മൂന്നാം വട്ടവും എല്‍.ഡി.എഫ് ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഉറപ്പിച്ചു പറയുന്നു. സിന്തറ്റിക് ഡ്രഗ് ഉപയോഗിക്കുന്നവര്‍ ഭ്രാന്തമായി ഇടപെടുന്നുവെന്നും മുഖ്യമന്ത്രി. മയക്കുമരുന്നിന്റെ ഹോള്‍സെയില്‍ ഡീലര്‍മാര്‍ എസ്.എഫ്.ഐയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും. ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനം ലഹരിക്കടിമയാണെന്ന് ബി.ജെ.പിയും. ഇങ്ങനെ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടും അധികാരത്തിന്റെ തണലും ആഗ്രഹിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന രാഷ്ട്രീയം കേരളത്തിന്റെ ശാപമാണ്. ഒരു തലമുറയെ ആകെ നശിപ്പിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തില്‍പ്പോലും രാഷ്ട്രീയ നഞ്ചു കലക്കി, നമ്മള്‍ നല്ലവരാണെന്നും, മറ്റേ രാഷ്ട്രീയക്കാരാണ് മയക്കുമരുന്നിന്റെ മൊത്തക്കച്ചവടക്കാരെന്നും സ്ഥാപിച്ചെടുക്കാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ ഇന്നത്തെ നേതാക്കളാണ് നാളത്തെ രാജ്യം ഭരിക്കേണ്ടവര്‍. അത്തരക്കാര്‍ പഠിച്ചെടുക്കുന്ന രാഷ്ട്രീയം അരാഷ്ട്രീയത്തെക്കാള്‍ ഭീകരമാണെന്ന് പറയാതെ വയ്യ.
മയക്കുമരുന്നിനടിമകളായ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച്, ക്യാമ്പസിലെ മറ്റു രാഷ്ട്രീയ പാര്‍ട്ടിയിലുള്ള വിദ്യാര്‍ത്ഥികളെ തല്ലിക്കുന്നതു തൊട്ട് നിരവധി കാര്യങ്ങള്‍ക്ക് ഇത്തരക്കാരെ ഉപയോഗിക്കുന്നുണ്ട്. കളമശ്ശേരി പോളീ ടെക്ക്‌നിക്ക് ഹോസ്റ്റലില്‍ തുടങ്ങി കേരളത്തിലെ സര്‍ക്കാര്‍ സ്വകാര്യ കോളേജ് ഹോസ്റ്റലുകളിലെല്ലാം പിടിക്കപ്പെടുന്നവര്‍ അത്തരം വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രതിനിധികളാണെന്നത് മറക്കരുത്. ഇവര്‍ക്ക് ലഭിക്കുന്ന ധൈര്യം എവിടെ നിന്നാണ് ലഭിക്കുന്നത്. ആരാണ് ഇവരെ സംരക്ഷിക്കാനുള്ളത്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുമ്പോള്‍ അറിഞ്ഞിരിക്കേണ്ട സത്യം ഇതാണ്, ഈ വഴിതെറ്റിപ്പോകുന്ന വിദ്യാര്‍ത്ഥികള്‍ സംരക്ഷണം നല്‍കുന്നത്, രാഷ്ട്രീയക്കാരാണ്. നേതാക്കളാണ്. അവരുടെ തണലില്‍ എന്ത് തെറഖ്‌റു ചെയ്താലും അതിനെ ന്യായീകരിക്കാന്‍ സംഘടനയും നേതാക്കളും രംഗത്തിറങ്ങും. പിന്നെ നട്ടാല്‍ കുരുക്കാത്ത നുണകള്‍ പരസ്യമായി വിളിച്ചു പറഞ്ഞ്, തെറ്റിനെ വെളുപ്പിച്ചെടുക്കും.
