Explainers

കോളേജ് ഹോസ്റ്റലുകള്‍ എന്തുകൊണ്ട് മയക്കുമരുന്ന് കേന്ദ്രങ്ങളാകുന്നു ?: ഡേ സ്‌കോളേഴ്‌സ് എത്തിക്കുന്ന ഔട്ട്‌സൈഡേഴ്‌സ് വഴിയാണ് ഹോസ്റ്റലേഴ്‌സ് മാഫിയകളുടെ കണ്ണിയാകുന്നത്; വിദ്യാര്‍ഥി യൂണിയന്റെ ബലമുള്ളവര്‍ പിന്നിലുണ്ട്; വലിയും കുടിയും മാത്രമല്ല, വില്‍പ്പനയും ശേഖരണവും വരെയുണ്ട്

കളമശ്ശേരി പോളിടെക്‌നിക്ക് ഹോസ്റ്റല്‍ കേരളത്തിന്റെ മയക്കുമരുന്ന് സംഭരണ ശാലയുടെ ഒരു മാതൃക മാത്രമാണ്. സമാന രീതിയില്‍ കേരളത്തിലെ സര്‍ക്കാര്‍ പ്രൊഫഷണല്‍ കോളേജുകളിലെ ഹോസ്റ്റലുകളെല്ലാം മയക്കുമരുന്നു മാഫിയകളുടെ ഏജന്‍രുമാര്‍ വസിക്കുന്ന ഇടങ്ങളായി മാറിക്കഴിഞ്ഞു. പോലീസും പട്ടാളവുമൊന്നും കോളേജുകളിലും ഹോസ്റ്റലുകളിലും കയറി റെയ്ഡ് ചെയ്യില്ലെന്നുറപ്പുള്ളതു കൊണ്ടാണ് ഇത്തരം ഇടങ്ങളില്‍ മയക്കുമരുന്നു മാഫിയകള്‍ തമ്പടിക്കുന്നത്.

സര്‍ക്കാര്‍ കോളേജ് ഹോസ്റ്റലുകളാണ് പ്രധാനമായും മാഫിയകള്‍ ഇതിനായി ഉപയോഗിക്കുന്നത്. കാരണം, വഴിയമ്പലം പോലെ വന്നുപോകാന്‍ കഴിയുന്നതും, ആ ക്യാമ്പസിലെ ശക്തരായ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളുടെ ഭരണമായിരിക്കും കോളേജിനെയും ഹോസ്റ്റലിനെയും നിയന്ത്രിക്കുന്നത്. അപ്പോള്‍, ആ യൂണിയനുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വിദ്യാര്‍ത്ഥി നേതാവുമായി ചങ്ങാത്തമുണ്ടാക്കിയാണ് ഹോസ്റ്റലുകളില്‍ കയരിപ്പറ്റുന്നത്.

  • ഹോസ്റ്റുകള്‍ എങ്ങനെ മാഫിയകള്‍ കീഴടക്കുന്നു ?

മയക്കുമരുന്നു മാഫിയകളുടെ കണ്ണികളെ കണ്ടെത്തുന്നത്, കോളേജുകളില്‍ നിന്നുമാണ്. കോളേജുകളില്‍ രണ്ടു തരം കുട്ടികളുണ്ട്. ഒന്ന്, ഡേ സ്‌കോളേഴ്‌സാണ്. ഇവര്‍ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പരിസരങ്ങളില്‍ നിന്നും വരുന്ന കുട്ടികളാണ്. കോളേജ് സമയം കഴിഞ്ഞാല്‍ തിരിച്ച് വീടുകളില്‍ പോകുന്ന കുട്ടികളായിരിക്കും. രണ്ടാമത്തെ വിഭാഗം ഹോസ്റ്റലേഴ്‌സ് എന്നു പറയും. മറ്റു ജില്ലകളില്‍ നിന്നും വന്ന് തങ്ങി പഠിക്കുന്ന കുട്ടികളാണ് ഹോസ്റ്റലേഴ്‌സ്. ഇവര്‍ക്ക് കോളേജില്‍ അഡ്മിഷന്‍ ലഭിക്കുമ്പോള്‍ തന്നെ ദൂരപരിധി അനുസരിച്ച് കോളേജ് ഹോസ്റ്റല്‍ അനുവദിക്കും. ഈ കുട്ടികള്‍ പഠനം കഴിഞ്ഞു മാത്രമേ ഹോസ്റ്റലില്‍ നിന്നു പോകാറുള്ളൂ.

