1994 നവംബര്‍ 25 എന്ന ദിവസവും, 2025 മാര്‍ച്ച് 25 എന്ന ദിവസവും കേരളത്തിലെ ഇഠതുപക്ഷ പ്രവര്‍ത്തകര്‍ മറക്കരുത്. കാരണം, രണ്ടു ദിവസങ്ങളും വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഈ ദിവസങ്ങള്‍ക്ക് മനുഷ്യന്റെ ജീവന്റെ വിലയുണ്ട്. ചോരയുടെ മണമുണ്ട്. നിയമസഭ പാസാക്കിയ നിയമത്തില്‍ ചോര പുരണ്ടിരിക്കുന്നു സഖാക്കളേ എന്ന് വിളിച്ചു പറയേണ്ട സമയമാണെന്ന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ തന്നെ പറയുന്നുണ്ട്. എന്തിനായിരുന്നു കൂട്ടുപറമ്പില്‍ അവര്‍ വെടിയേറ്റു മരിച്ചു വീണത്. എല്ലാം കാലത്തിന്റെ ആവശ്യമായിരുന്നു എന്ന ന്യായം മാത്രമാണ് പാര്‍ട്ടി മുന്നോട്ടു വെക്കുന്നത്. അന്ന് എതിര്‍ത്തു. ഇന്ന് അനുവദിക്കുന്നു. അന്ന് മരിച്ചു, ഇന്ന് ജീവിച്ചിരിക്കുന്നവര്‍ നിയമം കൊണ്ടു വരുന്നു.
കേരള സംസ്ഥാന സ്വകാര്യ സര്‍വ്വകലാശാലകള്‍(സ്ഥാപനവും നിയന്ത്രണവും)ബില്‍ നിയമസഭ പാസാക്കി. ശബ്ദ വോട്ടോടെയാണ് ബില്‍ നിയമമാക്കിയത്. ബില്ലിന്റെ മൂന്നാം വായനയില്‍ പ്രതിപക്ഷത്തു നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, രമേശ് ചെന്നിത്തലയും, കുഞ്ഞാലിക്കുട്ടിയും, മോന്‍സ് ജോസഫും നിര്‍ദ്ദേശങ്ങളായും അഭിപ്രായങ്ങളായും ബില്ലിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചതല്ലാതെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. എന്നാല്‍, കെ.കെ. രമ ബില്ലിനെ പൂര്‍ണ്ണമായും എതിര്‍ക്കുന്നുവെന്നും, നടപ്പാക്കരുതെന്നും, വിദ്യാഭ്യാസ കച്ചവടമാണ് നടത്തുന്നതെന്നും പറഞ്ഞു.
ഇതോടെയാണ് സ്പീക്കര്‍ ബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ട് വോട്ട് ഇടുന്നതിന് ശബ്ദവോട്ട് മതിയെന്ന് ആരാഞ്ഞത്. ‘പോള്‍’ വേണ്ടെന്നും, ശബ്ദ വോട്ടു മതിയെന്നുംമ തീരുമാനിക്കാന്‍ പ്രതിപക്ഷ നേതാവിനോട് ചോദിക്കുകയും ചെയ്തു. സര്‍വ്വകലാശാലകള്‍ വരുന്നതില്‍ എതിര്‍പ്പില്ലെന്ന പഴയ നിലപാട് പ്രതിപക്ഷത്തിനുണ്ട് എന്നത്, സര്‍ക്കാരിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനും അറിയാം. അതുകൊണ്ടാണ് ശബ്ദ വോട്ട് മതിയെന്നു തീരുമാനിച്ചതുപോലും. കാരണം, ബില്ലിനെതിരേ ഉച്ചത്തില്‍ ‘വേണ്ട’ എന്ന് പറയുന്നവര്‍ ആരൊക്കെയാണെന്ന് സഭയ്ക്ക് അറിയാനും കഴിയും. അതല്ല, ‘പോള്‍’ ചെയ്യുമ്പോള്‍ ആര്‍ക്കും മാറിയും തിരിഞ്ഞും വോട്ടു ചെയ്യാനുമാകും. ബില്ലിനെ ശക്തമായി എതിര്‍ത്ത കെ.കെ. രമയുടെ ‘വേണ്ട’ എന്ന ശബ്ദ വോട്ട് നിയമസഭയില്‍ മുങ്ങിപ്പോയി.
