Explainers

‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന് രമേശ് ചെന്നിത്തല: ആ വിളി മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കി; കളിയാക്കിയതോ അതോ കാര്യത്തില്‍ വിളിച്ചതോ; സഭയില്‍ തമ്മില്‍ വാക്കുതര്‍ക്കം, ബഹളം

നിയമസഭ നിര്‍ത്തിവെച്ച് മയക്കുമരുന്നിനും വര്‍ദ്ധിച്ചു വരുന്ന കൊലപാതകങ്ങള്‍ക്കുമെതിരേയുള്ള ചര്‍ച്ച നടക്കുകയാണ്. അടിയന്തിര പ്രമേയം അവതരിപ്പിച്ച മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസാരിക്കുന്നു. കേരളത്തിലെ തടവറകളില്‍ നിന്നും പുറത്തിറങ്ങുന്ന തടവുപുള്ളികള്‍ തൊട്ട്, പി.പി. ദിവ്യ വരെയുള്ളവരുടെ കാര്യങ്ങള്‍ അക്കമിട്ടു പറയുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ കൊടുത്തതും പരാമര്‍ശിച്ചു. അടിയന്തിരി പ്രമേയത്തിന് നേരത്തെ തന്നെ മുഖ്യമന്ത്രി എഴുതി തയ്യാറാക്കി കൊണ്ടുവന്ന മറുപടി പറഞ്ഞെങ്കിലും പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തതോടെ പ്രതിപക്ഷം രാഷ്ട്രീയം കൂടി ചേര്‍ത്താണ് ചര്‍ച്ച തുടങ്ങിയത്.

ചര്‍ച്ച ചൂടുപിടിച്ചു. ചെന്നിത്തല ടി.പി.കേസും, നവീന്‍ ബാബു കേസും എടുത്തു പുറത്തിട്ടു. ഇതോടെ മുഖ്യമന്ത്രിയുടെ ടെമ്പര്‍ ലൂസായി. അല്ലെങ്കിലും ടി.പി കേസുമായി ബന്ധപ്പെട്ട എന്തു ചര്‍ച്ച വന്നാലും മുഖ്യമന്ത്രിക്ക് കലിപ്പാണ്. മുഖ്യമന്ത്രിയെ ശുണ്ഠി പിടിപ്പിക്കണമെങ്കില്‍ ടി.പി കേസ് ചര്‍ച്ചയില്‍ കൊണ്ടു വന്നാല്‍ മതിയെന്നാണ് പ്രതിപക്ഷത്തെ ചര്‍ച്ചക്കാരുടെ ചിന്ത. ചെന്നിത്തലയും അതില്‍ തന്നെ പിടിച്ചു. ചര്‍ച്ചയുടെ ചൂടും ചൂരും മുറുകി. ചെന്നിത്തല കത്തിക്കയറി. സര്‍, ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്തു സന്ദേശമാണ് നിങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കുന്നത്. ചെറുപ്പക്കാര്‍ക്ക് എന്തു സന്ദേശമാണ് നിങ്ങള്‍ നല്‍കുന്നത് എന്നു പറഞ്ഞ് അടുത്ത പോയിന്റിലേക്കു പോകാന്‍ തുനിഞ്ഞതും മുഖ്യമന്ത്രി എണീറ്റു.

മുഖമെല്ലാം വലിഞ്ഞു മുറുകിയിട്ടുണ്ട്. വാക്കുകളുടെ കട്ടിയും, കൈയ്യുടെ ഏക്ഷനും (മുഖ്യമന്ത്രിയുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍) കണ്ടാല്‍ ശരീരഭാഷ മനസ്സിലാകും. എണീറ്റപാടെ ചെന്നിത്തലയെ നോക്കി ചോദിച്ചത്

