Explainers

ഗണേഷ് കുമാറിന്റെ ‘പ്ലാന്‍ B’: അന്തംവിട്ട് കുന്തം വിഴുങ്ങി KSRTC ജീവനക്കാര്‍; സ്വകാര്യ ബസ് ലോബിയെ കേരളത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാന്‍ ‘റൂട്ട് ഫോര്‍മുലേഷന്‍’; സ്വകാര്യ ബസ് ഇല്ലാത്തിടത്ത് ഓടി കാശുണ്ടാക്കാന്‍ KSRTCയോട് മന്ത്രി: എന്താണ് പ്ലാന്‍-B ? (സ്‌പെഷ്യല്‍ സ്റ്റോറി)

ധനമന്ത്രി കെ.എന്‍. ബാലഗോപാലിനുമാത്രമല്ല, ഗതാഗതമന്ത്രിക്കുമുണ്ടായിരുന്നു പ്ലാന്‍-B. സംസ്ഥാനത്തിന്റെ നികുതി വരുമാനം വേണ്ടത്ര ഉയര്‍ന്നില്ലെങ്കില്‍ പ്ലാന്‍-B നപ്പാക്കുമെന്നായിരുന്നു ധനമന്ത്രി പറഞ്ഞതെങ്കില്‍, കേരളത്തിലെ മുക്കിലും മൂലയിലും സ്വകാര്യ ബസുകള്‍ എത്തിക്കാനുള്ള റൂട്ട് ഫോര്‍മുലേഷനാണ് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്ലാന്‍-ബി. ധനമന്ത്രിയുടെ പ്ലാന്‍-ബി വെറുമൊരു ബി ആയിരുന്നു. എന്നാല്‍, ഗണേഷ്‌കുമാറിന്റെ പ്ലാന്‍-ബി പേരുകൊണ്ടുപോലും അര്‍ത്ഥവത്താണ്. അതുകൊണ്ടാണ് പേരുകൊണ്ടു പോലും കൃത്യവും വ്യക്തവുമായ പ്ലാനെന്ന് KSRTC ജീവനക്കാര്‍ ഉള്‍ഭയത്തോടെ തിരിച്ചറിയുന്നതും. ഈ പ്ലാന്‍ നടപ്പാക്കാനുള്ള ശ്രമമായിരുന്നു ഇതുവരെ നടത്തിക്കൊണ്ടിരുന്നതെന്നും, അതിനു വേണ്ടിയുള്ള അച്ചാരം മുഖ്യമന്ത്രിയില്‍ നിന്നും വാങ്ങിച്ചിരുന്നുവെന്നും മന്ത്രിതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനായി KSRTCയിലെ കളം ഒരുക്കം നടത്തുകയായിരുന്നു ഇതുവരെ. കൂടുതല്‍ അത്യാഡംബര ബസുകള്‍ ഇറക്കുക, ശമ്പളം ഒന്നാം തീയതി നല്‍കുക, ജീവനക്കാരെ മുഴുവന്‍ ജോലിചെയ്യിപ്പിക്കുക, ടിക്കറ്റ് -ടിക്കറ്റിതര വരുമാനങ്ങള്‍ ഉയര്‍ത്തുക, സര്‍ക്കാര്‍ KSRTC ബന്ധം ശക്തമായി മുന്നോട്ടു കൊണ്ടു പോവുക തുടങ്ങിയ കാര്യങ്ങളെല്ലാം സമയമെടുത്ത് നടപ്പാക്കി. ഇതിനു ശേഷമാണ് രഹസ്യ അജണ്ട പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ സമയമായെന്നു മനസ്സിലാക്കിയത്. ഇതോടെ ഉള്ളിലുള്ള ‘സ്വകാര്യ’ സ്‌നേഹം പുറത്തു വിട്ടിരിക്കുകയാണ് മന്ത്രി ഗണേഷ്‌കുമാര്‍. ഇതിന്റെ ഞെട്ടലിലാണ് KSRTCയിലെ ഓരോ ജീവനക്കാരനും. പരസ്യമായി കെ.എസ്.ആര്‍.ടി.സിയെ തള്ളിപ്പറയുകയും സ്വകാര്യ ബസ് മേഖലയുടെ പ്രശ്‌നങ്ങള്‍ അഡ്രസ്സ് ചെയ്യുകയും ചെയ്തു കൊണ്ട് എന്തു സന്ദേശമാണ് മന്ത്രി നല്‍കിയതെന്നാണ് ജീവനക്കാരുടെ ചോദ്യം.

കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടുന്ന റൂട്ടുകള്‍ സ്വകാര്യ ബസുകള്‍ക്ക് നല്‍കുന്നത് ഇപ്പോഴും തുടരുകയാണ്. മന്ത്രിയുടെ പുതിയ പ്ലാന്‍ അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്ന യൂണിയന്‍കാര്‍ക്ക് ഒന്നുകില്‍ കാര്യം പിടികിട്ടിയിട്ടില്ല. അല്ലെങ്കില്‍ എല്ലാം അറിഞ്ഞുകൊണ്ട് കൂട്ടു നില്‍ക്കുന്നു. അതുമല്ലെങ്കില്‍ അറിഞ്ഞിട്ടും, ഞങ്ങളറിഞ്ഞില്ല എന്ന ഭാവത്തില്‍ ജീവനക്കാരുടെ മുമ്പില്‍ പൊട്ടന്‍ കളിക്കുന്നു. ഇനി ഗണേഷ്‌കുമാറിന്റെ പ്ലാന്‍-ബി എന്താണെന്ന് നോക്കാം.

  • എന്താണ് ഗണേഷ്‌കുമാറിന്റെ പ്ലാന്‍-B ?

ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ പ്ലാന്‍-B എന്നാല്‍ അദ്ദേഹത്തിന്റെ അച്ഛന്റെ പ്ലാന്‍ ആണ്. അന്തരിച്ച മുന്‍ ഗതാഗതമന്ത്രിയും ഇപ്പോഴത്തെ ഗതഗാതമന്ത്രിയുടെ പിതാവുമായ ആര്‍. ബാകൃഷ്ണ പിള്ളയുടെ പ്ലാന്‍ എന്നര്‍ത്ഥം. അത് ഗണേഷ്‌കുമാര്‍ തന്നെ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. റൂട്ട് ഫോര്‍മുലേഷന്‍ എന്ന ഗണേഷ് കുമാറിന്റെ പ്ലാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നടപ്പാക്കിയിട്ടുള്ളതാണ്. അത് വിജയിക്കുകയും ചെയ്തിരുന്നു. അന്ന് അത് നടപ്പാക്കിയത് ആര്‍. ബാലകൃഷ്ണപിള്ള ഗതാഗതമന്ത്രി ആയിരുന്നപ്പോഴാണ്. തിരുവനന്തപുര് സിറ്റിയില്‍ 103 പ്രൈവറ്റ് ബസുകള്‍ റൂട്ട് ഫോര്‍മുലേറ്റ് ചെയ്ത് ഓടിക്കാന്‍ അനുമതി നല്‍കി. അത് ഇപ്പോഴും പ്രശ്‌നങ്ങളില്ലാതെ ഓടുന്നുണ്ട്. അച്ഛന്റെ പ്ലാനിനെ കുറിച്ച് ഗണേഷ് കുമാര്‍ മന്ത്രി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്.
‘ ഇത് ആദ്യം ചെയ്തത് എന്റെ പിതാവാണ്. തിരുവനന്തപുരം സിറ്റിയില്‍ 103 വണ്ടിവെച്ച്, പ്രൈവറ്റ് ബസിന് റൂട്ട് ഫോര്‍മുലേറ്റ് ചെയ്തത് കേരള ചരിത്രത്തിന്റെ ചരിത്രമാണ്.

