മലയാളിയുടെ അടുക്കളയുടെ പ്രിയ ഭക്ഷണമാണ് പയർ , പയർ മാത്രമുള്ള മെഴുക്കുവരട്ടിയായും , പയർ കറിക്കൂട്ടായും മലയാളിക്ക് പ്രിയങ്കരമാണ്. ഏവർക്കും എളുപ്പം ചെയ്യാൻ പറ്റുന്ന കൃഷികൂടിയാണ് പയർ. എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാൻ പറ്റുന്ന പച്ചക്കറിയാണ് പയർ. കാർബോഹൈഡ്രേറ്റ്, അന്നജം, വിറ്റാമിൻ എ, ബി, സി എന്നിവയെല്ലാം പയറിൽ അടങ്ങിയിരിക്കുന്നു. പയറിൻറെ പ്രാധാന്യം മനസിലാക്കി 2016 ൽ നമ്മൾ അന്താരാഷ്ട്ര പയർ വർഷം ആചരിച്ചു. ഇരുമ്പും കാത്സ്യവും ഫോസ്ഫറസും പൊട്ടാസ്യവും ജീവകങ്ങളും മറ്റുള്ള പയറിനങ്ങളേക്കാൾ കൂടുതൽ അടങ്ങിയിരിക്കുന്ന ചതുരപ്പയറും കേരളത്തിൽ കൃഷി ചെയ്യാം.
പയറിനെ അറിഞ്ഞ് പരിചരിക്കാം
നമ്മൾ സാധാരണയായി ഉപയോഗിച്ചു വരുന്നത് കുറ്റിപ്പയറും വള്ളിപ്പയറുമാണ്. പയറിൽ ഇഷ്ടം പോലെ ഇനങ്ങളുണ്ട്. കൈരളി, വരുൺ, കനകമണി, അർക്ക ഗരിമ എന്നിവ പയറിലെ ചില ഇനങ്ങളാണ്. പ്രധാനപ്പെട്ട കുറ്റിപ്പയർ ഇനങ്ങളാണ് ഗോമതി, അനശ്വര, ഭാഗ്യലക്ഷ്മി എന്നിവ.
പടർന്നു വളരുന്ന പയറിനങ്ങൾ വേറെത്തന്നെയാണ്. കുരുത്തോലപ്പയർ, കൈരളി, മഞ്ചേരി ലോക്കൽ, ലോല, ശാരിക, മാലിക എന്നിവ ഇത്തരത്തിൽ പടർന്നുവളരുന്നവയാണ്. പയറിനുള്ളിലെ വിത്തുകൾക്കും നിറവ്യത്യാസമുണ്ട്. മാല, ശാരിക, വയനാടൻ പയർ എന്നിവയുടെ വിത്തുകൾക്ക് കറുപ്പ് നിറവും ഗോമതി എന്നയിനത്തിൻറെ വിത്തിന് ചുവപ്പ് കലർന്ന തവിട്ടുനിറവുമാണ്.
പയർ കൃഷി ചെയ്യാൻ പ്രത്യേകിച്ച് സമയവും കാലവും ഒന്നും നോക്കേണ്ട ആവശ്യമില്ല. നെൽപാടങ്ങളിൽ ഒന്നും രണ്ടും വിളയ്ക്ക് ശേഷം പയർ കൃഷി ചെയ്യാവുന്നതാണ്. അതുപോലെ റാബി വിളകൾ കൃഷി ചെയ്യുന്ന കാലത്തും പയർ കൃഷി ചെയ്യാം. വേനൽക്കാലത്ത് തനിവിളയായും പയർ കൃഷി നടത്താം.
പയറിന് സാമാന്യം നല്ല സൂര്യപ്രകാശം ആവശ്യമാണ്. അതുപോലെ വേനൽക്കാലത്ത് നെല്ല് കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ നെൽപ്പാടം വെറുതെയിടാതെ പയർ കൃഷി ചെയ്യാം. കുരുത്തോലപ്പയർ എന്നയിനമാണ് നമ്മൾ സാധാരണയായി വളർത്തുന്നത്. ഇത് ഒരു സെന്റിൽ വളർത്താൻ 30 ഗ്രാം വിത്ത് വേണം. കുറ്റിപ്പയർ ആണ് വളർത്തുന്നതെങ്കിൽ അൽപ്പം കൂടി കൂടുതൽ അളവിൽ വിത്തുകൾ ആവശ്യമാണ്.
