Explainers

‘സിനിമ’സമൂഹത്തിലെ എല്ലാ തിന്‍മയ്ക്കും കാരണമാണോ ?: “സിനിമ” അക്രമത്തിന്റെ കാരണമായി ചിത്രീകരിക്കുന്നത് അസംബന്ധവും അബദ്ധവും; ലൈംഗിക അതിക്രമങ്ങള്‍ ബലാത്സംഗ സംസ്‌കാരവും സിനിമ ഉത്പ്പാദിപ്പിച്ചതോ ?; ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍

രാഷ്രീയ പാര്‍ട്ടികളുടെ പ്രത്യയശാസ്ത്ര ജീര്‍ണ്ണത, ഭരണകൂടങ്ങളെ ബാധിച്ച അഴിമതിയും സിനിമയുടെ ഉത്പ്പന്നമാണോ ?

സമീപ കാലത്ത് നമ്മുടെ നാടിനെ നടുക്കിയ അരുംകൊലകള്‍ ചെയ്ത ചെറുപ്പക്കാരെ അത്തരമൊരു ഹീനകൃത്യം അറപ്പില്ലാതെ ചെയ്യാന്‍ പ്രേരിപ്പിച്ചത് മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമകളാണ് എന്ന അഭിപ്രായം ഭരണകര്‍ത്താക്കളില്‍ നിന്നും, രാഷ്ട്രീയ-യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാന നേതൃത്വങ്ങളില്‍ നിന്നും, പോലിസധികാരികള്‍, മനശാസ്ത്രജ്ഞര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യനിരീക്ഷകര്‍ തുടങ്ങിയവരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. സിനിമ ചിത്രീകരിക്കുന്ന ‘ വയലന്‍സ്’ ആണ് സാമൂഹ്യതിന്മകള്‍ക്ക് കാരണമാകുന്നതെന്ന തരത്തിലുള്ള ഒരു സമീകരണമോ, തീര്‍ത്തും ദുര്‍ബലമായ, ലളിതവത്ക്കരിക്കപ്പെട്ട ഒരു പ്രതിഫലന സിദ്ധാന്തമോ ആണ് ഈ അഭിപ്രായപ്രകടനങ്ങള്‍ക്ക് അടിസ്ഥാനമാവുന്നത്.

ഗൗരവ്വമായി സാമൂഹിക വിശകലനം നടത്തുന്ന മാര്‍ക്‌സിയന്‍ ചിന്താധാരയടക്കമുള്ള പല പഠനശാഖകളും വളരെ വിശദമായി പഠന / അന്വേഷണ വിധേയമാക്കിയിട്ടുള്ള വിഷയമാണ് ‘വയലന്‍സ്’. ഒരു സാമൂഹ്യ വ്യവസ്ഥയ്ക്കുള്ളില്‍ ഇതെങ്ങനെയാണ് ഉല്പാദിപ്പിക്കപ്പെടുന്നത്, വ്യാപിക്കുന്നത് എന്നതൊക്കെ ആഴത്തിലുള്ള പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക മാനസികാവസ്ഥയില്‍ സംഭവിക്കുന്നതല്ല പല അതിക്രമങ്ങളെന്നും ഇതിനുള്ള മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും വയലന്‍സിന് പ്രേരിപ്പിക്കുന്ന ജീവിതാവസ്ഥകളും എത്രയോ മുമ്പ് വ്യക്തിയില്‍ അഥവാ സമൂഹത്തില്‍ അടിഞ്ഞുകൂടിയിട്ടുണ്ടാകുമെന്നും ഒക്കെ വ്യക്തമാക്കുന്നുണ്ട് പഠനങ്ങള്‍. വ്യക്തികള്‍ നേരിടുന്ന സാമൂഹികവും സാംസ്‌ക്കാരികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥകള്‍, അന്യവത്ക്കരണം, അപരവത്ക്കരണം, പാര്‍ശ്വവത്ക്കരണം, ചിലതരം പുറം തള്ളലുകള്‍ ഇവയെല്ലാം ഏതൊക്കെ നിലയില്‍ അക്രമത്തിലേക്ക് വഴിവെക്കും എന്നതും എത്രയോ മുമ്പ് വിശകലനം ചെയ്യപ്പെട്ടതാണ്.