അത് ചെയ്തത് എന്റെ പിതാവ് ആര്‍. ബാലകൃഷ്ണപിള്ളയാണ്. അദ്ദേഹം ചെയ്തതിന്റെ പേരില്‍ ഇന്നും 104-ാമതൊരു ബസിന് പെര്‍മിറ്റ് കിട്ടില്ല. ലൈസന്‍സ് എന്നൊരു സംവിധാനം വരണം. നിയമത്തിന്റെ പിന്‍ബലത്തില്‍ അത് കൊണ്ടു വരികയാണ്. നോട്ടിഫിക്കേഷന്‍ ഉടന്‍ വരും.’ അതായത്, പണ്ട് ആച്ഛന്‍ മന്ത്രിയായിരുന്നപ്പോള്‍ പ്ലൈവറ്റ് ബസുകള്‍ക്ക് ചെയ്തു വിജയിപ്പിച്ച അതേ പ്ലാന്‍ മകന്‍ മന്ത്രിയാകുമ്പോള്‍ വീണ്ടും ചെയ്യുന്നു. അങ്ങനെ അച്ഛന്റെ പ്ലാനെടുത്തുപ ചെയ്യുമ്പോള്‍ അതിന് അച്ഛന്റെ പേര് കൊടുക്കുക എന്നത് സ്വാഭാവികം മാത്രം. അതുകൊണ്ടാണ് പ്ലാന്‍-ബി എന്നത് പ്ലാന്‍-ബാലകൃഷ്ണപിള്ള എന്ന് KSRTC ജീവനക്കാര്‍ വിളിക്കുന്നത്.

  • എന്താണ് റൂട്ട് ഫോര്‍മുലേഷന്‍ ?

കേരളത്തിന്റെ റോഡുകളില്‍, അതായത്, മണ്‍പാതയടക്കമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകള്‍ അടക്കമുള്ള റോഡുകളില്‍ പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കാനായി കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ ബസുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നു. പെര്‍മിറ്റല്ല, ലൈസന്‍സ്. അതായത്, ഒരു റൂട്ടില്‍ രണ്ടു ബസുകള്‍ക്കു മാത്രം ഓടാനുള്ള ലൈസന്‍സ്. മറ്റു ബസുകള്‍ക്ക് ഇവിടെ ഓടാനാകില്ല. നിലവില്‍ കെ.എസ്.ആര്‍.ടി.സിയോ പ്രവൈവറ്റ് ബസോ ഓടാത്ത റൂട്ടുകളെയാണ് ഫോര്‍മുലേറ്റ് ചെയ്യുന്നത്. ഇതിലൂടെ പ്രൈവറ്റ് മേഖലയ്ക്ക് കൂടുതല്‍ സാധ്യതകള്‍ ഉണ്ടാകും. കെ.എസ്.ആര്‍.ടി.സിയുമായുള്ള മത്സര ഓട്ടത്തിന് അരുതി വരികയും ചെയ്യും. മാത്രമല്ല, നിരത്തുകളില്‍ ആക്‌സിഡന്‍രുകള്‍ കുറയും. ആദിവാസി സെറ്റില്‍മെന്റുകള്‍, പട്ടികജാതി-പട്ടിക വര്‍ഗ കോളനികള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും, ഇടറോഡുകളിലേക്കും സര്‍വ്വീസുകള്‍ നടത്താന്‍ അനുമതി നല്‍കുന്നതാണ് റൂട്ട് ഫോര്‍മുലേഷന്‍.

  • KSRTCക്കുണ്ടാകുന്ന ദോഷം ?

ഈ റൂട്ടുകളിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ ചെറു ബസുകള്‍(ഇലക്ട്രിക്) അടക്കമുള്ള ബസുകളുടെ സര്‍വ്വീസ് നടത്തുകയയാണെങ്കില്‍ കൂടുതല്‍ വരുമാനം ഉറപ്പാക്കാനാകും. മാത്രമല്ല, സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധവും കൂടുതല്‍ ശക്തമാകും. സ്വകാര്യ ബസുകള്‍ റൂട്ടുകള്‍ നഷ്ടമായാല്‍ മുന്നറിയിപ്പൊന്നുമില്ലാതെ നിര്‍ത്താനും സാധ്യതയുണ്ട്. മാത്രമല്ല, കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ ഇത്തരം റൂട്ടുകളില്‍ ഓടടി നഷ്ടം വന്നുവെന്ന് കണ്ട് നിര്‍ത്തലാക്കിയതുമാണ്. ഓരോ നിയമസഭാ സമ്മേളനത്തിലും, തങ്ങളുടെ മണ്ഡലത്തിലെ പ്രത്യേക സ്ഥലങ്ങളില്‍ ബസ് ഓടിക്കണമെന്ന് എം.എല്‍.എമാര്‍ ആവശ്യം ഉന്നയിക്കുന്നത് പരിഗണിക്കാത്തത്, നഷ്ടം ഭയന്നാണ്. ഫലത്തില്‍, ഇത്തരം റൂട്ടുകള്‍ സ്വകാര്യ വത്ക്കരിക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ജനങ്ങളില്‍ നിന്നും അകന്നുപോകുമെന്നുറപ്പാണ്. ഭാവിയില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഈ റൂട്ടുകളില്‍ ഓടാനുമാകില്ല.

