Explainers

ഭരണസിരാ കേന്ദ്രം ‘തെരുവ് ശ്വാനസേന’ കീഴടക്കിയോ ?: ഭയന്നു വിറച്ച് ജീവനക്കാരും ജനങ്ങളും; അറിഞ്ഞിരിക്കണം പേവിഷ ബാധയയെ കുറിച്ച്; എന്താണ് പേ വിഷബാധ ?

തദ്ദേശ സ്വയംഭരണ മന്ത്രിയും ആരോഗ്യമന്ത്രിയും ഭരണസിരാ കേന്ദ്രത്തിലെ അവരവരുടെ മുറികളില്‍ ഇരുന്ന് പുറത്തേക്കു നോക്കണം. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അവശരായും ആശ്രയം തേടിയുമൊക്കെ സെക്രട്ടേറിയറ്റിന്റെ പടിക്കെട്ടുകള്‍ കയറി വരുന്ന പാവപ്പെട്ട ജനങ്ങളെ കാണാം. അവര്‍ വരുന്നത്, ഭയന്നു വിറച്ചാണ്. ആവശ്യം സാധിച്ചം സാധിക്കാതെയും മടങ്ങുന്ന ഇവര്‍ക്കു നേരെ തെരുവുനായ്ക്കളാണ് ചാടി വീഴുന്നത്. സെക്രട്ടേറിയറ്റിനുള്ളില്‍ നായ്ക്കളുടെ ശല്യം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് പറയുന്നത് ഹൗസ്‌കീപ്പിംഗ് വിഭാഗം തന്നെയാണ്. പുറത്തിറങ്ങാന്‍ പറ്റാത്ത വിധം പട്ടികള്‍ പെറ്റു പെരുകിയിരിക്കുന്നു.

ഏത് നിമിഷവും പട്ടികടി കൊള്ളും എന്നാണ് അവസ്ഥയാണ്. ജീവനക്കാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റുന്നില്ല. മന്ത്രിമാര്‍ കാറില്‍ കയറി പോകുന്നതു കൊണ്ട്, അവരെ ഓടിച്ചിട്ട് കടിക്കാന്‍ പട്ടികള്‍ക്കാവുന്നില്ല. പിന്നെ, പോലീസ് സെക്യൂരിട്ടിയുമുണ്ടല്ലോ. അതുകൊണ്ട് ജനപ്രതിനിധകളെല്ലാം സേഫ്. എന്നാല്‍, അവരെ കാണാന്‍ വരുന്ന സാധാരണക്കാരും മറ്റും അണ്‍ സേഫാണ്. പേ വിഷബാധ ഏല്‍ക്കാന്‍ സാധ്യത കൂടുതലും. കാരണം, തെരുവു പട്ടികളെ കൃത്യ സമയത്ത് കുത്തിവെയ്‌പ്പെടുത്തിട്ടല്ലല്ലോ സെക്രട്ടേറിയറ്റില്‍ വിടുന്നത്. അതുകൊണ്ട് സൂക്ഷിക്കുക. ഇതോടൊപ്പം പാമ്പ് ശല്യവും സെക്രട്ടറിയേറ്റില്‍ രൂക്ഷമാണെന്നാണ് കേള്‍ക്കുന്നത്.

അടുത്തിടെ 3 പാമ്പുകളാണ് സെക്രട്ടറിയേറ്റിലെ വിവിധ സെക്ഷനുകളില്‍ തല പൊക്കിയത്. ജോലി ചെയ്യുന്ന ജീവനക്കാരുടെ തലയില്‍ ഫാന്‍ പൊട്ടി വീഴുന്നതും സീലിംഗ് ഇളകി വീണതും അടുത്ത കാലത്താണ്. ക്ലോസറ്റ് തകര്‍ന്ന് ജീവനക്കാരിക്ക് ഗുരുതരമായി പരുക്കേറ്റതും വാര്‍ത്തയായിരുന്നു. ഭാഗ്യം കൊണ്ടാണ് ഗുരുതര അപകടങ്ങളൊന്നും പറ്റാതെ രക്ഷപ്പെടുന്നത് എന്നാണ് ജീവനക്കാര്‍ പറയുന്നത്. സെക്രട്ടറിയേറ്റിന് അകത്ത് ജോലി ചെയ്യാന്‍ ഇരുന്നാല്‍ പാമ്പിനെയും ഇളകി വീഴുന്ന പഴയ ഫാനിനെയും പേടിക്കണം. ഇതു പേടിച്ച് പുറത്തിറങ്ങിയാല്‍ പട്ടിയെ പേടിക്കണം. ചെകുത്താനും കടലിനുമിടയില്‍ എന്നപോലെയാണ് ജീവനക്കാരുടെ സ്ഥിതി.