എങ്കിലും ഇടതുപക്ഷത്തിന്റെ സ്വകാര്യ സര്‍വ്വകലാശാലയോടുള്ള രണ്ടു സമീപനത്തില്‍ ആദ്യ സമീപനത്തിനൊപ്പം നിന്നാണ് കെ.കെ. രമ എതിര്‍പ്പ് അറിയിച്ചത്. മാറിയ കാലഘട്ടത്തിനൊപ്പം മാറിയ ഇടതുപക്ഷം സ്വകാര്യ സര്‍വ്വകലാശാലയ്ക്കു വേണ്ടി ഇന്നലെയും ഇന്നും നിയമസഭയില്‍ ഘോരഘോരമാണ് വാദിച്ചത്. പ്രൊഫസര്‍ കൂടിയായ കെ.ടിയ ജലീല്‍ സ്വകാര്യ സര്‍വ്വകലാശാലയുടെ ഡീന്‍ ആണോ എന്നുപോലും തോന്നിപ്പോകുന്ന രീതിയിലായിരുന്നു ചര്‍ച്ച ചെയ്തത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെ താത്വികമായ അവലോകനം നിയമസഭ കേട്ടിരുന്നു. ബില്ലിന്റെ മൂന്നാം വായനയില്‍പ്പോലും പ്രതിപക്ഷത്തിന്റെ പഴയ ജിമ്മും ഇപ്പോഴത്തെ ഇടതുപക്ഷത്തിന്റെ സ്വകാര്യ സര്‍വ്വകലാശാലാ ബില്ലും തമ്മിലുള്ള വ്യത്യാസമായിരുന്നു മന്ത്രിയുടെ ചിന്ത.
അന്ന് യു.ഡി.എഫ് കൊണ്ടുവന്ന സ്വകാര്യ സര്‍വ്വകലാശാലാ ബില്ല് കട്ടവടമായിരുന്നുവെന്നും, ഇന്നത്തേത് വിദ്യാഭ്യാസത്തിന്റെ മാൈറ്റത്തിനു വേണ്ടിയുള്ളതാണെന്നുമായിരുന്നു മന്ത്രിയുടെ വാദം. ഇതിനിടെ സ്പീക്കര്‍ ഇടപെട്ട് ആ ചര്‍ച്ച അവസാനിപ്പിക്കുകയും ചെയ്തു. ശേഷം കേരള സംസ്ഥാന സര്‍വ്വകലാശാലകള്‍ (സ്ഥാപനവും നിയന്ത്രണവും) ബില്‍ നിയമസഭ പാസാക്കി. സ്വകാര്യ സര്‍വ്വകലാശാലകള്‍ കൊണ്ടു വരുമ്പോള്‍ നിലവിലുള്ള സര്‍വ്വകലാശാലകള്‍ നിലനില്‍ക്കുമോ എന്ന് പ്രത്യേകം പഠിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കാലങ്ങളായി കേരളത്തില്‍ നിലനില്‍ക്കുന്ന കോര്‍പ്പറേറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സാധ്യത നല്‍കണം. കാരണം, മറ്റു വിദേശ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്തു ചെയ്യുമെന്ന് മനസ്സിലാക്കാന്‍ വര്‍ഷങ്ങളെടുക്കും. ഇതൊഴിവാക്കാന്‍ കഴിയണം. പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശമായി ഇത് കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ ഇന്ന് പാസാക്കിയ ബില്ലുകൊണ്ട് കേരളത്തിനും, കേരളത്തിലെ പുതിയ തലമുറയ്ക്കും ഗുണമുണ്ടായാല്‍ അത് തെറ്റെന്നു പറയാനൊക്കില്ല. പക്ഷെ, ഇടതുപക്ഷത്തിന്റെ കാലഹരണപ്പെട്ട ചിന്തകള്‍ക്ക് അറുതി വരണം. മുപ്പതു വര്‍ഷം മുമ്പുള്ള കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകളും, ഇംഗ്ലീഷ്-കമ്പ്യൂട്ടര്‍ വിദ്യാഭ്യാസങ്ങളും സര്‍വ്വസാധാരണമാകേണ്ടതായിരുന്നു. അന്ന്, ഇടതുപക്ഷവും അഴരുടെ പോഷക സംഘടനകളും കേരളം കത്തിക്കുകയായിരുന്നു. രക്തസാക്ഷികളെ സൃഷ്ടിക്കുകയായിരുന്നു. കണ്ണൂരും, കൂത്തുപറമ്പിലും, സെക്രട്ടേറിയറ്റ് നടയിലുകൊക്കെ ചോരക്കളങ്ങള്‍ തീര്‍ത്താണ് ഇടതുപക്ഷം മുന്നേറിയത്. ചെങ്കൊടിയെന്നാല്‍, ചോരകൊണ്ടാണ് ചുവപ്പിച്ചതെന്ന് പഠിപ്പിച്ച ഒരു തലമുറയെ കുരുതി കൊടുത്താണ് വിദ്യാഭ്യാസക്കച്ചവടം എന്നതിനെ തടഞ്ഞത്.
അന്ന്, മരിച്ചവരെല്ലാം പാര്‍ട്ടിയുടെ രക്തസാക്ഷികളാണ് ഇന്ന്. പക്ഷെ, അന്ന് പാര്‍ട്ടി എതിര്‍ത്തിരുന്ന പദ്ധതികളെല്ലാം ഇന്ന് പാര്‍ട്ടിയുടെ നയങ്ങളായി മാറിയിരിക്കുന്നു. അന്ന് എതിര്‍ത്ത കാര്യങ്ങള്‍ ഇന്ന് പാര്‍ട്ടിക്ക് സ്വന്തമാകുമ്പോള്‍, അന്നത്തെ രക്തസാക്ഷികള്‍ക്ക് പുതു ജീവന്‍ കിട്ടുന്നില്ല എന്നോര്‍ക്കണം. അപ്പോള്‍ ഒരു പ്രസ്ഥാനത്തിന്റെ ആശയത്തിനും പരിപാടികള്‍ക്കും വേണ്ടി രക്തസാക്ഷി ആകാന്‍ പോയാല്‍ പില്‍ക്കാലത്ത് രക്തസാക്ഷിയുടെ രക്തസാക്,ിത്വത്തിന് ഒരു വിലയുമുണ്ടാകില്ല എന്നര്‍ത്ഥം. അതു തന്നെയാണ് ഇന്ന് നിയമസഭ പാസാക്കിയ വിദേശ സര്‍വ്വകലാശാല ബില്ലുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും കാണിക്കുന്നത്. 2016 വരെ വിദ്യാഭ്യാസത്തെ സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ മുഖ്യധാര ഇടത് പ്രസ്ഥാനങ്ങള്‍ കടുത്ത നിലപാട് തന്നെയാണ് കൈക്കൊണ്ടിരുന്നത്. 2009ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന എം.എ ബേബി സ്വാശ്രയ കോളജുകള്‍ക്ക് അനുകൂലമായി ചില പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ അന്നത്തെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന ബിജു ഇതിനെതിരെ പരസ്യമായി തന്നെ രംഗത്തെത്തി.
- ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രധാന പ്രക്ഷോഭങ്ങള്‍
എസ്.എഫ്.ഐ മുമ്പും സ്വയംഭരണാധികാരമുള്ള കോളജുകള്‍ക്കെതിരെ പൊരുതിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട കോളജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കാനുള്ള മാല്‍കോം എസ് ആദിശേഷയ്യ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ 1985ല്‍ ഇവര്‍ കടുത്ത പ്രക്ഷോഭമാണ് അഴിച്ച് വിട്ടത്. സി.പിഎം ആദ്യഘട്ടത്തിലൊക്കെ ശക്തമായി സ്വകാര്യവത്ക്കരണത്തെ പല മേഖലകളിലും ചെറുക്കുമെങ്കിലും പിന്നീടതിലേക്ക് പോകുന്ന കാഴ്ചയാണ് കേരളം കണ്ടത്. 1986-87കാലത്ത് പ്രീഡിഗ്രി കോളജുകളില്‍ നിന്ന് വേര്‍പെടുത്തുന്നതിനെതിരെ എസ്.എഫ്.ഐ ശക്തമായ സമരങ്ങളാണ് നടത്തിയത്. എ.ഐ.എസ്.എഫ്, കെ.എസ്.യു, എം.എസ്.എഫ് എന്നിവരുടെ സംയുക്ത ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതോടെ പ്രക്ഷോഭം കരുത്താര്‍ജ്ജിച്ചു.
ഇടതുമുന്നണി സമാജികരും ഇതിന്റെ ഭാഗമായി. എന്നാല്‍ പിന്നീട് 1991ല്‍ ഇ.കെ നായര്‍ സര്‍ക്കാര്‍ പ്രീഡിഗ്രി വേര്‍പെടുത്താനുള്ള നിര്‍ദേശം കൊണ്ടുവന്നതോടെ എസ്.എഫ്.ഐ ഇത് അംഗീകരിക്കാന്‍ നിര്‍ബന്ധിതമായി. ഇത് തന്നെയാണ് 1994-96കാലത്തെ സ്വാശ്രയ കോളജ് സമരത്തിലും സംഭവിച്ചത്. എന്‍ജിനീയറിങ്-മെഡിക്കല്‍ വിദ്യാഭ്യാസ മേഖലകളില്‍ സ്വാശ്രയ കോളജുകള്‍ക്ക് അനുമതി നല്‍കാനുള്ള എ.കെ ആന്റണി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് വന്‍ പ്രക്ഷോഭമാണ് എസ്.എഫ്.ഐയുെടയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തില്‍ അരങ്ങേറിയത്.
ഇതാണ് കുപ്രസിദ്ധമായ കൂത്തുപറമ്പ് വെടിവയ്പില്‍ കലാശിച്ചത്. ഇതില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായി. പുഷ്പന്‍ എന്നൊരു ജീവിക്കുന്ന രക്തസാക്ഷിയും സൃഷ്ടിക്കപ്പെട്ടു. ഇദ്ദേഹവും അടുത്തിടെ മരണത്തിന് കീഴടങ്ങിയതോടെ കൂത്തുപറമ്പ് രക്തസാക്ഷികളുടെ എണ്ണം ആറായി. പിന്നീട് അധികാരത്തില്‍ വന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഈ നയവുമായി മുന്നോട്ട് പോകുകയും എസ്.എഫ്.ഐയുെട ദുര്‍ബല പ്രതിഷേധങ്ങള്‍ക്കിടെ പുതിയ കോളജുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.
- കൂത്തുപറമ്പില്‍ നടന്ന പ്രക്ഷോഭം അവസാനിച്ചത് വെടിവയ്പില്‍
പരിയാരത്തെ ക്ഷയരോഗ ആതുരാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലം സ്വാശ്രയ മെഡിക്കല്‍ കോളജിന് വിട്ട് നല്‍കാന്‍ നീക്കം നടത്തിയെന്നാരോപിച്ച് അന്നത്തെ സിപിഎമ്മിന്റെ പ്രഖ്യാപിത വര്‍ഗശത്രു എം വി രാഘവനും കൂട്ടര്‍ക്കുമെതിരെ സിപിഎമ്മും ഡിവൈഎഫ്ഐയും കടുത്ത പ്രക്ഷോഭം നടത്തി. സിപിഎമ്മും ബഹുജനപ്രസ്ഥാനങ്ങളും അക്കാലത്ത് കേരളത്തിലങ്ങോളമിങ്ങോളം കടുത്ത പ്രക്ഷോഭങ്ങള്‍ നടത്തുന്ന കാലമായിരുന്നു. കോളജിന്റെ ഉദ്ഘാടന വേളയില്‍ സിപിഎം പുറത്ത് പ്രതിഷേധിച്ചു. ഇതുമൂലം ഉദ്ഘാടകനായ കേന്ദ്രമന്ത്രിക്ക് കോളജിലേക്ക് ഹെലികോപ്ടറിലെത്തേണ്ടി വന്നു.
