Explainers

LDF-UDF ലീഗ്: മൂന്നാമതും കേരളാ ടീമിന്റെ ക്യാപ്ടന്‍ പിണറായി വിജയന്‍ തന്നെ; CPM സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നയം വ്യക്തമാക്കി നേതാക്കള്‍; ഇനി രാഷ്ട്രീയ അങ്കത്തിനുള്ള കാത്തിരിപ്പ്

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തെ നയിക്കാന്‍ പിണറായി വിജയനല്ലാതെ മറ്റാരുണ്ട്, എന്ന നിലയിലാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിനു മുന്നേ തന്നെ നേതാക്കള്‍ പറഞ്ഞു വെച്ചത്. സംസ്ഥാന സമ്മേളനം പോലും പിണറായി വിജയന് കൂടുതല്‍ കരുത്തനാകാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് നടത്തപ്പെടുന്നതെന്ന് സാരം. രണ്ടു ടേമിലും പാര്‍ട്ടിയെയും കേരളത്തെയും പ്രതിപക്ഷത്തെയും വാക്കുകൊണ്ടും നോക്കു കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും പിടിച്ചു കെട്ടാനായത് പിണറായി വിജയനെന്ന രാഷ്ട്രീയക്കാരനിലെ ബുദ്ധി വൈഭവം കൊണ്ടാണ്.

എന്തു കൊണ്ടാണ് അദ്ദേഹത്തിന് ഇത്രയധികം ഉപദേശകര്‍ എന്ന് മാധ്യമങ്ങള്‍ തന്നെ പലവട്ടം ചോദ്യമായും ആക്ഷേപമായും എഴുതിയിട്ടുണ്ട്. എന്നാല്‍, അതിനെല്ലാം ഉത്തരമാണ് മൂന്നാം വട്ടവും മുഖ്യമന്ത്രിയായി പിണറായി വിജയനല്ലാതെ മറ്റാരും ഇല്ല എന്ന അവസ്ഥയില്‍ എത്താന്‍ കാരണം. ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അത്രയധികം മുഖ്യമന്ത്രിയെ വീഴാതെ താങ്ങി നിര്‍ത്തി. സൂനാമിയേക്കാള്‍ അതിഭീകരമായ എത്രയോ രാഷ്ട്രീയ സംഭവങ്ങളാണ് കഴിഞ്ഞ 9 വര്‍ഷവും പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ ചുറ്റിവരിഞ്ഞു മുറുക്കിയത്. അതെല്ലാം നിഷ്പ്രയാസം അദ്ദേഹത്തിന് ഒഴിവാക്കാന്‍ കഴിഞ്ഞതിന്റെ കാരണവും മറ്റൊന്നല്ല.

ഓരോ വിഷയത്തിനും സമഗ്രമായ പഠനവും, വിവരവും അറിവുമുള്ളവര്‍ ചുറ്റിനും നിന്ന് അദ്ദേഹത്തിനു വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായും വ്യക്തമായും നല്‍കിയിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. ഒരു മത്സരത്തില്‍ കളിക്കാനിറങ്ങുന്ന കളിക്കാരേക്കാള്‍ ഉത്തരവാദിത്വം ആ ടീമിന്റെ ക്യാപ്ടനാണ്. അപ്പോള്‍ കോച്ചടക്കമുള്ളവര്‍ ക്യാപ്ടനെ ഫോക്കസ് ചെയ്തായിരിക്കും കളി വിലയിരുത്തുക. ടീമിന്റെ ഒത്തിണക്കവും, കളിയില്‍ കാണിക്കുന്ന വേഗതയും, കുശലതയും, കഴിവുമെല്ലാം അതില്‍പ്പെടും. ഒരു ക്യാപ്ടന് കളി വിജയിപ്പിക്കു എന്നതിനപ്പുറം ശക്തമായ പ്രതിരോധം തീര്‍ക്കലും ചുമതലയാണ്.

അങ്ങനെയുള്ള ക്യാപ്ടനു മാത്രമേ മുന്നോട്ടുള്ള മത്സരങ്ങളില്‍ വീഴാതെ നില്‍ക്കാനാവൂ. ഇതാണ് പിണറായി വിജയന്റെ തന്ത്രം. തന്റെ ടീമിലെ കളിക്കാര്‍ ആരായിരിക്കണമെന്ന് നിശ്ചയിക്കുന്നതു തൊട്ട്, കളിക്കാരുടെ സംരക്ഷണവും മത്സരത്തിന്റെ നിലവാരവും അനുസരിച്ച് കളിയുടെ സ്ട്രാറ്റജി മാറ്റാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയക്കളിയുടെ മൂന്നാം ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ തന്റെ പാര്‍ട്ടിയെയും നേതാക്കളെയും, താനാണ് യഥാര്‍ഥ ക്യാപ്ടനെന്നും, താനല്ലാതെ മറ്റാര്‍ക്കും ഈ കാലഘട്ടത്തില്‍ പാര്‍ട്ടിയെയും കേരളത്തെും നയിക്കാനാവില്ലെന്നും പറയിക്കുന്നതിനു സാധിച്ചുവെന്നതാണ് കാര്യം.

