ഒരു കള്ളം ചെയ്യുമ്പോള്‍ അത് മറയ്ക്കാന്‍ നിരവധി കള്ളങ്ങള്‍ ചെയ്യേണ്ടിയും പറയേണ്ടിയും വരുമെന്നത് സത്യമായി മാറിയിരിക്കുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രി എന്നാല്‍, അത് കേരളത്തിലെ ഓരോ മനുഷ്യരുടെയും പ്രതീകമാണ്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി എന്നത്, ഒരു വ്യക്തിയോ, ഒരു കുടംബത്തിന്റെ മാത്രമോ, ഒരു പാര്‍ട്ടിയുടെയോ സ്വത്തല്ല. അത് കേരളത്തിന്റെയാകെ സ്വത്താണ്. എത്ര വര്‍ഷം ജനാധിപത്യത്തിന്റെ വിശ്വാസ്യതയില്‍ അധികാരത്തിലിരിക്കുന്നോ, അത്രയും നാള്‍ അദ്ദേഹം കേരളത്തിന്റെ മുഖവും, ജീവനും, സ്വത്തുമായിരിക്കും. ആ വിശ്വാസമാണ് ഡെല്‍ഹി കേരളാ ഹൗസിലെ കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. കൂടിക്കാഴ്ചകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതല്ലെങ്കിലും, ഈ കൂടിക്കാഴ്ച ഔദ്യോഗികമാണോ, അനൗദ്യോഗികമാണോ എന്നതിന് വ്യക്തത വന്നിട്ടില്ല.
ഇനി വ്യക്തത വന്നാലും, അത് കളവാകാനേ വഴിയൂള്ളൂ. കാരണം, ധനമന്ത്രിയെ കാണേണ്ടത്, ഔദ്യോഗികമായി കേരളത്തിന്റെ ധനമന്ത്രിയായിരുന്നു. കാരണം, എന്തു തരം ഫണ്ടാണ് കിട്ടേണ്ടതെന്നും, ഏതൊക്കെ കടങ്ങളാണ് ഉള്ളതെന്നുമൊക്കെയുള്ള കണക്കുകള്‍ അറിയുന്നത് ധനമന്ത്രിക്കാണ്. ‘ധനം’ ഒരു പ്രശ്‌നമായതു കൊണ്ടാണല്ലോ, കേന്ദ്ര ധനമന്ത്രിയെ തന്നെ മുഖ്യമന്ത്രിയും സംഘവും കാണാന്‍ തയ്യാറായതും. അതുകൊണ്ടാണ് കേരളത്തിന്റെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രിയെ കാണുന്നതിന്റെ പ്രാധാന്യവും മനസ്സിലാക്കേണ്ടതും. എന്നാല്‍, കേരളാ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രിയെ കാണാനുള്ള സംഘത്തില്‍ ഉണ്ടായിരുന്നില്ല എന്നതാണ് പ്രധാനം.
അത് എന്തുകൊണ്ടാണെന്ന് സി.പി.എമ്മിന്റെ കള്ളത്തരങ്ങളുടെ കൂമ്പാരങ്ങള്‍ കൊണ്ട് മറച്ചു വെക്കേണ്ട കാര്യമല്ല. അതിന് കൃത്യമായ വ്യക്തത സര്‍ക്കാര്‍ തന്നെ തരേണ്ടതുണ്ട്. അനൗപചാരകമായാണ് തന്നെ കണ്ടതെന്ന് നിര്‍മ്മലാ സീതാരാമന്റെ ഓഫീസോ, കേന്ദ്ര ധനമന്ത്രിയോ ഇതുവരെ പറഞ്ഞിട്ടില്ല. പറഞ്ഞിരിക്കുന്നത്, കേരളവും, കേരളത്തിലെ പി.ആര്‍.ഡിയുമാണ്. അനൗപചാരികമായി കേന്ദ്ര ധനമന്ത്രി കേരളാ ഹൗസില്‍ പോകാന്‍ എന്താണ് കാരണണെന്നതാണ് പ്രധാനം. ഇതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകള്‍ ഓരോന്നായി പുറത്തു വരികയാണ്. അതില്‍ പ്രധാനപ്പെട്ട വിഷയമാണ് കൊല്ലം എം.പി. എന്‍.കെ. പ്രേമചന്ദ്രന്റെ വെളിപ്പെടുത്തല്‍.