ഹോസ്റ്റലേഴ്‌സിന് കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലമോ, ആളുകളെയോ പരിചയമുണ്ടാകില്ല. എല്ലാം പുതിയ സാഹചര്യങ്ങളാണ്. കോളേജ് ക്യാമ്പസിലും, ക്ലാസ് മുറികളിലും നിന്നു കിട്ടുന്ന പരിചയങ്ങളാണ് പിന്നീട് സൗഹൃദങ്ങളായി വളരുന്നത്. കൂടാതെ, കോളേജിലെ യൂണിയന്‍ പ്രവര്‍ത്തനവും പരിചയങ്ങള്‍ ആകാറുണ്ട്. പുറത്തു നിന്നു പഠിക്കാന്‍ വന്ന് ഹോസ്റ്റലില്‍ നില്‍ക്കുന്നതു കൊണ്ടുതന്നെ പ്രദേശ വാസികളായ വിദ്യാര്‍ത്ഥികള്‍ പരിചയമുണ്ടാകുന്നത്, ഹോസ്റ്റലേഴ്‌സിന് വിലയ ആശ്വാസമാണ്. ഇങ്ങനെ പരിചയപ്പെടുന്ന ഡേ സ്‌കോളേഴ്‌സിലൂടെയാണ് കമ്പനി കൂടി സിഗരറ്റുവലിയിലൂടെ മദ്യപാനം തുടങ്ങി പിന്നീട് കഞ്ചാവും മയക്കു മരുന്നുകളും ഉപയോഗിച്ചു തുടങ്ങുന്നത്.

ഹോസ്റ്റലേഴ്‌സ് എന്നത്, ഡേ സ്‌കോളേഴ്‌സിന് എപ്പോഴും ഒരു താവളം ഒരുക്കുന്ന ആളാണ്. സ്വന്തമായി ഒരു മുറി. ആരും ശല്യമില്ലാതെ എന്തും ചെയ്യാം. കോളേജിലെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയാല്‍ ഹോസ്റ്റലില്‍ വന്ന് കിടക്കാം. ഫ്രീ ഭക്ഷണം, താമസം. സാമൂഹ്യ വിരുദ്ധ പരിപാടികളില്‍ ഏര്‍പ്പെടാം. മയക്കുമരുന്ന് ഉപയോഗിക്കാം, കച്ചവടം ചെയ്യാം. ക്വട്ടേഷന്‍ ഏറ്റെടുക്കാം, ആയുധങ്ങള്‍ സൂക്ഷിക്കാം അങ്ങനെ നിരവധി ഉപയോഗങ്ങളാണ് ഹോസ്റ്റലേഴ്‌സിനെ കൊണ്ട് ഡേ സ്‌കോളേഴ്‌സിനുള്ളത്. പകരം, ഹോസ്റ്റലേഴ്‌സിന് പ്രാദേശിക പിന്തുണ നല്‍കിയാല്‍ മാത്രം മതിയാകും.

ഇതിനായി ഡേ സ്‌കോളേഴ്‌സ് കോളേജ് ക്യാമ്പസുകള്‍ക്കുള്ളില്‍ വെച്ച് ഹോസ്റ്റലേഴ്‌സുമായി അടുപ്പം ഉണ്ടാക്കുന്നു. അവിടുന്ന് ക്ലാസ്സ് കട്ട് ചെയ്ത് ഹോസ്റ്റല്‍ മുറികളില്‍ സമയം ചെലവഴിക്കാന്‍ ഡേ സ്‌കോളര്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലേഴ്‌സുമായി ഹോസ്റ്റല്‍ മുറികളില്‍ എത്തുന്നു. സിഗററ്റു വലിയും ചീട്ടുകളിയും മദ്യസത്ക്കാരവും ആന്ദകരമാക്കാന്‍ തുടക്കമിടും. ആരുടെയും ശല്യമോ, എതിര്‍പ്പോ ഇല്ലാതിരിക്കാന്‍ ഹോസ്റ്റലിലെയോ, കോളേജ് യൂണിയന്‍ ഭാരവാഹികളുടെയോ സഹായവും സമ്മതവും, സാമീപ്യവും ഇവര്‍ക്കുണ്ടാകും. കോളേജിലും ഹോസ്റ്റലിലും സ്‌ട്രോംങ് ആയ യൂണിയനുമായി ബന്ധപ്പെട്ടവരായിരിക്കും മിക്ക കമ്പനികളും. ഇതില്‍ അദികവും ഡേ സ്‌കോളേഴ്‌സ് ആയിരിക്കുമെന്നുറപ്പാണ്.

