Explainers

ട്രംപ് ഗാസയ്ക്ക് ബദല്‍ ഗാസയുമായി അറബ് രാജ്യങ്ങളുടെ ചെക്ക്: അമേരിക്കന്‍ ആധിപത്യം ദഹിക്കാതെ ഇസ്ലാം രാഷ്ട്രീയങ്ങള്‍; ട്രംപിന്റെ പൂതിയും നെതന്യാഹുവിന്റെ യുദ്ധ കൊതിയും എവിടെ എത്തും ?

ഗാസയെന്ന സുന്ദരിയെ മോഹിച്ച അമേരിക്കയുടെ നെറികേടിന്റെ നെറുകയില്‍ ചവിട്ടിയിരിക്കുകയാണ് അറബ് രാജ്യങ്ങളൊന്നാകെ. എങ്ങനെയും അമേരിക്കന്‍ അധിനിവേശ സ്ഥലമാക്കി മാറ്റാനുള്ള തീവ്രമായ ആഗ്രഹം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നും പുറത്തു ചാടിയത് മനോഹരമായ ഒരു AI വീഡിയോ ആയിട്ടാണ്. അതു കണ്ട ലോകം ഞെട്ടിപ്പോയി. കാരണം, അമേരിക്കയ്ക്ക അങ്ങനെയൊരു മോഹം ഉള്ളിലുണ്ടെന്ന് അപ്പോഴാണ് ലോകം തിരിച്ചറിഞ്ഞത്. അതുവരെ ഇസ്രയേലിനെ യുദ്ധത്തില്‍ സഹായിക്കുക എന്ന റോളേ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു ധാരണ.

പക്ഷെ ഉള്ളില്‍ ഇങ്ങനെയൊരു ആശയം വെച്ചാണ് സഹായമെല്ലാം നല്‍കിയതെന്ന് ഇസ്രയേലിനു മനസ്സിലായപ്പോള്‍ പൂര്‍മ്ണ സമ്മതമായിരുന്നു അവിടുന്ന് കിട്ടിയത്. എന്നാല്‍, പലസ്തീനിനും, ഗാസയ്ക്കും ചുറ്റുമള്ള രാജ്യങ്ങള്‍ അമേരിക്കയുടെ ഈ പൂതിയെ അംഗീകരിക്കാന്‍ തയ്യാറല്ല എന്നാണ് വ്യക്തമാക്കുന്നത്. ഇറാനാണെങ്കില്‍ ഇസ്രയേലുമായി നേരിട്ട് യുദ്ധത്തിനൊരുങ്ങി നില്‍ക്കുകയയുമാണ്. യുദ്ധക്കൊതി മൂത്തു നില്‍ക്കുന്ന ഇസ്രയേലിന് മുമ്പില്‍ ഗാസയെ വെച്ച് വിലപേശുന്ന അമേരിക്കയ്ക്കു മേല്‍ വെറുപ്പിന്റെ നിഴല്‍ വീണിരിക്കുകയാണ്.

അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയില്‍ നടന്ന അടിയന്തര ഉച്ചകോടിയില്‍ അറബ് രാഷ്ട്രങ്ങള്‍ അംഗീകരിച്ച ബദല്‍ ഗാസ പദ്ധതി. ഇത് അമേരിക്കയുടെ മോഹങ്ങള്‍ക്ക് ഏര്‌റ തിരിച്ചടി കൂടിയാണ്. അതുകൊണ്ടാണ് ട്രംപ് ഹമാസിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ബന്ദികളെ വിട്ടയയ്ക്കണമെന്നാണ് അന്ത്യ ശാസനം. ഇല്ലെങ്കില്‍ യുദ്ധം അനിവാര്യമാകുമെന്ന സന്ദേശമാണുള്ളത്. കാരണം, അറബ് രാജ്യങ്ങള്‍ ഗാസയെ കിട്ടാനുള്ള വഴിമുടക്കികളായി മുന്നില്‍ വന്നു നില്‍ക്കുന്നത് ട്രംപിനെ ചൊടിപ്പിച്ചിരിക്കുകയാണ്.

പെണ്ണും പണവും ഒഴുകുന്ന ഗാസ ഏറ്റെടുക്കല്‍ പദ്ധതിയെ അടിവേരോടെ പിഴുത് എറിയുകയാണ് അറബ് ലോകം ചെയ്തത്. വെറും വാക്കുകള്‍ മാത്രമല്ല, ‘ഗാസ ഏറ്റെടുക്കുകയും’ രണ്ട് ദശലക്ഷത്തിലധികം പലസ്തീനികളെ ഒഴിപ്പിക്കുകയും ചെയ്യുക എന്ന ട്രംപിന്റെ ആശയത്തെ എതിര്‍ക്കുന്ന അറബ് രാജ്യങ്ങള്‍ 53 ബില്യണ്‍ ഡോളറിന്റെ ബദല്‍ പദ്ധതിയുമായാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഗാസ പുനര്‍നിര്‍മ്മാണത്തിനുള്ള ബദല്‍ പദ്ധതി അറബ് നേതാക്കള്‍ അംഗീകരിച്ചത് ഈജിപ്ത് തയ്യാറാക്കിയ പദ്ധതിയാണ്. നിര്‍ബന്ധിതമായ ഏതൊരു കുടിയിറക്കത്തെയും തള്ളിക്കളയുക എന്നതാണ് അറബ് നിലപാട്.