സമരം നാല്‍പ്പത് ദിവസം പിന്നിട്ടിട്ടും കോണ്‍ഗ്രസ് സര്‍ക്കാരോ എം വി രാഘവനോ കീഴടങ്ങിയില്ല. പിന്നാലെയാണ് കൂത്തുപറമ്പ് വെടിവയ്പ് അരങ്ങേറിയത്. ഇതില്‍ ഒരു വിദ്യാര്‍ഥിയടക്കം അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു. പുഷ്പന്‍ ജീവിക്കുന്ന രക്തസാക്ഷിയുമായി. സ്വാശ്രയ കോളജുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തിയ സിപിഎമ്മുകാര്‍ സ്വാശ്രയ മെഡിക്കല്‍ കോളജിന്റെ ഭരണസമിതിയിലേക്ക് എത്തിയെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. പഴയ നിയമത്തില്‍ യാതൊരു മാറ്റവും വരുത്താതെ സ്വാശ്രയ ഫീസും തുടര്‍ന്നു. 2019ല്‍ മാത്രമാണ് പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതുവരെ അത് സ്വാശ്രയ കോളജായി തുടര്‍ന്നു.
ആഗോള വിദ്യാഭ്യാസ സംഗമത്തിന് കോവളത്തെത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലര്‍ ടി.പി ശ്രീനിവാസനെ എസ്.എഫ്.ഐക്കാര്‍ തല്ലിച്ചതച്ചു. വേദിയിലേക്ക് നടന്ന് വരികയായിരുന്ന ടി.പി ശ്രീനിവാസനെ വിദ്യാഭ്യാസത്തെ കച്ചവടവത്ക്കരിക്കാനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആരോപിച്ച് എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് അദ്ദേഹം നിലത്തുവീണു. പൊലീസെത്തിയാണ് അദ്ദേഹത്തെ സ്ഥലത്ത് നിന്ന് നീക്കിയത്.
- ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ക്ക് സ്വയം ഭരണപദവി നല്‍കുന്നതിനെതിരെ 2014ല്‍ എസ്.എഫ്.ഐ നടത്തിയ സമരം
കോളജുകള്‍ക്ക് സ്വയംഭരണപദവി നല്‍കുന്നതിനെതിരെ എല്ലാ ഇടത് അനുഭാവ സംഘടനകളും രംഗത്ത് എത്തി. ഇത് കോളജ് മാനേജ്‌മെന്റുകള്‍ക്ക് തോന്നുംപടി പരീക്ഷകള്‍ നടത്താനും പരിശീലനം നല്‍കാനും വഴി വയ്ക്കുമെന്നായിരുന്നു ഇവര്‍ ചൂണ്ടിക്കാട്ടിയത്. ഇത് വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ ബാധിക്കുമെന്നും സമരക്കാര്‍ ആരോപിച്ചു. സ്വയംഭരണപദവിയുള്ള കോളജുകള്‍ ചുമത്തുന്ന ഫീസുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാകില്ലെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി. ഈ സമരത്തിന്റെ ഭാഗമായി എസ്എഫ്ഐക്കാരും പൊലീസും തമ്മില്‍ തിരുവനന്തപുരത്ത് 2014 ജനുവരിയില്‍ ഏറ്റുമുട്ടി. അഞ്ച് വിദ്യാര്‍ഥികള്‍ക്കും ചില വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു.