അതിന് മരുത്തൊരു ശബ്ദമില്ല. ഉള്‍പാര്‍ട്ടീ ജനാധിപത്യമുള്ള സി.പി.എമ്മില്‍ പിണറായി വിജയനെതിരേ പറയാന്‍ ആരുമില്ലെന്നതാണ് വസ്തുത. വി.എസ്. പക്ഷക്കാര്‍ പോലും കടുത്ത പിണറായി പക്ഷത്തിന്റെ വക്താക്കളായി മാറിക്കഴിഞ്ഞു. പാര്‍ട്ടിയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുള്ള പടപൊരുതലായിരുന്നു പിണറായി വിജയനെന്ന അതികായനെ വളര്‍ത്തിയത്. ചട്ടക്കൂടുകള്‍ക്കു പുറത്തു പോയവരെ പൂര്‍ണ്ണമായി ഒഴിവാക്കുകയോ, തള്ളിക്കളയുകയോ ചെയതുകൊണ്ട് മുന്നോട്ടു പോയി. ഒന്നിനും, ആര്‍ക്കും വശംവദനായില്ല.

കൊടുങ്കാറ്റും പേമാരിയും പോലെ ആരോപണങ്ങളും ആക്ഷേപങ്ങളും കുടുംബത്തിലേക്കു പോലും എത്തിയെങ്കിലും, പതറാതെ മുന്നില്‍ത്തന്നെ നിന്നു. എല്ലാ ആരോപണങ്ങളുടെയും മുനയൊടിച്ചുള്ള മറുപടിയും പ്രതിരോധവും തീര്‍ത്തു. അതെല്ലാം പാര്‍ട്ടിയെയും നേതാക്കളെയും വരെ രക്ഷിക്കാനായി എന്നതാണ് അദ്ദേഹത്തിന്റെ കരുത്ത്. വാക്കു കൊണ്ടാണെങ്കില്‍, അങ്ങനെയും, നോക്കിലും, കാര്‍ക്കശ്യത്തിലുമാണെങ്കില്‍ അങ്ങനെയുമൊക്കെ അദ്ദേഹം നേരിട്ടു. മാധ്യമങ്ങളുടെ പരിലാളനകളില്ലാതെ വളര്‍ന്നു വന്ന സാഹച്രയമായതു കൊണ്ടു തന്നെ, മാധ്യമങ്ങളുടെ ആക്ഷേപങ്ങളൊന്നും അദ്ദഹത്തെ ഏശിയില്ല.

പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കേണ്ടിടത്തെല്ലാം ഒരു നേതാവിന്റെ റോളി തന്നെ മുന്നില്‍ നിന്നു. കൂടെയുള്ളവരെ സംരക്ഷിക്കാനും അദ്ദേഹം മറന്നില്ല. ഇങ്ങനെ പാര്‍ട്ടിയുടെ സര്‍വ്വശക്തനായി മാറിയതു കൊണ്ട് നേതാക്കളും അണികളും പിണറായി വിജയനെന്ന കമ്യൂണിസ്റ്റുകാരനെ അംഗീകരിക്കുന്നു. അദ്ദേഹത്തിനു മുമ്പില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളും തീരുമാനങ്ങളും മാറി മറിയുന്നു. പ്രായവും പദവിയുമെല്ലാം ഇല്ലാതാകുന്നു. അതാണ് ഇന്നലെയും വരാനിരിക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലം, പാര്‍ട്ടീ കോണ്‍ഗ്രസിലും കാണാന്‍ പോകുന്നതും.

നേതാക്കള്‍ വാതോരാതെ പിണറായി വിജയനെന്ന നേതാവിന്റെ കരുത്തിനെയും നേതൃപാടവത്തെയും ഉര്‍ത്തി പ്പറയുന്നതു പോലും അതുകൊണ്ടാണ്. പറയുന്നവരുടെ പ്രായവും പദവിയുമൊന്നും അതിന് രു പ്രശ്‌നവുമല്ല. ഭരണരംഗത്ത് വരുന്നതിന് പ്രായപരിധി ബാധകമല്ലെന്നാണ് മുതിര്‍ന്ന സി.പി.എം നേതാവ് ഇ.പി ജയരാജന്‍ പറഞ്ഞത്. കേരളത്തിലെ ഭരണ രംഗത്തിന് നേതൃത്വം നല്‍കുന്നത് പിണറായി വിജയനാണ്. പിണറായിയുടെ സേവനങ്ങള്‍ പാര്‍ട്ടി കാണും. ഉചിതമായ നിലപാട് സ്വീകരിക്കും. പിണറായിയുടെ കഴിവിനെയും പ്രാപ്തിയേയും നീതിബോധത്തെയും ജനസേവന മനോഭാവത്തെയും,