ഹോസ്റ്റലേഴ്‌സിന് മദ്യം വാങ്ങി നല്‍കിയും, പണം നല്‍കിയും, മറ്റു സാധനങ്ങള്‍ വാങ്ങി നല്‍കിയുമൊക്കെയാണ് വരുതിയിലാക്കുന്നത്. ആദ്യമൊക്കെ കോളേജില്‍ രാവിലെ വന്ന് വൈകിട്ട് വീടുകളില്‍ പോകുന്ന കുട്ടികള്‍ മാത്രമായിരിക്കും ഹോസ്റ്റല്‍ ഇന്‍മേറ്റ്‌സിനൊപ്പം ഹോസ്റ്റല്‍ മുറികളില്‍ വരുന്നതെങ്കില്‍ പിന്നീടത്, പുറത്തു നിന്നുള്ള ഒന്നോ രണ്ടോ ആള്‍ക്കാരുമായിട്ടായിരിക്കും എത്തുക. ഇവര്‍ സാമൂഹ്യ വിരുദ്ധരോ, ക്വട്ടേഷന്‍ സ ംഘത്തലവനോ ഒക്കെ ആയിരിക്കും. ഹോസ്റ്റലേഴ്‌സിന് പ്രാദേശികമായ എതിര്‍പ്പുകളോ, പ്രതിരോധം തീര്‍ക്കാനോ ഇത്തരം വില്ലന്‍മാരുടെ സഹായം ആവശ്യമാണെന്നൊക്കെ പറഞ്ഞാണ് ഇത്തരം ആള്‍ക്കാരെ പരിചയപ്പെടുത്തുന്നത്.

തുടര്‍ന്ന് പുറത്തു നിന്നു വരുന്ന വില്ലന്‍ ഹോസ്റ്റലിലെ സ്ഥിരം സന്ദര്‍ശകനാകും. അയാള്‍ അയാളുടെ ജോലികളെല്ലാം പ്ലാന്‍ ചെയ്യാന്‍ ഹോസ്റ്റല്‍ മുറി ഉപയോഗിച്ചു തുടങ്ങും. ഇയാള്‍ക്കൊപ്പം മറ്റ് ആള്‍ക്കാരും ഇവിടെയെത്തും. അതില്‍ കഞ്ചാവ് ഉപയോഗിക്കുന്നവരുണ്ടാകും. വില്‍പ്പനക്കാരുണ്ടാകും. സ്ത്രീ പീഡകരും, ബ്ലൂ ഫിലിം നിര്‍മ്മാതാക്കളും വരെയുണ്ടാകും. ഇവര്‍ക്കെല്ലാം, അറിയാതെ പോലും ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ അഭയം കൊടുത്തു തുടങ്ങും. പിന്നീട്, ഇവരുമായുള്ള ബന്ധം ശക്തമാകുന്നതോടെ മയക്കുമരുന്ന് ഉപയോഗം ആരംഭിക്കും. സ്ഥിരമായി ഹോസ്റ്റല്‍ റൂമുകളില്‍ കിടക്കുന്ന ഇവര്‍ക്കൊപ്പമുള്ള ജീവിതം മയക്കു മരുന്നിനൊപ്പമായി മാറും.

പഠനം മുടങ്ങും. ഡേ സ്‌കോളേഴ്‌സ് പരിചയങ്ങളെല്ലാം ഉണ്ടാക്കിത്തന്നിട്ട്, അവരുടെ പാട്ടിനു പോവുകയും ചെയ്യും. പിന്നീടുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും ദൂരസ്ഥലങ്ങളില്‍ നിന്നു വന്നുനില്‍ക്കുന്ന ഹോസ്റ്റലേഴ്‌സിന്റെ തലയില്‍ വന്നു പതിക്കും. ഹോസ്റ്റലിലെ മുറി വിദ്യാര്‍ത്ഥിയുടെ പേരിലാണെങ്കിലും താമസം മുവുവന്‍ സാമൂഹ്യവിരുദ്ധരാണ്. ഇവര്‍ രാവിലെ മുഴുവന്‍ ഹോസ്റ്റലുകളില്‍ കിടന്നുറങ്ങും. മയക്കുമരുന്നുപയോഗിക്കും. കച്ചവടം നടത്തും. ഹോസ്റ്റലേഴ്‌സിനും കൊടുക്കും. അവരെയും കൊണ്ട് കോളേജുകളില്‍ കച്ചവടം നടത്തും. രാത്രിയില്‍ ക്വട്ടേഷന്‍ അടക്കമുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യും.

