Explainers

അഞ്ചാം നാള്‍ കുമ്പസാരം: വി.എസിനെ കാണാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എത്തി; സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവ് പട്ടം എടുത്തുമാറ്റിയ വിവരം അറിയിച്ചു; ചടങ്ങു തീര്‍ത്ത് ഗോവിന്ദന്‍ മാസ്റ്റര്‍

കഴിഞ്ഞ ഞായറാഴ്ചയാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങിയത്. അതിനു ശേഷം വി.എസ് അച്യുതാനന്ദനുണ്ടായിരുന്ന പ്രത്യേക ക്ഷണിതാവ് പട്ടം വെട്ടിമാറ്റിയതിനെ കുറിച്ച് വലിയ ചര്‍ച്ചയാണ് ഉയര്‍ന്നു വന്നത്. സംസ്ഥാന സമ്മേളന വേദിയില്‍ മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഇതേക്കുറിച്ച് സംസാരിച്ചെന്നാണ് സൂചനകള്‍. ഇതിനു പിന്‍ബലം നല്‍കിക്കൊണ്ട് മറ്റു നേതാക്കളും വി.എസിനെ വെട്ടി നിരത്തിയതിനെതിരെ രംഗത്തു വന്നിരുന്നു. എന്നാല്‍, സംസ്ഥാന സമ്മേളനം കഴിഞ്ഞ് പുതിയ കമ്മിറ്റിയെയും സംസ്ഥാന സെക്രട്ടറിയെയും തെരഞ്ഞെടുത്തതോടെ ഉള്‍പാര്‍ട്ടീ ജനാധിപത്യത്തിലെ ചര്‍ച്ചകള്‍ അവസാനിച്ചു.

പൊതു തീരുമാനമെന്ന രീതിയില്‍ പാര്‍ട്ടി വി.എസിനെ മാറ്റിയ കാര്യം പറയാതെ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ഇത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടറിയായ അവരോധിക്കപ്പെട്ട എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചത്. ശുദ്ധ അസംബന്ധമാണ് മാധ്യമങ്ങള്‍ പടച്ചു വിടുന്നതെന്നാണ് മാസ്റ്റര്‍ പറഞ്ഞത്. വി.എസ്. പാര്‍ട്ടിയുടെ സ്വത്താണ്. അദ്ദേഹത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തുമെന്നും പറഞ്ഞു. പറഞ്ഞത് വിശ്വാസ യോഗ്യമല്ലെന്നു ഗോവിന്ദന്‍ മാസ്റ്റര്‍ക്കു തോന്നിയതു കൊണ്ടാകാം പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും അദ്ദേഹം അതു പറഞ്ഞു.

അവിടെയും അത് ക്ലച്ചു പിടിച്ചില്ലെന്ന് ഉറപ്പാക്കയതോടെയാണ് സംസ്ഥാന സമ്മേളനം കഴിഞ്ഞ് അഞ്ചാം നാള്‍ ഗോവിന്ദന്‍ മാസ്റ്റര്‍ വി.എസിനെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ഇന്ന് പുതിയ കമ്മിറ്റിയുടെ ആദ്യ യോഗമാണ് എ.കെ.ജി. സെന്ററില്‍ നടന്നത്. ഇതിനു മുന്നോടിയായാണ് ഗോവിന്ദന്‍ മാസ്റ്റര്‍ വി.എസിന്റെ വസതിയില്‍ പോയി കണ്ടത്. വി.എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രം കൂടിയാണെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ വി.എസിനെ സന്ദര്‍ശിച്ച ശേഷം ഫേസ്ബുക്കില്‍ കുറിച്ചു.

