Explainers

കേരളത്തിന്റേത് ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ?: അധ്യാപകരും വിദ്യാര്‍ത്ഥികളും നവീകരണത്തിന്റെ പാതയില്‍; വിദ്യാഭ്യാസ വകുപ്പിന്റെ ശഖ്തമായ ഇടപെടലും; കേരള വിദ്യാഭ്യാസം നമ്പര്‍ വണ്‍

ഒരു നാടിന്റെ വികാസം അവിടുത്തെ വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തിയാകും അടയാളപ്പെടുത്തുക. ഇന്ത്യയില്‍ അത്തരമൊരു അടയാളപ്പെടുത്തലിന് മുന്‍പന്തിയില്‍ നില്‍ക്കുന്നത് കേരളം ആയിരിക്കും. വിദ്യാഭ്യാസത്തിന് ഒരു കുറവും സംഭവിക്കാന്‍ പാടില്ലെന്ന കാര്‍ക്കശ്യമാണ് ഇതിനു ലപിന്നില്‍. നാളത്തെ തലമുറയെ വിദ്യകൊണ്ട് പ്രബുദ്ധരാക്കുകയെന്ന കര്‍ത്തവ്യം സര്‍ക്കാര്‍ തലത്തില്‍ ശക്തമായി തന്നെ മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. ഇതിനു തെളിവാണ് ഒമ്പതാം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോള്‍ത്തന്നെ പത്താംക്ലാസ് പാഠപുസ്തകം കുട്ടികളുടെ കൈകളില്‍ എത്തിയത്. ഇതോടൊപ്പം വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നടത്തിയ പ്രഖ്യാപനങ്ങളും വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ കരുത്തേകുന്നുണ്ട്.

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുല്യതയില്‍ ഊന്നിയുള്ള ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറയുന്നത്. അക്കാദമിക പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ഗുണമേന്മ ഉറപ്പുവരുത്തുക,ക്ലാസ് റൂം പഠനത്തിന് അക്കാദമിക കലണ്ടറിന് അനുസൃതമായി നിശ്ചിത സമയം ഉറപ്പുവരുത്തുക,സ്‌കൂള്‍ എസ്.ആര്‍.ജികള്‍ വഴി സമയബന്ധിതമായ അക്കാദമിക പ്രവര്‍ത്തനം പ്ലാന്‍ ചെയ്യുക,ഓരോ ക്ലാസിലും വിഷയത്തിലും പാഠ്യപദ്ധതി നിശ്ചയിച്ച ശേഷികള്‍ കുട്ടികള്‍ നേടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക,കുട്ടികള്‍ക്ക് വേണ്ട പഠനപിന്തുണ പരിപാടി സംഘടിപ്പിക്കുക,ഭിന്നശേഷി കുട്ടികള്‍,എസ്.സി -എസ്.ടി മേഖലകള്‍,പ്രത്യേകത പരിഗണന അര്‍ഹിക്കുന്നവര്‍ എന്നിവര്‍ക്കുള്ള പദ്ധതികള്‍,കൂടുതല്‍ ശ്രദ്ധ വേണ്ട വിഷയങ്ങള്‍ക്കുള്ള പഠനപരിപോഷണ പരിപാടികള്‍ നടപ്പിലാക്കുക,നിരന്തര മൂല്യനിര്‍ണ്ണയ പ്രക്രിയ കാര്യക്ഷമമാക്കുക,കുട്ടികളുടെ സമഗ്ര പഠനപുരോഗതി രേഖ വികസിപ്പിക്കുക,ചോദ്യപേപ്പറുകളുടെ പരിഷ്‌കരണവും വികേന്ദ്രീകരണവും നടപ്പിലാക്കുക എന്നിവ പദ്ധതിയിലുണ്ട്.

