എവിടെ തൊട്ടാലും പ്രശ്‌നമാകുന്ന കാലത്താണ് കേരള സര്‍ക്കാര്‍ ഓരോ ഏടാകൂടങ്ങളില്‍ ചെന്നുപെടുന്നത്. കേന്ദ്രം നല്‍കാത്ത 100 കോടിയാണ് സെക്രട്ടേറിയറ്റിനു മുമ്പില്‍ ആശമാര്‍ സമരം കിടക്കാന്‍ കാരണമെന്ന് ഇന്നലെ നിയമസഭയില്‍ മന്ത്രി വീണാജോര്‍ജ്ജ് പറഞ്ഞിട്ടും ആര്‍ക്കും അതങ്ങ് മനസ്സിലായില്ല. ആശമാരുടെ സമരം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും മത്സരിക്കുന്നതാണ് അതിനു കാരണം. ഇതിന്റെ ഭാഗമായി ഇന്നും ഇന്നലെ രാത്രിയും മാധ്യങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ പുറത്തിറങ്ങിയ ഒരു പ്രസ്താവന വാര്‍ത്തയാക്കിയിട്ടുണ്ട്. അതാണ് മന്ത്രി വീണാജോര്‍ജ്ജിനെ പഴയ മാധ്യമ പ്രവര്‍ത്തകയിലേക്കു കൊണ്ടു പോയത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിന്റെ പിടിപ്പു കേടാണ് ആശമാരുടെ സമരത്തിനു കാരണമെന്നും, സര്‍ക്കാരിന് ഭരിക്കാനറിയില്ല എന്നുമൊക്കെ തട്ടിവിട്ടിട്ടുണ്ട്. സ്വാഭാവികമായും ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയം അവതരിപ്പിക്കുകയും, ഇന്ന് കേന്ദ്ര ബി.ജെ.പി മന്ത്രിസഭയില്‍ നിന്നും തിരിച്ചടി ലഭിക്കുകയും ചെയ്യുമ്പോള്‍ എന്താണ് സത്യമെന്നും ഏതാണ് കള്ളമെന്നും അന്വേഷിക്കും. അങ്ങനെ അന്വേഷിച്ചു കണ്ടുപിടിച്ച വസ്തുതയാണ് പഴയ മാധ്യമ പ്രവര്‍ത്തക കൂടിയായ മന്ത്രി വീണാജോര്‍ജ്ജ് ഫേസ് ബുക്കിലൂടെ തന്റെ അണികളെ അറിയിച്ചിരിക്കുന്നത്.
‘കേരളത്തിനെതിരെ നുണകള്‍ വരുന്ന വഴി!
ഊരും പേരുമില്ലാത്ത ഒരു കുറിപ്പ്…
ആരുടേതാണ് കുറിപ്പെന്ന് ഇല്ല!
പ്രഥമദൃഷ്ട്യാ അത് ഏതെങ്കിലും ഒരു സര്‍ക്കാരിന്റേതോ മന്ത്രാലയത്തിന്റേയോ അല്ലെന്ന് വ്യക്തം.
അതിലെ ഉള്ളടക്കം ഇപ്രകാരം…
‘ശമ്പളവും ആനുകൂല്യങ്ങളും നല്‍കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയം’
ചാനലുകളില്‍ രാത്രി ബ്രേക്കിംഗ് ന്യൂസ്!
‘പ്രമുഖ’ പത്രങ്ങളില്‍ ഇന്ന് സ്വന്തം ലേഖകരുടെ റിപ്പോര്‍ട്ട്…
ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ‘മുതിര്‍ന്ന’ മാധ്യമ പ്രവര്‍ത്തകര്‍…
അവര്‍ക്ക് സംശയമില്ല!
‘കേരളത്തിന്റെ വീഴ്ച്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം’
ഇത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതല്ലെന്ന് മനസിലാക്കാന്‍ മാധ്യമ പ്രവര്‍ത്തകരാകണമെന്നില്ല, അക്ഷരാഭ്യാസം മതിയാകും…
ഇവര്‍ കൊടുത്തിരിക്കുന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമായ കുറിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതല്ല.
അപ്പോള്‍ പിന്നെ ആരുടേത്?
അവിടെയാണ് ഇവിടെ നടക്കുന്ന സംഭവങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കാണേണ്ടത്…
കൃത്യമായ ആസൂത്രണത്തോടെ ഏതോ സോഷ്യല്‍ മീഡിയാ സെല്ലില്‍ നിന്നും ഉത്ഭവിച്ച ഈ കുറിപ്പ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഒരു സംശയവുമില്ലാതെ റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തയുടെ ആധികാരികതയില്‍ ചോദ്യം അനുവദനീയമല്ല കേട്ടോ!
ഇനി പ്രതികരണങ്ങളിലേക്ക്…
ചര്‍ച്ചകളിലേക്ക്…
നിര്‍ഭയമായ, ഉദാത്തമായ മാധ്യമ പ്രവര്‍ത്തനം????’
