ഒരു കാലത്ത് കേരളത്തിൽ എവിടെ നോക്കിയാലും കാണാവുന്ന ഒരു വിളയായിരുന്നു അടയ്ക്ക. എന്നാൽ, ഇന്ന് പലയിടങ്ങളിലും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന അടയ്ക്കയ്ക്ക് ഇപ്പോൾ പൊന്നുംവിലയാണ്. പഴുത്ത അടയ്ക്ക ഒരെണ്ണത്തിന് പത്തുരൂപയിലധികമാണ് ചില്ലറവിൽപ്പന. ഇത്രയും വില മുമ്പ് ഉണ്ടായിട്ടില്ലെന്ന് വ്യാപാരികളും പറയുന്നു. രണ്ടും മൂന്നും രൂപയ്ക്ക് ലഭിച്ചിരുന്ന അടയ്ക്കയുടെ വിലയാണ് പത്തുരൂപ പിന്നിട്ടത്.
കാലാവസ്ഥാവ്യതിയാനം കാരണമാണ് വില മൂന്നിരട്ടിയിലധികമായി വർധിക്കാൻ കാരണമായി മൊത്തവ്യാപാരികൾ പറയുന്നത്. കേരളത്തിലെ അടയ്ക്കയുടെ സീസൺ കഴിഞ്ഞാൽ തമിഴ്നാട്ടിലെ രാജപാളയം, കർണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് കേരളത്തിലേക്ക് അടയ്ക്ക എത്തുന്നത്. ഇടുക്കി ജില്ലയിലെ മറയൂരിൽനിന്നും പഴുത്ത അടയ്ക്ക ലഭ്യമായിരുന്നു. ശക്തമായ മഴയാണ് വില വർധനയ്ക്ക് കാരണം. ക്വിന്റലിന് നൂറ് രൂപയിൽ താഴെയായിരുന്നത് ഇപ്പോൾ 200 രൂപയോളം വന്നു. 20-ഉം 25-ഉം അടയ്ക്കയാണ് ഒരു കിലോയിൽ ഉണ്ടാവുക. വില വർധനയുള്ളതിനാൽ ഇപ്പോൾ കെട്ടിനുള്ളിൽ മോശമായതും പാകമാകാത്തതുമായ അടയ്ക്കയും ധാരാളമായി എത്തുന്നുണ്ട്.
കൃഷിരീതി
വെട്ടുകൽ, ചെമ്മണ്ണ്, എക്കൽമണ്ണ് എന്നിവയാണ് കവുങ്ങ് കൃഷിയ്ക്ക് അനുയോജ്യം. ഒരു മീറ്റർ താഴ്ചവരെയെങ്കിലും നല്ല മണ്ണുണ്ടായിരിക്കണം. വെള്ളം കെട്ടിനിൽക്കാതെ നല്ല നീർവാർച്ചാ സൗകര്യമുള്ള സ്ഥലമായിരിക്കണം. അമ്ലത്വമുള്ള മണ്ണാണു വേണ്ടത്. ക്ഷാരസ്വഭാവമുള്ള മണ്ണ് പറ്റിയതല്ല. വിത്തിലൂടെ കൃഷി ചെയ്യുന്ന ഒരു വൃക്ഷ വിളയാകയാൽ കവുങ്ങിന്റെ തൈകൾ ഉണ്ടാക്കുമ്പോഴും തിരഞ്ഞെടുക്കുമ്പോഴും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. നേരത്തേ വിളവു തരുന്നതും കൂടുതൽ കായ് പിടിത്തമുള്ളതുമായ മരങ്ങളിൽ നിന്നുവേണം വിത്തെടുക്കുവാൻ. മരത്തിന്മേൽ അടുത്തടുത്ത് അരഞ്ഞാണ പാടുകളുള്ളതും തലപ്പിൽ കൂടുതൽ ഇലകളുള്ളതും ചുരുങ്ങിയതു വർഷത്തിൽ നാലു കുലകളെങ്കിലും തരുന്നതുമായ തായ്മരങ്ങളാണ് അഭികാമ്യം.
കേരളത്തിന്റെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഒറ്റത്തടിയായ ഈ മരം ഏകദേശം 40 മുതൽ 60 മീറ്റർ വരെ ഉയരത്തിൽ വളരുന്നു.നല്ലതുപോലെ വിളഞ്ഞുപഴുത്ത അടക്കായാണ് വിത്തായി ഉപയോഗിക്കുന്നത്. മംഗള, ശ്രീമംഗള, സുമങ്ങള, മോഹിത്നഗർ, . വി ടി എൻ ഏഏച്ച്-1 എന്നാ കുള്ളൻ ഇനം എന്നിവയെല്ലാമാണ് കവുങ്ങിൻറെ പ്രധാനപ്പെട്ട ഇനങ്ങൾ
പരിചരണ രീതി
കവുങ്ങുമരത്തിൽ തന്നെ നിന്നു നല്ലപോലെ മൂത്തു പഴുത്ത, നടുഭാഗത്തുള്ള കുലയിലെ, നടുഭാഗത്തുള്ള അടയ്ക്കയാണ് വിത്തിനായി എടുക്കേണ്ടത്. കൂടുതൽ തൂക്കമുള്ള വിത്ത് കൂടുതൽ അങ്കുരണശേഷിയും നല്ല കരുത്തുമുള്ള തൈകൾ തരുന്നു. വെള്ളത്തിലിടുമ്പോൾ തൊപ്പി നേരേ കുത്തനെ മുകളിൽ വരത്തക്കവിധം പൊങ്ങിക്കിടക്കുന്ന വിത്തടയ്ക്കകൾ നല്ലതാണ്. വിളവെടുത്ത ഉടനെ തന്നെ, തണലിൽ തയ്യാറാക്കിയ വാരങ്ങളിൽ ഞെട്ട് (തൊപ്പി) മുകളിൽ വരത്തക്കവിധം കുത്തനെ വിത്തടയ്ക്കകൾ 58 സെ.മീ. അകലത്തിൽ പാകണം. ഇങ്ങനെ പാകിയ അടയ്ക്ക മണൽ കൊണ്ടു മൂടി ദിവസേന നനയ്ക്കണം.
