Explainers

ഗാസയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ സ്വര്‍ണ്ണ പ്രതിമ: ഒരു ആഡംബര തീരദേശ നഗരമായി ഗാസ മാറുന്നു; ഇനി തുരങ്കങ്ങളില്ല, ഇനി ഭയമില്ല, മനോഹരമായ ബീച്ചുകള്‍, നൈറ്റ്ക്ലബ്ബുകള്‍, ബഹുനില കെട്ടിടങ്ങള്‍, ഈന്തപ്പനകള്‍; AI നിര്‍മ്മിത വീഡിയോ ലോകത്തോട് പറയുന്നതെന്ത് ?

രാജമൗലി എന്ന സിനിമാ സംവിധായകന്‍ തീര്‍ത്ത ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികവുറ്റതും മിഴിവുറ്റതുമായ സിനിമയാണ് ‘ബാഹുബലി’. ആ സിനിമയിലെ വില്ലന്‍ ഭല്ലാല്‍ ദേവനാണ്. ബാഹുബലിയെ പ്രതിയാക്കി, അമ്മയുടെ മുമ്പില്‍ നിര്‍ത്തുകയും, ഒടുവില്‍ കൊല്ലാനുള്ള ഉത്തരവ് വാങ്ങിക്കുകയും ചെയ്ത് കട്ടപ്പയെ കൊണ്ട് കൊല്ലിക്കുകയും ചെയ്താണ് സിംഹാസനവും മഹിഷ്മതി കൊട്ടാരവും സ്വന്തമാക്കുന്നത്. ബാഹുബലിയുടെ പേരുപോലും ഉച്ചരിക്കാന്‍ ദേശവാസികള്‍ക്ക് അനുവാദമില്ലായിരുന്നു. ഭല്ലാല്‍ ദേവന്റെ സ്വര്‍ണ്ണപ്രതിമ സ്ഥാപിക്കുന്ന ചടങ്ങിനിടയിലാണ് ബാഹുവലിയുടെ മകന്‍ മഹിഷ്മതിയിലെത്തുന്നത്. ഇത് രാജമൗലിയുടെ സിനിമ. കോടികള്‍ കൊയ്ത സിനിമയുടെ പകര്‍പ്പു പോലെ ഇതാ യഥാര്‍ഥത്തില്‍ ഒരു സംഭവം നടക്കുന്നു.

അല്ലെങ്കില്‍ അങ്ങനെ നടക്കാന്‍ പോകുന്നുവെന്ന് കാണിക്കുന്ന വീഡിയ.ാേ വരുന്നു. അതും അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാഗത്തു നിന്നും. ഈ വീഡിയോയും അതിനോടുള്ള എതിര്‍പ്പും വിയോജിപ്പും അനുകൂല ചിന്തകളുമാണ് ലോകത്താകമാനം നിറയുന്നത്. ഗാസയുടെ ഏറ്റെടുക്കലും, അതിന്റെ അധീശത്വവും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കുന്നതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൊണ്ട് നിര്‍മ്മിച്ച വീഡിയോയില്‍ പറയുന്നത്. അതില്‍ ഏറ്റവും ഹൈലൈറ്റായിട്ടുള്ളത്, മഹിഷ്മതി സാമ്രാജ്യത്തില്‍ ഭല്ലാല്‍ ദേവന്‍ സ്ഥാപിച്ച തന്റെ സ്വര്‍ണ്ണ പ്രതിമ പോലൊന്ന്, ഗാസയില്‍ ഡൊണാള്‍ഡ് ട്രംപും ഉയര്‍ത്തിയിട്ടുണ്ട് എന്നതാണ്. സിനിമയില്‍ ഭല്ലാല്‍ ദേവനാണ് വില്ലനെങ്കില്‍ ഗാസയില്‍ വില്ലന്‍ ഡൊണാള്‍ഡ് ട്രംപാണ്.