കേരളത്തിനെ കുറ്റപ്പെടുത്തിക്കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി എന്നവകാശപ്പെടുന്ന പ്രസ്താവനയുടെ കോപ്പിയും മന്ത്രി പോസ്റ്റിനൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട്. ഇത് സത്യമാണോ. അതോ കള്ളമോ. ക്രോസ് ചെക്ക് ചെയ്യാന്‍ സാധാരണ ജനങ്ങള്‍ക്ക് വകുപ്പില്ലെങ്കിലും മന്ത്രി പറയുന്നത് വിശ്വസിച്ചേ മതിയാകൂ. കാരണം, കേന്ദ്ര ആരോഗ്യമന്ത്രിയോ, ആരോഗ്യ മന്ത്രാലയമോ കേരള സര്‍ക്കാരിനെയോ, ആരോഗ്യമന്ത്രിയെയോ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഔദ്യാഗികമായി അറിയിച്ചിട്ടില്ല. ഒരു പ്രസ്താവനയിലൂടെ ആശമാരുടെ പ്രശ്‌നത്തിന് പ്രതികരിക്കേണ്ട സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് ഉണ്ടോ എന്നതും ചോദ്യമാണ്.
കേന്ദംര ഇടപെടുന്നുണ്ടെങ്കില്‍ അത് ശരിയായ രീതിയിലായിരിക്കണം. അല്ലെങ്കില്‍ കേന്ദ്രമന്ത്രി മാധ്യമങ്ങളോട് നേരിട്ടു പറയണം. അതുമല്ലെങ്കില്‍ ചുമതലപ്പെട്ടവര്‍ പറയേണ്ടതായിരുന്നു. ഒരു പ്രസ്താവനയിലൂടെ കേരളത്തെ കുറ്റപ്പെടുത്തുമ്പോള്‍ അത്, ഒരു സംസ്ഥാന സര്‍ക്കാരിനെ തന്നെയാണ് കുറ്റപ്പെടുത്തുന്നത് എന്ന് മറക്കാന്‍ പാടില്ല. അപ്പോള്‍ അത് ആധികാരികമായി തന്നെ ആയിരിക്കണം. മാധ്യമങ്ങള്‍ക്ക് ഒരു വാര്‍ത്ത കൊടുക്കാനായി പ്രസ്താവന ഇറക്കുന്ന രീതിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം താഴ്ന്നു പോയിട്ടില്ല എന്നു തന്നെ വിശ്വസിക്കേണ്ടതുണ്ട്. മാത്രമല്ല, അതുകൊണ്ടാണ് മന്ത്രി വീണാ ജോര്‍ജ്ജിന് ആധികാരികമല്ലാത്ത പ്രസ്താവനയെ ചോദ്യം ചെയ്യേണ്ടി വന്നതും.
ഇനിടെ നഷ്ടമാകുന്നത്, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശ്വാസ്യതയാണ്. വെറും രാഷ്ട്രീയ പ്രേരിതമായുള്ള ഒരു പ്രസ്താവനയാണ് വന്നിരിക്കുന്നതെന്ന് മന്ത്രിയുടെ വാക്കുകളില്‍ മനസ്സിലാകും. അത് മാധ്യമങ്ങള്ഡക്കു വേണ്ടി പടച്ചതാണെന്നും തിരിച്ചറിയുന്നു. എന്നാല്‍, മന്ത്രി വീണാ ജോര്‍ജ്ജാകട്ടെ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ ഇറക്കിയ പ്രസ്താവനയെയോ, അത് ഇറക്കിയവരെയോ, കേന്ദ്ര മന്ത്രാലയത്തെയോ കുറ്റപ്പെടുത്തുന്നില്ല. ചോദ്യം ചെയ്യുന്നുമില്ല. പക്ഷെ, അത് പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ കണക്കിന് പ്രഹരിക്കുന്നുണ്ട്.
കാരണം, മന്ത്രി ഒരു മുന്‍ മാധ്യമ പ്രവര്‍ത്തക ആയതു കൊണ്ടു കൂടി. ഈ വാര്‍ത്ത ശറിയാണോ തെറ്റാണോ എന്നു പോലും നോക്കാതെ കേരളത്തിനെതിരേ പ്രസിദ്ധീകരിക്കാന്‍ തോന്നിയ മാധ്യമ മനസ്സുകളെയാണ് മന്ത്രി വലിച്ചു കീറിയിരിക്കുന്നത്.
