ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേലുകാരെയും, വിദേശ പൗരന്‍മാരെയും മോചിപ്പിക്കാനാണോ ഈ യുദ്ധമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം അല്ല എന്നായിരിക്കും. കാരണം, ബന്ദികളെ മോചിപ്പിക്കാനായിരുന്നുവെങ്കില്‍, വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കി ഹമാസുമായി ബന്ദി മോചനത്തിനുള്ള ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടു പോകുമായിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം അവസാനിച്ച് വെറും 16 ദിവസങ്ങള്‍ പിന്നിട്ട ശേഷം പുതിയ ആക്രമണം ഗാസയില്‍ അവിച്ചു വിടുന്ന ഇസ്രയേലിന്റെ ഉദ്ദേശം സമാധാനമല്ല, യുദ്ധമാണ്.
മൂന്ന് ഘട്ടങ്ങളിലുള്ള വെടിനിര്‍ത്തല്‍ കരാറില്‍, യുദ്ധത്തിന് ഒരു അന്ത്യം കുറിക്കുക, ഗാസയില്‍ നിന്ന് ഇസ്രയേലിനെ പൂര്‍ണ്ണമായും തുടച്ചു നീക്കുക, ഒക്ടോബര്‍ 7 മുതല്‍ ഹമാസിന്റെ തടവില്‍ വച്ചിരിക്കുന്ന ശേഷിക്കുന്ന എല്ലാ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കുക എന്നിവയായിരുന്നു. പക്ഷെ വാക്കിന് ഒരു തരിപോലും വില കല്‍പ്പിക്കാത്ത ഇസ്രേയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യാതൊരു വിലയും വെടിനിര്‍ത്തല്‍ കരാറിന് നല്‍കിയില്ല. കടുത്ത നിയമലംഘനങ്ങളാണ് നടത്തുന്നതും. ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍, താല്‍ക്കാലിക ഷെല്‍ട്ടറുകള്‍, റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ ഏറ്റവും ആക്രമണം നടക്കുന്നത്.
ഗാസയിലെ അവസാന ജീവനും എടുക്കുക എന്നതിനപ്പുറം, ബന്ദികളെ രക്ഷിക്കുകയോ, മോചിപ്പിക്കുകയോ ചെയ്യുക എന്നത് അജണ്ടയില്‍ ഇല്ല എന്നത് വ്യക്തമാണ്. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 400ലധികം പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നൂറുകണക്കിന് പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഞെട്ടിപ്പോയി എന്നാണ് ഐക്യരാഷ്ട്രസഭ പ്രസ്താവനയില്‍ പറഞ്ഞത്. ഇസ്രയേലിന്റെ ചില സഖ്യകക്ഷികള്‍ ഉള്‍പ്പെടെ നിരവധി ലോക നേതാക്കള്‍ക്കൊപ്പം യുഎന്‍ മേധാവിയും വെടിനിര്‍ത്തല്‍ മാനിക്കണമെന്ന് ഇസ്രയേലിനോട് ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയ്ക്കെതിരായ യാതൊരു നിയന്ത്രണവുമില്ലാത്ത യുദ്ധം വീണ്ടും പുനരാരംഭിക്കാന്‍ ഉത്തരവിട്ടത് എന്തുകൊണ്ടായിരിക്കും എന്നതാണ് ലോകം ചിന്തിക്കുന്നത്. ഇത്രയും മനുഷ്യത്യ രഹിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ലോകത്തിന്റെ എല്ലാ വെറുപ്പും ഏറ്റുവാങ്ങിയിട്ടും വീണ്ടും വീണ്ടും ഇത്തരം കുറ്റകൃത്യത്തില്‍ എന്തുകൊണ്ടായിരിക്കും ഏര്‍പ്പെടുന്നത്. ഈ തീരുമാനത്തിന് പിന്നിലെ യുക്തി മനസ്സിലാക്കാന്‍, ആഭ്യന്തര സമ്മര്‍ദ്ദങ്ങളുടെ പരസ്പരബന്ധം, നെതന്യാഹുവിന്റെ സ്വന്തം രാഷ്ട്രീയ നിലനില്‍പ്പ്, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കീഴില്‍ അമേരിക്കയില്‍ ഉണ്ടായതായി തോന്നുന്ന നയമാറ്റം എന്നിവയൊക്കെ പരിശോധിക്കേണ്ടതുണ്ട്.