അര്‍ഹതയില്ലാത്ത, അധികാരം ഉപയോഗിച്ചാണ് ഭല്ലാല്‍ ദേവന്‍ മഹിഷ്മതിയില്‍ തന്റെ സ്വര്‍ണ്ണ പ്രതിമ സ്ഥാപിക്കുന്നത്. സമാന രീതിയിലാണ് ഡൊണാള്‍ഡ് ട്രംപും തന്റെ സ്വര്‍ണ്ണ പ്രതിമ ഗാസയില്‍ സ്ഥാപിക്കുന്നത്. അമേരിക്കയ്‌ക്കോ ട്രംപിനോ ഒരു അര്‍ഹതയില്ലാത്ത ഇടമാണ് ഗാസ. ഭല്ലാല്‍ ദേവന്റെ പ്രതിമ ഉയര്‍ത്തുമ്പോള്‍ കയറിലെ പിടിവിട്ട് തൊഴിലാളികള്‍ മരിക്കുന്നുണ്ട്. ട്രംപിന്റെ AI വീഡിയോയില്‍ പറയുന്ന, സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ട്രംപ് പ്രതിമ ഗാസയില്‍ സ്ഥഛാപിക്കുകയാണെങ്കില്‍ എത്ര കൊലപാതകങ്ങളായിരിക്കും നടക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണണം. എന്തായാലും, ബാഹുബലി എന്ന സിനിമയിലെ ഭല്ലാല്‍ ദേവന്‍ തന്നെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും.

ഗാസയെ യുഎസ് ഏറ്റെടുക്കുകയും പാലസ്തീനികളെ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിച്ച ശേഷം യുദ്ധത്തില്‍ തകര്‍ന്ന മുനമ്പിനെ മിഡില്‍ ഈസ്റ്റിന്റെ റിവിയേര ആയി വികസിപ്പിക്കുകയും ചെയ്യുമെന്ന പ്രഖ്യാപനത്തോടെ ഡൊണാള്‍ഡ് ട്രംപ് ലോകത്തെ ഞെട്ടിച്ചിരുന്നു. അതേ രീതിയില്‍, ട്രംപിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഗാസയെക്കുറിച്ചുള്ള തന്റെ ‘ദര്‍ശനം’ എന്ന് വിളിക്കപ്പെടുന്നതിന്റെ നേര്‍ക്കാഴ്ചകള്‍ കാണിക്കുന്ന ഒരു വിചിത്രമായ AI- നിര്‍മിത വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. തകര്‍ന്ന എന്‍ക്ലേവിന്റെ ഒരു ക്ലിപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ‘ഗാസ 2025’ എന്ന് പച്ച, അക്ഷരങ്ങളില്‍ എഴുതിയിട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങളിലൂടെയും അവശിഷ്ടങ്ങളിലൂടെയും ആളുകള്‍ നടക്കുന്നതായി ഇത് കാണിക്കുന്നു.

തുടര്‍ന്ന് അടുത്ത വാചകം ചുവപ്പും നീലയും നിറങ്ങളില്‍ ‘അടുത്തത് എന്താണ്’ എന്ന് കാണിക്കുന്നു. ഇത് അമേരിക്കന്‍ പതാകയുടെ നിറങ്ങളെ സൂചിപ്പിക്കുന്നതാണ്. തുടര്‍ന്ന് ദൃശ്യങ്ങളില്‍, ആ പ്രദേശം ഒരു ആഡംബര തീരദേശ നഗരമായി മാറുന്നതാണ് കാണിക്കുന്നത്. മനോഹരമായ ബീച്ചുകള്‍, നൈറ്റ്ക്ലബ്ബുകള്‍, ബഹുനില കെട്ടിടങ്ങള്‍, ഈന്തപ്പനകള്‍ നിറഞ്ഞ റോഡുകളിലൂടെ ഓടുന്ന സ്പോര്‍ട്സ് കാറുകള്‍ എന്നിവയും കാണാം. പശ്ചാത്തലത്തില്‍ ഒരു ടെക്നോ-സ്‌റ്റൈല്‍ ഗാനം പ്ലേ ചെയ്യുന്നു. ‘ഡൊണാള്‍ഡ് ട്രംപ് നിങ്ങളെ സ്വതന്ത്രരാക്കും. ഇനി തുരങ്കങ്ങളില്ല, ഇനി ഭയമില്ല. ട്രംപ് ഗാസ ഒടുവില്‍ ഇവിടെയുണ്ട്. ട്രംപ് ഗാസ ശോഭനമായി തിളങ്ങുന്നു, സുവര്‍ണ്ണ ഭാവി, ഒരു പുതിയ ജീവിതം. ട്രംപ് ഗാസ ഒന്നാം നമ്പര്‍.