- മഹാരാജാസ് കോളജിന്റെ സ്വയംഭരണാധികാരം പിന്‍വലിക്കാനായി ഇടത് സംഘടനകള്‍ നടത്തിയത് 53 ദിവസത്തെ പ്രക്ഷോഭം
മഹാരാജാസ് കോളജിന്റെ സ്വയംഭരണാധികാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടതു സംഘടനകള്‍ 53 ദിവസം നീണ്ട പ്രക്ഷോഭം നടത്തി. എന്നാല്‍ സ്വയംഭരണാധികാരം പിന്‍വലിക്കാതെ തന്നെ സമരം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് മഹാരാജാസ് സ്വയംഭരണ കോളജായി മാറി. സ്വയംഭരണം അറബിക്കടലില്‍ എന്ന മുദ്രാവാക്യവുമായി ആയിരുന്നു എസ്എഫ്‌ഐക്കാര്‍ മഹാരാജാസ് സമരം നടത്തിയത്.
- രജനി എസ് ആനന്ദിന്റെ ആത്മഹത്യ
രജനി എസ് ആനന്ദ് എന്ന വിദ്യാര്‍ഥി വിദ്യാഭ്യാസ വാണിജ്യവത്ക്കരണത്തെ തന്റെ ജീവന്‍ കൊണ്ട് ചോദ്യം ചെയ്ത ആത്മഹത്യയെ തുടര്‍ന്ന് സംസ്ഥാനത്ത് വന്‍തോതിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറി. 2004ല്‍ യുഡിഎഫ് ഭരണകാലത്താണ് അടൂര്‍ ഐഎച്ച്ആര്‍ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന രജനി തിരുവനന്തപുരത്തെ ഹൗസിങ് ബോര്‍ഡ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചത്. വിദ്യാഭ്യാസ വായ്പ നിരാകരിക്കപ്പെട്ടതിന്റെ മനോവിഷമത്തിലായിരുന്നു കുട്ടിയുടെ ആത്മഹത്യ. രജനിയുടെ മരണം കേരളത്തെ ഞെട്ടിച്ചു. ഇടത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പിന്നീട് വന്ന ഇടതു സര്‍ക്കാര്‍ പാവപ്പെട്ട കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കാനായി സ്വാശ്രയ നിയമം കൊണ്ടുവന്നു. എന്നാല്‍ വേണ്ടത്ര പഠനം നടത്താതെ തയാറാക്കിയ നിയമം കോടതി അസാധുവാക്കി. തുടര്‍ന്ന് സ്വാശ്രയ കോളജുകളിലെ പ്രവേശനം മാനേജ്‌മെന്റുകള്‍ക്ക് തോന്നുംപടിയായി. സ്വാശ്രയ മാനേജ്‌മെന്റുകളുമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി കരാറിലേര്‍പ്പെട്ട് ചൂഷണത്തിന് അംഗീകാരവും നല്‍കി.
സര്‍വകലാശാലകളുടെ സ്വകാര്യവത്കരണത്തെ അന്നത്തെ എസ്എഫ്ഐ ശക്തമായി എതിര്‍ത്തിരുന്നുവെങ്കില്‍. ഇന്ന് നിലപാട് മാറ്റി. അടങ്ങി ഒതുങ്ങി. സര്‍ക്കാര്‍ സര്‍വ്വകലാശാലകള്‍ ഇല്ലെങ്കിലും സ്വകാര്യ സര്‍വ്വകലാശാലകള്‍ വിദ്യാഭ്യാസ മേഖലയില്‍ വേണമെന്നതാണ് ലൈന്‍.
CONTENT HIGH LIGHTS;’That law is stained with blood’, comrades? : We need to remember, comrades, that was also a November 25, and today is a March 25; Will the Left enjoy the song “Do you know Pushpan” even when granting permission to private universities?; Was it only K.K. Rama who voted against the bill?