ആഗോള തലത്തില്‍ തന്നെ വലിയ ഞെട്ടലുണ്ടാക്കിയ ‘മിഡില്‍ ഈസ്റ്റ് റിവിയേര’ എന്ന് ലേബല്‍ ചെയ്ത ട്രംപ് പദ്ധതിയെ പ്രതിരോധിക്കാന്‍ തണല്‍ വൃക്ഷങ്ങളും ഇലകള്‍ പൊഴിഞ്ഞുകിടക്കുന്ന പരിസരവും ഗംഭീരമായ പൊതു കെട്ടിടങ്ങളുമുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെ 91 പേജുള്ള ഒരു വിശദമായ ബ്ലൂപ്രിന്റ് ഈജിപ്ത് തയ്യാറാക്കുകയും ചെയ്തിരുന്നു. നശിച്ചുപോയ ഗാസ പ്രദേശത്തെ മനോഹരമായി പുനര്‍സൃഷ്ടിക്കുക എന്നതു മാത്രമല്ല എല്ലാ പൗരാവകാശങ്ങളുമുള്ള ഒരു പലസ്തീന്‍ രാഷ്ട്രം എന്ന വിശാല സങ്കല്പം പൂര്‍ത്തീകരിക്കുക എന്നതുകൂടിയാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് അറബ് നേതാക്കള്‍ പറയുന്നുണ്ട്.

ഭൗതിക പുനര്‍നിര്‍മ്മാണത്തോടൊപ്പം ഇസ്രയേലിനൊപ്പം ഒരു പലസ്തീന്‍ രാഷ്ട്രം എന്ന ഒരു സമാന്തര പദ്ധതി കൂടി വേണമെന്നാണ് ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് അല്‍-സിസി ഉച്ചകോടിയില്‍ പറഞ്ഞത്. നിരന്തര സംഘര്‍ഷത്തിനുള്ള ഏക ശാശ്വത പരിഹാരമായി അറബ് രാജ്യങ്ങളും മറ്റുള്ളവരും ഈ നീക്കത്തെ കാണുന്നുണ്ട്. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ സഖ്യകക്ഷികളും ഈ ആവശ്യത്തെ ശക്തമായി തള്ളുകയാണ് ചെയ്തത്. തിരഞ്ഞെടുത്ത സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന ‘പലസ്തീന്‍ സര്‍ക്കാരിന്റെ കുടക്കീഴില്‍ ഗാസ മാനേജ്‌മെന്റ് കമ്മിറ്റി’ താല്‍ക്കാലികമായി ഗാസയുടെ

പുനര്‍നിര്‍മിതി അടക്കമുള്ള ഭരണം നടത്താനും ഈ പുതിയ പദ്ധതി നിര്‍ദ്ദേശിക്കുന്നുണ്ട്. അതേസമയം പദ്ധതിയില്‍ ഹമാസ് എന്ത് പങ്ക് വഹിക്കുമെന്ന വിഷയത്തില്‍ ഒരു വെളിപ്പെടുത്തല്‍ ഇതുവരെ ഉണ്ടായിട്ടില്ല. കൂടാതെ ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന്റെ കാരണങ്ങള്‍ നീക്കം ചെയ്താല്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും പദ്ധതി നിര്‍ദ്ദേശത്തില്‍ പറയുന്നു. ഹമാസിനെ മാറ്റിനിര്‍ത്തി ഗാസയുടെ ഭരണനിര്‍വഹണം നടത്തണമെന്നും, അതല്ല ആ തീരുമാനങ്ങള്‍ പലസ്തീനികളുടെ ഇഷ്ടത്തിന് വിടണമെന്നുമുള്ള അഭിപ്രായങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.

