നിര്‍മ്മിത ബുദ്ധിയും അതിന്റെ ഫലപ്രദമായ ഉത്പാദന പ്രക്രിയയിലെ ഇടപെടലും നിയമസഭയില്‍ വിവരിച്ച് മുഖ്യമന്ത്രി. ഇതുമൂലം ഉണ്ടാകുന്ന തൊഴില്‍ നഷ്ടം പരിഹരിക്കാനും ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്തി
നിര്‍മ്മിത ബുദ്ധിയുടെ വിനിയോഗം ലോകമെമ്പാടും വലിയ തോതില്‍ വ്യാപകമായി വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലായി ലോകത്തെ മാറ്റിമറിച്ച ശാസ്ത്ര കണ്ടെത്തലുകളാണുണ്ടായത്. ഇലക്ട്രിക് ബള്‍ബിന്റെ വരവ്, ആധുനിക യന്ത്രങ്ങളുടെ കടന്നുവരവ,് കമ്പ്യൂട്ടറുകള്‍ സാര്‍വ്വത്രികമായത് എന്നിവയൊക്കെ ഉല്‍പ്പാദന ക്ഷമതയെ ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനോടൊപ്പം ആധുനിക കണ്ടുപിടുത്തങ്ങള്‍ പ്രയോഗത്തില്‍ വരുന്നതിനു മുമ്പ് ആര്‍ജ്ജിച്ച നൈപുണിയുമായി നിലനിന്ന തൊഴില്‍ ശക്തിക്ക് തൊഴില്‍ നഷ്ടമെന്ന വലിയ ആശങ്കയും ഉണ്ടായി.
ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടാണ് നിര്‍മ്മിത ബുദ്ധി പോലുള്ള ഒരു നൂതന സാങ്കേതിക വിദ്യയുടെ കടന്നുവരവിനെ സംസ്ഥാന സര്‍ക്കാര്‍ പ്രായോഗികമായി സമീപിക്കുന്നത്. നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളെയും അത് ഉയര്‍ത്തുന്ന വെല്ലുവിളികളെയും മനസ്സിലാക്കികൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നത്. ഈ മേഖലയില്‍ ഗൗരവമായ ഗവേഷണങ്ങള്‍ നമ്മുടെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, ഐസിഫോസ് എന്നീ സ്ഥാപനങ്ങള്‍ നടത്തിവരികയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍, സര്‍വ്വകലാശാലകളില്‍ പരിശീലന പദ്ധതികള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍ഗ്രീഡിയന്‍സ് ഡാറ്റാ സയന്‍സ് (Artificial Ingredients Data Science) തുടങ്ങിയ നൂതന കോഴ്‌സുകള്‍ സര്‍വ്വകലാശാലയില്‍ ആരംഭിക്കുന്ന കാര്യം ഗൗരവമായ പരിഗണനയിലാണ്. മേല്‍ സൂചിപ്പിച്ചതുപോലെ നിലവിലെ വിവര സാങ്കേതിക വിദ്യ സേവന മേഖലയില്‍ തൊഴില്‍ നഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടുകൊണ്ട് പുതിയ തലമുറ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, ഐസിഫോസ് എന്നീ സ്ഥാപനങ്ങള്‍ ഈ ലക്ഷ്യത്തോടെ പുതുതലമുറ കോഴ്‌സുകള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയാണ്.