  • സബ്ജക്ട് മിനിമം

2024-25അക്കാദമിക വര്‍ഷം എട്ടാം ക്ലാസിലും2025-26അക്കാദമിക വര്‍ഷം8, 9ക്ലാസുകളിലും, 2026-27ല്‍8, 9, 10ക്ലാസുകളിലും പൊതുപരീക്ഷയില്‍ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന് നിരന്തര മൂല്യനിര്‍ണ്ണയത്തില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നതിനും മെറിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എട്ടാം ക്ലാസിലെ വര്‍ഷാന്ത്യ എഴുത്തുപരീക്ഷയില്‍ ഓരോ വിഷയത്തിനും മിനിമം സ്‌കോര്‍ (40സ്‌കോറിന്റെ എഴുത്തുപരീക്ഷയില്‍12സ്‌കോറും20സ്‌കോറിന്റെ എഴുത്തുപരീക്ഷയില്‍6സ്‌കോറും) ലഭിക്കാത്ത കുട്ടികള്‍ക്ക് ആവശ്യമായ പഠനപിന്തുണ നല്‍കും.സബ്ജക്ട് മിനിമം എട്ടാം ക്ലാസ്സില്‍ നടപ്പാക്കുമ്പോള്‍ മിനിമം മാര്‍ക്ക് ആര്‍ജ്ജിക്കാത്ത കുട്ടികളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും അടുത്ത ക്ലാസ്സില്‍ പ്രെമോഷന്‍ നല്‍കുന്നതിനും പിന്തുണാ സംവിധാനം അവധിക്കാലത്ത് നല്‍കേണ്ടതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അധിക പിന്തുണ നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍2025മാര്‍ച്ച്25ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

  • പാഠപുസ്തകം

2025 -26അദ്ധ്യയന വര്‍ഷത്തെ പാഠപുസ്തക അച്ചടി,ഡിസംബര്‍ ആദ്യവാരത്തോടെ തന്നെ ആരംഭിച്ചിരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ്,അണ്‍എയ്ഡഡ്,സി.ബി.എസ്.ഇ,മാഹി,ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സ്‌ക്കൂളുകളിലായി ആകെ മൂന്ന് കോടി എണ്‍പത് ലക്ഷം പാഠപുസ്തകങ്ങള്‍ ഇന്‍ഡന്റ് ചെയ്തിട്ടുണ്ട്. നിലവില്‍ രണ്ട് കോടി പത്ത് ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തീകരിച്ചു. ഒരു കോടി അമ്പത് ലക്ഷം പാഠപുസ്തകങ്ങള്‍ സംസ്ഥാനത്തെ ജില്ലാ ഹബ്ബുകളിലേയ്ക്ക് വിതരണം നടത്തി. എഴുപത്തിയഞ്ച് ലക്ഷം പാഠപുസ്തകങ്ങള്‍ വിതരണത്തിനായി സൊസൈറ്റികളില്‍ എത്തിച്ചു. മേയ് മാസത്തില്‍ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തീകരിക്കും. പുതുക്കിയ പത്താംക്ലാസ്സ് പാഠപുസ്തകങ്ങള്‍ ഒമ്പതാം ക്ലാസ്സിലെ പരീക്ഷകള്‍ കഴിയുന്നതിന് മുന്‍പായി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനാവുന്നു എന്നത് തന്നെ വലിയ നേട്ടമാണെന്നും മന്ത്രി പറയുന്നു.

  • ലഹരി ഉപയോഗം തടയുന്നതിന്

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും തടയാന്‍ ലക്ഷ്യമിട്ടുള്ള വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ക്യാംപെയിന്‍ ഉള്‍പ്പടെ വിവിധ പ്രവര്‍ത്തന പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. കണ്ടെത്തുക,അറിയിക്കുക,പരിഹാര മാര്‍ഗങ്ങള്‍ നിശ്ചയിക്കുക എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തി ഇതിനായി സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (എസ്.ഒ.പി.) തയ്യാറാക്കിയിട്ടുണ്ട്. ലഹരി വസ്തുക്കള്‍ സ്‌കൂള്‍ ക്യാമ്പസില്‍ എത്തുന്നതിനെതിരെ ജാഗ്രത പുലര്‍ത്തുന്നതിന് രക്ഷകര്‍ത്താക്കളെ ബോധവല്‍ക്കരിക്കുന്നതിന് രക്ഷകര്‍ത്തൃ ഗ്രൂപ്പുകള്‍ ചേര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് അവരുടെ അവകാശ സംരക്ഷണത്തിന്റെ കാതലായ പരിരക്ഷ,സുരക്ഷ,പങ്കാളിത്തം എന്നീ ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ട് ഒരു കര്‍മ്മ പദ്ധതി സ്‌കൂള്‍ തലത്തില്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
2024 -25അക്കാദമിക വര്‍ഷത്തില്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളില്‍ അടിസ്ഥാന ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം,മലയാളം,ഉറുദു,അറബി എന്നീ വിഷയങ്ങളില്‍ അപ്പര്‍ പ്രൈമറി,ഹൈസ്‌കൂള്‍ തലങ്ങളില്‍ ലഹരിയ്ക്കും മയക്കുമരുന്നിനും എതിരായിട്ടുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ2025 -26അക്കാദമിക വര്‍ഷം പരിഷ്‌കരിക്കുന്ന വിവിധ വിഷയങ്ങളിലെ പാഠപുസ്തങ്ങളിലും ഈ വിഷയം ഉള്‍പ്പടുത്തും. പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടാം ഘട്ടത്തില്‍ അപ്പര്‍ പ്രൈമറി,ഹൈസ്‌കൂള്‍ വിഭാഗത്തിലെ ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങളിലും ഇത്തരം പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളില്‍ അവഗാഹം ഉണ്ടാക്കേണ്ടതും കുട്ടികള്‍ക്ക് ലഹരികള്‍ ലഭിക്കുന്ന വഴികള്‍ തടയേണ്ടതും ഈ കാലഘട്ടത്തിലെ അടിയന്തിര ആവശ്യമായി മാറിയിട്ടുണ്ട്. മാര്‍ച്ച്30ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും യോഗം ചേരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