ട്രംപിന്റെ മുഖമുള്ള ഒരു സ്വര്‍ണ്ണ ബലൂണ്‍ പിടിച്ചിട്ടുള്ള ഒരു കുട്ടി, കടല്‍ത്തീരത്ത് യാട്ടുകള്‍, കുട്ടികള്‍ നോട്ടുകള്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ പണം വര്‍ഷിക്കുന്ന ഒരാള്‍. ‘ട്രംപ് ഗാസ’ എന്ന് കരുതപ്പെടുന്ന ഒരു ഹോട്ടല്‍, ട്രംപിന്റെ പ്രസിഡന്റിന്റെ ഭീമാകാരമായ സ്വര്‍ണ്ണ പ്രതിമ എന്നിവയും വീഡിയോയില്‍ കാണാം. ട്രംപിന്റെ പ്രിയപ്പെട്ട നിറമാണ് സ്വര്‍ണ്ണമെന്ന് വിശ്വസിക്കപ്പെടുന്നത്. പശ്ചാത്തലത്തില്‍ ടെസ്ല സി.ഇ.ഒ എലോണ്‍ മസ്‌ക് ആകാശത്ത് നിന്ന് പണമിടുന്നത് കാണാം. ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഷോര്‍ട്ട്‌സില്‍ കോക്ടെയിലുകള്‍ കുടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതാണ് വീഡിയോ. എന്താണ് ഈ വീഡിയോയുടെ അര്‍ത്ഥം. അതായത്, ഇസ്ലാം മതവിശ്വാസം ഉണ്ടായിരുന്ന ഒരു നാട്ടില്‍ വൈദേശികാധിപത്യം വരുന്നതോടെ വിശ്വാസത്തിനും മീതെയൊരു വിദേശത്വം വരികയാണ്.

ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ ഫലമായി നൂറുകണക്കിന് ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയും വീടുകള്‍ തകര്‍ന്നടിയുകയും ചെയ്ത ഗാസയിലെ നിലവിലെ മാനുഷിക സാഹചര്യം കണക്കിലെടുത്ത് നിരവധി നെഗറ്റീവ് കമന്റുകള്‍ ലഭിച്ച വീഡിയോയ്ക്ക് പ്രസിഡന്റ് അടിക്കുറിപ്പ് നല്‍കിയിട്ടില്ല. ‘പ്രിയപ്പെട്ട ഡൊണാള്‍ഡ്, ഗാസ വില്‍പ്പനയ്ക്കുള്ളതല്ല. അത് പലസ്തീനികളുടെതാണ്’ എന്ന് ഒരു ഉപയോക്താവ് പ്രസിഡന്റിനെ ഓര്‍മ്മിപ്പിച്ചപ്പോള്‍, മറ്റൊരാള്‍ വീഡിയോയെ ‘വളരെ കുറ്റകരവും ദുരിതമനുഭവിക്കുന്ന ജനങ്ങളോട് സംവേദനക്ഷമതയില്ലാത്തതുമാണ്’ എന്ന് പ്രതികരിക്കുന്നു. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനോട് പരാജയപ്പെട്ട മുന്‍ യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പരാമര്‍ശിച്ച് ‘ഒരുപക്ഷേ ഞാന്‍ കമലയ്ക്ക് വോട്ട് ചെയ്യണമായിരുന്നു’ എന്ന് ഒരാള്‍ കമന്റ് എഴുതിയിട്ടുണ്ട്.

