Explainers

അത്യുന്നതങ്ങളില്‍ ISSന് സ്തുതി, ഭൂമിയില്‍ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും മഹത്വം: ചരിത്രം താണ്ടി മണ്ണിലെത്തിയവര്‍ക്കു മുമ്പില്‍ ലോകത്തിന്റെ ബിഗ് സല്യൂട്ട്

ഭൂമിയിലെ ഇന്നത്തെ പ്രഭാതത്തിന് ഒരു പ്രത്യേകതയുണ്ട്. നീലാകാശത്തിനപ്പുറം അനന്ത വിഹായസ്സില്‍ കുറച്ചുനാള്‍ ജീവിച്ച രണ്ടു മനുഷ്യരുടെ തിരിച്ചു വരവിനെ ആഘോഷിക്കുന്ന പ്രഭാതമാണ്. നേരം പുലര്‍ന്നപ്പോഴേ അവരെക്കുറിച്ച് എഴുതാവുന്നതെല്ലാം മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും എഴുതിക്കഴിഞ്ഞു. ഇനി എന്തെഴുതാനാണ്. പക്ഷെ, അവരെക്കുറിച്ചല്ലാതെ ഈ ദിവസം മറ്റെന്തെഴുതിയാലും അതിനൊന്നും വിലയില്ലാതാകും. കാരണം ഈ ദിവസവും പ്രഭാതവും അവര്‍ക്കു വേണ്ടിയുള്ളതാണ്. അവര്‍ക്കു നല്‍കാന്‍ സ്‌നേഹവും, സന്തോഷവും ബഹുമാനവും ആദരവും നിറച്ചൊരു ബിഗ് സല്യൂട്ട്.

സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഉല്‍ക്കകളും ഗ്രഹങ്ങളുമെല്ലാം വസിക്കുന്ന ബഹിരാകാശത്തു നിന്നും അവരെത്തിയിരിക്കുകയല്ലേ. അവരുടെ വരവിനെ ആഘോഷിക്കാതെ വഴിയില്ലല്ലോ. ലോകത്തെ എല്ലാ മനുഷ്യരുടെയും മുഖങ്ങളില്‍ ഇന്ന് പുഞ്ചിരിയുണ്ടാകും. ആ പുഞ്ചിരിയുടെ പേരാണ് സുനിതാ വില്യംസ്, ബുച്ച് വില്‍മോര്‍. ഒന്നും രണ്ടും ദിവസമല്ല, 286 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷമാണ് നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും തിരികെ എത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ജീവിതത്തിന്റെ ഓര്‍മ്മകളുമായി ഇനി അവര്‍ ഭൂമിയില്‍ നമ്മോടൊപ്പം ഉണ്ടാകും. അവരുടെ ബഹിരാകാശ യാത്രയും മടങ്ങി വരവിനുണ്ടായ അിശ്ചിതത്വവും ലോകത്തെയാകെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തു നിന്നും വരുന്ന വീഡിയോകള്‍ നാസ പുറത്തു വിടുമ്പോള്‍, അതില്‍ സുനിതാ വില്യംസിനെ കാണുമ്പോള്‍ സന്തോഷവും ഒപ്പം ഉള്ളില്‍ വേദനയും നിറയുമായിരുന്നു. സ്വന്തം വീട്ടിലെ ഒരാള്‍ കുടുങ്ങിക്കിടക്കുന്നതു പോലെ തോന്നാറുണ്ട്. അവരുടെ സന്തോഷങ്ങളും, അവരുടെ ചിരിയും, അവരുടെ വര്‍ത്തമാനങ്ങളും സശ്രദ്ധം കേള്‍ക്കാറുണ്ട്.

എന്തോ, ഇന്ത്യന്‍ വംശജ എന്നതു കൊണ്ടാകാം, നമ്മളില്‍ ഒരാള്‍ക്ക് പറ്റിയ അപകടം പോലെയായിരുന്നു ഇന്നലെവരെ സുനിതാ വില്യംസിന്റെ കുടിങ്ങിക്കിടക്കല്‍ അനുഭവപ്പെട്ടത്. ഒപ്പം ബുച്ച് വില്‍മോറിന്റെയും. ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ എട്ട് ദിവസത്തെ പരീക്ഷണ പറക്കല്‍ എന്ന ലക്ഷ്യത്തോടെയായിരുന്നു അവരുടെ ദൗത്യം. നിരവധി സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടതിനാല്‍ ബഹിരാകാശത്ത് അവരുടെ സമയം നീണ്ടുപോയി. സ്റ്റാര്‍ലൈനറിന്റെ ആദ്യ ക്രൂ ഫ്‌ളൈറ്റിന്റെ ഭാഗമായി 2024 ജൂണ്‍ 5ന് വില്യംസും വില്‍മോറും ബഹാരാകാശ നിലയത്തില്‍ എത്തിയത്.

