നാവോത്ഥാന നായകരും നവോത്ഥാനവുമൊക്കെ കിളച്ചു മറിച്ചിട്ട കേരളം. സാമൂഹ്യ നവോത്ഥാനത്തിന്റെ കാര്യത്തില്‍ നമ്പര്‍ വണ്‍. ഇവിടെ നാനാ ജാതി-മതസ്ഥര്‍ സോദരത്വേന വാഴുന്ന ഇടം. രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും മികച്ചത്. എന്നൊക്കെ കോളാമ്പി കെട്ടി വിളിച്ചു പറയുന്ന രാഷ്ട്രീയക്കാരും, സാമൂഹ്യ പ്രവര്‍ത്തകരും സാംസ്‌ക്കാരിക നായകന്‍മാരും കേള്‍ക്കണം. ചീഫ്‌സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞ വാക്കുകള്‍. കറുപ്പായതു കൊണ്ട് അംഗീകരിക്കാത്ത ഏഭ്യന്‍മാര്‍ ഇപ്പോവുമുണ്ടെന്നാണ്. നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടുവെന്ന്.
കേരളത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് അനുഭവിക്കേണ്ടി വന്ന വര്‍ണ്ണ വിവേചനം എത്ര നാണംകെട്ട അവസ്ഥയിലേക്കാണ് എത്തിച്ചതെന്ന് ഓരോ മലയാാളികളും അറിയണം. ചീഫ് സെക്രട്ടറിയുടെ അവസ്ഥ ഇതാണെങ്കില്‍ കേരളത്തിലെ സാധാരണക്കാരായ ദളിത് കുട്ടികളുടെയും, നിറം കറുത്തുപോയവരുടെയും അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാനാവുമോ. അതാണ് ഈ കാലഘട്ടത്തിലും കേരളത്തില്‍ നടക്കുന്നത്. ജാതി ചോദിക്കരുത്, പറയരുത് എന്നു പറഞ്ഞ നവോത്ഥാന നായകരുടെ ജാതിയും നിറവും വരെ ചോദിച്ച് സംതൃപ്തി അടയുന്നവരാണ് ഇന്നുള്ളവര്‍. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഇത് തുറന്നു പറയുമ്പോള്‍ പ്രതികൂട്ടില്‍ നില്‍ക്കുന്നത് ആര്? എന്നൊരു ചോദ്യം പ്രസക്തമാവുകയാണ്.
എന്നാല്‍, ആരാണ് തന്നെ അപമാനിച്ചതെന്ന് പറയാന്‍ ചീഫ് സെക്രട്ടറി തയ്യാറല്ല. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യം തുറന്നു പറഞ്ഞത്. കേരളത്തിലെ മാടമ്പി മാനോഭാവം ഇന്നും അങ്ങനെ തന്നെ നിലനില്‍ക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍. ഭര്‍ത്താവ് കൂടിയായ മുന്‍ ചീഫ് സെക്രട്ടറി വേണുവാണ് വിഷയം പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കാനുള്ള ധൈര്യം തന്നതെന്നും ചീഫ് സെക്രട്ടറി വിശദീകരിക്കുമ്പോള്‍, അഴര്‍ അനുഭവിച്ച മനോവേദന എത്രയെന്ന് ആലോചിക്കേണ്ടതുണ്ട്. സമൂഹം ഈ വിഷയം ചര്‍ച്ചയാക്കിയിട്ടും പറഞ്ഞയാള്‍ ഇതുവരെ വിളിക്കുകയോ മാപ്പു പറയുകയോ ചെയ്തില്ലെന്നും ശാരദാ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. നിറം കറുപ്പായത് വളരെ മോശമായ എന്തോ കാര്യമാണെന്ന രീതിയിലാണ് പരാമര്‍ശങ്ങളെന്നും, അതില്‍ പലതും വേദനിപ്പിക്കുന്നതാണെന്നും ശാരദാ മുരളീധരന്‍ പങ്കുവച്ച ഫെയ്സ് ബുക്ക് പോസ്റ്റിലും പറയുന്നു.