ഗാസയുടെ നിയന്ത്രണം വീണ്ടെടുക്കാന്‍ പോരാടുന്ന ഹമാസ് നേതൃത്വത്തെ ലക്ഷ്യം വച്ചാണ് പുതിയ ആക്രമണമെന്ന് ഇസ്രയേലി ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. ഗാസയില്‍ ഇപ്പോഴും തടവിലാക്കപ്പെട്ട 59 ബന്ദികളുടെ മോചനം ഉറപ്പാക്കാന്‍ പുതുക്കിയ ആക്രമണങ്ങള്‍ സഹായിക്കുമെന്നാണ് അവരുടെ വിശ്വാസം. കാരണം വെടിനിര്‍ത്തല്‍ കരാറിന് കീഴിലുള്ള പ്രതിബദ്ധതകള്‍ ഹമാസ് പാലിക്കുകയും, നേരത്തെ സമ്മതിച്ചതു പോലെ ഇസ്രയേലി തടവുകാരെ മോചിപ്പിക്കുകയും ചെയ്തിട്ടും, ഒരു ആക്രമണം എന്തിനാണ് ഇസ്രയേല്‍ നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ ഗാസയില്‍ ഇടയ്ക്കിടെ ആക്രമണങ്ങള്‍ നടത്തുകയും രണ്ടാം ഘട്ടത്തിലേക്ക് മാറാന്‍ വിസമ്മതിക്കുകയും ചെയ്തുകൊണ്ട് കരാര്‍ ആവര്‍ത്തിച്ച് ലംഘിച്ചത് ഇസ്രയേലാണ്.
അമേരിക്കയുടെ പൂര്‍ണ പിന്തുണയോടെയായിരുന്നു ഇതെല്ലാം നടത്തിയതും. രണ്ടാം ഘട്ടത്തില്‍ യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുകയും അധിനിവേശ സേനയെ പൂര്‍ണ്ണമായും പിന്‍വലിക്കുകയും ചെയ്യണമായിരുന്നു. പക്ഷെ കൂടുതല്‍ തടവുകാരെ മോചിപ്പിക്കാന്‍ അനുവദിക്കുന്നതിനായി വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം 60 ദിവസം വരെ നീട്ടാന്‍ ഇസ്രയേല്‍ നിര്‍ദ്ദേശിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഭാവി ചര്‍ച്ചകളില്‍ ഇത് സ്വാധീനം ഇല്ലാതാക്കുമെന്ന് അറിയാമായിരുന്നതിനാല്‍, ഹമാസ് ആ നിര്‍ദ്ദേശം നിരസിച്ചു. പകരം മുമ്പ് സമ്മതിച്ചതുപോലെ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ തുടരാനാണ് അവര്‍ ആവശ്യപ്പെട്ടത്.
അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനോ സൈന്യത്തെ പിന്‍വലിക്കുന്നതിനോ പ്രതിജ്ഞാബദ്ധരാകാതെ, പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി ഹമാസ് ഇസ്രയേലി തടവുകാരെ വിട്ടയക്കുന്നത് തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇസ്രയേല്‍ ചര്‍ച്ചകളില്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചു. ഗാസയില്‍ ഇപ്പോഴും തടവിലാക്കപ്പെട്ടവരുടെ ജീവന്‍ അപകടത്തിലാക്കുകയേ ഈ സമീപനം സഹായിക്കൂ എന്ന് തടവുകാരുടെയും ഇതിനകം മോചിപ്പിക്കപ്പെട്ടവരുടെയും കുടുംബങ്ങള്‍ പറയുന്നുണ്ടെങ്കിലും നെതന്യാഹു അതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറല്ല. സൈനിക സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിനായി നെതന്യാഹു തങ്ങളുടെ പ്രിയപ്പെട്ടവരെ ഉപേക്ഷിച്ചുവെന്ന് ആരോപിച്ച് അവര്‍ അദ്ദേഹത്തിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരുന്നതിനായി മിക്ക ഇസ്രയേലികളും വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വേകള്‍ കാണിക്കുമ്പോള്‍, ഹമാസ് ”പരാജയപ്പെടുന്നതുവരെ” യുദ്ധം തുടരുന്നതിനെ അനുകൂലിക്കുന്ന കുടിയേറ്റക്കാരും മന്ത്രിസഭാ അംഗങ്ങളുടെയും ഒരു വശത്ത് ശബ്ദമുയര്‍ത്തുന്നുണ്ട്. ഈ ഭിന്നത ഇസ്രയേല്‍ ഭരണകൂടത്തിനുള്ളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. നെതന്യാഹുവിന്റെ ചില സഖ്യകക്ഷികള്‍ ഉള്‍പ്പെടെ പലരും വെടിനിര്‍ത്തലിനെ ”ദേശസ്‌നേഹമില്ലാത്തത്” എന്നും ബലഹീനതയുടെ അടയാളമാണെന്നും കുറ്റപ്പെടുത്തി. ഗാസയില്‍ നിന്ന് പലസ്തീനികളെ പൂര്‍ണ്ണമായും നീക്കം ചെയ്യണമെന്ന് ഈ രാഷ്ട്രീയ വിഭാഗവും അവരുടെ പിന്തുണക്കാരും വാദിക്കുന്നു.
