Explainers

നികുതി വിഹിതം വെട്ടിക്കുറച്ച് കേരളത്തെ വരുതിയിലാക്കാന്‍ കേന്ദ്ര നീക്കം: ജനങ്ങള്‍ക്കു നല്‍കുന്ന സൗജന്യങ്ങള്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള കുറുക്കു വഴിയെന്ന് വിലയിരുത്തല്‍; വെടക്കാക്കി തനിക്കാക്കാനുള്ള കേന്ദ്രത്തിന്റെ സൈക്കോളജിക്കല്‍ മൂവ്

അധികാരത്തില്‍ ബി.ജെ.പിയും പ്രതിപക്ഷത്തില്‍ കോണ്‍ഗ്രസും ഇരിക്കുന്ന കാലമെല്ലാം കേരളത്തിന്റെ അവസ്ഥ അതി ദയനീയമാണെന്നു പറയാതെ വയ്യ. ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള കേന്ദ്ര ഗ്രാന്റുകള്‍ തടയാനും തീരുമാനിച്ചു കഴിഞ്ഞു. വയനാട് ഉരുള്‍ പൊട്ടലുമായി ബന്ധപ്പെട്ടുള്ള സഹായവും വായ്പയാക്കി. സംസ്ഥാനത്തിന്റെ വായ്പാ പരിധിയും വെട്ടിക്കുറച്ചു. ഇങ്ങനെ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക വരവില്‍ എവിടെയൊക്കെ ഇടപെടാനാകുമോ, അവിടെയൊക്കെ തടയിട്ടാണ് ഞെരുക്കുന്നത്.

ഇഇങ്ങനെ ഞെരുക്കുമ്പോള്‍ കേരള സര്‍ക്കാര്‍ ചെയ്യുന്നത്, അത് ജനങ്ങളുടെ മേല്‍ നികുതി ഭാരമായി കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കേന്ദ്രം അവര്‍ക്കിഷ്ടമുള്ള സംസ്ഥാനങ്ങളെ ബജറ്റില്‍ പരിഗണിക്കുന്നു. നികുതി വിഹിതം കുറയ്ക്കുന്നില്ല. പദ്ധതികള്‍ നല്‍കുന്നു. വായ്പാ പരിധി ഉയര്‍ത്തിക്കൊടുക്കുന്നു. അങ്ങനെ സമസ്ത മേഖലയിലും സഹായിക്കുന്നു. എന്നാല്‍, കേരളത്തോട് കടുത്ത വിയോജിപ്പ് കാണിക്കുകയും ചെയ്യുന്നു. ഇതേ രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് ചെയ്യുന്നത്. അവരുടെ ആശ്രിതര്‍ക്കും അണികള്‍ക്കും ക്ഷേമകാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുകയും, തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വരെ തടഞ്ഞു വെച്ചിരിക്കുകയാണ്,

ആശാ വര്‍ക്കര്‍മാരുടെ സമരത്തെ കണ്ണടച്ച് കാണാതിരിക്കുന്നതും മറിച്ചല്ല. ക്ഷേമ പെന്‍ഷന്‍ കുടിശികയാക്കിയതും മറക്കാനാവില്ല. ഇങ്ങനെയെല്ലാം ചെയ്യുമ്പോള്‍ പി.എസ്.സി ചെയര്‍മാനും, അംഗങ്ങള്‍ക്കും ശമ്പളം വര്‍ദ്ധിപ്പിക്കാനും, കിഫ്ബി ചെയര്‍മാന് ശമ്പളം വര്‍ദ്ധിപ്പിക്കാനും, പ്ലീഡര്‍മാരുടെ ശമ്പളം, എം.എല്‍.എമാകുടെ ഓണറേറിയം, നിയമ വിഭാഗത്തിലെ മേധാവിമാരുടെ ആനുകൂല്യങ്ങള്‍ നല്‍കല്‍ തുടങ്ങിയവയ്‌ക്കെല്ലാം അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ മനോനിലപോലെ ചെയ്യുന്ന സര്‍ക്കാര്‍ പറയുന്ന ന്യായം കേന്ദ്രം നല്‍കുന്നില്ല എന്നാണ്. ഇതില്‍ കാര്യമുണ്ടോ എന്നതാണ് പരിശോധിക്കപ്പെടേണ്ടത്. ക്ഷേമ പെന്‍ഷനുകള്‍ പോലുള്ള ‘സൗജന്യങ്ങള്‍’ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ ഉപയോഗിക്കുന്നു എന്ന പേരിലാണ് നടപടി.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ നീക്കം ഏറ്റവും വലിയ തിരിച്ചടിയാകാന്‍ പോകുന്നത് കേരളത്തിനാണ്. കേരളം നടപ്പാക്കിയിട്ടുള്ള ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ജനക്ഷേമ നടപടികള്‍ നിര്‍ത്തിക്കുക എന്നതു തന്നെയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. സംസ്ഥാന നികുതി വരുമാനത്തിലെ കുറവ് നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്ര ഗ്രാന്റുകള്‍ ചില വ്യവസ്ഥകള്‍ പാലിക്കുന്നതുമായി ബന്ധിപ്പിക്കുക എന്നതാണ് മോദി സര്‍ക്കാര്‍ പരിഗണിക്കുന്ന മാര്‍ഗ്ഗം. ആ വ്യവസ്ഥകള്‍ പാലിച്ചതിനുശേഷം മാത്രമേ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഗ്രാന്റിന് അര്‍ഹതയുണ്ടാവുകയുള്ളൂ. ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്ന കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ പൂട്ടുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കടം എഴുതിത്തള്ളല്‍, പെന്‍ഷന്‍, മറ്റ് സൗജന്യങ്ങള്‍ തുടങ്ങിയവയെല്ലാം ഈ പട്ടികയില്‍പ്പെടുത്താനാണ് നീക്കം. നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതത്തിന്റെ 41 ശതമാനമാണ് ലഭിക്കുന്നത്. ഇനി അത് 40 ശതമാനമായി കുറയ്ക്കാനാണ് നിര്‍ദ്ദേശം. 16ാം ധനകാര്യ കമ്മീഷന്‍ അദ്ധ്യക്ഷനായ അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലാണ് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. ഇത് കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചതിന് ശേഷം നികുതി വിഹിതത്തില്‍ 1 ശതമാനം കുറവ് വരുത്തണമെന്ന ശുപാര്‍ശ മാര്‍ച്ച് അവസാനത്തോടെ ഔദ്യോഗികമായി ധനകാര്യ കമ്മീഷന് മടക്കി നല്‍കും. വരുന്ന ഒക്ടോബറില്‍ ഇതുമായി ബന്ധപ്പെട്ട സമ്പൂര്‍ണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുന്നതോടെ നടപ്പാക്കാനാണ് പരിപാടി.