  • ഗണേഷ് കുമാര്‍ നടത്തിയ പ്ലാന്‍-B പ്രസംഗം ?

‘ ഒരാശങ്കയും വേണ്ട കെ.എസ്.ആര്‍.ടി.സിക്ക് പുത്തന്‍ വണ്ടി വരികയാണ്. കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രത്തില്‍ കാണാത്ത വിധം പുതിയ വണ്ടികളുടെ ഒഴുക്കാണ്. ഏപ്രില്‍ മാസം മുതല്‍ എയര്‍ കണ്ടീഷന്‍ഡ് വണ്ടികള്‍ സ്ലീപ്പര്‍ ബസുകള്‍ എല്ലാം. ഞാന്‍ കണക്കെടുക്കുകയാണ്. ബാംഗളൂരുവിലേക്കു പോകുന്ന എല്ലാ ബസുകളുടെയും കണക്കെടുത്തിട്ട് അതെല്ലാം ഹൈക്ലാസ്സ് ബസ് ആക്കാന്‍ പോവുകയാണ്. ഗ്രാമ പ്രദേശങ്ങളില്‍ ഓടുന്ന ചെറിയ വണ്ടികള്‍ ഇടവഴികള്‍, ജനകീയാസൂത്രണ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഗ്രാപഞ്ചായത്ത് സഭകളില്‍ അനേകം ചെറിയ റോഡുകള്‍ കേരളത്തിലുണ്ടായിട്ടുണ്ട്.

ഈ റോഡുകളിലൊന്നും വണ്ടിയില്ല. പ്രൈവറ്റ് ബസോ സര്‍ക്കാര്‍ ബസോ കണ്ടിട്ടില്ലാത്ത മേഖലകളുണ്ട് കേരളത്തില്‍. ഈ രണ്ടുതരം വണ്ടികളും എത്തിയിട്ടില്ലാത്ത റോഡുകള്‍ കണ്ടെത്താന്‍ എം.എല്‍.എമാര്‍ക്ക് കത്തു നല്‍കി ചുമതലപ്പെടുത്തി. അവര്‍ അവരുടെ മണ്ഡലങ്ങളില്‍ ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ത്ത് റെസിഡന്‍ഡന്‍സ് അസോസിയേഷന്‍കാരെയും, ക്ലബ്ബുകളെയും വിളിച്ചു ചേര്‍ത്ത് ഒരു ചര്‍ച്ച നടത്തി. ഇത് ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ്. ആ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വാഹനസൗകര്യം തീരെയില്ലാത്ത ഉള്‍പ്രദേശങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗ കോളനികള്‍, ആദിവാസി ഊരുകള്‍, തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ ഇങ്ങനെയുള്ള ഇടങ്ങളില്‍ വാഹന സൗകര്യം ഇല്ല. വണ്ടി കണ്ടിട്ടില്ലാത്ത സ്ഥലങ്ങളുണ്ട്.