-
പ്രേമചന്ദ്രന്റെ വെളിപ്പെടുത്തല്‍
“കഴിഞ്ഞ 17-ാം ലോക്‌സഭയുടെ അവസാന ദിവസം പ്രധാനമന്ത്രി ക്ഷണിച്ചതനുസരിച്ച് അദ്ദേഹവുമായി ഉച്ചഭക്ഷണം കഴിച്ചതിന്റെ പേരിലാണ്, സി.പിഎമ്മിന്റെ നേതൃത്യത്തില്‍ കൊല്ലം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയസന്ദേശങ്ങളില്‍ ഒന്നായി അവര്‍ ക്യാമ്പെയിന്‍ ചെയ്തത്. ഞാനിതാ ബി.ജെ.പിയിലേക്കു പോകുന്നു. പ്രധാനമന്ത്രിയുമായി ഭക്ഷണം കഴിച്ചു. അത്, തെരഞ്ഞെടുപ്പിനു ശേഷം ഉടനെ ബി.ജെ.പിയുടെ ഭാഗമാകാനുള്ള നീക്കമാണെന്നായിരുന്നു പ്രചാരണം. മാത്രമല്ല, സി.പി.എമ്മിന്റെ നേതൃത്വത്തിലും, സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകള്‍ കൊല്ലം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ജാഥ നടത്തി.
എന്റെ വസതിയിലേക്കു മാര്‍ച്ച് നടത്തി. ലോക്‌സഭാംഗത്വം രാജിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ അവരുടെ പ്രചാരണത്തിന്റെ കുന്തമുന തന്നെ ആ വിഷയമായിരുന്നു. സത്യത്തില്‍ ആ സംരംഭം പ്രധാനമന്ത്രി എന്നെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍, ഞാനവിടെ പോകുന്നു, പരസ്യമായി മറ്റു പാര്‍ലമെന്റംഗങ്ങള്‍ ഇരിക്കുമ്പോള്‍ പാര്‍ലമെന്റിന്റെ ക്യാന്റീനില്‍ പൊതു ഇടത്തു വെച്ചാണ് പ്രധാനമന്ത്രിയുമായി കാര്യങ്ങള്‍ സംസാരിക്കുന്നത്. സൗഹൃദ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതും.
ഇപ്പോള്‍ എന്താ സംഭവിച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രിയെ മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ ഗസ്റ്റ്ഹൗസില്‍ വിളിച്ച് അവര്‍ക്ക് പ്രാതല്‍ ഭക്ഷണം നല്‍കി ആദരിക്കുന്നു. ചര്‍ച്ച നടത്തുന്നു. പ്രധാനമന്ത്രിയുമായി ഭക്ഷണം കഴിച്ചത്, ബി.ജെ.പി രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും, അതിന്റെ തുടക്കമാണെന്ന് പ്രചാരണം നടത്തുകയും ചെയ്ത സി.പി.എം. ഇപ്പോള്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ, കേരളാ ഹൗസില്‍ പ്രത്യേക അതിഥിയായി വിളിച്ചുവരുത്തി, പ്രാതല്‍ ഭക്ഷണം കൊടുത്തു സത്ക്കരിച്ച സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പി രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെയ്പ്പാണോ നടത്തിയതെന്ന് സി.പി.എം കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും വ്യക്തമാക്കണം.