നിര്‍മ്മിത ബുദ്ധി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കുവേണ്ടി പ്രധാനപ്പെട്ട പദ്ധതികള്‍ ഇക്കഴിഞ്ഞ ബഡ്ജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഒരു ഡീപ് ടെക് എക്കോസിസ്റ്റം രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേര്‍ണിംഗ്, അനിമേഷന്‍, വിഷ്വല്‍ എഫക്ട്, ഗെയ്മിംഗ്, കോമിക്‌സ് എന്നീ മേഖലകളില്‍ കടന്നുവരുന്ന ഡീപ് ടെക് സംരംഭകര്‍ക്ക് വേണ്ടി ഒരു ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റ് ക്ലസ്റ്റര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
ഇതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് 10 കോടി രൂപ സര്‍ക്കാര്‍ അധികമായി അനുവദിച്ചിട്ടുണ്ട്. സമസ്ത മേഖലകളിലും നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഏജന്റിക് നിര്‍മ്മിത ബുദ്ധി. ദേശീയ തലത്തില്‍ ഒരു ഏജന്റിക് ഹാക്കത്തോണ്‍ സംഘടിപ്പിക്കാനും തിരഞ്ഞെടുക്കുന്ന മികച്ച 5 ഏജന്റുകള്‍ നിര്‍മ്മിക്കാന്‍ 20 ലക്ഷം രൂപ വീതം നല്‍കുന്നതിനുമായി സ്റ്റാര്‍ട്ടപ്പ് മിഷന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കൃഷി/ഭക്ഷ്യ സംസ്‌കരണം, സ്‌പേസ്/പ്രതിരോധ മേഖലകള്‍, ആരോഗ്യമേഖല, ലൈഫ് സയന്‍സ്, ഡിജിറ്റല്‍ മീഡിയ/ പുത്തന്‍ വിനോദോപാധികള്‍, പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നീ രംഗങ്ങളില്‍ നവീന സാങ്കേതിക വിദ്യകളുടെ (നിര്‍മ്മിതബുദ്ധി ഉള്‍പ്പെടെ) സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എമേര്‍ജിംഗ് ടെക്‌നോളജി ഹബ്ബിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ മൂന്ന് ഏക്കര്‍ സ്ഥലത്തായിരിക്കും ഹബ്ബ് പ്രവര്‍ത്തിക്കുക. ഏകദേശം 350 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനം ഒരു കരട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നയം രൂപീകരിച്ചുവരികയാണ്. നിര്‍മ്മിത ബുദ്ധി അധിഷ്ഠിത സോഫ്‌റ്റ്വെയര്‍ നിര്‍മ്മാണം, വിവരസഞ്ചയ നിര്‍മ്മാണം, ഇന്നൊവേഷന്‍ സെന്ററുകള്‍, നൈപുണ്യ വികസനം, നിര്‍മ്മിത ബുദ്ധി മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പിന്തുണ എന്നിവ ഈ നയത്തിന്റെ ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നു. സേവനങ്ങളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍മ്മിത ബുദ്ധി മാതൃകകള്‍ നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന തൊഴില്‍ നഷ്ടം പുതിയ മേഖലകളില്‍ പുനര്‍വിന്യസിക്കാനും ശ്രമങ്ങള്‍ നടത്തും.
- സംസ്ഥാനത്ത് സ്വീകരിച്ചുവരുന്ന ചില പ്രധാനപ്പെട്ട നടപടികള്‍
നിര്‍മ്മിത ബുദ്ധിയുടെ വര്‍ദ്ധിച്ച ഉപയോഗം മൂലം പുതിയ തൊഴിലവസരങ്ങള്‍ കൂടുന്നതിനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടും ഡിജിറ്റല്‍ ഡിവൈഡ് കുറയ്ക്കുന്നതിനുമായി വിവിധ പോസ്റ്റ് ഗ്രാഡ്വേറ്റ് പ്രോഗ്രാമുകള്‍ക്ക് പുറമെ കമ്മ്യൂണിറ്റി എഡ്യൂക്കേഷന്‍ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു.
യൂണിവേഴ്‌സിറ്റിയിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അദ്ധ്യാപകര്‍ക്കായി ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വര്‍ക്ക്‌ഷോപ്പ് നടത്തിവരുന്നു.
നിര്‍മ്മിത ബുദ്ധി മേഖലയിലെ ഗവേഷണങ്ങളുടെ ഫലപ്രദമായി ഉരുത്തിരിഞ്ഞുവരുന്ന പ്രോട്ടോടൈപ്പുകള്‍ വാണിജ്യ അടിസ്ഥാനത്തില്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു.
യൂറോപ്യന്‍ നിര്‍മ്മിത ബുദ്ധിയുടെ ചുവടുപിടിച്ച് ഉത്തരവാദിത്ത നിര്‍മ്മിത ബുദ്ധി നയ രൂപീകരണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ആരംഭിച്ചിട്ടുണ്ട്.
കാലിഫോര്‍ണിയ ആസ്ഥാനമായ NVIDIA കമ്പനിയുടെ സഹായത്തോടെ SLM (Small Language Models) ഗവേഷണങ്ങള്‍ നടത്തിവരുന്നു.
നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയിലെ വികാസത്തിലൂടെ നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുന്ന നാനാതരം മാറ്റങ്ങളെയും വെല്ലുവിളികളെയും സമഗ്രമായി അപഗ്രഥിച്ചുകൊണ്ടുള്ള സമീപനമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.
content high lights; Artificial intelligence models will be implemented to increase productivity: CM says there are ways to solve job losses