KSRTCയിലെ തെറ്റും കുറ്റവും അരിച്ചു പെറുക്കി എഴുതി, മന്ത്രിയെയും എം.ഡിയെയും ജീവനക്കാരെയും അടച്ചാക്ഷേപിക്കുന്നതു പോലെ, അവരുടെ നല്ല പ്രവൃത്തികളെയും ജനങ്ങളിലെത്തിക്കാന്‍ കഴിയുക എന്നതാണ് മാധ്യമ പ്രവര്‍ത്തനം. ശരിയാണ്, തൊഴിലാളികള്‍ക്കുണ്ടായ ബുദ്ധി മുട്ടികളെയെല്ലം അക്കമിട്ട് നിരത്തി, വകുപ്പിനെയും മന്ത്രിയെയും ചോദ്യം ചെയ്തിട്ടുണ്ട്. പക്ഷെ അതൊന്നും KSRTC ഇല്ലാതാകാന്‍ വേണ്ടിയായിരുന്നില്ല. കേരളത്തിന്റെ സ്വന്തം KSRTC തിരിച്ചു വരാന്‍ വേണ്ടി ആയിരുന്നു. KSRTCയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരുപക്ഷെ, ഈ ഒരു തീരുമാനം കൊണ്ട് പരിഹാരം കാണാനാകും എന്നതാണ് പ്രധാനം.
ഇന്നലെ ഗണേഷ്‌കുമാറിന്റെ പ്രഖ്യാപനം എത്ര കുടുംബങ്ങളിലാണ് ആശ്വാസം പകര്‍ന്നത്. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞവര്‍ കൈകൂപ്പിയിട്ടുണ്ടാകും. കാരണം, അത്രയേറെ നരകയാതനകളിലൂടെ ആയിരുന്നു അവര്‍ സഞ്ചരിച്ചിരുന്നത്. മനസ്സില്ലാ മനസ്സോടെയായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. ആര്‍ക്കോ വേണ്ടി ചെയ്തിരുന്ന ജോലി. അവരുടെയൊക്കെ വീടുകളില്‍ തൂക്കിയിട്ടിരിക്കുന്ന KSRTC കലണ്ടറില്‍ ഒന്നാം തീയതി എന്നത് മാഞ്ഞു പോയിട്ട് ഇന്നേക്ക് നാലു വര്‍ഷം കഴിയുന്നു. ആ ഒന്നാം തീയതിയാണ് തിരികെ വന്നിരിക്കുന്നത്.
മന്ത്രിയുടെ പ്രഖ്യാപനം ഇനിമുതല്‍ KSRTCയില്‍ ഒന്നാം തീയതി ശമ്പളം നല്‍കും എന്നതാണ്. നാലു വര്‍ഷം മുമ്പ് നിന്നുപോയ ഒരു സ്വാഭാവിക കാര്യത്തെ വലിയൊരു സംഭവമായി അവതരിപ്പിക്കേണ്ടി വന്നു എന്നതാണ് KSRTCയുടെ ഗതികേട്. എന്നാല്‍, നിന്നുപോയ സംവിധാനത്തെ പുനര്‍ ക്രമീകരിക്കാന്‍ മന്ത്രി എന്ന നിലയില്‍ ഗണേഷ്‌കുമാര്‍ എടുത്ത ധൈര്യം മുന്‍മന്ത്രിക്കുണ്ടായില്ല എന്നതാണ് ഹീറോയിസം. അതിനെ അംഗീകരിച്ചേ മതിയാകൂ. എതിര്‍പ്പുകളിലെ യോജിപ്പു പോലെ നല്ലതിനെ കൈയ്യടിക്കുക തന്നെ വേണം. ഇനി KSRTCയിലെ ജീവനക്കാര്‍ പണിയെടുക്കും.
ഇതുവരെ കാണിച്ചിരുന്ന ജോലിയല്ല. ആത്മാര്‍ത്ഥമായി തന്നെ. കാരണം, അവര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്പളം കിട്ടേണ്ടത് അനിവാര്യമാണ്. ഇനിയും പിന്നോട്ടു നടക്കാന്‍ അവര്‍ക്കാകില്ല. മന്ത്രിക്ക് തന്റെ വാക്ക് പാലിക്കുകയും വേണം. അതുകൊണ്ട് KSRTCയുടെ വരുമാനം വര്‍ദ്ധിക്കുകയേ ഉള്ളൂ. അടുത്ത ഒന്നാം തീയതിക്കു മുമ്പ് ടിക്കറ്റ് വരുമാനത്തില്‍ റെക്കോര്‍ഡിടാന്‍ ഓരോ ജീവനക്കാരും ശ്രമിക്കുമെന്നതില്‍ തര്‍ക്കമില്ല. ആറ്റുകാല്‍ പൊങ്കാലയാണ് വരുന്നത്. സ്‌പെഷ്യല്‍ സര്‍വ്വീസുകളും, ഡിപ്പോകളിലും, വര്‍ക്ക് ഷോപ്പുകളിലുമുള്ള എല്ലാ ബസുകളും എടുത്ത് ഓടിക്കാന്‍ കഴിയണം. ബസുകള്‍ നിറഞ്ഞ് കവിഞ്ഞ് യാത്രക്കാരുണ്ടാകണം.