‘ ഈ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു ചോദിച്ചു കൊണ്ട് കുറേ ചോദ്യങ്ങള്‍ അടിക്കടി ചോദിക്കുന്നുണ്ട്. ഓരോന്നിനും ഞാന്‍ ഇടയ്ക്കിടയ്ക്ക് ഉത്തരം പറയണമെന്നാണോ. വേണമെങ്കില്‍ അതാകാം. അതാണ് ഉദ്ദേശിക്കുന്നതെങ്കില്‍. ഇപ്പോ യൂത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് പറഞ്ഞില്ലേ. യൂത്തിന് ഈ സന്ദേശമാണോ നല്‍കേണ്ടത്. ഇപ്പോ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന സന്ദേശമാണോ നല്‍കേണ്ടത്. അദ്ദേഹം എന്താണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്തിനാണ് ഈ അവസരം ഉപയോഗിക്കുന്നത്. ഇത് സമൂഹം നേരിടുന്നൊരു വിപത്തിനെ നേരിടുന്ന രീതിയിലാണോ അദ്ദേഹം സംസാരിച്ചു കൊണ്ടിരിക്കുന്നത്. അതാണോ ശരിയായ രീതി. യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ കഴിയണം. ഇന്ന് നാട് നേരിടുന്ന പ്രശ്‌നം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയണം. ഇടയ്ക്കിടയ്ക്ക് ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്നു പറഞ്ഞിട്ട് ഒരു ചോദ്യം ചോദിച്ചാല്‍ മാത്രം പോര. നാടിന്റെ പ്രശ്‌നം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയണം.’ ഇതും പറഞ്ഞ് മുഖ്യമന്ത്രി ഇരുന്നു.

എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിയാതെ സ്പീക്കര്‍ ആദ്യമൊന്നു കുഴങ്ങി. ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്നു വിളിച്ചതാണ് മുഖ്യമന്ത്രിക്കു കൊണ്ടതെന്ന് സഭയിലെ എല്ലാവര്‍ക്കും ബോധ്യമായി,. സിപീക്കര്‍ക്കും ബോധ്യമുണ്ട്. പക്ഷെ, വിഷയത്തില്‍ നിന്നും വ്യതിചലിച്ചു പോയി എന്നൊരു മുട്ടാന്യായം തട്ടിവിട്ട് സ്പീക്കര്‍ പിടിച്ചു നിന്നു. തൊട്ടു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എണീറ്റു. അടിയന്തിര പ്രമേയം കൊണ്ട് ഒരു വലിയ വിഷയമാണ് സഭയില്‍ എത്തിച്ചത്. അതിന് പ്രതിവിധി കാണേണ്ടത് സര്‍ക്കാരാണ്. നിങ്ങളാണ് ഭരിക്കുന്നത്. നിങ്ങളാണ് മുഖ്യമന്ത്രി. നിങ്ങളാണ് ആഭ്യന്തര വകുപ്പിന്റെ തലവന്‍. അതുകൊണ്ട് അങ്ങയെ കുറ്റപ്പെടുത്തും. സര്‍ക്കാരും മുഖ്യമന്ത്രിയും എഴുതി തരുന്നതു പോലെ സംസാരിക്കാനല്ല, പ്രതിപക്ഷം നിയമസഭയില്‍ വരുന്നതെന്നും സതീശന്‍ പറഞ്ഞു.

പിന്നാലെ ചെന്നിത്തല ചര്‍ച്ചയുടെ തുടര്‍ച്ചയിലേക്ക് എണീറ്റു. സര്‍ ഞാനെന്തു പ്രസംഗിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കണ്ട. എനിക്കത് സംസാരിക്കാനുള്ള അധികാരവും അവകാശവുമുണ്ട്. ഞാന്‍ സംസാരിക്കുകയും ചെയ്യുമെന്ന് ടെന്നിത്തല തുടര്‍ന്നതോടെ വീണ്ടും മുഖ്യമന്ത്രി എണീറ്റു. ഈ വിഷയത്തെ കുറിച്ചാണ് സംസാരിക്കേണ്ടത്. അതിനു പകരം അവസം ഉപയോഗിച്ച് അവനാവശ്യമല്ല പറയേണ്ടത്. തീര്‍ത്തും അനാവശ്യമായ വിഷയമാണ് സംസാരിച്ചത് എന്നും മുഖ്യമന്ത്രി തീര്‍ത്തു പറഞ്ഞു. ഇതോടെ ചര്‍ച്ച ചര്‍ച്ചയുടെ പാട്ടിനു പോകുമെന്ന ഘട്ടം വന്നപ്പോള്‍ സ്പീക്കര്‍ ഇടപെടാന്‍ തീരുമാനിച്ചു.