തന്റെയും മുന്‍ഗാമിയുടെയും നിറം താരതമ്യം ചെയ്തു. തന്റെ സുഹൃത്താണ് ഭര്‍ത്താവായ( വി. വേണു) മുന്‍ഗാമിയുമായി തന്നെ താരതമ്യം ചെയ്തത്. ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തത് മുതല്‍ ഈ താരതമ്യം നേരിടേണ്ടി വരുന്നു.”ചീഫ് സെക്രട്ടറി എന്ന നിലയില്‍ എന്റെ കാലഘട്ടം കറുത്തതും എന്റെ മുന്‍ഗാമിയായ ഭര്‍ത്താവിന്റെ കാലഘട്ടം വെളുത്തതം എന്ന രീതിയില്‍ കൗതുകകരമായൊരു കമന്റ് ഇന്നലെ കണ്ടു” എന്നൊരു കുറിപ്പ് ചൊവ്വാഴ്ച രാവിലെ ശാരദ മുരളീധരന്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതു പിന്നീട് പിന്‍വലിച്ചെങ്കിലും, കൂടുതല്‍ വിശദീകരണം സഹിതം ഇത് വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെയാണ് ചാനലില്‍ തല്‍സമയം എത്തി ചീഫ് സെക്രട്ടറി പ്രതികരിച്ചത്. എന്റെ നിറത്തില്‍ എനിക്ക് സന്തോഷമെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി സംസാരിച്ചു തുടങ്ങിയത്.
പുരോഗമന കേരളം എന്ന ലക്ഷ്യത്തിലേക്ക് പോവുകയാണെന്നും ആ തുടര്‍ക്കഥയിലെ ചാപ്റ്റര്‍ മാത്രമാണിതെന്നും ശാരദ മുരളീധരന്‍ പറഞ്ഞു. ഒരിക്കലും ജോലിയെ വര്‍ണ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുമെന്ന് കരുതിയില്ല. അപ്രതീക്ഷിതമായിരുന്നു പരാമര്‍ശം. പറഞ്ഞ ആള്‍ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. ആരാണ് ഇങ്ങനെ പറഞ്ഞതെന്ന് പറയില്ലെന്നും അറിയാതെ ഇരിക്കട്ടെയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ചര്‍ച്ചയാകുമെങ്കില്‍ ഇക്കാര്യം പ്രതികരിക്കേണ്ടതല്ലേയെന്നും അവര്‍ ചോദിച്ചു. മക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. അമ്മ സ്മാര്‍ട്ടാണെന്ന് മക്കള്‍ എപ്പോഴും പറയും. കുട്ടികളാണ് എപ്പോഴും ധൈര്യം തരുന്നത്.
എന്റെ സൗന്ദര്യസങ്കല്‍പ്പത്തിലും വസ്ത്രധാരണത്തിലും വരെ അവരുടെ സ്വാധീനമുണ്ട്. നിറത്തിന്റെ പ്രശ്നം അനുഭവിച്ചവരെ സംബന്ധിച്ച് ഇത് വലിയ വിഷയമാണ്. കറുപ്പ് ഏഴ് അഴകെന്നത് ആശ്വാസ വാക്കാണ്. പ്രസവിക്കുമ്പോള്‍ കുട്ടി വെളുത്തിരിക്കണമെന്ന് പലരും പറയും. കറുത്തതാകുമ്പോള്‍ ആശ്വാസവാക്കു പറയും. ആദ്യം പോസ്റ്റ് പിന്‍വലിച്ചിരുന്നു. വേണു പിന്തുണ നല്‍കയതോടെയാണ് വീണ്ടും പോസ്റ്റിട്ടത്. ഇത് സമൂഹത്തില്‍ വരേണ്ട മാറ്റമാണ്. പലര്‍ക്കും നിറം കറുപ്പായതിനാല്‍ ജോലി നഷ്ടമായിട്ടുണ്ട്. മനസില്‍ ഒന്നും കൊണ്ടു നടക്കില്ല. അതുകൊണ്ടാണ് മുന്നോട്ടു പോകുന്നതെന്നും ശാരദ മുരളീധരന്‍ തത്സമയം പ്രതികരിക്കവേ വ്യക്തമാക്കി.
ആരാണ് അപമാനിച്ചത് എന്ന് ശാരദാ മുരളീധരന്‍ പറഞ്ഞിരുന്നുവെങ്കില്‍ വിവാദത്തിലെ വസ്തുത പുറത്തുവരുമായിരുന്നു. അതിന് ചീഫ് സെക്രട്ടറി തയ്യാറാകാതിരിക്കുമ്പോള്‍ ചിരിക്കുന്നത് ബോഡി ഷെയിം ചെയ്ത വില്ലനാണ്. ശാരദാ മുരളീധരനെ പോലെ സമൂഹം ഏറെ അംഗീകരിക്കുന്ന വ്യക്തി ആ പരാമര്‍ശക്കാരനേയും തുറന്നു കാട്ടണമെന്ന ആവശ്യം പൊതുസമൂഹത്തില്‍ സജീവമാണ്. പേര് മറച്ചു വയ്ക്കുന്നതു കൊണ്ട് തന്നെ ഒളിമറയില്‍ ഇരുന്ന് ആ വില്ലന്‍ ചിരിക്കുകയാണെന്നതാണ് വസ്തുത.
ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും;
”ഇന്ന് രാവിലെ(ബുധനാഴ്ച) ഞാന്‍ ഇട്ട ഒരു പോസ്റ്റാണിത്, പിന്നീട് പ്രതികരണങ്ങളുടെ ബാഹുല്യം കണ്ട് ഞാന്‍ അസ്വസ്ഥനായി ഡിലീറ്റ് ചെയ്തു. ചര്‍ച്ച ചെയ്യേണ്ട ചില കാര്യങ്ങള്‍ അവിടെയുണ്ടെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതിനാലാണ് ഞാന്‍ ഇത് വീണ്ടും പോസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ഏഴു മാസവും തന്റെ മുന്‍ഗാമിയുമായുള്ള (ഭര്‍ത്താവ് വി. വേണു) താരതമ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു. നിറത്തിന്റെ കാര്യത്തിലാണ് പ്രധാന താരതമ്യം. കൂടെ പരോക്ഷമായി സ്ത്രീവിരുദ്ധതയുമുണ്ടെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
കറുപ്പ് ഒരു നിറമാണ്. പക്ഷേ, നല്ല കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ ഒരിക്കലും അതുപയോഗിക്കാറില്ല. എപ്പോഴും മോശം കാര്യങ്ങളാണ് കറുപ്പ് ഉപയോഗിച്ച് പരാമര്‍ശിക്കപ്പെടുന്നത്. അതിന്റെ ആവശ്യമെന്താണെന്നും അവര്‍ ചോദിക്കുന്നു. സര്‍വവ്യാപിയായ പ്രപഞ്ചസത്യം എന്നാണ് കറുപ്പിനെ അവര്‍ വിശേഷിപ്പിക്കുന്നത്. എന്തിനെയും സ്വാംശീകരിക്കാന്‍ കറുപ്പിനു സാധിക്കും, മനുഷ്യരാശിക്കു പരിചിതമായ ഏറ്റവും ശക്തമായ ഊര്‍ജത്തിന്റെ മിടിപ്പാണത്. ഓഫിസിലെ ഡ്രസ് കോഡിനും വൈകുന്നരത്തെ സവാരിക്കും എന്നിങ്ങനെ എല്ലാവര്‍ക്കും പറ്റുന്ന നിറം, കണ്‍മഷിയുടെ സത്ത, മഴയുടെ വാഗ്ദാനം കൂടിയാണ് കറുപ്പ്. അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് മടങ്ങിപ്പോയി വെളുത്ത് സുന്ദരിയായി തിരിച്ചുവരാന്‍ സാധിക്കുമോ എന്ന് നാലാം വയസില്‍ താന്‍ അമ്മയോടു ചോദിച്ചിട്ടുണ്ടെന്നും ശാരദ അനുസ്മരിക്കുന്നു. നല്ലതല്ലാത്ത നിറമുള്ളവള്‍ എന്ന വിലാസവും പേറിയാണ് അമ്പത് വര്‍ഷമായി ജീവിക്കുന്നത്. കറുപ്പിന്റെ സൗന്ദര്യവും മൂല്യം തിരിച്ചറിയപ്പെടാതെ പോകുന്നു. വെളുത്ത നിറത്തോടാണ് ആകര്‍ഷണം. എന്നാല്‍, കറുപ്പിന്റെ പൈതൃകത്തില്‍ അഭിമാനിക്കുന്നവരാണ് തന്റെ കുട്ടികളെന്നും ശാരദ മുരളീധരന്‍ കൂട്ടിച്ചേര്‍ക്കുന്നു. താന്‍ കാണാത്തിടത്ത് അവര്‍ക്ക് സൗന്ദര്യം കണ്ടെത്താന്‍ സാധിച്ചു. കറുപ്പ് ഗംഭീരമാണെന്നു ചിന്തിക്കുന്നവരാണവര്‍. കറുപ്പിന്റെ സൗന്ദര്യം തിരിച്ചറിയാന്‍ എന്നെ പഠിപ്പിച്ചത് അവരാണെന്നും.