  • ക്യു.ഐ.പി. യോഗതീരുമാനം

സമഗ്ര ഗുണമേന്മാ പദ്ധതിയുമായി ബന്ധപ്പട്ട് പുറത്തിറക്കിയ ടൈം ഷെഡ്യൂളിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്ലാനിലുമുള്ള ചര്‍ച്ചകള്‍ക്കുശേഷം ആവശ്യമായ മാറ്റം വരുത്തി പദ്ധതി നടപ്പിലാക്കും. എട്ടാം ക്ലാസ്സില്‍ മിനിമം മാര്‍ക്ക് നടപ്പിലാക്കുമ്പോള്‍ വര്‍ഷാന്ത്യ എഴുത്തു പരീക്ഷയില്‍ മിനിമം മാര്‍ക്ക് ആര്‍ജ്ജിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അധിക പിന്തുണ ക്ലാസ്സ് നല്‍കുന്നതിന് വിരമിച്ച അധ്യാപകരുടേയും ബി.ആര്‍.സി ട്രെയിനര്‍മാരുടേയും സി.ആര്‍.സി കോര്‍ഡിനേറ്റര്‍മാരുടേയും സേവനം ഉപയോഗപ്പെടുത്തും. ഇത്തവണ5ദിവസത്തെ അവധിക്കാല അധ്യാപക പരീശീലനമാണുള്ളത്. മെയ്13മുതല്‍17വരെ ഡി.ആര്‍.ജി. പരീശീലനവും മെയ്19മുതല്‍23വരെ ഒറ്റ സ്പെല്ലായി അധ്യാപക പരിശീലനവും നടത്തും. അധ്യാപക പ്രമോഷനും അന്തര്‍ജില്ലാ സ്ഥലമാറ്റവും ജില്ലയ്ക്ക് അകത്തുള്ള സ്ഥലമാറ്റവും ഉള്‍പ്പെടെ സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് നടത്തും. സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്ക് പാഠപുസ്തകം ഒഴികെയുള്ള പഠനോപകരണങ്ങള്‍ സ്‌കൂളിലെ സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