ഈ നില തുടരുമ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും വീണ്ടും തെറ്റിലേക്കു പോകാനും, മയക്കുമരുന്നും, ഗുണ്ടായിസവും, ക്വട്ടേഷനും ചെയ്യാനുള്ള ധൈര്യം കൈവരുന്നത്. അധികമായാല്‍ അമൃതും വിഷം എന്ന രീതിയില്‍, സംഘടനയക്ക് വലിയ തലവേദനയാവുകയും, ഒന്നില്‍ കൂടുതല്‍ തെറ്റുകള്‍ ചെയ്ത് നിരന്തരം പിടിക്കപ്പെടുകയും ചെയ്യുന്നതോടെ സംഘടനകള്‍ പതിയെ ഇവരെ കൈയ്യൊഴിയും. ഇതോടെ സംരക്ഷണം നഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ സ്വയം സംരക്ഷണം തീര്‍ക്കാന്‍ മാഫിയകളുടെയും, ഗുണ്ടാ സംഘങ്ങളുടെയും കൂടെ ചേരും. പിന്നീട്, പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുകയോ, പുറത്താക്കപ്പെടുകയോ, ചെയ്യുന്നതോടെ ഈ വിദ്യാര്‍ത്ഥി തികഞ്ഞൊരു സാമൂഹ്യ വിരുദ്ധനായി മാറിയിരിക്കും. ഇവന്റെ പിന്നീടുള്ള പ്രധാന ജോലി മായക്കുമരുന്ന് കടത്ത്, കച്ചവടം, ക്വട്ടേഷന്‍ വര്‍ക്ക് തുടങ്ങിയവയായി മാറും.
ഇതിനെല്ലാം വഴിയൊരുക്കുന്നത്, വിദ്യാര്‍ത്ഥി സംഘടനകളുടെ സംരക്ഷണം തന്നെയാണ്. ക്യാമ്പസുകളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തരാണ് വിദ്യാര്‍ത്ഥി യൂണിയന്‍ അംഗങ്ങള്‍. അവരെ നയിക്കുന്ന വിദ്യാര്‍ത്ഥി സംഘടനാ കമ്മിറ്റിയിലുള്ളവരാണ് ആ ക്യാമ്പസിലെ അതി ശക്തര്‍. വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ഏത് പ്രശ്‌നത്തെയും മുന്നില്‍ നിന്ന് പരിഹരിക്കാന്‍ ഇവരാണ് രംഗത്തെത്തുന്നത്. ക്യാമ്പസില്‍ പ്രകടനം നടത്തുക, ഔട്ട്‌സൈഡേഴ്‌സിനെ കൈകാര്യം ചെയ്യുക, അധ്യാപകരുമായി ചര്‍ച്ചകള്‍ നടത്തുക, യൂണിയന്‍ ഇനാഗുറേഷന്‍ മുതല്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍, യൂണിവേഴ്‌സിറ്റി കലോത്സവം വരെ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കലുടെ ഇടപെടലുണ്ടാകും.
ക്യാമ്പസിലെ മറ്റു വിദ്യാര്‍ത്ഥി സംഘടനകളുമായുള്ള പ്രശ്‌നങ്ങളിലും കൂട്ടത്തലിലും നേതാക്കളാണ് ഇടപെടുന്നത്. ഇവിടെ തുടങ്ങുന്ന ശക്തി വൈഭവം പിന്നീട്, കലാലയ ജീവിതത്തിലുടനീളം ഇവര്‍ കൊണ്ടു നടക്കും. ക്യാമ്പസിലെ എതിര്‍വാക്കില്ലാത്തവരായി ഇത്തരക്കാര്‍ മാറും. അതിശക്തന്‍മാരെ കൂട്ടത്തോടെ ആക്രമിച്ച് ഇല്ലാതാക്കുക എന്നതാണ് സംഘടനാ നേതാക്കളുടെ രീതി. അതുകൊണ്ടു തന്നെ ശക്തികൊണ്ടോ, സംഘബലം കൊണ്ടോ, നിയമപരമായോ ഒന്നും ഇവരെ പെട്ടെന്നു കീഴ്‌പ്പെടുത്താനാവില്ല. ഇത്തരം വിദ്യാര്‍ത്ഥി നേതാക്കലുടെ പിന്‍ബലത്തോടെ ഹോസ്റ്റലിലും, കോളേജ് ക്യാമ്പസ് സമയം കഴിഞ്ഞും മയക്കുമരുന്ന്, മദ്യപാനം, സിഗററ്റു വലിക്കല്‍, സിറിഞ്ച് ഉപയോഗം എല്ലാം നടക്കുന്നുണ്ട്. നേതാക്കള്‍ ഇത് ചെയ്തില്ലെങ്കിലും, ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കില്ലെങ്കിലും, ചെയ്യരുത് എന്നവാക്ക് ഉപയോഗിക്കാതിരിക്കും.