കുറ്റിപ്പയർ ഇനത്തിന് ഒരു സെന്റിലേക്ക് ഏകദേശം 100 മുതൽ 120 ഗ്രാം വിത്തുകൾ ആവശ്യമാണ്. അതേസമയം സങ്കരവർഗങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു സെന്റിൽ 30 മുതൽ 40 കി.ഗ്രാം വരെ വിത്തുകൾ വിതച്ചാൽ മതിയാകും.
പയറിന്റെ വിത്ത് പാകുന്ന സമയം
മഴക്കാലമാണെങ്കിൽ ജൂൺ രണ്ടാമത്തെ ആഴ്ചയാകുമ്പോൾ വിത്തിടാം. പാടങ്ങളിൽ വളർത്താനാണെങ്കിൽ റാബി കാലമാണ് നല്ലത്. സപ്തംബർ മുതൽ ഡിസംബർ വരെയുള്ള കാലം. പാടത്തിന്റെ വരമ്പുകളിൽ അതിർത്തി പോലെ പയർ വളർത്താം.
ജനുവരി, ഫെബ്രുവരി മാസങ്ങളിലും പയർ കൃഷി ചെയ്യാം. കഞ്ഞിക്കുഴി പയർ, പതിനെട്ടുമണിയൻ പയർ എന്നിവ നമുക്ക് വേനൽക്കാലത്ത് കൃഷി ചെയ്യാവുന്നതാണ്. അതുപോലെ തെങ്ങിൻതോപ്പുകളിൽ ഇടവിളയായും പയർ കൃഷി നടത്താം. ഗുജറാത്ത് വി 118, കെ.പി.2 എന്നീ വിത്തിനങ്ങൾ തെങ്ങിൻതോപ്പുകളിൽ വളർത്തുന്നു.
കൃഷിഭൂമി ഒരുക്കൽ
മണ്ണ് നന്നായി കിളച്ച് കട്ടിയുള്ളതെല്ലാം പൊടിച്ചെടുത്ത് വെയിലത്ത് നന്നായി ഉണക്കിയാണ് വിത്ത് നടുന്നത്. ഒരു സെന്റിന് അഞ്ച് കിലോ എന്ന കണക്കിൽ കുമ്മായം ചേർത്താൽ മണ്ണിലെ അമ്ലരസം കുറയ്ക്കാൻ കഴിയും. വിത്ത് പെട്ടെന്ന് തന്നെ മണ്ണിലേക്ക് നടാൻ പാടില്ല. പത്ത് ദിവസം മുമ്പ് മണ്ണ് കിളച്ചൊരുക്കി തയ്യാറാക്കണം.
ഒരു സെന്റിൽ ഏകദേശം 80 കിലോ ചാണകപ്പൊടിയോ 50 കിലോ കോഴിവളമോ ചേർത്ത് മണ്ണ് നന്നായി ഇളക്കിയെടുക്കണം. നന്നായി മണ്ണിൽ പോഷകങ്ങൾ ചേർത്ത് തയ്യാറാക്കിയാൽ നല്ല വിളവ് കിട്ടും. വിത്ത് നടുന്നതിന് രണ്ട് ദിവസം മുമ്പ് അഞ്ച് കിലോ വേപ്പിൻ പിണ്ണാക്ക്, രണ്ട് കിലോ സ്യൂഡോമോണസ് എന്നിവ ചേർത്ത് ഇളക്കാം.