പിന്നീടുണ്ടായതെല്ലാം ഒരു കടങ്കഥ പോലെയാണ് തോന്നിപ്പിച്ചത്. ഒടുവില്‍ എല്ലാ അനിശ്ചിതത്വങ്ങളും അവസാനിപ്പിച്ച്, ബഹിരാകാശ ജീവിതം ഫുള്‍സ്റ്റോപ്പിട്ട് അവര്‍ തിരിച്ചെത്തിയിരിക്കുകയാണ്. ലോകം ഉറങ്ങാതെ കാത്തിരുന്ന ആ നിമിഷം കടന്നുപോയിരിക്കുന്നു. 9 മാസങ്ങള്‍ക്കിപ്പുറം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇന്ത്യന്‍ സമയം 3:30 നാണ് നാലു പേരടങ്ങുന്ന സംഘം സ്‌പെയ്‌സ് ഡ്രാഗണ്‍ പേടകത്തില്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ പതിച്ചത്. ഇതോടെ ശാസ്ത്രരംഗത്തെ വലിയൊരു നാഴികക്കലാണ് ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും ചേര്‍ന്ന് താണ്ടിയത്.

ഒരുപക്ഷെ സ്ത്രീയുടെ എല്ലാവിധ ജൈവീക പരിമിതികളെയും മറികടന്ന് ഒരു 59 കാരി ഇത്തരത്തില്‍ ലോകത്തിന്റെ നെറുകയിലേക്ക് നടന്ന് കയറുന്നത് ഇനിയൊരിക്കലും അത്ഭുതം പോലെ നോക്കിയിരിക്കാന്‍ ഈ ലോകത്തിന് കഴിയില്ല. അവിടെയാണ് സുനിതയുടെ ജീനിലെ ഇന്ത്യന്‍ എന്ന അടയാളം തെളിഞ്ഞു നില്‍ക്കുന്നത്. ‘എന്നെക്കൂടി ഉള്‍പ്പെടുത്താതെ ഇനിയൊന്നും പ്ലാന്‍ ചെയ്യരുത്’, എന്നാണ് സ്പേസ് എക്‌സ് മേധാവി എലോണ്‍ മസ്‌കിനോട് സുനിത വില്യംസ് ബഹിരാകാശ നിലയത്തില്‍ നിന്നയച്ച സന്ദേശത്തില്‍ പറഞ്ഞത്. അതായത് അവര്‍ തുടങ്ങിയിട്ടേ ഉള്ളൂ എന്ന് സാരം. അപ്പോഴും ഇരുവരുടെയും ബഹിരാകാശ യാത്രയുടെ പലഘട്ടങ്ങളെ കുറിച്ചും അറിയേണ്ടതുണ്ട്. അവരുടെ പോക്കു വരവുകളുടെ ചരിത്രം അടയാളപ്പെടുത്താതെ പോകാനാവില്ല.

  • സ്റ്റാര്‍ലൈനറില്‍ എന്താണ് തെറ്റ് സംഭവിച്ചത് ?

ഐ.എസ്.എസില്‍(ഇന്‍ര്‍ നാഷണല്‍ സ്‌പേസ് സെന്റര്‍) എത്തിയതിന് തൊട്ടുപിന്നാലെ, സ്റ്റാര്‍ ലൈനറില്‍ ഹീലിയം ചോര്‍ച്ചയും പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന്റെ തകരാറുകളും ഉള്‍പ്പെടെ നിരവധി നിര്‍ണായക പ്രശ്‌നങ്ങള്‍ എഞ്ചിനീയര്‍മാര്‍ കണ്ടെത്തി. ത്രസ്റ്ററുകളില്‍ പ്രവര്‍ത്തനക്കുറവ് അനുഭവപ്പെട്ടിരുന്നു. ഈ പ്രശ്‌നങ്ങള്‍ സ്റ്റാര്‍ലൈനറിനെ മടക്കയാത്രയ്ക്ക് സുരക്ഷിതമല്ലാതാക്കി. തുടര്‍ന്നുള്ള മാസങ്ങളില്‍, ബോയിംഗും നാസയും ചേര്‍ന്ന് നിരവധി പരീക്ഷണങ്ങള്‍ നടത്തി. എന്നാല്‍ തെറ്റുകള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയാതെപോയി.