അതാണ് ഒരു വിദ്യാര്‍ത്ഥി രാഷ്ട്രീയ നേതാവിന്റെ കൂര്‍മ്മബുദ്ധി. ഇങ്ങനെ മയക്കുമരുന്ന് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെ നിരവധി കാര്യങ്ങള്‍ക്ക് ഈ നേതാവ് ഉപയോഗിക്കും. മയക്കുമരുന്ന് ധൈര്യമായി ഉപയോഗിക്കാന്‍ അവസരവും അനുവാദവും നല്‍കുന്ന വിദ്യാര്‍ത്ഥി നേതാവിനോട്, ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തരം അടിമത്ത മനോഭാവമാണുള്ളത്. അതുകൊണ്ട് എന്തു പറഞ്ഞാലും കേള്‍ക്കുകയും ചെയ്യും. ഇത് മുതലെടുത്താണ് നേതാക്കള്‍ ഇവരെ ഉപയോഗിക്കുന്നതും.
- ഇന്ന് പോലീസിന്റെ അവസ്ഥ
സര്‍വ്വവ്യാപിയായിരിക്കുന്ന മയക്കുമരുന്നിന്റെ വല പൊട്ടിക്കാന്‍ പോലീസ് പാടുപെടുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവനെ പിടിച്ചാലും, വില്‍ക്കാന്‍ നടക്കുന്നവനെ പിടിച്ചാലും, ആദ്യം രക്ഷപ്പെടുത്താന്‍ വിളിക്കുന്നത്, ഏതെങ്കിലും രാഷ്ട്രീയ നേതാവായിരിക്കും. അയാള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ വരെ പിടിപാടുമുണ്ടായിരിക്കും. കായംകുളം എം.എല്‍.എയുടെ മകനെ കഞ്ചാവു കേസില്‍ പിടിച്ചതും അതേ തുടര്‍ന്നുണ്ടായ സംഭവങ്ങളും ഇതിനുദാഹരണമാണ്. ആ കുട്ടി സിഗററ്റു വലിക്കുമെന്ന് എംഎല്‍.എ തന്നെ പറയുന്നുണ്ട്. പക്ഷെ, കഞ്ചാവു വലിക്കില്ല. ഇതാണ് നിയമസഭാ അംഗം പറയുന്നത്. ആ കുട്ടി സമൂഹത്തിന് നല്ലതു മാത്രം പ്രസരിപ്പിക്കുന്ന കുട്ടിയാണെങ്കില്‍ എക്‌സൈസ് ചെയ്തത് വലിയ തെറ്റാണ്. എന്നാല്‍, ആ കുട്ടി വഴിതെറ്റിപ്പോയതാണെങ്കില്‍ നിയമസഭാ അംഗം ചെയ്തതാണ് തെറ്റെന്ന് പറയേണ്ടി വരും. ഇത്തരം നിരവധി സംഭവങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്. എല്ലാം പുറത്തു വരാത്തതാണ്. പക്ഷെ, കഴിഞ്ഞ 12 മുതല്‍ പോലീസ് ആരംഭിച്ച ഡി ഹണ്ട് എന്ന റെയ്ഡിന്റെ റിസള്‍ട്ട് നോക്കിയാല്‍ മനസ്സിലാകും, കേരളം എത്രകണ്ട് മയയക്കുമരുന്നില്‍ മുങ്ങിയിട്ടുണ്ടെന്ന്.
ലഹരിക്കെതിരെയുള്ള നടപടികള്‍ ശക്തിപ്പെടുത്താനായി സമഗ്ര നടപടികള്‍ സ്വീകരിക്കാന്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള കടകളിലും മറ്റു സ്ഥാപങ്ങളിലും പരിശോധനകള്‍ ഉര്‍ജ്ജിതമാക്കാനും മുന്‍പ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികളുടെ വീടുകളിലും ഒളിത്താവങ്ങളിലും പരിശോധനകള്‍ നടത്താനുമാണ് തീരുമാനിച്ചത്. കുടിയേറ്റ തൊഴിലാളികളുടെ ക്യാമ്പുകള്‍,ഹോട്ടലുകള്‍/ റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലെ എല്ലാ ഡി.ജെ പാര്‍ട്ടികളും കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കും.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിന് തടയിടാനായി റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചു അന്വേഷണം ഊര്‍ജ്ജിതമാക്കും. മയക്കുമരുന്ന് കണ്ടെത്തുന്നതിന് പ്ലാറ്റ്‌ഫോമുകളില്‍ സ്‌നിഫര്‍ നായ്ക്കളെ നിയോഗിക്കും.