ശ്രദ്ധയോടെയും സുരക്ഷിതമായും ബസുകള്‍ ഓടിക്കുകയും വേണം. ഓരോ ദിവസവും പുതിയപ്രഭാതങ്ങളും പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ക്കുമായി ജോലി ചെയ്യണം. മന്ത്രി., തൊഴിലാളികള്‍ക്കൊപ്പവും-തൊഴിലാളികള്‍ മന്ത്രിയോടൊപ്പവും ഒന്നിച്ചു നില്‍ക്കണം. യൂണിയന്‍കാരും മാറി നില്‍ക്കാതെ ചേര്‍ന്നു നില്‍ക്കണം. KLSRTCയുടെ നഷ്ടം നികത്തുക എന്നതിനപ്പുറം മറ്റൊരു രാ,്ട്രീയവും ഇനി വിലപ്പോവില്ല. ജീവനക്കാരനും പെന്‍ഷന്‍കാര്‍ക്കും കൃത്യമായി ശമ്പളവും പെന്‍ഷനും നല്‍കുക എന്നതിനപ്പുറം ഒരു മുദ്രാവാക്യവുമില്ല. അതിനു വേണ്ടിയാകണം പ്രവൃത്തിക്കേണ്ടത്.
KSRTCയില്‍ പ്രവൃത്തി കൊണ്ടു മാത്രമേ വരുമാനമുയര്‍ത്താനാകൂ. നിരത്തുകളില്‍ ബസ് ഇറങ്ങണം. അതിന് നിരവധി ഘടകങ്ങള്‍ ഒരുപോലെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. വര്‍ക്ക്‌ഷോപ്പ് മുതല്‍, ഡ്രൈവര്‍ വരെ. നല്ല സ്‌പെയര്‍ പാര്‍ട്‌സുകള്‍, ടയറുകള്‍, ബ്രേക്കുകള്‍ എന്നിവയും അത്യാവശ്യമാണ്. യാത്രക്കാരെ കയറ്റാതെ പോകുന്ന ഒരു ബസും ലാഭമുണ്ടാക്കില്ലെന്ന സാമാന്യ ബോധം ഉണ്ടാകണം. യാത്രക്കാര്‍ക്കു വേണ്ടിയാണ് KSRTC തന്നെ ഓടുന്നത്. അതുകൊണ്ട് യാത്രക്കാരെ കണ്ടാല്‍ ചവിട്ടി വിടുന്നവര്‍ ഓര്‍ക്കുക, ശമ്പളം കൃത്യമായി കിട്ടുന്നുണ്ടെങ്കില്‍ അതിനു കാരണം, യാത്രക്കാരാണെന്ന്.
ഗണേഷ് കുമാര്‍ വാഗ്ദാനം നിറവേറ്റുമ്പോള്‍, ഒരുകാര്യം മറന്നുപോകരുത്. ആന്റണി രാജു രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയാണ്. അദ്ദേഹത്തിനും ഇതു ചെയ്യാമായിരുന്നു. പക്ഷെ, അദ്ദേഹം ചെയ്തില്ല. എന്നു മാത്രമല്ല, ഇത്രയും കാലം KSRTC ജീവനക്കാരെ നരകിപ്പിക്കുകയും ചെയ്തു. ശമ്പളം രണ്ടു ഗഡുവാക്കി മാറ്റി. ഗഡുക്കള്‍ എപ്പോള്‍ കിട്ടുമെന്നു പോലും അറിയാത്ത സ്ഥിതിയായി. അതും ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തായിരുന്നു. അതേ സര്‍ക്കാരിന്റെ കാലത്ത് അതേ വകുപ്പില്‍ മറ്റൊരു മന്ത്രിയായി ഗണേഷ്‌കുമാര്‍ വന്നപ്പോള്‍ ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി നല്‍കാന്‍ കഴിഞ്ഞു. അതെങ്ങനെയാണ് സാധിച്ചതെന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമാണ്.
CONTENT HIGH LIGHTS; As Ganesh Kumar fulfills his promise: A new world without grievances for KSRTC employees; Staggered ticket revenue will now soar; After four years, the first date is back in the KSRTC calendar