പട്ടി ശല്യത്തിന് ഉടന്‍ പരിഹാരം കാണും എന്നാണ് സര്‍ക്കാര്‍ പറയുന്നത്. പരിഹാരം കണ്ടില്ലെങ്കില്‍ ആകെ പൊല്ലാപ്പാകുമെന്നതില്‍ തര്‍ക്കം വേണ്ട. ജീവനക്കാര്‍ക്ക് ആര്‍ക്കെങ്കിലും പി വിഷബാധ ഉണ്ടായാല്‍ കാര്യങ്ങളെല്ലാം തകിടം മറിയും. അന്ന്, തദ്ദേശ സ്വയംഭരണ മന്ത്രിയും, കോര്‍പ്പറേഷന്‍ ഭരിക്കുന്ന മേയറും, ആരോഗ്യ മന്ത്രിയും ഒന്നും വിചാരിക്കുന്നിടത്ത് കാര്യങ്ങള്‍ നില്‍ക്കില്ല. അതുകൊണ്ട് പേ വിഷബാധ തടയാന്‍ തെരുവുപട്ടികളെ ഇല്ലായ്മ ചെയ്യുകയാണ് വേണ്ടത്. സെക്രട്ടേറിയറ്റിനുള്ളില്‍ പെരുകുന്ന പട്ടികളെ നശിപ്പിക്കാന്‍ ഇനിയും മടിച്ചു കൂട. പേ വിഷബാധ എന്നത് ഒരു സൂമൂഹിക പ്രശ്‌നമായി തന്നെ കാണേണ്ടതാണ്.

അതി ഫലപ്രദമായി തടഞ്ഞില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രസ്‌നങ്ങള്‍ക്കു വഴി വെയ്ക്കുകയും ചെയ്യും. അറിഞ്ഞിരിക്കണം പേവിഷബാധ ഏല്‍ക്കുന്നത് എങ്ങനെയാണെന്നും എന്തു കൊണ്ടാണെന്നും. ലോകത്തു തന്നെ പേ വിഷബാധയേറ്റ് ഓരോ പത്തു മിനിട്ടിലും മരിക്കുന്നത് ഒരാളാണെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. മാരകമായ ജന്തുജന്യരോഗമാണ് റാബീസ് വൈറസുണ്ടാക്കുന്ന പേവിഷബാധ. പേവിഷബാധമൂലം പ്രതിവര്‍ഷം 55,000 – 60,000 വരെ മരണങ്ങളാണ് ലോകത്താകമാനം സംഭവിക്കുന്നത്. ഇതില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. മരിക്കുന്നതില്‍ പത്തില്‍ നാലുപേരും 15 വയസില്‍ താഴെയുള്ള കുട്ടികളാണെന്നാണ് ലോകാരോഗ്യസംഘടനയുടെ നിരീക്ഷണം.

പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടും പ്രതിരോധകുത്തിവയ്പ് എടുക്കാത്തതാണ് ജീവഹാനിക്ക് കാരണമാകുന്നത്. 97 ശതമാനത്തിനും രോഗബാധയേല്‍ക്കുന്നത് വൈറസ് ബാധിച്ച നായ്ക്കള്‍ കടിക്കുന്നതു മൂലമാണ്. പൂച്ച, മറ്റ് വളര്‍ത്തുമൃഗങ്ങള്‍, വന്യമൃഗങ്ങള്‍ എന്നിവയുടെ കടിയിലൂടെയും വൈറസ് ബാധയേല്‍ക്കാം. പേവിഷബാധയേറ്റ മൃഗങ്ങളുടെ ഉമിനീര്‍ഗ്രന്ഥികളും ഉമിനീരുമാണ് വൈറസിന്റെ സംഭരണകേന്ദ്രങ്ങള്‍. പട്ടി കടിക്കുക, ഉമിനീര്‍ പുരണ്ട നഖം കൊണ്ട് മാന്തുക എന്നിവയിലൂടെ പേവിഷബാധയേല്‍ക്കാം. ശരീരത്തിലേറ്റ മുറിവുകള്‍, ചെറുപോറലുകള്‍ വായിലെയോ കണ്ണിലെയോ ശ്ലേഷ്മസ്തരങ്ങളില്‍ പട്ടിയുടെ ഉമിനീര്‍ പുരളുക എന്നിവ വഴി വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നു. പേവിഷബാധയേറ്റ ആട്, പശു, മറ്റ് സസ്തനികള്‍ എന്നിവ മുറിവുകളില്‍ നക്കിയാലും വൈറസ് മനുഷ്യരില്‍ എത്തും.

  • പ്രഥമശുശ്രൂഷയും പ്രതിരോധ കുത്തിവയ്പും

മൃഗങ്ങളില്‍ നിന്നു കടിയോ പോറലോ ഏല്‍ക്കുകയോ മുറിവില്‍ ഇവയുടെ ഉമിനീര്‍ പുരളുകയോ ചെയ്താല്‍ മുറിവേറ്റ ഭാഗം സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം. റാബീസ് വൈറസിന്റെ പുറത്തുള്ള ലിപിഡ് തന്മാത്രകള്‍ ചേര്‍ന്ന ഇരട്ടസ്ഥരത്തെ അലിയിപ്പിച്ച് വൈറസിനെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിനുണ്ട്. മുറിവില്‍ കൈ കൊണ്ട് സ്പര്‍ശിച്ചാല്‍ വിഷബാധ പകരാന്‍ കാരണമാകും. കടിയേറ്റ മുറിവുകളില്‍ തണുപ്പോ ചൂടോ ഏല്‍പ്പിക്കുന്നത് നല്ലതാണ്. മണ്ണ്, ഉപ്പ്, മഞ്ഞള്‍ എന്നിവ പുരട്ടുന്നത് ഒഴിവാക്കണം. പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകള്‍ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങള്‍ നക്കുക എന്നിവ പ്രശ്നങ്ങളിലേക്കു നയിക്കില്ല. ഈ സാഹചര്യങ്ങളില്‍ പ്രതിരോധകുത്തിവയ്പുകള്‍ നല്‍കേണ്ടതില്ല. സ്പര്‍ശനമേറ്റ ശരീരഭാഗം സോപ്പുപയോഗിച്ചു നന്നായി കഴുകിയാല്‍ മതി.

മാന്തല്‍, രക്തം വരാത്ത ചെറിയ പോറലുകള്‍ എന്നിവ കാറ്റഗറി- 2ല്‍ ഉള്‍പ്പെട്ട കേസുകളാണ്. ഇവിടെ പ്രതിരോധ കുത്തിവയ്പ് വേണം. രക്തം പൊടിയുന്ന മുറിവുകള്‍, മുറിവുള്ള തൊലിപ്പുറത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ നക്കുക, കാട്ടുപൂച്ച, കടുവ, കരടി, പുലി, ചെന്നായ തുടങ്ങി വിവിധ വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ അപകടസാധ്യതയേറിയ കാറ്റഗറി മൂന്നിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ ആന്റി റാബീസ് കുത്തിവയ്പിനോപ്പം, ആന്റിറാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍ കൂടി നല്‍കണം. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, നവജാതശിശുക്കള്‍, പ്രായമായവര്‍, ഗുരുതര രോഗം ബാധിച്ചവര്‍ ഉള്‍പ്പെടെ ആര്‍ക്കു കടിയേറ്റാലും വാക്സിന്‍ എടുക്കണം. കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവര്‍ക്കും പേവിഷബാധക്കെതിരെയുള്ള വാക്‌സിന്‍ എടുക്കാം. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ നൂറുശതമാനം മരണസാധ്യതയുള്ളതാണ് പേവിഷബാധ. വാക്സിനേഷന്‍ കാലയളവില്‍ മദ്യപാനം ഒഴിവാക്കണം.