സൈബര്‍ ഡോം ടീമും എസ്എസ്ബിയിലെ ടെക്നിക്കല്‍ ഇന്റലിജന്‍സ് വിങ്ങും ഡാര്‍ക്ക് നെറ്റില്‍ വ്യാപാരം ചെയ്യുന്ന മയക്കുമരുന്നുകളെക്കുറിച്ചും അന്തര്‍സംസ്ഥാന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മൊത്തവ്യാപാര ഡീലര്‍മാരെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കും. ഇതുകൂടാതെ, YODHAV (9995966666), ആന്റി നാര്‍ക്കോട്ടിക് ടാസ്‌ക് ഫോഴ്സ് നമ്പര്‍ (9497927797, 9497979794) എന്നിവയിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ജില്ലാ പോലീസ് മേധാവികളെ ഉടന്‍ അറിയിക്കുകയും, ഇങ്ങനെ ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവികള്‍ക്ക് കൃത്യമായ ഒരു സംഘം ഉണ്ടായിരിക്കുകയും ചെയ്യും. ജനമൈത്രി പദ്ധതി സജീവമാക്കുകയും, മയക്കുമരുന്ന് പ്രശ്‌നത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനും മയക്കുമരുന്ന് വ്യാപാരികളുടെ പ്രാദേശിക വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി റസിഡന്‍സ് അസോസിയേഷനുകള്‍/എന്‍ജിഒകള്‍, കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
ഇതുകൂടാതെ, ലഹരിവസ്തുക്കളുടെ പ്രശ്‌നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് മയക്കുമരുന്ന് ഉപയോഗം വേരോടെ പിഴുതെറിയുന്നതിനുമായി സ്‌കൂളുകളിലും കോളേജുകളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍, ആന്റി നാര്‍ക്കോട്ടിക് ക്ലബ്ബുകള്‍, ക്ലീന്‍ കാമ്പസ്-സേഫ് ക്യാമ്പസ് പദ്ധതികള്‍ എന്നിവ സജീവമാക്കും. ഇങ്ങനെ പോലീസ് ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നതു വഴി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി മാര്‍ച്ച് 14ന് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,362 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 222 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 234 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.0119 കി.ഗ്രാം), കഞ്ചാവ് (6.171 കി.ഗ്രാം), കഞ്ചാവ് ബീഡി (167 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
മാര്‍ച്ച് 15ന് മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,841 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 273 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 284 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (26.433 ഗ്രാം), കഞ്ചാവ് (35.2 കി.ഗ്രാം), കഞ്ചാവ് ബീഡി (193 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.
ഇതിനിടെ സംസ്ഥാന എക്‌സൈസും ഈ മാസം ആദ്യം മുതല്‍ പ്രത്യേക റെയ്ഡ് ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് നടത്തിയിരുന്നു. ഇതിലും വന്‍ മാഫിയയുടെ ചെറിയ കണ്ണികളെ പിടികൂടിയിട്ടുണ്ട്. 8 ദിവസത്തില്‍ 1.9 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഡ്രൈവിന്റെ ഭാഗമായി മാര്‍ച്ച് 5 മുതല്‍ 12 വരെ എക്‌സൈസ് നടത്തിയത് 3568 റെയ്ഡുകളാണ്, ഇതില്‍ പൊലീസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ സേനകളുമായി ചേര്‍ന്നുള്ള 50 സംയുക്ത പരിശോധനകളുമുണ്ട്. ഈ കാലയളവില്‍ 33709 വാഹനങ്ങള്‍ പരിശോധിച്ചു. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി 554 മയക്കുമരുന്ന് കേസുകളാണ് എക്‌സൈസ് പിടിച്ചത്. ഈ കേസുകളില്‍ 570 പേരെ പ്രതിചേര്‍ക്കുകയും ഇതില്‍ 555 പേരെ പിടികൂടുകയും ചെയ്തു. മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും പിടിച്ചു. പ്രതികളില്‍ നിന്ന് 1.9 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഉല്‍പ്പന്നങ്ങളാണ് എക്‌സൈസ് കണ്ടെടുത്തത്.