സത്യസന്ധതയേയും കേരളത്തെ വളര്‍ത്താനുളള വലിയ നിരീക്ഷണത്തെയും എല്ലാവരും പ്രകീര്‍ത്തിക്കുന്നു. അതില്ലാതാക്കാനാണ് കുറേ കാലമായി ചിലര്‍ അദ്ദേഹത്തെ വേട്ടയാടുന്നത്. ശരി മാത്രം ചെയ്യുന്നവര്‍ ഭയപ്പെടേണ്ടതില്ലെന്നും ഇ.പി പറയുമ്പോള്‍ പിണറായി വിജയനെന്ന ബിംബം നേതാക്കളുടെ മനസ്സുകളില്‍ എത്ര വലുതാണെന്ന് ഓര്‍ക്കണം. മുഖ്യമന്ത്രിയുടെ ഏതൊക്കെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താമോ അതെല്ലാം ഉപയോഗിക്കും. കേരളം പുതിയ കുതിപ്പിലാണ്. അനുദിനം കേരളം മെച്ചപ്പെട്ടു വരികയാണ്. അതിന് പിന്നില്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ പാര്‍ട്ടി കാണും.

ഭരണരംഗത്ത് നില്‍ക്കുന്നതില്‍ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. പാര്‍ട്ടിയുടെ സംഘടനാ തലത്തിലെടുത്ത തീരുമാനം പാര്‍ട്ടിക്ക് വേണ്ടിയുള്ളതാണ്. പുതിയ നേതൃ നിരയെ ഉയര്‍ത്തിക്കൊണ്ടുവരാനാണത്. 75 വയസ് പ്രായപരിധി പാര്‍ട്ടിക്ക് ഗുണം ചെയ്യും. 75 കഴിഞ്ഞവരുടെ പരിചയ സമ്പത്തും പാര്‍ട്ടിക്ക് ഉപയോഗിക്കാന്‍ കഴിയും. തന്റെ കഴിവും പാര്‍ട്ടി ഉപയോഗിക്കും. ഏത് വഴി എന്ന് ഇപ്പോള്‍ പറയാനാകില്ല. പ്രായപരിധി നിബന്ധന പാര്‍ട്ടിക്ക് ഗുണം ചെയ്യും. ദോഷം നിരീക്ഷിക്കുന്നവര്‍ അങ്ങനെ നിരീക്ഷിക്കട്ടേയെന്നുമാണ് ഇ.പി പറയുന്നത്.

കേരളത്തിലെ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തെ അതീവഗൗരവത്തോടെ പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറയുന്നു. അതിനുള്ള പോംവഴി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അവതരിപ്പിക്കുമെന്നും അദ്ദേഹം പറയുമ്പോള്‍ പിണറായി വിജയനെ മൂന്നാമതും അംഗീകരിച്ചു കഴിഞ്ഞുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. നവകേരളത്തിനുള്ള പുതുവഴികള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിനൊപ്പം ചര്‍ച്ച ചെയ്യും. പിണറായി വിജയനായിരിക്കും നവകേരള രേഖ അവതരിപ്പിക്കുക. കേരളത്തെ ഒരു പുതുനാടാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തിനൊപ്പം കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാര ഉയര്‍ത്തണം. അതാകും മൂന്നാം പിണറായി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. ആഴക്കടല്‍ ഖനനം കുത്തക മുതലാളികള്‍ക്ക് നല്‍കാനാണ് ശ്രമിക്കുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 2026ല്‍ കേരളത്തില്‍ വീണ്ടും ഇടതുപക്ഷം അധികാരത്തില്‍ വരും. മദ്യപാനം അതീവ ഗൗരവമായ പ്രശ്‌നമായി കാണുമെന്നും ആരെയെങ്കിലും ആ നിലയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും എം.വി ഗോവിന്ദന്‍ പറയുന്നുണ്ട്.

മദ്യ നിര്‍മ്മാണ ശാലകള്‍ക്ക് അനുവാദം കൊടുക്കുകയും, അണികളോട് മദ്യപിക്കരുതെന്ന് പറയുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സി.പി.എം എന്ന വൈരുധ്യമാണ് പ്രകടമാകുന്നത്. എങ്കിലും സാമ്പത്തികാടിത്തര വികസിപ്പിക്കാന്‍ മദ്യ വില്‍പ്പനയും, ഉത്പ്പാദന ശാലയും ആവശ്യമാണെന്നതില്‍ തര്‍ക്കമില്ല.

CONTENT HIGH LIGHTS; LDF-UDF League: Pinarayi Vijayan is the captain of the Kerala team for the third time; Leaders clarify policy ahead of CPM state conference; Now waiting for the political element

Latest News