മുമ്പെങ്ങും ഇല്ലാത്ത വിധം മാധ്യമ വിസ്‌ഫോടനത്തിന്റെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എങ്ങനെ ആത്മഹത്യ ചെയ്യണം എന്നറിയാന്‍, എങ്ങനെ പിഴവില്ലാതെ കൊലപാതകം നിര്‍വഹിക്കണം എന്നറിയാന്‍ ഗൂഗിളില്‍ പരതിയിട്ടുള്ളവരുടെ അനലിറ്റിക്‌സ് ഇപ്പോള്‍ ലഭ്യമാണ്. 10 പേരെ വെടിവെച്ച് കഴിഞ്ഞാല്‍ ഒരു തോക്ക് ഫ്രീ കിട്ടുന്നത് പോലുള്ള ഗെയിമുകള്‍ ഇന്ന് കുട്ടികള്‍ക്കിടയില്‍ എത്രയോ സുപരിചിതമാണ്. പില്‍ക്കാല മുതലാളിത്ത-കമ്പോള വ്യവസ്ഥയുടെ ഈ കാലത്ത് എവിടെ നിന്നുമുള്ള സാംസ്‌കാരിക കടന്നുകയറ്റവും സാധ്യമാണെന്നിരിക്കെ, അന്യസാംസ്‌കാരിക ഭൂമികകളില്‍ നിന്ന് വരുന്ന വെബ് സീരീസുകളും ഗെയിമുകളും സിനിമകളും എത്രയോ വര്‍ദ്ധമാനമായ നിലയില്‍ നമ്മള്‍ ആസ്വദിക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയിരിക്കുന്നു. ജപ്പാനില്‍ നിന്നും കൊറിയയില്‍ നിന്നും വരുന്ന ഗെയിമുകളും സീരീസുകളും എത്രയോ നാളുകളായി നമ്മുടെ കുട്ടികളും മുതിര്‍ന്നവരും കണ്ടു കൊണ്ടിരിക്കുന്നു.