ഒരു ഘട്ടത്തില്‍, ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തിരിക്കുമ്പോള്‍, സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ നിന്ന് വിചിത്രമായ ശബ്ദം പുറപ്പെടുന്നത് ബഹിരാകാശ യാത്രികര്‍ കേട്ടു. ബഹിരാകാശ നിലയത്തില്‍ തുടരുന്ന സുനിതാ വില്യംസിനേയും ബുച്ച് വില്‌മോറിനേയും സുരക്ഷിതമായി തിരികെയെത്തിക്കാന്‍ പുതിയ ഒരു പദ്ധതി പരിഗണിക്കേണ്ടതായി വന്നു. 2024 സെപ്റ്റംബറോടെ, മറ്റ് ദൗത്യങ്ങള്‍ക്കായി ഡോക്കിംഗ് സ്ഥലം ശൂന്യമാക്കുന്നതിനായി സ്റ്റാര്‍ലൈനറിനെ ആളില്ലാതെ ഭൂമിയിലേക്ക് തിരിച്ചയയ്ക്കാന്‍ നാസ തീരുമാനിച്ചു. ഇതോടെ സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനെയും

ഐ.എസ്.എസില്‍ ഫലപ്രദമായി നിര്‍ത്താനുള്ള തീരുമാനം എടുത്തു. എന്നാല്‍, ദീര്‍ഘകാല താമസത്തിനിടയില്‍, ബഹിരാകാശയാത്രികര്‍ ശാസ്ത്ര ഗവേഷണത്തിന് ഗണ്യമായ സംഭാവന നല്‍കി, വിവിധ മേഖലകളെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം മെച്ചപ്പെടുത്തിയ 150ലധികം പരീക്ഷണങ്ങളില്‍ പങ്കെടുത്തു. അപ്രതീക്ഷിത സാഹചര്യങ്ങള്‍ക്കിടയിലും, അവര്‍ മൈക്രോഗ്രാവിറ്റിയിലെ ജീവിതവുമായി പൊരുത്തപ്പെട്ടു. ഐ.എസ്.എസ് പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നു.

  • ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ദൗത്യം ലക്ഷ്യം കാണുമ്പോള്‍ ?

സുരക്ഷിതമായ തിരിച്ചുവരവിനുള്ള പദ്ധതികള്‍ വികസിപ്പിച്ചുകൊണ്ടിരിക്കെ, ക്രൂ-9 ദൗത്യത്തിന്റെ ഭാഗമായി വില്യംസിനും വില്‍മോറിനും ഒരു സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ തിരിച്ചെത്താന്‍ നാസ ക്രമീകരണം ചെയ്തു. 2025 മാര്‍ച്ച് 17ന് ഐഎസ്എസില്‍ വിജയകരമായി ഡോക്ക് ചെയ്ത ക്രൂ-10 ദൗത്യത്തിന്റെ വരവിനെ തുടര്‍ന്നായിരുന്നു ഈ പദ്ധതി. ക്രൂ-10 ടീമില്‍ നാല് ബഹിരാകാശയാത്രികര്‍ ഉണ്ടായിരുന്നു, അവര്‍ വില്യംസില്‍ നിന്നും വില്‍മോറില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം, വില്യംസും വില്‍മോറും

ഭൂമിയുടെ ഗുരുത്വാകര്‍ഷണബലവുമായി പൊരുത്തപ്പെടുന്നതിന്റെ വെല്ലുവിളികളെ അഭിമുഖീകരിച്ചു. അവരുടെ ദീര്‍ഘ ദൗത്യത്തിന് ശേഷമുള്ള ഒരു പ്രധാന പരിവര്‍ത്തനമാണിത്. വീട്ടിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍, രണ്ട് ബഹിരാകാശയാത്രികരും ബഹിരാകാശത്തെ തങ്ങളുടെ അതുല്യമായ അനുഭവങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. ഇത് നാസയുടെ തുടര്‍ച്ചയായ പര്യവേക്ഷണ ശ്രമങ്ങളിലെ ശ്രദ്ധേയമായ ഒരു അധ്യായമായി അടയാളപ്പെടുത്തുകയും ചെയ്യുമെന്നുറപ്പാണ്. ഡ്രാഗണ്‍ ക്രൂ 10 ബഹിരാകാശ സഞ്ചാരികളായി നാല് പേരാണ് ഐഎസ്എസിലെത്തിയത്.