  • എന്‍.എസ്.എസ്. മാനേജ്‌മെന്റ് കോടതി വിധി

എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ച റിട്ട് അപ്പീല്‍ നം.1602/2022ന്റെയും അനുബന്ധ കേസുകളുടെയും2023മാര്‍ച്ച്13ലെ വിധിന്യായത്തിന്റെ അവസാന ഖണ്ഡികയിലെ നിര്‍ദേശം നമ്പര്‍4പ്രകാരം ഭിന്നശേഷി സംവരണം പൂര്‍ണ്ണമായും പാലിക്കപ്പെടുന്നത് വരെയും2021നവംബര്‍8നു ശേഷമുണ്ടാകുന്ന ഒഴിവുകളില്‍ ദിവസവേതന നിയമനം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഈ സ്ഥിതിയാണ് സംസ്ഥാനത്ത് ഒട്ടാകെ നിലനില്‍ക്കുന്നത്. എന്നാല്‍ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നിയമനങ്ങള്‍ സംബന്ധിച്ച് നായര്‍ സര്‍വ്വീസ് സൊസൈറ്റി മാനേജ്‌മെന്റ് സുപ്രീം കോടതിയില്‍ ടഘജ(ഇ) നമ്പര്‍11373/2024ഫയല്‍ ചെയ്യുകയും ആയതിലുള്ള വിധിന്യായം കോടതി2025മാര്‍ച്ച്4ല്‍ പുറപ്പെടുവിക്കുകയും ചെയ്തു. ഭിന്നശേഷിക്കാരുടെ നിയമനത്തിനായി നീക്കി വെച്ചിരിക്കുന്ന ഒഴിവുകള്‍ ഒഴികെ,മറ്റുള്ള ഒഴിവുകളില്‍ നിയമനം നടത്തുവാനും അത്തരം നിയമനങ്ങള്‍ ക്രമീകരിക്കുവാനുമാണ് വിധിന്യായത്തില്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ആയതിന്റെ അടിസ്ഥാനത്തിലാണ് സ.ഉ(കൈ)2025മാര്‍ച്ച്17ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നായര്‍ സര്‍വ്വീസ് സൊസൈറ്റി മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ നിയമിച്ച ജീവനക്കാരുടെ നിയമനം മറ്റു വിധത്തില്‍ ക്രമപ്രകാരമെങ്കില്‍ റഗുലര്‍ ശമ്പള സ്‌കെയിലില്‍ അംഗീകരിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നായര്‍ സര്‍വ്വീസ് സൊസൈറ്റി മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്‌കൂളിലെ ജീവനക്കാരുടെ നിയമനം അംഗീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് സമാന യോഗ്യതയുള്ള മറ്റ് മാനേജ്മെന്റിലെ സ്‌കൂളിലെ ജീവനക്കാര്‍ക്ക് കൂടി സാധ്യമാക്കി പരിഷ്‌കരിക്കണമെന്ന് പൊതുഅഭിപ്രായം എല്ലാ മാനേജ്‌മെന്റുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

  • എസ്.എസ്.എല്‍.സി പരീക്ഷ

എസ്.എസ്.എല്‍.സി./ റ്റി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി/ എസ്.എസ്.എല്‍.സി. (എച്ച്.ഐ.),റ്റി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം സംസ്ഥാനത്തൊട്ടാകെ പരീക്ഷാഭവന്‍ ഉള്‍പ്പെടെ72കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി നടക്കും. ക്യാമ്പുകളുടെ പ്രവര്‍ത്തനം2സ്‌പെല്ലുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ഏപ്രില്‍3മുതല്‍11വരെ ഒന്നാം സ്‌പെലും21മുതല്‍26വരെ രണ്ടാം സ്‌പെലും നടക്കും.72കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍38,42,910 ഉത്തരക്കടലാസ്സുകളാണ് മൂല്യനിര്‍ണ്ണയം നടത്തുന്നത്.
മൂല്യനിര്‍ണ്ണയം നടത്തുന്നതിനായി ഏകദേശം950അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാരെയും, 9000എക്‌സാമിനര്‍മാരെയും, 72ഐ.ടി മാനേജര്‍മാരെയും144ഡേറ്റാ എന്‍ട്രി ജീവനക്കാരെയും216ക്ലറിക്കല്‍ ജീവനക്കാരെയും72ക്യാമ്പുകളിലായി നിയമിക്കുന്നതിനായുള്ള നടപടികള്‍ ജില്ലാ അടിസ്ഥാനത്തില്‍ നടന്നു വരുന്നു. എസ്.എസ്.എല്‍.സി മാര്‍ച്ച്2025പരീക്ഷയുടെ മൂല്യ നിര്‍ണ്ണയ ക്യാമ്പ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസഷന്‍ ക്യാമ്പിന്റെ ആദ്യ ഘട്ടമായി ഭാഷാ വിഷയങ്ങളുടെ സ്‌കീം ഫൈനലെസേഷന്‍ മാര്‍ച്ച്20ന് പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടമായി ശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഗണിത വിഷയങ്ങളുടെ സ്‌കീം ഫൈനലെസേഷന്‍ മാര്‍ച്ച്28നും എറണാകുളം എസ് ആര്‍ വി മോഡല്‍ ഗവ.സ്‌കൂളില്‍ നടക്കും. മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലേയ്ക്ക് ആവശ്യമായ സ്‌കോര്‍ഷീറ്റ്,ഫാറങ്ങള്‍ എന്നിവയുടെ പ്രിന്റിംഗ് പൂര്‍ത്തിയായിട്ടുണ്ട്. മാര്‍ച്ച് അവസാന വാരം മുതല്‍ വിതരണം ആരംഭിക്കും.