‘ഒരു പ്രസിഡന്റ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതില്‍ വച്ച് ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യം’ എന്ന് ഒരു ഉപയോക്താവ് പറഞ്ഞു. ‘ഇത് ഭയങ്കരമാണ്… ഞങ്ങള്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്തതിനോ ഞങ്ങള്‍ ആഗ്രഹിക്കുന്നതിനോ വേണ്ടി നിലകൊള്ളുന്നതിനോ വേണ്ടിയല്ല ഇത്’ എന്ന് മറ്റൊരാള്‍ കുറിച്ചു. വൈറ്റ് ഹൗസില്‍ നെതന്യാഹുവുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ഫെബ്രുവരി 4നാണ് ട്രംപ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഗാസയുടെ ‘ദീര്‍ഘകാല യു.എസ് ഉടമസ്ഥാവകാശം’ തനിക്കുള്ളതായാണ് പറഞ്ഞത്.

‘ഞങ്ങള്‍ അത് സ്വന്തമാക്കും, കൂടാതെ സ്ഥലത്തെ എല്ലാ അപകടകരമായ ബോംബുകളും മറ്റ് ആയുധങ്ങളും പൊളിച്ചുമാറ്റുന്നതിനുള്ള ഉത്തരവാദിത്തവും ഞങ്ങള്‍ക്കായിരിക്കും. തകര്‍ന്ന കെട്ടിടങ്ങള്‍ ഞങ്ങള്‍ നിരപ്പാക്കുകയും പ്രദേശത്തെ ജനങ്ങള്‍ക്ക് പരിധിയില്ലാത്ത തൊഴിലവസരങ്ങളും വീടുകളും നല്‍കുന്ന ഒരു സാമ്പത്തിക വികസനം സൃഷ്ടിക്കുകയും ചെയ്യും,’ അദ്ദേഹം അന്ന് പറഞ്ഞു. ട്രംപിന്റെ ആശയം ‘ചരിത്രത്തെ മാറ്റിമറിക്കാന്‍ കഴിയുന്ന ഒന്ന്’ ആണെന്ന് ഇസ്രായേല്‍ നേതാവ് പറഞ്ഞു. അതേസമയം ട്രംപിന്റെ ആശയം ഗാസയ്ക്ക് വ്യത്യസ്തമായ ഒരു ഭാവിയാണ് വിഭാവനം ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപിന്റെ പ്രഖ്യാപനം ലോകമെമ്പാടും നിശിതമായി വിമര്‍ശിക്കപ്പെടുകയാണ്.

തുര്‍ക്കി ഈ നിര്‍ദ്ദേശം അസ്വീകാര്യമാണ് എന്ന് വിശേഷിപ്പിച്ചപ്പോള്‍, മിഡില്‍ ഈസ്റ്റിനെ അസ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഫ്രാന്‍സ് പറഞ്ഞു. റഷ്യ, ചൈന, സ്‌പെയിന്‍, അയര്‍ലന്‍ഡ്, യുകെ എന്നീ രാജ്യങ്ങള്‍ ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് പറഞ്ഞു. ‘പരിഹാസ്യവും അസംബന്ധവുമായ’ പ്രഖ്യാപനം മേഖലയെ ജ്വലിപ്പിക്കുമെന്നാണ് ഹമാസ് പ്രതികരിച്ചിരിക്കുന്നത്. യുദ്ധത്താല്‍ തകര്‍ന്ന പലസ്തീന്‍ പ്രദേശമായ ഗാസ മുനമ്പ് ഏറ്റെടുക്കുമെന്നും ‘അത് വികസിപ്പിക്കുമെന്നും’ ‘സ്വന്തമാക്കുമെന്നും’ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞപ്പോള്‍ത്തന്നെ മനസ്സിലായത്, അധിനിവേശത്തിന്റെ ആള്‍രൂപമാണെന്നാണ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍, ഗാസയുടെ ‘ദീര്‍ഘകാല യുഎസ് ഉടമസ്ഥത’ താന്‍ കാണുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഉറപ്പിച്ചു പറഞ്ഞപ്പോള്‍ നെതന്യാഹു ആയുധമാണെന്നും, ആവശ്യം ഗാസയാണെന്നും വ്യക്തമാക്കിക്കഴിഞ്ഞു.