ഇതാണ് കോളേജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് നടന്നു വരുന്നത്. കളമശ്ശേരി പോളീ ടെക്‌നിക് ഹോസ്റ്റല്‍ കേരളത്്തിലെ എല്ലാ സര്‍ക്കാര്‍ കോളേജ് ഹോസ്റ്റലുകളുടെയും മാതൃകയാണ്. എല്ലാ ഹോസ്റ്റലുകളെയും അടച്ചാക്ഷേപിക്കുന്നതല്ല. ഇതാണ് സത്യം. അവിടെ താമസിക്കുന്ന എല്ലാ കുട്ടികളും മയക്കുമരുന്നിനടിമയല്ല. പക്ഷെ, അടിമയല്ലാത്ത കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ ഇത്തരം പ്രവൃത്തികള്‍ നടക്കുന്നുണ്ട്, എന്നു പുറത്തു പറയാന്‍ ഭയമാണ്. കാരണം, ആ കോളേജിലെ യൂണിയന്‍ പ്രവര്‍ത്തകര്‍ അവരെ മര്‍ദ്ദിക്കുമെന്നതാണ് ഭയം. അതായത്, യൂണിയന്‍കാര്‍ക്ക് മറച്ചു പിടിക്കാനുള്ളത്, മയക്കുമരുന്ന് ഉപയോഗമാണ്.

  • എങ്ങനെ ശുദ്ധീകരിക്കാം ?

ഇത്തരം ഇടങ്ങള്‍ എങ്ങനെ ശുദ്ധീകരിക്കാനാകുമെന്നത് വലിയ തലവേദനയാണ്. കാരണം, ഭരിക്കുന്ന സര്‍ക്കാരും, ഭരിക്കുന്ന സര്‍ക്കാരിനെ നിയന്ത്രിക്കുന്ന പാര്‍ട്ടിയും, പ്രതിപക്ഷവുമെല്ലാം കോളേജ് ക്യാമ്പസുകളില്‍ പോലീസ് കയറുന്നതിനെയോ, ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്യുന്നതിനെയോ ശക്തമായി എതിര്‍ക്കുന്നവരാണ്. ശരിയാണ്, വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇടങ്ങളില്‍ പോലീസ് കയറാന്‍ പാടില്ല. പക്ഷെ, നിയമവിരുദ്ധമായ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ കലാലയങ്ങളില്‍ കയറിയാല്‍ എന്തു ചെയ്യും. അത്തരക്കാരെ വിദ്യാര്‍ത്ഥികള്‍ സംരക്ഷിച്ചാല്‍ എന്തു ചെയ്യുമെന്ന ചോദ്യമുണ്ട്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പോലീസിന് സത്യസന്ധമായി ജോലി ചെയ്യാനുള്ള അവസരമാണ് ഒരുക്കേണ്ടത്. അതിന് പോലീസ് സത്യസന്ധമായാണ് ജോലിചെയ്യുന്നതെന്ന് ഉറപ്പിക്കേണ്ടതുണ്ട്. എങ്കിലും മയക്കുമരുന്ന് വ്യാപനത്തെയും ഹോസ്റ്റലേഴ്‌സിനെയും നശിപ്പിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കാന്‍ പോലീസിനു കഴിയണം. ഇതിനായി അതതു ക്യാമ്പസുകളില്‍ പഠിച്ചിറങ്ങി, നിലവില്‍ പോലീസില്‍ ജോലി ചെയ്യുന്നവരുമായി ഒരു ആശയവിനിമയം പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തണം. ഇത്തരം ഹോസ്റ്റലുകളില്‍ താമസിച്ചു പഠിച്ചിട്ടുള്ള നിരവധി പോലീസുകാര്‍ ഇപ്പോള്‍ സേനയിലുണ്ട്. ഇവര്‍ക്ക് ആ കോളേജ് ഹോസ്റ്റലുകളുടെ സ്ഥിതി വിവരങ്ങള്‍ അറിയാനാകും. അവരുടെ അറിവുകളും, മുന്‍ പരിചയങ്ങളും ഉപയോഗിച്ചാല്‍ കൂടുതല്‍ പേരെയും അറസ്റ്റു ചെയ്യാനാകും

Latest News