  • ആനി മക്ലെയിന്‍ (നാസ)
  • നിക്കോള്‍ അയേഴ്‌സ് (നാസ)
  • തകുയ ഒനിഷി (ജാപ്പനീസ് ബഹിരാകാശ ഏജന്‍സി – ഖഅതഅ)
  • കിറില്‍ പെസ്‌കോവ് (റോഷ്‌കോസ്മോസ് – റഷ്യന്‍ ബഹിരാകാശ ഏജന്‍സി)

ദൗത്യത്തിന്റെ ഭാഗമായി സുനിതാ വില്യംസിനെയും ബുച്ച് വില്‌മോറിനെയും മാര്‍ച്ച് 19 പുലര്‍ച്ചെ ഭൂമിയില്‍ എത്തിച്ചു.

  • ബഹിരാകാശത്ത് എത്ര യാത്രകള്‍

അതേസമയം, സുനിത വില്യംസും ബുച്ച് വില്‍മോറും ചരിത്രത്തിലേക്കൊരു പുതിയ അധ്യായം തുറന്നു വെച്ചുകൊണ്ടാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. ബഹിരാകാശ നിലയത്തിലെ വാസത്തിനിടെ എട്ടുതവണ മറ്റ് ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇരുവരും സാക്ഷ്യം വഹിച്ചു. 2024ലെ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി. മൂന്നുതവണയായി ആകെ 608 ദിവസമാണ് സുനിതാ വില്യംസ് ബഹിരാകാശത്ത് കഴിഞ്ഞത്. 675 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ പെഗ്ഗി വിറ്റ്‌സണ്‍ മാത്രമാണ് ഇനി മറികടക്കാന്‍ സുനിതയ്ക്ക് മുന്നില്‍ ഇപ്പോഴുള്ളത്. സഹയാത്രികന്‍ ബുച്ച് വില്‍മോറാകട്ടെ ഇതുവരെയായി 464 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു. ഇത്തവണത്തെ ഒമ്പതുമാസം വേണ്ട ബഹിരാകാശ വാസത്തിനിടെ സുനിത വില്യംസ് രണ്ടുതവണ ബഹിരാകാശത്ത് നടന്നു. ഔദ്യോഗിക ജീവിതത്തില്‍ ഒമ്പതു തവണയായി 62 മണിക്കൂറും 6 മിനിറ്റും ബഹിരാകാശത്ത് നടന്ന സുനിതാ വില്യംസ് പുതിയ റെക്കോര്‍ഡും സൃഷ്ടിച്ചു.

  • ഇരുവരും പിന്നിട്ട വഴികള്‍, ദൗത്യം

2024 ജൂണ്‍: സുനിതാ വില്യംസും വില്‍മോറും 2024 ജൂണ്‍ 5-ന് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തി. എത്തിയതിന് തൊട്ടുപിന്നാലെ, എഞ്ചിനീയര്‍മാര്‍ സ്റ്റാര്‍ലൈനറില്‍ ഹീലിയം ചോര്‍ച്ചയും പ്രൊപ്പല്‍ഷന്‍ സിസ്റ്റം തകരാറുകളും കണ്ടെത്തി, ഇത് അവരുടെ പെട്ടെന്നുള്ള തിരിച്ചുവരവിന് തടസ്സമായി.

2024 ഓഗസ്റ്റ്: സ്റ്റാര്‍ലൈനറിലെ പ്രശ്‌നവും തിരിച്ചുവരവിലെ കാലതാമസവും നാസ അംഗീകരിക്കുകയും ചെയ്തു. ജൂണ്‍ 6 മുതല്‍ സ്‌പേസ് സ്റ്റേഷനില്‍ തുടരുന്ന സുനിതയേയും വില്‍മോറിനേയും 2025 ല്‍ എലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ ബഹിരാകാശ പേടകത്തില്‍ തിരിച്ചെത്തിക്കുമെന്ന് നാസ വ്യക്തമാക്കി.

