി, കേന്ദ്ര ചരക്ക് സേവന നികുതി, ചുങ്കം, കേന്ദ്ര എക്‌സൈസ് തിരുവകള്‍, മറ്റുള്ളവ എന്നിങ്ങനെയാണ് കേന്ദ്ര നികുതി വിഹിതമായി ലഭിക്കുന്നത്.

ആദായ നികുതിയാണ് ഇതില്‍ ഏറ്റവും മുന്നില്‍. 9594 കോടിയാണ് ആദായ നികുതി ഇനത്തില്‍ ലഭിക്കുക. കേന്ദ്ര നികുതി വിഹിതത്തിന്റെ 33.53 ശതമാനവും ആദായ നികുതിയാണ്. തൊട്ട് പിന്നില്‍ കോര്‍പ്പറേഷന്‍ നികുതിയാണ്. 8895 കോടിയാണ് കോര്‍പ്പറേഷന്‍ നികുതിയായി ലഭിക്കുക. ഇത് കേന്ദ്ര നികുതി വിഹിതത്തിന്റെ 31.08 ശതമാനമാണ്. കേന്ദ്ര ചരക്ക് സേവന നികുതിയാണ് മൂന്നാം സ്ഥാനത്ത്. 8800.50 കോടിയാണ് കേന്ദ്ര ചരക്ക് സേവന നികുതിയായി ലഭിക്കുക. ഇത് കേന്ദ്ര നികുതി വിഹിതത്തിന്റെ 30.75 ശതമാനം ആണ്. ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകളും ഇതര ഗ്രാന്റുകളും ആണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള സഹായ ധനമായി ലഭിക്കുക.

ധനകാര്യ കമ്മീഷന്‍ ഗ്രാന്റായി 3906.10 കോടിയും ഇതര ഗ്രാന്റായി 9153.71 കോടിയും ലഭിക്കും. സംസ്ഥാന ദുരന്ത പ്രതികരണ നിധി, ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റുകള്‍, നഗരപാലിക തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റുകള്‍, ആരോഗ്യ ഗ്രാന്റ് എന്നിവയാണ് ധനകാര്യ കമ്മീഷന്‍ കമ്മീഷന്‍ ഗ്രാന്റില്‍ വരുന്നത്. കേന്ദ്രാ വിഷ്‌കൃത പദതികള്‍ക്കുള്ള സഹായവും കേന്ദ്ര റോഡ് ഫണ്ടും ആണ് ഇതര ഗ്രാന്റില്‍ വരുന്നത്. 9106.80 കോടി രൂപയാണ് കേന്ദ്രാ വിഷ്‌കൃത പദ്ധതികള്‍ക്കുള്ള സഹായമായി ലഭിക്കുക. ഇതെല്ലാം പ്രതീക്ഷകളാണ്. എന്നാല്‍, പ്രതീക്ഷിച്ചിരിക്കാനാവാത്ത സ്ഥിതിയാണ് കേരളത്തിന്റേത്.

ധനപ്രതിസന്ധി ഭീമമാണ്. ഇതിനിടയിലാണ്, പാര്‍ട്ടി ആശ്രിതര്‍ക്കുള്ള ശമ്പള വര്‍ദ്ധനവും, ആനുകൂല്യ വിതരണവും നടത്തുന്നത്. അതിനൊന്നും കുറവു വരുത്താതെയാണ് മുന്നോട്ടു പോകുന്നതും. നിലവില്‍ 10,000 കോടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയാല്‍ പിടിച്ചു നില്‍ക്കാനാകുമെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തല്‍. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ച്, പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലുകള്‍ കൂടി ഉണ്ടായാല്‍ കേന്ദ്രം കടമെടുക്കാന്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷ.

CONTENT HIGH LIGHTS; Will a Non-Fascist BJP Government Allow Kerala to Borrow?: The Give-and-Give Between Intrepid Activists; Kerala seeks central approval to borrow another Rs 10,000 crore

Latest News