ട്രംപിനൊപ്പം സംസാരിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ട്രംപിന്റെ ആശയം ‘ചരിത്രം മാറ്റിമറിക്കാന്‍ കഴിയുന്ന ഒന്നാണ്’ എന്നും ട്രംപ് ഗാസയ്ക്ക് വ്യത്യസ്തമായ ഒരു ഭാവി വിഭാവനം ചെയ്യുന്നുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു. അതായത്, ഇസ്ലാം രാഷ്ട്രങ്ങളെ തച്ചുടയ്ക്കുക എന്ന ലക്ഷ്യം നിറവേറ്റുകയെന്നാണ്. ഇസ്രായേലും പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസും 2023 ഒക്ടോബര്‍ മുതല്‍ അടുത്തിടെയുണ്ടായ വെടിനിര്‍ത്തല്‍ വരെ ഗാസയില്‍ രക്തരൂക്ഷിതമായ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.

ഇസ്രായേല്‍ ബോംബാക്രമണം സ്ട്രിപ്പിലെ മിക്കവാറും എല്ലാ ഘടനകളെയും നശിപ്പിച്ചു, ഇത് വാസയോഗ്യമല്ലാതാക്കുകയും ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. തന്റെ വികസന പദ്ധതിക്ക് ശേഷം ലോകമെമ്പാടുമുള്ള ആളുകള്‍ ഗാസയില്‍ താമസിക്കുന്നത് താന്‍ സങ്കല്‍പ്പിക്കുന്നുവെന്ന് പറഞ്ഞ ട്രംപ്, ഭാവിയില്‍ മിഡില്‍ ഈസ്റ്റിലേക്കുള്ള യാത്രയില്‍ ഗാസ, ഇസ്രായേല്‍, സൗദി അറേബ്യ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

ഏത് അധികാരത്തിന്‍ കീഴിലാണ് അമേരിക്ക ഗാസയുടെ അവകാശവാദം ഏറ്റെടുക്കുന്നതെന്ന് വ്യക്തമല്ല. ട്രംപിന്റെ പ്രഖ്യാപനത്തിന് നിരവധി രാജ്യങ്ങളില്‍ നിന്ന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. എന്തായാലും, ട്രംപിസം കൊണ്ട് ഗാസയുടെ അധിപനായി ട്രംപ് മാറുകയാണ്. അത് സമാധാനത്തിനു വേണ്ടി ആയിരിക്കില്ല എന്നുറപ്പാണ്. നാളെ സ്വന്തം നാടിനെ തിരിച്ചു പിടിക്കാന്‍ അമേരിക്കയുമായി പലസ്തീനിന് യുദ്ധം ചെയ്യേണ്ട അവസ്ഥ ഉണ്ടാവുമെന്നുറപ്പായിക്കഴിഞ്ഞു.

CONTENT HIGH LIGHTS; Gold statue of Donald Trump in Gaza: Gaza turns into a luxury coastal city; No more tunnels, no more fear, beautiful beaches, nightclubs, skyscrapers, palm trees; What does AI-generated video tell the world?

Latest News