ഖജനാവിന്റെ താക്കോല്‍ കൈയ്യിലുള്ള ആളെ കേരളത്തില്‍ നിര്‍ത്തിയിട്ട്, കടഭാരത്തിന്റെ കണക്കു പറഞ്ഞ് കാര്യം ബോധിപ്പിക്കാനും മുഖ്യമന്ത്രി കൂട്ടിയത്, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെയും പ്രത്യേക പ്രതിനിധി കെ.വി. തോമസിനെയും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഡെല്‍ഹിയാത്രയില്‍ ഔട്ട്. കേന്ദ്ര മന്ത്രിസഭയുടെ ധനമന്ത്രിയായ നിര്‍മ്മലാ സീതാരാമനെ കേരളാ ഹൗസിലേക്ക് വിളിച്ചുവരുത്തി കാണാന്‍ കെല്‍പ്പുള്ള മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയതിനു പിന്നിലെ ചാണക്യബുദ്ധി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടേതാണോ എന്നാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ ചിന്ത.
കാരണം, കേന്ദ്ര ധനമന്ത്രിയെ ധനമന്ത്രാലയത്തില്‍ മന്ത്രിയുടെ ഓഫീസില്‍ മുന്‍കൂട്ടി സമയം നിശ്ചയിച്ചു മാത്രം കാണാനാകുന്ന വ്യക്തിയാണ്. മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും സമയം നോക്കിയാകും കൂടിക്കാഴ്ച. എന്നാല്‍, കേരളാ ഹൗസിലേക്ക് കേന്ദ്രധനനമന്ത്രി എത്തുകയും, ഇന്നലെത്തന്നെ ഗവര്‍ണറും, മുഖ്യമന്ത്രിയും കേരളാ ഹൗസില്‍ എത്തുകയും ചെയ്തതാണ് അസാധാരണത്വം. മുഖ്യമന്ത്രിയോ, കേരളാ ഗവര്‍ണറോ കേരളാ ഹൗസില്‍ വന്നതല്ല, അസാധരണത്വം. കേന്ദ്ര ധനമന്ത്രി ഡെല്‍ഹിയിലെ തന്റെ ഔദ്യോഗിക ഓഫീസ് വിട്ട്, കേരളാ ഹൗസിലെത്തി, മുഖ്യമന്ത്രി പിണറായി വിജയനും, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തിയതിലാണ് അസാധാരണത്വം.
കൂടിക്കാഴ്ചയില്‍ ഈ മൂന്നുപേര്‍ക്കും ഒപ്പം കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസും ഉണ്ടായിരുന്നു. അപ്പോള്‍ കേരളാ ഹൗസിലെ കൂടിക്കാഴ്ച അനൗദ്യോഗികമല്ല എന്നതാണ് കാണിക്കുന്നത്. കൂടിക്കാഴ്ച നടത്തിയവരുടെ പദവികളും പ്രത്യേകതകളും പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ഒരാള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. മറ്റൊരാള്‍ കേരളത്തിന്റെ ഗവര്‍ണറും. നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ധനമന്ത്രിയും. ധനമന്ത്രാലയവും, ധനമന്ത്രിയുടെ ഔദ്യോഗിക ഇരിപ്പിടവും വിട്ട് കേരളാ ഹൗസിന്റെ വാതിലില്‍ നിര്‍മ്മലാ സീതാരാമനെ എത്തിച്ചതിനു പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്ന് സംശയിക്കുന്നവരും കുറവല്ല. അതിന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ഇടപെടലുണ്ടെന്നു തന്നെയാണ് സൂചന.
അതുകൊണ്ടാണ് കെ.എന്‍. ബാലഗോപാലിനെ ഒഴിവാക്കി ഗവര്‍ണറെ കൂടെക്കൂട്ടി മുഖ്യമന്ത്രി ഡെല്‍ഹിയില്‍ പോയത്. അപ്പോഴും കൂടിക്കാഴ്ച കേരളാ ഹൗസില്‍ വെച്ചാക്കിയതിന്റെ രാഷ്ട്രീയം മാത്രം മറനീക്കി വരുന്നില്ല എന്നതാണ്. ഇതിനു മുമ്പ് ഒരു മുഖ്യമന്ത്രിമാരും കേരളാ ഹൗസില്‍ താമസിച്ച്, അവിടെവെച്ച് കേന്ദ്ര ധനമന്ത്രിയുമായി കേരളത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ സംസാരിച്ചിട്ടില്ല എന്നതാണ് വസ്തുത. അങ്ങനെയൊരു കീഴ് വഴക്കം കേന്ദ്രമന്ത്രിമാര്‍ ആരും കാണിച്ചിട്ടില്ല. എന്നാല്‍, കേന്ദ്രമന്ത്രിമാരുടെ ഓഫീസുകളില്‍ പോകാന്‍ ശാരീരികമായി ബുദ്ധിമുട്ടുള്ള മുഖ്യമന്ത്രിമാരായി കേരളത്തിലെ ആരും മാറിയിരുന്നുമില്ല. അതുകൊണ്ടാണ് പിണറായി വിജയനും നിര്‍മ്മലാ സീതാരാമനും തമ്മിലുള്ള കൂടിക്കാഴ്ച അസാധാരണമായി മാറിയത്.