ഏറ്റവും കൂടുതല്‍ വയലന്‍സുള്ളത് ഇവിടെ നിന്നും എത്തുന്ന സിനിമകളിലും സീരീസിലുമാണെന്നത് രഹസ്യമായ വിവരമല്ല. പക്ഷേ ക്രൈം റേറ്റ് ഏറ്റവും കുറവുള്ള രാജ്യം ജപ്പാന്‍ ആണെന്നതും ശ്രദ്ധേയമാണ്. അവരുടെ നിയമവ്യവസ്ഥയും, സാമൂഹ്യസുരക്ഷാ മാനദണ്ഡങ്ങളും, സോഷ്യല്‍ ഓഡിറ്റിങ്ങും അത്രമേല്‍ ഫലപ്രദമായാണ് പ്രവര്‍ത്തിക്കുന്നത്. ലോകത്ത് ഉത്പാദിക്കപ്പെട്ട ഏത് ഡേറ്റയും വിരലിന്റെ തുമ്പത്ത് ലഭ്യമാകുന്ന ഒരു സാമൂഹ്യ- പരിതസ്ഥിതിയില്‍ സിനിമകളാണ് വയലന്‍സ് ഉത്പാദിപ്പിക്കുന്നത് എന്ന തരത്തിലുള്ള ന്യൂനീകരണത്തിന് എന്ത് അടിസ്ഥാനമാണ് ഉള്ളത്?. ഒരു സമൂഹത്തിന്റെയൊന്നാകെയുള്ള മിഡില്‍ ക്ലാസ് വത്ക്കരണവും ആ സ്റ്റാറ്റസ് എത്തിപ്പിടിക്കാന്‍ കഴിയാത്തവര്‍ക്കിടയില്‍ ജനിക്കുന്ന അരക്ഷിതാവസ്ഥകളും ഉണ്ടാക്കുന്ന വമ്പിച്ച പ്രത്യാഘാതങ്ങള്‍ ഭരണകൂടത്തിന്റെ കൂടി ശ്രദ്ധയില്‍പ്പെടേണ്ട വിഷയമാണ് എന്നിരിക്കെ സിനിമയെ അക്രമത്തിന്റെ കേവല കാരണമായി ചിത്രീകരിക്കുന്നത് അസംബന്ധവും അബദ്ധജടിലവും ആണെന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ചില ചോദ്യങ്ങള്‍ കൂടി ഉയര്‍ത്താതെ ഇത് പൂര്‍ണമാകില്ല. പേട്രിയാര്‍ക്കി ചിത്രീകരിച്ച സിനിമകള്‍ ആണോ ഇവിടെ പുരുഷമേധാവിത്വം സൃഷ്ടിച്ചത് ?. ലൈംഗിക അതിക്രമങ്ങളും ബലാത്സംഗ സംസ്‌കാരവും ഇവിടെ സിനിമകള്‍ ഉത്പാദിപ്പിച്ചെടുത്തതാണോ?. രാഷ്രീയ പാര്‍ട്ടികളെ ഗ്രസിച്ചിരിക്കുന്ന പ്രത്യയശാസ്ത്ര ജീര്‍ണ്ണതയും ഭരണകൂടങ്ങളെ ബാധിച്ചിരിക്കുന്ന അഴിമതിയും സിനിമ കാരണമാണോ?. ലോകത്ത് പലയിടത്തും രൂപപ്പെട്ടുവരുന്ന ന്യൂ -നാസി, ന്യൂ ഫാഷിസ്റ്റ് താല്‍പര്യങ്ങളും തീവ്രവംശീയതയും പ്രതിഫലിപ്പിക്കുന്ന, ഇന്ത്യയിലെ മറ്റിടങ്ങളിലെപ്പോലെ കേരളത്തിലും വളര്‍ന്നുകൊണ്ടിരിക്കുന്ന വിദ്വേഷ രാഷ്ട്രീയവും അത് നിര്‍വഹിക്കുന്ന സാമൂഹ്യ അതിക്രമങ്ങളും സിനിമ ഉത്പാദിപ്പിച്ചത് ആണോ ?.

എത്രയോ കാലമായി എത്ര സ്ത്രീധന മരണങ്ങള്‍ക്ക് നമ്മുടെ നാട് സാക്ഷിയായി .. ഇതും സിനിമയുടെ ചുമലില്‍ ?
മന്ത്രവാദവും ആഭിചാരകര്‍മ്മങളും കൂടി വരുന്നു. അതുമായി ബന്ധപ്പെട്ട കൊലകളും . ഇതിനും സിനിമയെ പഴിക്കുമോ?. പ്രേമതകര്‍ച്ചയില്‍ പെട്ടവര്‍ പ്രതികാരം നിര്‍വഹിക്കുന്നത്, ആസിഡ് അറ്റാക്ക് ഉണ്ടാകുന്നത്… നമ്മള്‍ കാണുന്നു . ഇതെല്ലാം സിനിമ ഉത്പാദിപ്പിച്ചത് ആണോ?. കുട്ടികള്‍ക്കോ മുതിര്‍ന്നവര്‍ക്കോ മനോവൈകല്യം ഉണ്ടെന്ന് കണ്ടാല്‍ പുറത്ത് പറയാനും വേണ്ട പരിചരണം കൊടുക്കാനും മടിക്കുന്ന സമൂഹം തന്നെയാണ് ഇപ്പോഴും നമ്മുടേത്. മാതാപിതാക്കന്മാര്‍ക്ക് കുട്ടികളുടെ മേലുള്ള അധികാരം കൊഴിഞ്ഞ് ഇല്ലാതായി പോകുകയും കുട്ടികള്‍ ഒരു പ്രത്യേക തരത്തിലുള്ള ഒറ്റപ്പെടലിലേക്ക് മാറിപ്പോവുകയും ചെയ്യുന്ന സാഹചര്യങ്ങളെ എത്രപേര്‍ അപഗ്രഥിക്കുന്നുണ്ടാകും?.