പയർ വിത്ത് നടുമ്പോൾ രണ്ടടി വീതിയിലും ഒരടി ഉയരത്തിലും തടമെടുക്കുന്നതാണ് നന്നായി വളരാൻ നല്ലത്. വിത്തിൽ റൈസോബിയം പുരട്ടി നടുന്നതാണ് നല്ലത്. വെള്ളത്തിലോ കഞ്ഞിവെള്ളത്തിലോ റൈസോബിയം യോജിപ്പിച്ച് പയർ വിത്തുകൾ മുക്കിയെടുക്കണം. ഇങ്ങനെ തയ്യാറാക്കിയ വിത്തുകൾ കടലാസിലോ ചാക്കിലോ ഇട്ട് തണലത്തുണക്കണം. റൈസോബിയം കൾച്ചർ വിപണിയിൽ വാങ്ങാൻ കിട്ടും.ജൈവവളവും ജൈവകീടനാശിനികളും മാത്രമേ പയറിന് ഉപയോഗിക്കാവൂ. ഏകദേശം 10 മുതൽ 15 ദിവസത്തെ ഇടവേളകളിൽ ജൈവവളങ്ങൾ ചേർത്ത് കൊടുക്കാം. വേഗത്തിൽ വളരാൻ നേർപ്പിച്ച പഞ്ചഗവ്യവും ഗോമൂത്രവും കടലപ്പിണ്ണാക്കും കുതിർത്ത് ചാണകപ്പൊടി വെള്ളത്തിൽ കലക്കിയതുമായി ചേർത്ത് ആഴ്ചയിൽ ഒരിക്കൽ ഒഴിച്ചുകൊടുക്കുന്നത് നന്നായി വളരാൻ അനുയോജ്യമാണ്.
മാംസ്യം കൂടുതൽ അടങ്ങിയ ചതുരപ്പയർ
സാധാരണ കുറ്റിപ്പയറിലും വള്ളിപ്പയറിലും ബീൻസിലുമെല്ലാം ഉള്ളതിലേക്കാൾ പോഷകഘടകങ്ങൾ കൂടുതലുള്ളയിനമാണ് ചതുരപ്പയർ. കായകളും പൂക്കളും ഇലകളും വേരുകളുമെല്ലാം പച്ചക്കറിയായി ഉപയോഗിക്കാം. ഇതിനെ നമ്മൾ ഇറച്ചിപ്പയർ എന്നും വിളിക്കാറുണ്ട്.
ചതുരപ്പയർ ജൂലായ്-ആഗസ്റ്റ് മാസത്തിൽ നട്ടാൽ ഒക്ടോബർ-നവംബർ മാസത്തിൽ പൂവിടും. ഇതിന്റെ പ്രത്യേകത പൂവിടാൻ എടുക്കുന്ന സമയം തന്നെയാണ്. നിങ്ങൾ ഫെബ്രുവരിയിൽ ചതുരപ്പയർ നട്ടാലും ഒക്ടോബർ മാസമായാലേ പൂക്കുകയുള്ളു.
ചതുരപ്പയർ കൃഷിരീതി
ചതുരപ്പയർ നടാൻ രണ്ടര മീറ്റർ അകലത്തിൽ തടങ്ങൾ എടുക്കണം. ആറുമണിക്കൂർ വെള്ളത്തിൽ കുതിർത്ത് നട്ടാൽ പെട്ടെന്ന് മുളയ്ക്കും. ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ചേർത്ത് കൊടുക്കാം. ചതുരപ്പയർ നടുമ്പോൾ ഒരു സെന്റിൽ 150 ഗ്രാം വിത്ത് ആവശ്യമാണ്. വിത്തുകൾ തമ്മിൽ രണ്ടടി അകലം നൽകിയാൽ മുളച്ച് വരുമ്പോൾ ആവശ്യത്തിന് സ്ഥലമുണ്ടാകും. ചതുരപ്പയർ വേലിയിൽ പടർന്നുവളരുന്നയിനമാണ്.
ചതുരപ്പയറിന്റെ വേരിൽ റൈസോബിയം അടങ്ങിയിട്ടുണ്ട്. മണ്ണിലെ നൈട്രജന്റെ അളവ് വർധിപ്പിക്കാൻ ഇത് സഹായിക്കുന്നു. ചതുരപ്പയർ നട്ട് മൂന്നാം മാസം മുതൽ നീല കലർന്ന വയലറ്റ് നിറമുള്ള പൂക്കളുണ്ടാകും.
content highlight: pea-cultivation