കൂടിക്കാഴ്ചയ്ക്ക് ചുക്കാന്‍ പിടിച്ചത് ഗവര്‍ണറും പ്രത്യേക പ്രതിനിധി കെ.വി തോമസുമാണെന്ന് വ്യക്തമാണ്. രാഷ്ട്രീയമായി ഗവര്‍ണറും, സാങ്കേതികമായി കെ.വി തോമസും ഇടപെട്ടാണ് ധനമന്ത്രിയെ കേരളാ ഹൗസില്‍ എത്തിച്ചത്. ഗവര്‍ണര്‍ കേരളത്തിലെ എംപിമാരെ നേരത്തെ കാണുകയും ചെയ്തിരുന്നു. അവര്‍ക്ക് ഭക്ഷണവും നല്‍കായായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ ഇനി ഒറ്റക്കെട്ടായി രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായി കേരളത്തിലെ എംപിമാര്‍ മുന്നോട്ടുപോകണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അഭ്യര്‍ത്ഥിച്ചു.
കേരളത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് താനും ബോധവാനാണ്. ഈ പ്രശ്‌നങ്ങളും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നില്‍ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്ക് ഒപ്പം താനും ഉണ്ടാകുമെന്ന് ഗവര്‍ണര്‍ വാഗ്ദാനം ചെയ്തിരുന്നു. ടീം കേരളയോടൊപ്പം കേരള ഗവര്‍ണറും ഉണ്ട് എന്നത് ആഹ്ലാദകരവും ആവേശകരമാണെന്നും ഇത് ഒരു പുതിയ തുടക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ വികാരത്തോടെ മുന്നോട്ടു പോകാന്‍ നമുക്ക് ആവട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് നേടിയെടുക്കുന്നതിനും സംസ്ഥാനത്തിന്റെ പ്രതിസന്ധികളെയും ആവശ്യങ്ങളെയും വിശദമായി മനസിലാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനുമായും കേരളത്തില്‍ നിന്നുള്ള എംപിമാരുമായും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ന്യൂഡല്‍ഹി കേരളഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഗവര്‍ണറും മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയത്.
പ്രശ്നങ്ങളെ രാഷ്ട്രീയവത്ക്കരിക്കാതെ എല്ലാവരും ഒന്നിച്ചുനിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ യോഗം വിളിച്ചത്. ഗവര്‍ണറുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു യോഗം വിളിക്കുന്നത് ആദ്യമാണ്. കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അത്താഴ വിരുന്നും ഗവര്‍ണര്‍ ഒരുക്കിയിരുന്നു. കൂടിക്കാഴ്ചയില്‍ സംസാരിച്ച എംപിമാരുടെ ഉള്‍ക്കാഴ്ചയുള്ള കാഴ്ചപ്പാടുകള്‍ക്ക് ഗവര്‍ണര്‍ നന്ദി പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള ലോക്സഭാ അംഗങ്ങളായ രാജ്മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍, എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, വി.കെ ശ്രീകണ്ഠന്‍, കെ.രാധാകൃഷ്ണന്‍, ഹൈബി ഈഡന്‍, കെ.സി വേണുഗോപാല്‍, ആന്റോ ആന്റണി, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, എന്‍.കെ പ്രേമചന്ദ്രന്‍, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹനാന്‍, രാജ്യസഭാംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, എ.എ റഹിം, ജോസ് കെ.മാണി, ഹാരീസ് ബീരാന്‍, പി.പി സുനീര്‍, പി.വി അബ്ദുള്‍ വഹാബ്, പി.ടി ഉഷ,ഡോ.വി.ശിവദാസന്‍, ജെബി മേത്തര്‍, പി. സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് പ്രത്യേക ക്ഷണിതാവായിരുന്നു.
ഇതിനു ശേഷമാണ് ഇന്ന് രാവിലെ ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടന്നത്. 45 മിനിട്ടോളം കൂടിക്കാഴ്ച നീണ്ടു. കൂടിക്കാഴ്ചയക്കു ശേഷം കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞത്. പ്രഭാത ഭക്ഷണത്തിനുണ്ടായിരുന്ന മെനുവാണ്. അല്ലാതെ, ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ പിന്നീട് മുഖ്യമന്ത്രി പറയുമെന്നും പറഞ്ഞു. രാവിലെ ഒന്‍പതോടെ കേരള ഹൗസില്‍ എത്തിയ കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.വി തോമസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
അനൗദ്യോഗിക സന്ദര്‍ശനമായിരുന്നു കേന്ദ്ര മന്ത്രിയുടേത് എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കു വന്ന ധനമന്ത്രിയോട് ഔദ്യോഗികമായി കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് നേടിയെടുക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്നാം പിണറായി വിജയന്‍ സര്‍ക്കാരിലേക്കുള്ള നീക്കത്തിന്റെ തുടക്കമായും ഇതിനെ കൂട്ടാം. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി മടങ്ങിയത്.
CONTENT HIGH LIGHTS; Unusual meeting: K.N. Balagopal out; Who took the helm of the discussion held at Kerala House; Chief Minister, Governor and Special Representative discuss the challenges and debt burden; Credit Governor Arlekar?