നമ്മളില്‍ ഭൂരിപക്ഷത്തിനും പോലീസ് പറയുന്ന കാര്യങ്ങള്‍ പരമസത്യങ്ങളായി വെട്ടി വിഴുങ്ങാനാണ് താല്‍പ്പര്യം. വിഷ്ണുപ്രിയ കൊലപാതകത്തിന് കാരണമായത് അഞ്ചാം പാതിര എന്ന സിനിമയാണത്രെ. ദൃശ്യം 1, ദൃശ്യം 2 പോലുള്ള സിനിമകള്‍ വേറെയും ചില കൊലപാതകങ്ങള്‍ക്ക് പ്രേരണയായത്രെ. ഇപ്പോള്‍ മാര്‍ക്കോയ്ക്ക് എതിരെയും ഉയരുന്നു ഇത്തരം ആക്ഷേപങ്ങള്‍ . ഇത്തരം സിനിമകള്‍ അവയ്ക്ക് ആധാരമായ വസ്തുതകള്‍, ആശയങ്ങള്‍ കണ്ടെത്തുന്നത് സാമൂഹ്യ ശരീരത്തില്‍ നിന്നാണ് എന്ന യാഥാര്‍ഥ്യം മറക്കരുത്. ഇത്തരം സിനിമകള്‍ ഇഷ്ടപ്പെടാനും ആസ്വദിക്കാനും പറ്റുന്ന സാമൂഹ്യ അന്തരീക്ഷം ഇവിടെ നിലനില്‍ക്കുന്നുണ്ട് എന്നും മറക്കരുത്. ഓരോ ദിവസവും നമുക്ക് മുമ്പില്‍ തുറന്നു വരുന്ന ആസ്വാദനത്തിന്റെ പുതിയ വാതായനങ്ങളെ നിയന്ത്രിക്കുന്ന അദ്യശ്യകരങ്ങള്‍ സമകാലീന സാമൂഹികവ്യവഹാരത്തിന്റെതാണ് .

ഒരു കലാവിഷ്‌ക്കാരം ഇങ്ങനെയേ ആകാന്‍ പാടുള്ളൂ, ശക്തമായ സെന്‍സറിങ്ങ് വേണം, CBFC കുറെക്കൂടി കര്‍ക്കശമാവണം തുടങ്ങിയ മുറവിളികള്‍ ആത്യന്തികമായി എന്തിനെയാണ്, ആരെയൊക്കെയാണ് ശക്തിപ്പെടുത്തുന്നത്. ഒരു കലാസൃഷ്ടി ഈ അച്ചിലേ വാര്‍ക്കപ്പെടാന്‍ പറ്റൂ എന്നു കരുതുന്നവരെയാണ് നമ്മള്‍ ഫാസിസ്റ്റുകള്‍ എന്നു വിളിക്കുന്നത്. സല്‍മാന്‍ റഷ്ദിയുടെ പുസ്തകത്തെ മതമൗലികവാദികള്‍ നിരോധിച്ചതിനെ നിങ്ങള്‍ ന്യായീകരിക്കുമോ? എം മുകുന്ദന്റെ കൃതികളാണ് ഭാംഗും ചരസ്സും കഞ്ചാവും ഒക്കെ നമ്മുടെ ചെറുപ്പക്കാര്‍ക്ക് പരിചയപ്പെടുത്തിയത് എന്ന ‘ന്യായത്തില്‍’ നിങ്ങളും വിശ്വസിക്കുന്നോ? മഹത്തുക്കളായ Quintine Tarantino, Michael Hanake എന്നിവരുടെയൊക്കെ സിനിമകള്‍ കണ്ടവരെല്ലാം തെറ്റായ വഴികളിലേക്ക് ആണോ ചരിച്ചത് ?
Inglonio Bastards, Django Unchained, Kill Bill പോലുള്ള സിനിമകള്‍ ആണോ അമേരിക്കന്‍ കുട്ടികളില്‍ അക്രമവാസന ഉണ്ടാക്കിയത്?