വിത്തുപാകി 45 ദിവസത്തോടെ അവ മുളയ്ക്കാൻ തുടങ്ങുകയും അതു മൂന്നുമാസം വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൊണ്ണൂറു ദിവസം പ്രായമായാൽ തൈകൾ പറിച്ചെടുത്ത് രണ്ടാം തവാരണയിൽ നടാം. സൗകര്യംപോലെ നീളവും 150 സെ.മീ. വീതിയുമുള്ള വാരങ്ങൾ ഉണ്ടാക്കിയാണ് രണ്ടാം തവാരണ തയാറാക്കുന്നത്. ഇതിൽ ഹെക്ടറിന് 5 ടൺ എന്ന തോതിൽ കാലിവളം ചേർക്കണം. വാഴ നട്ടോ, കോവൽ പടർത്തിയോ പന്തൽ നിർമിച്ചോ തണൽ നൽകാവുന്നതാണ്. വാഴയാണു നടുന്നതെങ്കിൽ നേരത്തെതന്നെ നടേണ്ടതാണ്. ചൂടും ഉണക്കും ഉള്ള കാലങ്ങളിൽ തവാരണ നനച്ചു കൊടുക്കണം. ഇടയ്ക്കിടെ കളപറിക്കലും പുതയിടലും നടത്തണം. ഇടയ്ക്കിടെ വള പ്രയോഗവും നടത്തണം.
അടയ്ക്കാകൃഷി കേരളത്തിൽ ആരംഭിച്ചിട്ട് നൂറ്റാണ്ടുകളായി. ഏഷ്യൻ രാജ്യങ്ങളിൽ പരക്കെ അടയ്ക്ക ഉപയോഗിക്കുന്ന സ്വഭാവമുണ്ടെങ്കിലും ഭാരതത്തിൽ മാത്രമാണ് കവുങ്ങിൻറെ കൃഷിയും ഗവേഷണവും നടക്കുന്നത്. ഇന്ത്യയിലെ ഏകദേശം 40 ലക്ഷം ആളുകൾ അടയ്ക്കാകൃഷിയും അതുമായി ബന്ധപ്പെട്ട ചെറുകിട വ്യവസായങ്ങളേയും ആശ്രയിച്ചാണ് ജീവിക്കുന്നത്. കേരളം, മൈസൂർ, അസം എന്നീ സംസ്ഥാനങ്ങളാണ് ഇന്ത്യയിലെ പ്രധാനമായ അടയ്ക്കാ ഉത്പാദനകേന്ദ്രങ്ങൾ.
ഔഷധഗുണമുള്ള ഒരു ഫലമാണ് അടക്ക.ചില പ്രദേശങ്ങളിൽ പാക്ക് എന്നും ഇതറിയപ്പെടുന്നു. വെറ്റില മുറുക്കുന്നതിനായ് ഉപയോഗിക്കുന്നതിൽ ഒരു സുപ്രധാന സ്ഥാനമാണ് അടക്കക്കുള്ളത്. ഇന്ത്യയിൽ ഉദ്പാദിപ്പിക്കപ്പെടുന്ന അടക്ക കൂടുതലായും മുറുക്കാൻ ഉപയോഗിക്കുന്ന വിവിധതരം പാക്കുകൾ നിർമിക്കാനാണ് ഉപയോഗിക്കുന്നത് മൂക്കാത്ത അടക്ക വേവിച്ചു സുഗന്ധ ദ്രവ്യങ്ങൾ ചേർത്ത് തയ്യാറാക്കുന്ന വാസന പാക്കുകൾ അഥവാ കളിയടക്ക , വിളഞ്ഞുപഴുത്ത അടയ്ക്ക കേടുകൂടാതെ സൂക്ഷിക്കുന്നതിനായി വെള്ളത്തിൽ സംഭരിച്ചുവക്കുന്ന നീറ്റടക്ക,മൂപ്പെത്തിയ അടക്ക തൊലികളഞ്ഞു ഉണക്കി സൂക്ഷിക്കുന്ന കൊട്ടപ്പാക്ക് എന്നിവയാണ് വിപണിയിൽ ലഭ്യമായ അടക്കയുടെ വിവിധ തരങ്ങൾ. .അടക്ക വെറ്റിലമുറുക്കുന്നതിന് ഉപയോഗിക്കുന്നതിനു പിന്നിൽ ആരോഗ്യപരമായ കാരണങ്ങൾ ഉണ്ടന്ന് പറയപ്പെടുന്നു.ഇത് അരുചി ഇല്ലാതാക്കുന്നു , കഫം നശിപ്പിക്കുന്നു. .മൃഗചികിത്സയിൽ പ്രത്യേകിച്ച് കന്നുകാലികൾക്കുണ്ടാകുന്ന ഉദരരോഗങ്ങൾക്ക് കൃമിനാശകൌഷധമായി അടയ്ക്ക ഉപയോഗിക്കുന്നു. രക്തസ്രാവത്തിന് ഒരു പ്രതിവിധി കൂടിയാണ് ഇത്. അടയ്ക്കയിൽനിന്ന് ഉത്പാദിപ്പിക്കുന്ന ‘അരക്കോലിൻ’ ഉദരകീടസംഹാരിയായ ഒരു ക്ഷാരപദാർഥമാണ്.
content highlight:areca-nut