  • വാക്സിന്‍ എടുത്തവര്‍ക്കും പേവിഷബാധയോ?

വാക്സിന്‍ എടുത്തിട്ടും പേവിഷബാധയേറ്റതായുള്ള റിപ്പോര്‍ട്ടുകള്‍ സത്യമാകാന്‍ സാധ്യതയില്ല. റാബീസ് പ്രതിരോധ കുത്തിവയ്പ് വൈറസിനെതിരേ നൂറ് ശതമാനം സുരക്ഷ നല്‍കുന്നതാണ്. വാക്സിന്‍ സ്വീകരിച്ചിട്ടും പേ വിഷബാധയേറ്റ് മരണം സംഭവിച്ചിട്ടുണ്ടെങ്കില്‍ വാക്സിന്റെ ഗുണനിലവാരക്കുറവ്, ശരിയായ താപനിലയില്‍ സൂക്ഷിക്കുന്നതില്‍ വന്ന വീഴ്ച, വാക്സിന്‍ നല്‍കിയ രീതിയില്‍ വന്ന അശാസ്ത്രീയത തുടങ്ങിയവ ഗൗരവത്തോടെ ആരോഗ്യവകുപ്പ് പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരിക്കല്‍ പ്രതിരോധ കുത്തിവയ്പ് എടുത്ത ഒരാള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും കടിയോ, മാന്തോ കിട്ടിയാല്‍ വീണ്ടും വാക്സിന്‍ എടുക്കേണ്ട ആവശ്യമില്ല. മുറിവുകളുടെ പരിചരണം മതിയാകും. മൂന്നു മാസത്തിനു ശേഷമാണ് കടിയേല്‍ക്കുന്നതെങ്കില്‍ വാക്സിന്‍ രണ്ട് തവണകളായി എടുക്കണം. മുറിവ് തീവ്രമായാലും ഇമ്മ്യൂണോഗ്ലോബുലിന്‍ ചികിത്സ ആവശ്യമില്ല. പ്രതിരോധ കുത്തിവയ്പുമായി ബന്ധപ്പെട്ട ചികിത്സാരേഖകള്‍ സൂക്ഷിച്ചുവയ്ക്കണം. ഭാവിയില്‍ വീണ്ടും കടിയേറ്റാല്‍ രണ്ട് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുത്താല്‍ മതിയാകും. മൃഗത്തിന്റ കടിയോ, മാന്തോ ഏറ്റ ശേഷം 24 മണിക്കൂറിനകം തന്നെ ആദ്യ ഡോസ് വാക്സിന്‍ എടുക്കണം. വൈകിയെങ്കിലും വാക്സിന്‍ എടുക്കണം.

  • പേ വിഷബാധ എങ്ങനെ തിരിച്ചറിയാം?

വളര്‍ത്തുമൃഗങ്ങള്‍ പ്രകോപനമില്ലാതെ കടിക്കുകയോ അക്രമാസക്തമാവുകയോ ചെയ്യുക, താടി ഭാഗത്തിന്റെയും നാവിന്റെയും തളര്‍ച്ച, വായില്‍ നിന്ന് നുരയും പതയും വരിക, കുരയ്ക്കുമ്പോഴുള്ള ശബ്ദമാറ്റം, പിന്‍കാലുകള്‍ തളരുന്നത് മൂലം നടക്കുമ്പോള്‍ വീഴാന്‍ പോവുക എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ പേവിഷബാധയേറ്റതായി സംശയിക്കണം. ഉടനെ വെറ്ററിനറി ഡോക്ടറെ വിവരം അറിയിക്കുകയും ലക്ഷണം കാണിച്ച മൃഗത്തെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റുകയും വേണം. മാറ്റി പാര്‍പ്പിച്ച വളര്‍ത്തുമൃഗങ്ങള്‍ ചത്താല്‍ രോഗം ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെയോ വെറ്ററിനറി കോളേജുകളുടെയോ റാബീസ് രോഗനിര്‍ണയ കേന്ദ്രങ്ങളില്‍ എത്തിക്കണം.

CONTENT HIGH LIGHTS; Bharanasira Center ‘Street Svanasena’ Conquered?: Employees and People Trembling in Fear; Be aware of rabies; What is pea poisoning?

Latest News