കേരളത്തിന്റെ അടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്ന വര്‍ണ്ണ-ജാതി വെറിയുടെ നേര്‍ പകര്‍പ്പാണിത്. എത്രയൊക്കെ നവോത്ഥാന നായകന്‍മാര്‍ ഇനിയും കേരളത്തിലൂടെ നവോത്ഥാനം പറഞ്ഞു നടന്നാലും വര്‍ണ്ണവും വര്‍ണ്ണത്തിലധിഷ്ഠിതമായി കാണുന്ന ജാതീയതയും വിട്ടു മാറില്ല. വര്‍ണ്ണം കൊണ്ട് വിവേചിക്കുന്നത്, ജാതിയെയാണ്. പറയാതെ പറയുന്ന ഇത്തരം ഉദാഹരണങ്ങള്‍ എല്ലാം അതിനെയാണ് കാണിക്കുന്നതും. ദളിതന്റെ നിറം കറുപ്പാണ്. അത്, അവന്‍ മണ്ണില്‍ പണിയെടുക്കുന്നതു കൊണ്ടും, വെയിലും മഴയും കൊള്ളുന്നതു കൊണ്ടുമാണ്. മറ്റുള്ള ജാതിക്കാരില്‍ താഴ്ന്നവരെല്ലാം കറുത്തിരിക്കും. കാട്ടില്‍ വസിക്കുന്നവര്‍ കാട്ടാളനെപ്പോലെയായാരിക്കും. ഇങ്ങനെയാണ് സങ്കല്പങ്ങള്‍ യാഥാര്‍ഥ്യങ്ങളാകുന്നത്. വെളുത്തവരെല്ലാം ഉന്നതകുലജാതരാണ്. ഉന്നത കുലത്തില്‍ കറുത്തിരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ താഴ്ന്ന ജാതിക്കാരാണെന്നല്ല, താഴ്ന്ന ജാതിക്കാരെപ്പോലെയാണെന്ന ആക്ഷേപമായിരിക്കും കേള്‍ക്കുക. ചീഫ് സെക്രട്ടറിക്കും കേള്‍ക്കേണ്ടി വന്നത്, ഇങ്ങനെയായിരിക്കും എന്നതില്‍ തര്‍ക്കമില്ല. കോളനികളില്‍, ആദിവാസി ഊരുകളില്‍ കിടക്കുന്ന കറുത്ത പട്ടികജാതി-പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ക്കു സമമെന്നു തന്നെയാകും പരാമര്‍ശിച്ചത്.
അത്, ഇന്നും തമ്പ്രാന്‍ അടിയാളര്‍ എന്ന മനോഭാവം കൊണ്ടു നടക്കുന്നവരായതു കൊണ്ടാണ്. അല്ലാതെ നിറത്തെ വേര്‍തിരിച്ച് ആക്ഷേപിക്കുന്നതിന് മറ്റൊന്നുമില്ല. കറുത്ത നിറത്തെ ആക്ഷേപിച്ചതിലൂടെ ആക്ഷേപകന്‍ ഉദ്ദേശിച്ചത്, ചീഫ് സെക്രട്ടറി കുറഞ്ഞ ജാതിയിലുള്ളവരെപ്പോലെ എന്നായിരിക്കും. അങ്ങനെ കുറഞ്ഞ ജാതിയിലുള്ളവരുടെ നിറത്തില്‍ ജനിച്ചാലും ആക്ഷേപത്തിന് സാധ്യതയുണ്ട്. ഈ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും, വിളിച്ചു പറയുകയു ചെയ്യുന്നവരും, ചീഫ്‌സെക്രട്ടറിക്കേറ്റ അധിക്ഷേപത്തെ വിമര്‍ശിക്കുന്നവരും മനസ്സിലും ശരീരത്തിലും ജാതിയും നിറവും കൊണ്ടു നടക്കുന്നവരാണ്. പേരിനു പിന്നില്‍ ജാതിവാലും തൂക്കി നില്‍ക്കുന്നവരുമാണ്. അത്തരം ഉന്നതകുലജാതരാണ് ചീഫ്‌സെക്രട്ടറിക്കേറ്റ വര്‍ണ്ണ വിവേചനത്തെ വെറും നിറ രാഷ്ട്രീയമായി കാണുന്നത്. പക്ഷെ, അതിനുള്ളില്‍ അടങ്ങിയിരിക്കുന്ന ജാതി രാഷ്ട്രീയം കാണാതെ പോകുമ്പോള്‍ ഒന്നറപ്പിക്കാം, ജാതിയില്‍ കുറഞ്ഞവര്‍ കറുത്തിരിക്കും എന്നൊരു നാട്ടാചാരം കേരളത്തില്‍ ഉണ്ടായിരുന്നു. അത് ഇന്നും ഉണ്ടെന്നു തന്നെ പറായം.
CONTENT HIGH LIGHTS; Renaissance Kerala: A land that still walks with caste-religion-color-class distinctions; A century where the color of the Chief Secretary is being asked; Who is so disgusted by color?