2026-27 സാമ്പത്തിക വര്‍ഷം നടപ്പാകുന്ന രീതിയിലാണ് സംസ്ഥാന നികുതി വിഹിതം കുറയ്ക്കല്‍ നിര്‍ദ്ദേശം തയ്യാറായിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതത്തില്‍ നിന്ന് 1 ശതമാനം കുറയ്ക്കുന്നതോടെ കേന്ദ്രത്തിന് 35,000 കോടിയോളം അധികമായി ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ഓരോ വര്‍ഷവും വ്യത്യാസപ്പെടാം. സംസ്ഥാനങ്ങള്‍ക്കു നീക്കിവെച്ചിരിക്കുന്ന വിഹിതത്തില്‍ വെറും 1.925 ശതമാനമാണ് കേരളത്തിന് ലഭിക്കുന്നത്. അതായത് കേന്ദ്രം ആകെ പിരിക്കുന്ന നികുതിയുടെ വെറും 0.78925 ശതമാനം മാത്രം. അടുത്ത വര്‍ഷത്തേക്ക് കേന്ദ്രത്തില്‍ നിന്നുള്ള കേരളത്തിന്റെ പ്രതീക്ഷിത നികുതി വിഹിതം 28,616 കോടി രൂപയാണ്.

നടപ്പുവര്‍ഷത്തേക്കുള്ള പുതുക്കിയ നികുതി അടങ്കല്‍ 25,550 കോടി രൂപ വരും. ഇതു തന്നെ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയാണ്. മാറിയ സാഹചര്യത്തില്‍ കേരളത്തിനുള്ള ഈ വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടാകും എന്നുറപ്പാണ്. കേരളത്തില്‍ നിന്ന് നികുതി പിരിച്ച് കേന്ദ്രത്തിന് കൃത്യമായി കൊടുക്കുകയും തിരികെ ഒന്നും കിട്ടാതിരിക്കുകയും ചെയ്യാതിരിക്കുക എന്ന അവസ്ഥയാണ് ഫലത്തില്‍ സംജാതമാവുക. നികുതി വിഹിതം കുറയ്ക്കുന്നത് കേന്ദ്ര- സംസ്ഥാന ബന്ധങ്ങളില്‍ കൂടുതല്‍ പിരിമുറുക്കമുണ്ടാക്കും. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നുവരും എന്നത് ഉറപ്പാണ്. മുമ്പ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതം 20 ശതമാനമായിരുന്നു.

അത് പിന്നീട് 1980ലാണ് 41 ശതമാനമായി വര്‍ധിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരുകളുടെ ചെലവും ആനുപാതികമായി വര്‍ദ്ധിച്ചിട്ടുണ്ട്. സമ്പദ്വ്യവസ്ഥയില്‍ സര്‍ക്കാര്‍ ചെലവഴിക്കലിന്റെ 60 ശതമാനവും സംസ്ഥാനങ്ങളുടെ വിഹിതമാണ്. ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകളിലാണ് ഇത് കൂടുതല്‍. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ചെലവ് ഭൗതിക അടിസ്ഥാന സൗകര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2017 ജൂലൈയില്‍ ദേശീയ ചരക്ക് സേവന നികുതി നടപ്പാക്കിയതിനുശേഷം സംസ്ഥാനങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ പരിമിതമായ വിവേചനാധികാരമേയുള്ളൂ.

കേന്ദ്രം പിരിക്കുന്ന നികുതികള്‍ പങ്കുവെയ്ക്കുമ്പോള്‍ ആ സംസ്ഥാനത്തിന്റെ ജനസാന്ദ്രതകൂടി കണക്കാക്കണമെന്ന് ധനകാര്യ കമ്മിഷന്‍ അധ്യക്ഷന്‍ അരവിന്ദ് പനഗാരിയയോട് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം മറ്റു സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായി. അപ്പോഴാണ് സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതം കുറയ്ക്കാനുള്ള കേന്ദ്ര നീക്കം.

CONTENT HIGH LIGHTS; Central move to bring revenue to Kerala by cutting tax share: Judging that the freebies given to the people are a short cut to make political profits; The psychological move of the center to cut off and make it its own

Latest News