സ്‌കൂള്‍ പരിസരത്ത് 998, ബസ് സ്റ്റാന്‍ഡ് പരിസരത്ത് 282, ലേബര്‍ ക്യാമ്പുകളില്‍ 104, റെയില്‍വേ സ്റ്റേഷനുകളില്‍ 89 തുടങ്ങിയ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞിരുന്ന 26 പ്രതികളെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍, കോളേജ്, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രത്യേക നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മിഠായികളില്‍ മയക്കുമരുന്ന് കലര്‍ത്തി വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന വിഷയം പ്രത്യേകം പരിശോദിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എക്‌സൈസ് പരിശോധനയില്‍ 64.46 ഗ്രാം എംഡിഎംഎ, 25.84 ഗ്രാം മെത്താംഫിറ്റമിന്‍, 39.56 ഗ്രാം ഹെറോയിന്‍, 14.5 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 12.82 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 113.63 കിലോ കഞ്ചാവ്, 14.8 കിലോ കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ്, 96.8 ഗ്രാം കഞ്ചാവ് കലര്‍ത്തിയ ഭാംഗ്, 29.7 ഹാഷിഷ് ഓയില്‍, 20 ഗ്രാം ചരസ് എന്നിവയാണ് പിടിച്ചത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനയില്‍ 450 അബ്കാരി കേസുകളും, 2028 പുകയില കേസുകളും പിടിച്ചിട്ടുണ്ട്. 10,430 ലിറ്റര്‍ സ്പിരിറ്റ്, 931.64 ലിറ്റര്‍ അനധികൃത വിദേശമദ്യം, 3048 ലിറ്റര്‍ വാഷ്, 82 ലിറ്റര്‍ ചാരായം, 289.66 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയും എക്‌സൈസ് കണ്ടെടുത്തു.
സിന്തറ്റിക് ലഹരി മരുന്നുകള്‍ മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്യുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ഇവയെ ചെറുത്തു തോല്‍പ്പിക്കാന്‍ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറയുമ്പോള്‍ മയക്കുമരുന്നു ലോബിയുടെ കേരളത്തിലെ വ്യാപാരം എത്ര ഭീതിതമാണെന്ന് തിരിച്ചറിയാനാകും. കോട്ടയത്തെ ഒരു ഹോസ്റ്റലില്‍ സ്വര്‍ഗവാതില്‍ എന്നു പേരിട്ടിരിക്കുന്ന മുറിയുണ്ട്. എക്‌സൈസിന് കിട്ടിയ വിവരത്തെ തുടര്‍ന്നാണ് സ്വര്‍ഗവാതില്‍ റെയ്ഡു ചെയ്യാനായി എക്‌സൈസ് പോയത്. ഇവിടെ ലഹരി മരുന്നു ഉപയോഗിക്കുന്നവരുടെ താവളമാണിതെന്നാണ് പറയപ്പെടുന്നത്.
ഇങ്ങനെ ഓരോ ഹോസ്റ്റലുകളിലും ഇത്തരം ഇടങ്ങളുണ്ടാകും. കേരളത്തിന്റെ തലയ്ക്കു മീതെ വളര്‍ന്നിരിക്കുകയാണ് മയയക്കുമരുന്നു മാഫിയ. സ്വര്‍ണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്കു മുകളില്‍ ചാഞ്ഞാല്‍ അതിനെ വെട്ടി മാറ്റുക തന്നെ വേണം. ഈ മാഫിയയെും മാഫിയയില്‍ കണ്ണിയായവരെയും, അതിന്റെ ഏജന്റുമാരെയും വെട്ടി വീഴ്ത്തുക തന്നെ വേണം. ഇല്ലെങ്കില്‍ വരും തലമുറകള്‍ ഈ നാടിനെ മയക്കിക്കിടത്തി കളയും. പോലീസിനും, എക്‌സൈസിനും, മറ്റെല്ലാ ഏജന്‍സികള്‍ക്കും ആവശ്യമുള്ള വിവരങ്ങള്‍ വേഗത്തില്‍ കൈമാറാനുള്ള മനസ്സ് സമൂഹം കാണിക്കണം. അതുപോലെ പോലീസും എക്‌സൈസും സത്യസന്ധമായി മാത്രം ജനങ്ങളുമായി ഇടപെടുകയും വേണം. ഇതില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടാകാന്‍ പാടില്ല.
CONTENT HIGH LIGHTS; ‘Heaven’s Gate’ Found in God’s Own Country: Will Excise’s Raid and Police’s Flash Inspections Bear Fruit?; Those who have taken politics to heart live in a world obsessed with power; Drug mafia grows above their heads