സമൂഹം നേരിടുന്ന വലിയ വിഷയത്തില്‍ സൊല്യൂഷന്‍ കണ്ടെത്താനാണ് ചര്‍ച്ച വേണ്ടത്. മറ്റു കാര്യങ്ങളെല്ലാം നേരത്തെ ചര്‍ച്ച ചെയ്തു കഴിഞ്ഞ വിഷയങ്ങളാണ്. അതൊഴിവാക്കാന്‍ സീനിയര്‍ അംഗങ്ങള്‍ തയ്യാറാകണമെന്നും പറഞ്ഞെങ്കിലും ചെന്നിത്തല കേള്‍ക്കാല്‍ തയ്യാറായില്ല. കേരളത്തിലെ അരക്ഷിതാവസ്ഥയെ കുറിച്ച് പറയാന്‍ മുഖ്യമന്ത്രിയുടെ ചീട്ട് ഇവിടെ വേണ്ടെന്നാണ് ചെന്നിത്തലയുടെ പക്ഷം. കേരളത്തില്‍ ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന കൂട്ടക്കൊലപാതകവും, ലഹരി വ്യാപനവും തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ചെന്നിത്തല തട്ടിവിട്ടു. കാപ്പാ കേസിലെ പ്രതിയെ മാലയിട്ട് മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന മന്ത്രിയെ കണ്ട് കേരളം ലജ്ജിച്ച് തലതാഴ്ത്തി സര്‍. നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ പി.പി. ദിവവ്യയെ, ജയില്‍ മോചിതയായ.പ്പോള്‍ പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ജയിലിനു പുറത്ത് സ്വീകരിക്കുന്നു. കൃപേഷും ശരത്ത്‌ലാലിന്റെയും കൊലപാതകത്തിന് ഉത്തരവാദികളായവരെ ഓപ്പണ്‍ ജയിലില്‍ മാലയിട്ട് സ്വീകരിക്കുന്നു.

ഇതെല്ലാം എന്തു സന്ദേശമാണ് യുവാക്കള്‍ക്ക് നല്‍കുന്നത് എന്നതാണ് ചെന്നിത്തലയുടെ പ്രസക്തമായ ചോദ്യം. ഇതിനെതിരേയാണ് മുഖ്യമന്ത്രി പ്രതികരിച്ചതും ചര്‍ച്ച വഴിവിട്ട് തര്‍ക്കത്തിലേക്ക് നീങ്ങിയതും. ഇടയ്‌ക്കെപ്പോഴോ മിസ്റ്റര്‍ ചീഫ്മിനിസ്റ്റര്‍ എന്ന വിളികൂടെ വന്നതോടെ മുഖ്യമന്ത്രിയുടചെ പിടിവിട്ടുപോവുകയായിരുന്നു. ചെന്നിത്തല കളിയാക്കിയതാണോ, അതോ കാര്യത്തില്‍ പറഞ്ഞതാണോ എന്നുള്ളതായിരുന്നു സംശയം. പിന്നെ, അടിയന്തിര പ്രമേയത്തിന് എഴുതി നല്‍കിയ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തി, മറ്റു വിഷയങ്ങള്‍ ചേര്‍ത്തതും പ്രശ്‌നമായി.

CONTENT HIGH LIGHTS; Ramesh Chennithala as ‘Mr Chief Minister’: That call made the Chief Minister angry; teased or called out; Argument and noise in the congregation

Latest News