അവര്‍ മണിക്കൂറുകളോളം നടന്ന് ഓട്ടോറിക്ഷയില്‍ കയറി, ജീപ്പില്‍ തൂങ്ങിക്കിടന്നൊക്കെയാണ് യാത്ര ചെയ്യുന്നത്. ഇതൊന്നു മാറ്റണം എന്ന ഉദ്ദേശത്തോടു കൂടി, മന്ത്രിയായി അധികാരത്തില്‍ വന്നഉടന്‍ തന്നെ തന്നെ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിച്ചു. ഇന്ത്യയിലാദ്യമായി കേരളം റൂട്ട് ഫോര്‍മുലേറ്റ് ചെയ്യാന്‍ പോവുകയാണ്. ഇന്ത്യയിലെ മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിനുള്ളിലെ ഈ വകുപ്പ് എടുത്തുപയോഗിക്കാത്ത സംസ്ഥാനങ്ങളുടെ മുമ്പില്‍ കേരളം ആദ്യമായി നിയമം നടപ്പാക്കുകയാണ്. സ്വകാര്യ വാഹനങ്ങളോ കെ.എസ്.ആര്‍.ടി.സിയോ ഒന്നും തന്നെ പോകാത്ത മേഖലകളില്‍ പൊതുമേഖലയെ ശക്തിപ്പെടുത്താന്‍ പോവുകയാണ്. പ്രൈവറ്റ് ബസ് അനുവദിക്കാന്‍ പോവുകയാണ്. റൂട്ട് ഫോര്‍മുലേറ്റ് ചെയ്യാന്‍ തീരുമാനിച്ചു.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 503 പുതിയ റൂട്ടുകളാണ് ഫോര്‍മുലേറ്റ് ചെയ്യുന്നത്. ഏതാണ്ട് 1100 പുതിയ റൂട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. അതില്‍ കെ.എസ്.ആര്‍.ടി.സിക്ക് തര്‍ക്കമുള്ള റൂട്ടുകളുണ്ട്. പ്രൈവറ്റ് ബസ് കയറാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട്. അതിനെയൊന്നു പരിഹരിക്കുന്നതിനു വേണ്ടി മാറ്റിവെച്ചുകൊണ്ട് 503 വെര്‍ജിന്‍ റൂട്ടുകള്‍ ഫോര്‍മുലേറ്റ് ചെയ്യുകയാണ്. ഇതുവരെ കെ.എസ്.ആര്‍.ടി.സിയോ പ്രൈവറ്റ് ബസുകളോ പോയിട്ടില്ലാത്ത, 503 റൂട്ടുകള്‍ സര്‍ക്കാര്‍ പ്രൈവറ്റ് ബസ് മേഖലയ്ക്ക് കൊടുക്കാന്‍ പോവുകയാണ്. ഇനി പെര്‍മിറ്റല്ല. ലൈസന്‍സാണ് കൊടുക്കുന്നത്. ഒരാള് ബസെടുത്തു, അയാള്‍ ഓടുന്ന വഴിയില്‍ പിന്നെ നിറയെ ബസുകള്‍ ഓടിച്ച്, അയാളെ പിച്ചക്കാരനാക്കിയിട്ടേ മാറൂ എന്ന രീതിയിലാണ് തുടര്‍ന്നു വരുന്നത്. മലയാളികള്‍ക്ക് ഒരു കുഴപ്പമുണ്ട്.

ഒരാള്‍ ഒരു പെട്ടിക്കട തുടങ്ങിയാല്‍, അത് ലാഭകരമാണെന്നു തോന്നിയാല്‍ ആറ് പെട്ടിക്കടകള്‍ അതിന്റെ അടുത്തു തുടങ്ങും. ആ ഏഴു കടകളും പൊളിഞ്ഞു പാളീസാവുകയും ചെയ്യും. ഇങ്ങനെയാണ് പ്രൈവറ്റ് ബസ് മേഖല തകര്‍ന്നത്. ഞാന്‍ 2001ല്‍ മന്ത്രിയായിരിക്കുമ്പോള്‍ കേരളത്തില്‍ 24,000 പ്രൈവറ്റ് ബസ് ഉണ്ടായിരുന്നു. 2006 ആയപ്പോഴേക്കും പ്രൈവറ്റ് ബസ്സിന്റെ എണ്ണം വര്‍ദ്ധിച്ചു. ള്‍ഫുകാരെല്ലാം ബസെടുക്കാന്‍ തുടങ്ങി. അങ്ങനെ 28,000 പ്രൈവറ്റ് ബസുണ്ടായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ എത്ര പ്രൈവറ്റ് ബസുണ്ടെന്നറിയുമോ. 7000ല്‍ താഴെ പ്രൈവറ്റ് ബസേയുള്ളൂ. ഒരു പ്രൈവറ്റ് ബസ് നില്‍ക്കുമ്പോള്‍ സര്‍ക്കാരിന് ഒരു വര്‍ഷം ഒരു ലക്ഷംരൂപ ടാക്‌സ് പോകും. ഒരു പ്രവൈറ്റ് ബസ് നില്‍ക്കുമ്പോള്‍ മൂന്നുപേര്‍ക്ക് ശരാശരി ജോലി പോകും.