2024 സെപ്റ്റംബര്‍: ബഹിരാകാശയാത്രികരില്ലാതെ സ്റ്റാര്‍ലൈനര്‍ ഭൂമിയിലേക്ക് മടങ്ങി, മറ്റ് ബഹിരാകാശ പേടകങ്ങള്‍ക്കുള്ള ഡോക്കിംഗ് പോര്‍ട്ട് സ്വതന്ത്രമാക്കി. വില്യംസിനും വില്‍മോറിനും സുരക്ഷിതമായ തിരിച്ചുവരവ് ഓപ്ഷന്‍ കാത്തിരിക്കുമ്പോള്‍, ഐ.എസ്.എസിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാനാണ് ഈ തീരുമാനം.

  • തിരികെ ഭൂമിയിലേക്ക് എത്തുമ്പോള്‍ ലോകം മനസ്സിലാക്കേണ്ടത് ?

സുനിതാ വില്യംസ് ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോള്‍, ലോകം മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. പ്രായമോ ലിംഗമോ ഒന്നുമല്ല ഒരു മനുഷ്യന്റെ മനസ് തന്നെയാണ് അവനെ അടയാളപ്പെടുത്താന്‍ കഴിയുന്ന ഒരേയൊരു ഘടകം. സുനിതാ വില്യംസ് തിരിച്ചുവരുന്നതില്‍ അഭിമാനിക്കുന്നതിനൊപ്പം തന്നെ, അവരെപ്പോലെ ജീവിതത്തിന്റെ എല്ലാവിധ സ്വാതന്ത്ര്യങ്ങളും അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന നമ്മുടെ പെണ്‍മക്കള്‍ക്ക് കൂടി അതിനുവേണ്ടി പരിസ്ഥിതി ഒരുക്കി കൊടുക്കേണ്ടതുണ്ട്. പുരോഗതി വാക്കുകളില്‍ മാത്രം പോരാ പ്രവര്‍ത്തിയിലും ഉണ്ടായിരിക്കണം.

  • സുനിതാ വില്യംസിന്റെ ചരിത്രനേട്ടം ?

* ഐ എസ് എസില്‍ രണ്ട് ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയ ആദ്യ വനിത
*വനിതകളില്‍ ഏറ്റവും കൂടുതല്‍ സഞ്ചരിച്ച ബഹിരാകാശയാത്രിക
*ആദ്യത്തെ ഇന്ത്യന്‍ വംശജനായ വനിത ബഹിരാകാശ സഞ്ചാരി

  • ഭാവി ദൗത്യങ്ങള്‍ക്കും ഇത് പാഠമാകുമോ ?

ബോയിംഗ് സ്റ്റാര്‍ലൈനറിന്റെ ഈ സാങ്കേതിക തകരാറുകള്‍ ഭാവി നാസ-ബോയിംഗ് ദൗത്യങ്ങളെ ബാധിക്കുമോ എന്ന ആശങ്കകള്‍ ഉയരുന്നുണ്ട്. അതേസമയം, സ്‌പേസ് എക്‌സ് വീണ്ടും ഒരു മിഷന്‍ വിജയകരമാക്കുന്നുവെന്നതും മസ്‌കിന്റെ ബഹിരാകാശ പദ്ധതികളെ കൂടുതല്‍ ശക്തിപ്പെടുത്തും.
സുനിതാ വില്യംസും ബുച്ച് വില്‌മോറും സുരക്ഷിതമായി തിരിച്ചെത്തിയാല്‍ ഐ എസ്എസിലേക്ക് സ്ഥിരമായ ദൗത്യങ്ങള്‍ അയക്കുന്ന ബോയിങ് സ്റ്റാര്‍ലൈനെര്‍ പദ്ധതിയുടെ ഭാവിയും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടുമെന്നാണ് പ്രതീക്ഷ.

CONTENT HIGH LIGHTS; Praise to the ISS in the highest heavens, glory to Sunita Williams and Butch Wilmore on Earth: Lokat’s big salute to those who made history and reached the earth

Latest News