  • ഹയര്‍ സെക്കന്ററി

ഹയര്‍സെക്കന്ററി പരീക്ഷകളുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നടത്താനായി89ക്യാമ്പുകള്‍ (സിംഗില്‍ വാലുവേഷന്‍ ക്യാമ്പ്-63,ഡബിള്‍ വാല്വേഷന്‍ ക്യാമ്പ് -26)സജ്ജീകരിച്ചിട്ടുണ്ട്. ഹയര്‍സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നടത്താനായി സ്‌കീം ഫൈനലൈസേഷന്‍ ഒന്നാം ഘട്ടം മാര്‍ച്ച്14ന് നടന്നു. സ്‌കീം ഫൈനലൈസേഷന്‍ രണ്ടാം ഘട്ടം ഏപ്രില്‍2ന് നടക്കും. മാര്‍ച്ചില്‍ നടക്കുന്ന ഹയര്‍ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം57വിവിധ വിഷയങ്ങള്‍ക്കായി24000അദ്ധ്യാപകരെ നിയമിച്ച്89ക്യാമ്പുകളിലായി പൂര്‍ത്തീകരിക്കും. ക്യാമ്പുകളില്‍ മൂല്യനിര്‍ണ്ണയം ഏപ്രില്‍3-ന് ആരംഭിച്ച് മെയ്10-ന് അവസാനിപ്പിക്കുവാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. മെയ് മൂന്നാം വാരത്തിനുള്ളില്‍ ഹയര്‍ സെക്കന്ററി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

  • വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം രണ്ടാംവര്‍ഷ പൊതുപരീക്ഷ മാര്‍ച്ച്26ന് അവസാനിച്ചു. ഒന്നാംവര്‍ഷ പരീക്ഷ,ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ എന്നിവ മാര്‍ച്ച്29നും സമാപിക്കും. പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ആകെ28,611വിദ്യാര്‍ത്ഥികളാണ് രണ്ടാംവര്‍ഷ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്.26,837വിദ്യാര്‍ത്ഥികള്‍ ഒന്നാംവര്‍ഷ പരീക്ഷയ്ക്കും22,726വിദ്യാര്‍ത്ഥികള്‍ ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കും രജിസ്റ്റര്‍ ചെയ്തിരുന്നു. മൂല്യനിര്‍ണ്ണയത്തിനായി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന്8ക്യാമ്പുകളാണ് ഉള്ളത്. ഏപ്രില്‍3മുതല്‍ മൂല്യനിര്‍ണ്ണയം ആരംഭിക്കും. മെയ് മൂന്നാമത്തെ ആഴ്ചയില്‍ ഫലപ്രഖ്യാപനം നടത്തും.

  • അവധിക്കാല അധ്യാപക പരിശീലനം

അവധിക്കാല അധ്യാപകസംഗമം പ്രീ-സ്‌കൂള്‍,എല്‍.പി.,യു.പി.,ഹൈസ്‌കൂള്‍,ഹയര്‍സെക്കന്ററി,വൊക്കേഷണല്‍ വിഭാഗത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും ഏപ്രില്‍-മെയ് മാസങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെയും സമഗ്ര ശിക്ഷാ കേരളം,എസ് സി ഇ ആര്‍ ടി,കൈറ്റ്,എസ് ഐ ഇ ടി,സീമാറ്റ്,വിദ്യാകിരണം മിഷന്‍,ഡയറ്റുകള്‍ എന്നീ വിവിധ ഏജന്‍സികളുടെയും ഏകോപന പ്രവര്‍ത്തനങ്ങളിലൂടെയാണ് അധ്യാപക സംഗമങ്ങളും തുടര്‍ന്നുള്ള ക്ലസ്റ്റര്‍ പരിശീലനങ്ങളും സംഘടിപ്പിക്കുന്നത്. സംസ്ഥാനത്താകെ ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ വ്യത്യസ്ത വിഷയങ്ങളിലായി ഏകദേശം അയ്യായിരത്തോളം ബാച്ചുകളിലായി ഒന്നേമുക്കാല്‍ ലക്ഷത്തോളം അധ്യാപകര്‍ക്ക് അഞ്ചു ദിവസത്തെ അവധിക്കാല പരിശീലനം നല്‍കും. പുതുതായി ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ക്കായി റസിഡന്‍ഷ്യല്‍ രീതിയില്‍6ദിവസത്തെ നവാധ്യാപക പരിശീലനങ്ങളും പ്രഥമാധ്യാപക പരിശീലനങ്ങളും സംഘടിപ്പിക്കും.