ഡ്രൈവര്‍, ഒരു കണ്ടക്ടര്‍, ഒരു ക്ലീനര്‍. മൂന്നുപേര്‍ക്ക് ജോലി പോകും. അങ്ങനെ 28,000ത്തില്‍ നിന്നും 7000ത്തിനു താഴെ വരുമ്പോള്‍ എന്തുമാത്രം പ്രൈവറ്റ് ബസുകള്‍ കേരളത്തില്‍ നിന്നു. മിനിമം 50 മുതല്‍ 100 ലിറ്റര്‍ വരെ ഡീസലടിക്കും ഒരു ദിവസം. ഇതിന്റെ ടാക്‌സും കേരള സര്‍ക്കാരിന് കിട്ടേണ്ടതാണ്. നമ്മുടെ ഖജനാവ് ചോരുന്നതിങ്ങനെയാണ്. അങ്ങനെ ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കി. കാരണം രണ്ടു മത്സരങ്ങളാണ് നടക്കുന്നത്. കെ.എസ്.ആര്‍.ടി.സിയും പ്രൈവറ്റ് ബസുകാരും തമ്മില്‍ മത്സരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ വന്ന്, ഭരിക്കുന്ന മന്ത്രിമാരോട് പറഞ്ഞു കൊടുക്കും പ്രൈവറ്റ് ബസുകാരുടെ കുത്തക ഇപ്പോ തകര്‍ക്കാം, അവന്റെ തലയ്‌ക്കേ കയറി ഓടാം. ഞാന്‍ മന്ത്രിയായപ്പോള്‍ അവരോടു പറഞ്ഞു, പ്രൈവറ്റ് ബസുകാരുടെ തലയ്‌ക്കേ കയറി ഓടുന്നില്ല.

പ്രൈവറ്റ്ബസുകാര്‍ വരാത്തിടത്ത് കെ.എസ്.ആര്‍.ടി.സിക്ക് ഒരുപാട് അവസരമുണ്ട്. കുത്തകയുള്ള സ്ഥലങ്ങളുണ്ട്. അവിടെ ഓടാം. അവിടെയുള്ള പൈസയെല്ലാം വാരം. എത്ര യാത്രക്കാരെയും കയറ്റാം. പക്ഷെ, അവന്‍ അവിടെ ഓടിക്കില്ല, പകരം പ്രൈവറ്റ് ബസ് ഓടുന്നിടത്തേ ഓടിക്കൂ. പെട്ടിക്കടക്കാരന്റെ കഥപോലെയാണ്. അവിടെയാണ് കേറിക്കളി. അതേസമയം, പ്രവൈവറ്റ് ബസുകാരുടെ വിചാരമെന്താണ്. മറ്റവന്‍ ഒരു ബസെടുത്തു. അവന് നല്ല കളക്ഷനാണ്. അടുത്തു തന്നെ ഒരു പെര്‍മിറ്റിന് അപേക്ഷിച്ച്, സമയം അവന്റെ രണ്ടുമിനിട്ടിന് മുമ്പില്‍ ആക്കും. ഇവരെല്ലാവരും കൂടെ മത്സരിച്ച് ഓടിച്ച് എത്ര ആളുകളെയാണ് വണ്ടിയിടിച്ചു കൊന്നത്. ഈ 28,000 വണ്ടികളില്‍ നിന്നും 7000ത്തിലേക്ക് പോയതും പോര, ഇവര്‍ റോഡില്‍ എടുത്ത ജീവനുകള്‍ എത്രയാണ്, മത്സര ഓട്ടത്തില്‍. ഈ മത്സരം അവസാനിപ്പിക്കുക.

ലൈസന്‍സ് എന്ന സംവിധാനം വരുമ്പോള്‍, ഒരു റൂട്ടിലേക്ക് രണ്ടു വണ്ടിയേ പാടുള്ളൂവെന്ന് എം.എല്‍.എമാരുടെ യോഗത്തില്‍ തീരുമാന മെടുത്തിട്ടുണ്ടെങ്കില്‍ ആ രണ്ടു വണ്ടിക്കേ ലൈസന്‍സ് കൊടുക്കൂ. മൂുന്നാമതൊരു വണ്ടിക്ക് കോടതി വഴി പെര്‍മിറ്റ് നേടാനും കഴിയില്ല. അതാണ് നിയമത്തിലെ വ്യവസ്ഥ. ഇത് ആദ്യം ചെയ്തത് എന്റെ പിതാവാണ്. തിരുവനന്തപുരം സിറ്റിയില്‍ 103 വണ്ടിവെച്ച്, പ്രൈവറ്റ് ബസിന് റൂട്ട് ഫോര്‍മുലേറ്റ് ചെയ്തത് കേരള ചരിത്രത്തിന്റെ ചരിത്രത്തില്‍ എന്റെ പിതാവ് ആര്‍. ബാലകൃഷ്ണപിള്ളയാണ്. അദ്ദേഹം ചെയ്തതിന്റെ പേരില്‍ ഇന്നും 104-ാമതൊരു ബസിന് പെര്‍മിറ്റ് കിട്ടില്ല. ലൈസന്‍സ് എന്നൊരു സംവിധാനം വരണം.