കുറ്റകൃത്യങ്ങള്‍ക്ക് പലപ്പോഴും കാരണമാവുന്നത് കേരളത്തിലെ ക്യാമ്പസുകളിലും, നിരത്തുകളിലും, ചില ഹോട്ടലുകളിലും, ബാറുകളിലും സുലഭമായി കിട്ടുന്ന സിന്തറ്റിക്ക് ലഹരിയാണെന്നാണ് പോലിസും, എക്‌സൈസും, മാധ്യമങ്ങളും പറയുന്നത്. ലഹരിയുടെ ഈ കുത്തൊഴുക്കിന് കാരണവും ഏതാനും സിനിമകളിലെ ലഹരിഉപയോഗത്തിന്റെ ദൃശ്യവത്ക്കരണമാണെന്നാണോ വാദം? മലയാളത്തിലെ ഏറ്റവും ജനസമ്മിതിയുള്ള നടനെക്കൊണ്ട് ‘നര്‍ക്കോട്ടിക്‌സ് ഇസ് എ ഡെര്‍ട്ടി ബിസിനസ്’ എന്ന് വന്‍ വിജയം നേടിയ രണ്ടു സിനിമകളില്‍ പറയിച്ചത് ഞങ്ങളുടെ സഹപ്രവര്‍ത്തകരായ എഴുത്തുകാരും സംവിധായകരുമാണ്. തീയറ്ററില്‍ പ്രകമ്പനം സൃഷ്ടിച്ച ആ രംഗങ്ങള്‍ക്കില്ലാത്ത സ്വാധീനശക്തി സിലക്റ്റിവായി മറ്റ് സിനിമാരംഗങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്നതിലെ ഇരട്ടത്താപ്പും സാരള്യവും ലഹരിയുടെ മാരക പ്രവാഹത്തെ നിയന്ത്രിക്കാന്‍ കഴിയാതെ പരാജയപ്പെട്ടുപോയ സിസ്റ്റത്തിന്റെ ജാമ്യമെടുക്കലാണ് എന്ന് ഞങ്ങള്‍ കരുതുന്നു.

നമ്മുടെ സ്‌കൂള്‍ / കോളേജ് ക്യാമ്പസുകളില്‍ വര്‍ദ്ധിതമായ രീതിയില്‍ ലഹരിയുടെ ഉപയോഗവും വിപണനവും നടക്കുന്നു. ഇത് വിരല്‍ ചൂണ്ടുന്നത്, നിതാന്ത ജാഗ്രതയോടെ തിരുത്തല്‍ ശക്തികളായി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ സംഘടനാസുഷുപ്തിയിലേക്കാണ്. ലഹരിയും, ഇടിമുറികളും, കിരാതമായ റാഗിങ്ങും ക്യാമ്പസുകളുടെ ‘റ്റു ഡു’ ലിസ്റ്റിലെ പ്രധാന വിഷയങ്ങളാവുമ്പോള്‍, നിശിതമായ സ്വയംവിമര്‍ശനത്തിലൂടെ ഉയര്‍ത്തെഴുന്നേല്ക്കണ്ടവര്‍ സിനിമയെ പഴിചാരി അലസ സംതൃപ്തി നേടുന്നതില്‍ ഞങ്ങള്‍ക്ക് ദുഃഖവും നിരാശയുമുണ്ട്.

ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും നമ്മുടെ കണ്‍മുന്നിലേക്ക് എത്തുന്നത് പരിധിയില്ലാത്ത വിഷ്വല്‍ ഡേറ്റായാണ്. നിര്‍മ്മിതബുദ്ധിയുടെ കടന്നുവരവോടെ കാര്യങ്ങള്‍ പ്രവചനാതീതമാകുന്ന അവസ്ഥയുണ്ട്. ഇവിടെ എന്തു കാണണമെന്നും എങ്ങനെ കാണണമെന്നും നിര്‍ബന്ധമായും കുട്ടികള്‍ക്ക് പരിശീലനം നല്‌കേണ്ടതുണ്ട്. വിദ്യാഭ്യാസ-അധ്യാപന രീതികളില്‍ മാറുന്ന ലോകത്തെയും മാറുന്ന കാഴ്ചകളെയും ഉള്‍ക്കൊള്ളാന്‍ പറ്റിയ നിലയില്‍ പുതിയ പഠന രീതികള്‍ സ്വീകരിക്കേണ്ടതുണ്ട്. സമൂഹത്തിലുണ്ടാവുന്ന നാമ്പത്തിക-സാംസ്‌കാരിക അരക്ഷിതാവസ്ഥകള്‍ കൈകാര്യം ചെയ്യാന്‍ ഭരണകൂട ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. ഇതൊക്കെ അറിയാമെന്നിരിക്കിലും വെറുതെ സിനിമക്കും സിനിമാക്കാര്‍ക്കുമിരിക്കട്ടെ ഒരു പണി എന്നതാണ് ചില പ്രബലശക്തികളുടെ നിലപാടെങ്കില്‍ അത് വിഴുങ്ങാന്‍ സിനിമാ പ്രവര്‍ത്തകരെന്ന നിലയില്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്. ഞങ്ങളും ഈ സമൂഹത്തിന്റെ പരിഛേദം തന്നെയാണെന്നും അച്ഛനമ്മമാരും അദ്ധ്യാപകരുംഒക്കെ പങ്കുവയ്ക്കുന്ന ആശങ്കകള്‍ ഞങ്ങളുടേതും കൂടിയാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

ഒരു കാര്യം കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. വയലന്‍സിനെ കേവലമായി ചരക്കുവത്ക്കരിക്കുന്ന, ആനന്ദത്തിന്റെ ഹേതുവും ഉപാധിയും അതു തന്നെയെന്ന രീതിയില്‍ വ്യവഹരിക്കുന്ന ആവിഷ്‌ക്കാരങ്ങള്‍ വിമര്‍ശന വിധേയമാക്കേണ്ടതു തന്നെയാണ്. അപ്പോഴും അത്തരം ആഖ്യാനങ്ങള്‍ക്ക് രസനീയത നല്‍കുന്ന ഒരു സാമൂഹിക-സംവേദന വ്യവസ്ഥ / അവസ്ഥ ഇവിടെ നിലനില്ക്കുന്നു എന്ന യഥാര്‍ത്ഥ്യം നമ്മള്‍ മറക്കരുത്. വയലന്‍സിന്റെ അത്തരം പ്രതിനിധാനങ്ങളെ ജാഗ്രതയോടെയും, സൂക്ഷ്മതയോടെയും സമീപിക്കുന്ന സംവാദ സന്നദ്ധത ഞങ്ങള്‍ക്കുണ്ട്. ജനാധിപത്യപരമായ അത്തരം സംവാദങ്ങള്‍ ഞങ്ങള്‍ ഇതിനകം തുടങ്ങിവെച്ചു കഴിഞ്ഞു എന്നും അറിയിക്കുന്നു.

സിനിമ ആത്യന്തികമായി മനുഷ്യ പക്ഷത്ത് തന്നെയാണ് നിലനില്‍ക്കുന്നത്. ജീവിത ക്ലേശങ്ങളില്‍ പരാജിതയായവള്‍ / പരാജിതനായവന്‍ ഉയര്‍ന്നുവരും എന്നു തന്നെയാണ് എല്ലാ കഥകളും പറയാന്‍ ശ്രമിക്കുന്നത്. ഒരു കലാരൂപം എന്ന നിലയില്‍ സിനിമ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതും മനുഷ്യപക്ഷത്തിന്റെ രാഷ്ട്രീയം തന്നെ എന്നാണ് ഫെഫ്ക്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പറയുന്നത്.

CONTENT HIGH LIGHTS; Is ‘cinema’ the cause of all evil in society?: It is absurd and erroneous to portray “cinema” as the cause of violence; Sexual Violence and Rape Culture Produced by Film?; FEFCA Directors Union

Latest News