സി.പി.എം രൂപീകരിക്കുന്നതിന് നേതൃത്വം വഹിച്ച ജീവിച്ചിരിക്കുന്ന ഏക സഖാവാണ് വി.എസ്. പ്രിയ സഖാവിന് ആരോഗ്യവും സന്തോഷവും നേര്‍ന്നാണ് വീട്ടില്‍ നിന്നും മടങ്ങിയതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍, കഴിഞ്ഞ ശനിയാഴ്ച വരെ പാര്‍ട്ടിയുടെ പ്രത്യേക ക്ഷണിതാവായി ഇരുന്ന വി.എസ്. ഞായറാഴ്ച പുതിയ കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവെന്ന പട്ടവും നീക്കിയിട്ടുണ്ടെന്ന് ഔദ്യോഗികമായി അദ്ദേഹത്തെ അറിയിക്കാന്‍ പോയതാണ് എന്നാണ് വി.എസിനെ ഇഷ്ടപ്പെടുന്ന പാര്‍ട്ടി സഖാക്കള്‍ പറയുന്നത്. അദ്ദേഹത്തെ വെട്ടി നിരത്തി, പാര്‍ട്ടിക്കു പുറത്തു നിര്‍ത്തിയിട്ടുണ്ടെന്നും പറയുകയായിരുന്നു ഗോവിന്ദന്‍ മാസ്റ്ററുടെ ദൗത്യം. അത് പറയുന്നതിന് രണ്ടു രീതികളുണ്ട്.

ഒന്ന്, അദ്ദേഹത്തോട് വെട്ടിത്തുറന്ന് പാര്‍ട്ടി തീരുമാനം പറഞ്ഞ് ഇറങ്ങിപ്പോരാം, മറ്റൊന്ന്, വാര്‍ദ്ധക്യ സഹജവും, രോഗാതുരവും, പ്രായാധിക്യവും ചൂണ്ടിക്കാട്ടി താത്വികാമായ ഒരു അവലോകനത്തിലൂടെയാണ്. രണ്ടാമത്തെ വഴിയിലൂടെയാകും ഗോവിന്ദന്‍ മാസ്റ്ററുടെ അവതരണം. വി.എസിന്റെ ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് പാര്‍ട്ടിയുടെ പൂര്‍ണ്ണ സമയ പ്രവര്‍ത്തകനോ, പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ, അഭിപ്രായം പറയാനോ കഴിയില്ലെന്ന് വ്യക്തമായി അറിയാവുന്നതു കൊണ്ടാണ് ഗോവിന്ദന്‍ മാസ്റ്റര്‍ വി.എസിനെ അങ്ങോട്ടു പോയി കണ്ടത്. കോടിയേരി ബാലകൃഷ്ണന്റെ അകാല വിയോഗത്തിനു ശേഷമാണ് ഗോവിന്ദന്‍ മാസ്റ്റര്‍ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തത്.

അതിനു ശേഷം ഇതുവരെ വി.എസിനെ സന്ദര്‍ശിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. എന്നാല്‍, ഇപ്പോഴുള്ള സന്ദര്‍ശനം താന്‍ പാര്‍ട്ടിയുടെ സമ്മേളനത്തിലൂടെ സെക്രട്ടറിയാകുമ്പോള്‍, വി.എസിനെതിരേ എടുക്കുന്ന ആദ്യ നടപടിയെന്നോണമാണ് കാണുന്നത്. നടപടി എന്നാല്‍, പാര്‍ട്ടി എടുക്കുന്ന അച്ചക്കടക്ക നടപടി എന്നു വിശേഷിപ്പിക്കരുത്. പാര്‍ട്ടിയുടെ സമ്മേളന നടപടി ക്രമങ്ങളില്‍പ്പെട്ട നടപടിയാണ് വീണാ ജോര്‍ജ്ജിനെ പ്രത്യേക ക്ഷണിതാവാക്കുകയും, പാര്‍ട്ടി സ്ഥാപക നേതാവിനെ ഒഴിവാക്കുകയും ചെയ്തത് എന്നാണ്. ഇത് ഏറ്റു പറയുകയും, താനല്ല ഇതിനൊക്കെ കാരണക്കാരന്‍ എന്നു പറയുകയുമാണോ ഗോവിന്ദന്‍ മാസ്റ്ററുടെ ലക്ഷ്യമെന്നും സംശയമുള്ള പാര്‍ട്ടിക്കാരുണ്ട്. പക്ഷെ, അവര്‍ക്ക് അത് തുറന്നു പറയാനൊക്കില്ല. പാര്‍ട്ടി നടപടി ഭയന്നിട്ടാണ് രഹസ്യമായി ചര്‍ച്ച ചെയ്യുന്നത്.

CONTENT HIGH LIGHTS; Fifth day confession: Party state secretary arrives to meet VS; State committee invitee informs about removal of party’s title and first meeting of new committee today; Govindan Master concludes ceremony

Latest News