  • സ്‌കൂള്‍ സഹകരണ സംഘം

നോട്ട് ബുക്ക്,പഠനോപകരണങ്ങളുടെ വിതരണം സ്‌കൂള്‍ സഹകരണ സംഘങ്ങള്‍ വഴി വില കുറച്ച് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്ന കാര്യം ക്യു.ഐ.പി അധ്യാപക സംഘടനാ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. സ്‌കൂള്‍ തുറക്കുന്ന സമയത്ത് കുട്ടികള്‍ക്ക് ഏറ്റവും വിലക്കുറവില്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. സ്‌കൂള്‍ സര്‍വ്വീസ് സൊസൈറ്റികളുടെ ബൈലോയില്‍ ആവശ്യമെങ്കില്‍ ഭേദഗതി വരുത്തുമെന്നും . വിതരണ ചുമതല ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ക്കാണെന്നും മന്ത്രി പറഞ്ഞു.

  • അധ്യാപക സ്ഥലംമാറ്റം

അന്തര്‍ജില്ലാ സ്ഥലമാറ്റത്തിനുള്ള അപേക്ഷ ഓണ്‍ലൈന്‍ മുഖേന2024നവംബര്‍26ലെ സര്‍ക്കുലര്‍ പ്രകാരം ക്ഷണിച്ചിരുന്നു.2025ജനുവരി29ന് അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുണ്ടായി.2025ഫെബ്രുവരി1ന് അദ്ധ്യാപകരുടെ താല്‍ക്കാലിക അന്തര്‍ജില്ലാ സ്ഥലംമാറ്റ ഉത്തരവ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ തലത്തില്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ട്രൈബല്‍/മലയോര വെയിറ്റേജ് നല്‍കുന്ന വിഷയത്തില്‍ പരാതി ലഭ്യമായതിനെ തുടര്‍ന്ന് പ്രസ്തുത വിഷയത്തില്‍ സ്പഷ്ടീകരണത്തിനായി നടപടികള്‍ സ്വീകരിച്ചു വരികയാണ്. നിര്‍ദ്ദേശം ലഭ്യമാകുന്ന മുറയ്ക്ക് അന്തിമ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കും.

  • അദ്ധ്യാപകരുടെ പൊതു സ്ഥലംമാറ്റം

പൊതു സ്ഥലംമാറ്റം2025മാര്‍ച്ച്22ല്‍ ആരംഭിച്ച്29ല്‍ അവസാനിക്കുന്ന തരത്തില്‍ സര്‍ക്കുലര്‍ പ്രകാരം അപേക്ഷ ക്ഷണിച്ചിട്ടുള്ളതാണ്. ആയത് പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ പഞ്ചായത്ത് സ്‌കൂളിലെ ഒഴിവുകള്‍ കൂടി പരിഗണിച്ച് കൊണ്ട്2025ഏപ്രില്‍2ല്‍ നടപടി ആരംഭിക്കുന്ന വിധത്തില്‍ പൊതു സ്ഥലംമാറ്റത്തിന്റെ സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഹയര്‍ സെക്കണ്ടറി പൊതുസ്ഥലംമാറ്റ നടപടികള്‍2025 – 26അക്കാദമിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഡി.എച്ച്.എസ്.ഇ ട്രാന്‍സ്ഫര്‍ സോഫ്റ്റ് വെയര്‍ എന്‍.ഐ.സി. യില്‍ നിന്നും കൈറ്റിലേക്ക് കൈമാറ്റം ചെയ്തിട്ടുണ്ട്. പൊതുസ്ഥലംമാറ്റ നടപടികള്‍ എന്‍.ഐ.സി. യുടെ പിന്‍തുണയോടെ കൈറ്റ് നടത്തുന്നതാണെന്നും മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.

CONTENT HIGH LIGHTS; Does Kerala have quality education?: Teachers and students on the path of innovation; Strong intervention by the Education Department; Kerala education number one

Latest News