2005ല്‍ ഇസ്രയേല്‍ ഒഴിപ്പിച്ച കുടിയേറ്റ കേന്ദ്രങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കുന്നതും ഉള്‍പ്പെടുന്ന, പ്രസിഡന്റ് ട്രംപ് ആ പ്രദേശത്തിനായുള്ള തന്റെ വിവാദപരമായ പദ്ധതി ആവിഷ്‌കരിച്ചതു മുതല്‍ ഈ ആശയം പ്രചാരത്തിലുണ്ട്. സഖ്യം നിലനിര്‍ത്താനും അതിന്റെ തകര്‍ച്ച തടയാനും നെതന്യാഹു ഈ വിഭാഗത്തെയാണ് ആശ്രയിക്കുന്നത്. പലസ്തീനികള്‍ക്കെതിരായ ക്രൂരമായ സൈനിക ശക്തി ഇസ്രയേലിന്റെ സ്വന്തം നിലനില്‍പ്പിന് പ്രധാനമാണെന്നാണ് അവര്‍ വിശ്വസിക്കുന്നതെന്ന് പ്രസ്സ് ടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യോമാക്രമണം പുനരാരംഭിച്ചുകൊണ്ട്, ഹമാസുമായി വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാത്ത ഒരു നേതാവെന്ന തന്റെ പ്രതിച്ഛായ ശക്തിപ്പെടുത്താനാണ് നെതന്യാഹു ശ്രമിക്കുന്നത്.
എന്നിരുന്നാലും, ഈ ചൂതാട്ടം അദ്ദേഹത്തിന് തിരിച്ചടിയാകുകയും പ്രധാനമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പദവി പോലും നഷ്ടപ്പെടുത്തുകയും ചെയ്‌തേക്കാം. നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം, ഈ തീരുമാനം രാഷ്ട്രീയ നിലനില്‍പ്പിനെ ആശ്രയിച്ചാണുള്ളത്. യുദ്ധം പുനരാരംഭിക്കുന്നതിന് പ്രധാനമന്ത്രി തന്റെ തീവ്ര വലതുപക്ഷ സഖ്യ പങ്കാളികളില്‍ നിന്ന് വലിയ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ജനുവരിയിലെ വെടിനിര്‍ത്തലില്‍ പ്രതിഷേധിച്ച് ചില മന്ത്രിമാര്‍ രാജിവയ്ക്കുകയോ രാജിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്തിരുന്നു, ഇത് നെതന്യാഹുവിന്റെ സഖ്യത്തെയും അദ്ദേഹത്തിന്റെ ഭരണത്തെയും അപകടത്തിലാക്കി. വീണ്ടും ആക്രമണം ആരംഭിച്ചതിനെത്തുടര്‍ന്ന് ഇറ്റാമര്‍ ബെന്‍-ഗ്വിറിന്റെ നേതൃത്വത്തിലുള്ള ഓട്സ്മ യെഹൂദിറ്റ് (ജൂത ശക്തി) പാര്‍ട്ടി മന്ത്രിസഭയിലേക്ക് മടങ്ങിവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ നീക്കം നെതന്യാഹുവിന് ബജറ്റ് ബില്‍ പാസാക്കാന്‍ ഉള്ള നിര്‍ണായക വോട്ടുകള്‍ നല്‍കുന്നു. ഇത് അദ്ദേഹത്തിന്റെ സഖ്യം തകരുന്നത് തടയുന്നതിനുള്ള ഒരു സഹായമാണ്. ബജറ്റ് അംഗീകരിക്കാനുള്ള സമയപരിധി അടുക്കുമ്പോള്‍, നെസെറ്റില്‍ ആറ് സീറ്റുകളുള്ള ബെന്‍-ഗ്വിറിന്റെ പാര്‍ട്ടിയുടെ തിരിച്ചുവരവ് നെതന്യാഹുവിന് ഒരു ജീവനാഡിയാണ്. ഇസ്രായേലിന്റെ ആയുധശേഖരം പ്രധാനമായും അമേരിക്ക നല്‍കുന്നതാണ്. ഗാസയില്‍ 15 മാസത്തിലേറെ തുടര്‍ച്ചയായ ബോംബാക്രമണം മൂലം ദുര്‍ബലരായ ഇസ്രായേല്‍ സൈന്യത്തിന്റെ മനോവീര്യം എക്കാലത്തെക്കാളും താഴ്ന്ന നിലയിലാണിപ്പോള്‍.
CONTENT HIGH LIGHTS; Gaza as a massacre site: Israeli Prime Minister Benjamin Netanyahu says he is willing to risk his life to free the hostages