നിരായുധീകരണം ഉയര്‍ത്തുന്ന മറ്റൊരു അപകടസാധ്യതയെക്കുറിച്ചും നേതാക്കള്‍ക്ക് ആശങ്കയുണ്ട്. ഗാസയെ നിയന്ത്രിക്കുന്നതില്‍ ഹമാസ് ഇടപെടില്ലെന്ന കാര്യം ഹമാസ് അംഗീകരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമമായ bbc റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രസിഡന്റ് ട്രംപിന്റെ പദ്ധതിയെ ‘ദര്‍ശനാത്മകം’ എന്ന് വിശേഷിപ്പിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിന് മാത്രമല്ല, പലസ്തീന്‍ അതോറിറ്റിക്കും ഭാവിയില്‍ ഒരു ഗാസയില്‍ പങ്കും വഹിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഗാസയിലെ സുരക്ഷാ പ്രശ്നം കൈകാര്യം ചെയ്യാന്‍ അന്താരാഷ്ട്ര സമാധാന സേനാംഗങ്ങളെ വിന്യസിക്കാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിനോട് ആഹ്വാനം ചെയ്തുകൊണ്ടാണ് അറബ് ഉച്ചകോടി നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഈ പുനര്‍നിര്‍മ്മാണ പദ്ധതിക്ക് ആവശ്യമായ വലിയ തുകകള്‍ സ്വരൂപിക്കുന്നതിനായി അടുത്ത മാസം ഒരു പ്രധാന അന്താരാഷ്ട്ര സമ്മേളനവും നടക്കും. ഗാസ പുനര്‍നിര്‍മാണ പദ്ധതിയിലേക്ക് സമ്പന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഭീമമായ തുകയുടെ ഒരു ഭാഗം നല്‍കാന്‍ തയ്യാറാണെന്ന സൂചനയുണ്ട്. എന്നാല്‍ മറ്റൊരു യുദ്ധത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴില്ലെന്നും അവര്‍ നല്‍കുന്ന പണം പാഴകിലെന്നുമുള്ള പൂര്‍ണ്ണമായ ഉറപ്പാണ് അവര്‍ക്ക് ആവശ്യം.

ഇല്ലെങ്കില്‍ ആരും നിക്ഷേപിക്കാന്‍ തയ്യാറാകില്ല എന്നാണ് വിവരം. ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍ ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലായാതിനാല്‍, ഗാസയില്‍ നിക്ഷേപിക്കാന്‍ അത്രപെട്ടെന്ന് ആരും തയ്യാറാകില്ല. വന്‍തോതിലുള്ള കെട്ടിട അവശിഷ്ടങ്ങളും പൊട്ടിത്തെറിക്കാത്ത സൈനിക ആയുധങ്ങളും നീക്കം ചെയ്യാന്‍ ആരംഭിക്കുന്നതിനായി വേണ്ടിവരുന്ന ഏകദേശം ആറ് മാസത്തെ പ്രാരംഭ കാലയളവ് ഉള്‍പ്പെടെ ഗാസ പുനര്‍നിര്‍മ്മിക്കാനുള്ള ഈ പുതിയ അറബ് പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് വികസിക്കുക.

തുടര്‍ന്നുള്ള രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാകാന്‍ നിരവധി വര്‍ഷങ്ങള്‍ വേണ്ടി വരും. 90% വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു എന്നാണ് യുഎന്‍ പറയുന്നത്. സ്‌കൂളുകളും ആശുപത്രികളും മുതല്‍ മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനങ്ങളും വൈദ്യുതി ലൈനുകളും വരെ എല്ലാ അടിസ്ഥാനകാര്യങ്ങളും തകര്‍ന്നിരിക്കുന്ന ഇവിടെ ഈ നിലയില്‍ ആര്‍ക്കും ജീവിക്കാന്‍ കഴിയില്ല എന്നാണ് എല്ലാ അന്താരാഷ്ട്ര ഏജന്‍സികളും പറയുന്നത്. ഗാസ പുനര്‍നിര്‍മാണ കാലയളവില്‍ 1.5 ദശലക്ഷം വരുന്ന പലസ്തീനികളെ താല്‍ക്കാലിക ഷെല്‍റ്ററുകളില്‍ പാര്‍പ്പിക്കും.

മനോഹരമായ ഭൂപ്രകൃതിയുള്ള പ്രദേശങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന ഭവന യൂണിറ്റുകളായിട്ടാണ് തിളങ്ങുന്ന അറബ് പദ്ധതിയുടെ ബ്രോഷറിലെ ഫോട്ടോഗ്രാഫുകള്‍ ഗാസ പദ്ധതിയെ അവതരിപ്പിക്കുന്നത്. ഇത് ഡൊണാള്‍ഡ് ട്രംപിന്റെ ട്രംപ്ഗാസയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിനെതിരേ എങ്ങനെ അമേരിക്ക പ്രതികരിക്കും എന്നതു പോലെയാകും പശ്ചിമേഷ്യയിലെ സമാധാനവും യുദ്ധവും.

CONTENT HIGH LIGHTS; Trump’s alternative to Gaza is Gaza, Arab countries’ check: Islamic politics without destroying American dominance; Where will Trump’s ambition and Netanyahu’s war appetite lead?

Latest News