ആ ചര്‍ച്ച അനൗപചാരികമാണെന്ന് എങ്ങനെയാണ് ഒരു സംസ്ഥാന സര്‍ക്കാരിന് കഴിയുക. സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍, സംസ്ഥാന അതിഥി മന്ദിരത്തില്‍ സംസ്ഥാനത്തിന്റെ ഭരണത്തലവനായിട്ടുള്ള ഗവര്‍ണര്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രി സംഘവുമാണ് യോഗം ചേര്‍ന്നത്. അനിതര സാധാരണമായ ചര്‍ച്ചയില്‍ വന്ന ചര്‍ച്ചകള്‍ എന്താണെന്ന് ജനങ്ങളോട് പറയണ്ടേ. പി.ആര്‍.ഡിയുടെ ഒറ്റവരി പ്രസ്താനവയിലൂടെ ഈ വിഷയത്തെ അനൗദ്യോഗികമെന്നു പറയാമോ. ഒരു മാസത്തോളമായി സമരം ചെയ്യുന്ന ആശമാരോട്, കേന്ദ്രമാണ് ഓണറേറിയം വര്‍ദ്ധിപ്പിക്കേണ്ടത്, കേന്ദ്രത്തില്‍ സമയം ചെയ്യൂ. ഞാനും വരാമെന്നു പറഞ്ഞ വീണാജോര്‍ജ്ജ് മന്ത്രിയുടെ തലവനായ മുഖ്യമന്ത്രി ഈ വിഷയം കേന്ദ്ര ധനമന്ത്രിയുമായി ചര്‍ച്ച ചെയ്‌തോ. അധിക വിഹിതം ലഭിക്കുമോ എന്ന് ചോദിച്ചോ, കേരളത്തിന്റെ വായ്പാ പരിധി വര്‍ദ്ധിപ്പിക്കുന്നതുമായി ചര്‍ച്ച നടത്തിയോ.
16-ാം ധനക്കമ്മീഷനുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ പുനപരിശോധിക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച നടത്തിയോ. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ വിഷയം ചര്‍ച്ച ചെയ്‌തോ. ഇതറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ഒരു പൊതു ചടങ്ങായിരുന്നു കേരളാ ഹൗസില്‍ നടന്നത്. കേരളത്തിന്റെ ഏറ്റവും ഉന്നത ശ്രേണിയിലുള്ളവരാണ് കേന്ദജ്ര ധനമന്ത്രിയെ കണ്ടത്. ആ ഔദ്യോഗികമായ ഫോറത്തെ എങ്ങനെയാണ് ഔനൗദ്യോഗിക കൂടിക്കാഴ്ചയെന്നു പറയാനാവുക.
കേന്ദ്രമന്ത്രിയെ കണ്ടതില്‍ ഒരു കുറ്റവും തെറ്റുമില്ല. പക്ഷെ, ആ കൂടിക്കാഴ്ചയെ ജനങ്ങളുടെ മുമ്പിലേക്ക് അവതരിപ്പിക്കുന്ന രീതിയാണ് സംശയത്തിന് വഴിവെച്ചത്. കാരണം, കേരളാ മുഖ്യമന്ത്രിയുടെ മകള്‍ ഇടപെട്ട ഒരു കേസ്. ഒരു സേവനവും നല്‍കാതെ അവിഹിതമായി CMRL കമ്പനിയില്‍ നിന്ന് ഏതാണ്ട് നാല് കോടിയിലധികം രൂപ കൈപ്പറ്റിയെന്ന ആക്ഷേപം നിലനില്‍ക്കുന്നു. അത് ഗുരുതരമായ ക്രമക്കേടാണെന്ന് മൂന്ന് റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന ഇന്‍കംടാക്‌സ് അപ്പലേറ്റ് അതോറിട്ടി കണ്ടെത്തി. ആ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ SFIO കേസെടുത്തു. അന്വേഷണം ആരംഭിച്ചു. അന്വേഷണം അവസാ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ആരെയെല്ലാം പ്രതിചേര്‍ക്കണം എന്ന അവസാന ഘട്ടത്തിലാണ് കേന്ദ്രധനമന്ത്രിയെ മുഖ്യമന്ത്രി കാണുന്നത്.
