Agriculture

മായമില്ലാത്ത മഞ്ഞൾ ഇനി വീട്ടിൽ തന്നെ കൃഷിചെയ്യാം

മഞ്ഞളിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

മഞ്ഞൾ അടുക്കള ആവശ്യത്തിന് മാത്രമല്ല എല്ലാവരും ഉപയോഗിക്കുന്നത്. മണ്ണിനടിയിലെ സ്വർണമെന്നാണ് മഞ്ഞളിനെ വിശേഷിപ്പിക്കുന്നത്, ചുമ്മാതൊന്നും അല്ല അത്രയേറെ ആരോഗ്യഗുണങ്ങളാണ് മഞ്ഞളിനുള്ളത്.

മഞ്ഞളിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാനും ചർമ്മ സംരക്ഷണത്തിനുമെല്ലാം മഞ്ഞൾ ഏറെ ഉത്തമമാണ്. കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകമാണ്. എങ്കിൽ വീട്ടിൽ തന്നെ മഞ്ഞൾ കൃഷിക്കായി ഇത്തിരി സ്ഥലം ഒരുക്കിയെടുക്കാം

കൃഷി ചെയ്യുന്ന വിധം

മഞ്ഞൾ വിത്ത് നടുന്നതിനു മുൻപ് ചാകവെള്ളത്തിലോ സ്യൂഡോമോണസ് ലയണിയിലോ മുക്കി തണലത്തു സൂ ക്ഷിക്കുന്നത് മഞ്ഞൾ കേടുകൾ കൂടാതെ കരുത്തോടെ വളരാൻ സഹായിക്കും. സ്ഥലം നന്നായി കിളച്ച് പരുവപ്പെടുത്തി തടങ്ങളെടുത്താണ് മഞ്ഞള്‍ നടേണ്ടത്. അഞ്ച് അടി നീളവും മൂന്ന് അടി വീതിയുമുള്ള തടങ്ങളെടുക്കുക. നിരപ്പില്‍ നിന്ന് ഒരടി ഉയരവും തടത്തിന് ഉണ്ടാവണം.

കളപ്പറിക്കല്‍ ,വളപ്രയോഗം, മറ്റ് പരിപാലനങ്ങള്‍ എന്നിവയ്ക്ക് തടങ്ങള്‍ തമ്മില്‍ മൂന്ന് അടി എങ്കിലും അകലം കൊടുക്കേണ്ടതാണ്. ഇങ്ങനെ തയ്യാറാക്കിയ തടത്തില്‍ 5 – 10 സെ.മി താഴ്ചയില്‍ ചെറിയ കുഴികളുണ്ടാക്കി അതില്‍ മഞ്ഞള്‍ വിത്ത് പാകുക. ഒപ്പം ഒരോ കുഴിയിലും ഉണങ്ങിയ ചാണകപ്പൊടിയിട്ട് കുഴി ചെറുതായി മൂടണം. ചെടികള്‍ തമ്മില്‍ 15 സെമി അകലം കൊടുത്തിരിക്കണം. 8-10 ദിവസങ്ങള്‍ കൊണ്ട് മഞ്ഞള്‍ മുളച്ച് പുതിയ ഇലകള്‍ വന്നു തുടങ്ങും.

നട്ടയുടനെ പച്ചിലകള്‍ കൊണ്ട് പുതയിടുക. മഴ വെള്ളം ശക്തിയായി തടത്തില്‍ പതിക്കാതിരിക്കാനിതു സഹായിക്കും. ഒപ്പം പച്ചിലകള്‍ ചീഞ്ഞ് വളമാകുകയും ചെയ്യും. കളകളെ നിയന്ത്രിക്കാനും പുതയിടല്‍ നല്ലതാണ്. മുളച്ച് മൂന്നു-നാലു മാസം വരെ ചെടികള്‍ക്ക് നല്ല വളര്‍ച്ചയുണ്ടാകും.

ഈ സമയം പച്ചചാണകം കലക്കി ഒഴിക്കല്‍, വെണ്ണീര് തടത്തില്‍ വിതറല്‍, പച്ചില കമ്പോസ്റ്റ് നല്‍കല്‍ എന്നിവ ചെയ്യണം. മഞ്ഞള്‍ കൃഷിയില്‍ പൊതുവേ കീടരോഗ ബാധ കുറവായിരിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും ഭാഗികമായി സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തും മഞ്ഞളിന് മികച്ച വിളവ് ലഭിക്കാറുണ്ട്. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയുടെ ഇടയില്‍ ഇടവിളയായും മഞ്ഞള്‍ കൃഷി ചെയ്യാം.

ഏഴുമുതൽ പത്തു മാസം വരെയാണ് മഞ്ഞളിന്റെ വളർച്ച കാലം.ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് വിളവെടുപ്പ് നടത്തുന്നത്. ഇലകളും തണ്ടുകളും ഉണങ്ങിയാല്‍ ഉടനെ മഞ്ഞള്‍ പറിച്ചെടുക്കാം. വിളവെടുക്കുമ്പോള്‍ കിഴങ്ങുകള്‍ മുറിയാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ ലഭിക്കുന്ന മഞ്ഞള്‍ പുഴുങ്ങി ഉണക്കി പൊടിച്ച് കറികളില്‍ ഉപയോഗിക്കാം.

വലിയ പരിചരണം കൂടാതെ സമൃദ്ധമായി വളരുന്ന മഞ്ഞള്‍ അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്താല്‍ കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാം.സ്ഥലം കുറവുള്ളവർക്ക് ഗ്രോബാഗിലോ ചാക്കിലോ പോലും മഞ്ഞൾ കൃഷി ചെയ്യാവുന്നതാണ്. അഞ്ചോ പത്തോ ചാക്കിൽ നിന്ന് ഒരു വർഷത്തേക്ക് ഒരു വീട്ടിലേക്കാവശ്യമുള്ള മഞ്ഞൾ ധാരാളം ലഭിക്കും.

CONTENT HIGHLIGHT : You can grow turmeric at home.