നിയമത്തിന്റെ പിന്‍ബലത്തില്‍ അത് കൊണ്ടു വരികയാണ്. നോട്ടിഫിക്കേഷന്‍ ഉടന്‍ വരും. 503 റൂട്ടുകളിലും പുതിയ സര്‍വ്വീസുകള്‍ വരും. ഓരോ റൂട്ടിലും കുറഞ്ഞത് രണ്ടു ബസുകളുണ്ടാകും. അപ്പോള്‍ 503 റൂട്ടുകളിലായി 1000ത്തിനു പുറത്തു ബസുകള്‍ വരും.” 

 

ഗതാഗതമന്ത്രിയും മനസ്സിലുള്ളതെല്ലാം പറഞ്ഞൊഴിയുമ്പോള്‍ KSRTC ജീവനക്കാര്‍ക്ക് ഒരു കാര്യത്തില്‍ മാത്രമാണ് സംശയം. ഇദ്ദേഹം കെ.എസ്.ആര്‍.ടി.സിയെ നന്നാക്കാനാണോ അതോ നശിപ്പിക്കാനാണോ ശ്രമിക്കുന്നതെന്ന്. മന്ത്രിയുടെ പ്രസംഗം കേട്ട ഒരു KSRTC ജീവനക്കാരന്റെ പ്രതികരണം കൂടി കേള്‍ക്കേണ്ടതുണ്ട്. അത് ഇങ്ങനെയാണ്

  • KSRTC ജീവനക്കാരന്റെ പ്രതികരണം ?

‘ KSRTCയുടെ മന്ത്രി ഇനി ആരാണ് എന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. 28,000 പ്രൈവറ്റ് ബസ്സില്‍ നിന്നും 7000 ആയി കുറഞ്ഞു. എത്ര പേരുടെ ജോലിയാണ് നഷ്ടപ്പെട്ടത് എന്നോ? എത്ര രൂപയാണ് ഡീസല്‍ അടിക്കുന്ന വകയില്‍ സര്‍ക്കാരിന് നഷ്ടമാകുന്നതെന്നോ? സത്യത്തില്‍ പ്രൈവറ്റ് ബസ് മന്ത്രി വേദന കൊണ്ട് പുളയുകയാണ്..ഹൊ, ഭയങ്കരം തന്നെ… KSRTC ക്ക് എത്ര വണ്ടി ഉണ്ടായിരുന്നു എന്നും, ഇപ്പോള്‍ എത്രയാണ് ഉള്ളതെന്നും അദ്ദേഹത്തിന് അറിയേണ്ട വിഷയം അല്ല. എത്ര ജീവനക്കാര്‍ ആണ് ഇവിടെ ബാക്കിയുള്ളത് എന്നോ, എത്രമാത്രം ആളുകള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ സാധ്യത ഇല്ലാതായന്നോ എന്ന കണക്ക്, പ്രൈവറ്റ് ബസ് മന്ത്രിക്ക് അറിയില്ല. കഷ്ടംതന്നെ… KSRTC ഡീസല്‍ അടിക്കുന്നത്. ചക്കയും, മാങ്ങയും കൊടുത്ത് ആണല്ലോ. സര്‍ക്കാരിന് KSRTC ഡീസല്‍ അടിക്കുന്ന വകയില്‍ പുളിങ്കുരു ആണല്ലോ ലഭിക്കുന്നത്…’

ഇങ്ങനെ മന്ത്രിയുടെ KSRTC വിരുദ്ധ നിലപാടിനെ എതിര്‍ക്കുന്നവരാണ് KSRTCയിലെ ബഹുഭൂരിപക്ഷം ജീവനക്കാരുമെന്ന് പറയേണ്ടതില്ലല്ലോ.

 

Latest News