ധനമന്ത്രിക്കെതിരേ സുപ്രീംകോടതിയില്‍ കേസ് കൊടുത്തു. നിയമ പോരാട്ടത്തിലൂടെ കേരളത്തിന്റെ വായ്പാ പരിധി ഉര്‍ത്തിയെടുത്തു. മുഖ്യമന്ത്രി അടക്കം എല്ലാ മന്ത്രിമാരും ഡെല്‍ഹിയില്‍ സമരം നടത്തി. കേന്ദ്രത്തിന്റെ കേരളത്തോടുള്ള സാമ്പത്തിക നയത്തിനെതിരേ രാഷ്ട്രീയമായും നിയമപരമായും ചെറുത്തുപ നില്‍ക്കുമെന്നും പറഞ്ഞവരാണ് സി.പി.എമ്മും എല്‍.ഡി.എഫും. സര്‍ക്കാരും. വളരെ പെട്ടെന്നാണ് കൂടിക്കാഴ്ച നടത്തുന്നതും, സൗഹൃദ വിരുന്ന് സംഘടിപ്പിക്കുന്നതും. അതില്‍ സ്വാഭാവികമായി ദുരൂഹതയുണ്ടെന്ന് സംശയിച്ചാല്‍ അതിനെ തെറ്റു പറയാനൊക്കില്ല.
മാത്രമല്ല, മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രതികരണവും വളരെ ദുരൂഹതയാണ് ഉണ്ടാക്കിയിരിക്കുന്നത്. യാദൃശ്ചികമായി സംഭവിച്ച കാര്യങ്ങളാണ് ഡെല്‍ഹിയില്‍ നടന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. കേരളത്തിലെ ജനങ്ങള്‍ ബുദ്ധിമാന്ദ്യം സംഭവിച്ചവരല്ല എന്നാണ് ഇതിനെ കുറിച്ച് പറയാനുള്ളത്.
ഇതിനെ ഒരു രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ത്താന്‍ ശ്രമിക്കില്ല. ഭിന്ന രാഷ്ട്രീയക്കാര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ പൊളിഞ്ഞു വീഴുന്നതൊന്നുമല്ല രാഷ്ട്രീയ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞതിനോട് യോജിക്കുന്നു. ഇത് എല്ലാവര്‍ക്കും ബാധകമാണെന്നു മാത്രമേ പറയാനുള്ളൂ. നിങ്ങളിട്ടാല്‍ അത് ബര്‍മുഡയും, ഞങ്ങളിട്ടാല്‍ അത് വള്ളി നിക്കറും എന്നത് ശരിയല്ല.”
ഇങ്ങനെ ഇനിയും സത്യങ്ങള്‍ ഡെല്‍ഹി കേരളാ ഹൗസില്‍ നടന്ന കെ. ചര്‍ച്ചയുമായി ബന്ധപ്പെട്ട് പുറത്തു വരുമെന്നുറപ്പാണ്. കേരളത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി കേന്ദ്രധനമന്ത്രിയെ കണ്ടതെന്ന് കേരളത്തിലെ ധനമന്ത്രി ഉറപ്പിച്ചു പറയില്ല. കാരണം, ബാലഗോപാലനെ കൊണ്ടു പോകാന്‍ മുഖ്യമന്ത്രി തയ്യാറായില്ല എന്നതു കൊണ്ടു തന്നെ. കേരളത്തിലെ ഏതെങ്കിലും മന്ത്രിമാര്‍ മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയെ കണ്ടതുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കാന്‍ തയ്യാറുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം. വാ പോയ അണികളെ കൊണ്ട് നിരന്തരം കള്ളം എഴുന്നെള്ളിച്ച് സത്യമാക്കാനുള്ള സൈക്കോളജിക്കല്‍ മൂവ് ഒടുവില്‍ കൊണ്ടിടുന്നത്, രാഷ്ട്രീയത്തിന്റെ പൊട്ടക്കിണറ്റിലായിരിക്കുമെന്നത് മറക്കരുത്.
കെ. കേരളത്തെ, കെ. ചര്‍ച്ചയിലൂടെ, കെ. മുഖ്യമന്ത്രിയും കെ. ഗവര്‍ണറും, കെ. പ്രത്യേക പ്രതിനിധിയും കൂടി പുട്ടും കടലക്കറിയുമാക്കി മാറ്റിയത് ജനം ചോദിക്കുക തന്നെ ചെയ്യും. നാട് കത്തിയെരിയുമ്പോള്‍ എന്തു ചെയ്യുകയായിരുന്നു എന്ന്.