ന്യൂഡല്‍ഹി: ആശാ വര്‍ക്കര്‍മാര്‍ ഓണറേറിയം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ആശ വര്‍ക്കര്‍മാരുടെ വേതനം മുടങ്ങുന്നതിനു പിന്നിലെന്നാണ് വിമര്‍ശനം. കേരളത്തിനു കേന്ദ്ര ആരോഗ്യമന്ത്രാലയം 938.80 കോടി രൂപ നല്‍കിയിരുന്നു. ഇത് അനുവദിച്ച തുകയേക്കാള്‍ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു. ബജറ്റ് വിഹിതത്തിനു പുറമെ 120 കോടി അധികമായി കേരളത്തിനു അനുവദിച്ചെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയെ കണ്ടതിനു പിന്നാലെയാണ് ആരോഗ്യമന്ത്രാലയം വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയമാണ് ആശ, അങ്കണവാടി, ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളവും കുടിശ്ശികയും നല്‍കാന്‍ കഴിയാത്തതിനു കാരണമെന്നാണ് കുറിപ്പിലെ വിമര്‍ശനം. സംസ്ഥാനത്തിന്റെ കഴിവില്ലായ്മയും പിടിപ്പുകേടുമാണ് ആറുമാസം വരെ ശമ്പളം കൊടുക്കാന്‍ കഴിയാത്തതിനു പിന്നില്‍. ആശ- അങ്കണവാടി വര്‍ക്കര്‍മാരോട് സര്‍ക്കാര്‍ ഉദാസീനത കാണിക്കുകയാണെന്നും, സര്‍ക്കാരിന്റെ കഴിവുക്കേടു മറച്ചുവയ്ക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ പഴിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതാണ് ശമ്പളം വൈകുന്നതിനു പിന്നിലെ കാരണമെന്ന് ആശ വര്‍ക്കര്‍മാരെ സംസ്ഥാനത്തെ മന്ത്രിമാര്‍ തെറ്റിദ്ധരിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സമയബന്ധിതമായ ആശ, അങ്കണവാടി വര്‍ക്കര്‍മാരുടെ ശമ്പളം വര്‍ധിപ്പിപ്പിച്ചിട്ടുണ്ട്. ഇതുമറച്ചു വച്ചാണ് സര്‍ക്കാര്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതെന്നും കുറിപ്പില്‍ പറയുന്നു.
മാധ്യമങ്ങള്‍ വാര്‍ത്ത എഴുതാന്‍ പ്രേരിപ്പിക്കപ്പെട്ട പ്രസ്താവന ആരുടേതെന്നും, എവിടുന്നു വന്നുവെന്നുമുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ സംശയം വ്യക്തമാക്കിയുള്ള ചോദ്യത്തിനു മുമ്പില്‍ വാര്‍ത്തയും മാധ്യമങ്ങളും പെട്ടിരിക്കുകയാണ്. വാര്‍ത്ത വസ്തുതാ വിരുദ്ധമല്ല, പക്ഷെ ആ വാര്‍ത്തയ്ക്കാധാരമായ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റേതെന്ന രീതിയില്‍ വന്ന പ്രസ്താവന വസ്തുതയ്ക്കു നിരക്കാത്തതാണ്. ഈ ആരോപണം തള്ളിക്കളയണമെങ്കില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രതികരിക്കേണ്ടതുണ്ട്. എന്നാല്‍, കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു നീക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് ചിന്തിക്കാന്‍ കാരണം, ഇന്നലെ കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി കേന്ദ്രമന്ത്രി ജെ.പി നദ്ദയെ നേരിട്ടു കണ്ട് ആശഷശമാരുടെ പ്രശ്‌നം അവതരിപ്പിച്ചിരുന്നു.
ഇതിനു ശേഷമാണ് പ്രസ്താവന ഇറങ്ങിയത്.
ഇനി തെറ്റ് സംഭവിച്ചത് ആര്‍ക്കാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ആശമാരുടെ പ്രശ്‌നം പരിഹരിക്കാത്ത ആരോഗ്യ വകുപ്പ് മന്ത്രിയുടേതാണോ, അതോ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇറക്കിയത് വ്യാജ പ്രസ്താവനയാണോ, അതോ മാധ്യമങ്ങള്‍ കേരളത്തിനെതിരേ എഴുതിയെന്നതാണോ. എന്തു തന്നെയായാലും ആശാവര്‍ക്കര്‍മാരുടെ സമരം നീണ്ചു പോവുകയാണ്. വെറും 7000 രൂപ ഓണറേറിയും, ഇന്‍സെന്റീവ്‌സും മറ്റ് ആനുകൂല്യങ്ങളും ചേര്‍ത്ത് 13,000ത്തോളം രൂപ മാത്രം ലഭിക്കുന്ന അവര്‍ക്ക് ന്യായമായ വേതനം നല്‍കാന്‍ തയ്യാറാകേണ്ടത് സര്‍ക്കാരാണ്. അത് പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ, അതിന്‍മേല്‍ നടക്കുന്ന ഡിബേറ്റുകള്‍ക്ക് മരുപടി പറഞ്ഞ് ജയിക്കുകയല്ലെന്ന് ഓര്‍മ്മപ്പെടുത്തുകയാണ്.
CONTENT HIGH LIGHTS; The way the lies come in!: Health Minister’s Facebook post, media reports and Union Health Ministry’s bogus statement; Which is the truth? Who is lying?