Explainers

“മാപ്പ് നാടകം” രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഉണ്ടെന്നുറപ്പ്: പി.കെ. ശ്രീമതി, ബി. ഗോപാല കൃഷ്ണന്‍ എന്നിവരുടെ കോടതി വ്യവഹാരങ്ങള്‍ തീരുമോ ?; പാര്‍ട്ടി നേതൃത്വങ്ങള്‍ ഇടപെട്ടിട്ടില്ല എന്നതാണ് വിഷയത്തിലെ ഹൈ ലൈറ്റ് ?

രണ്ടു കുടുംബത്തിലെ രണ്ടു വ്യക്തികളുടെ കേസായിരുന്നു ഇന്നലെ ഹൈക്കോടതി വളപ്പില്‍ ‘മാപ്പ്’ എന്ന വാക്കില്‍ തീര്‍ന്നതെന്ന് ചിന്തിക്കുന്നവര്‍ക്ക് തെറ്റി. ആ കേസ് ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ടു പാര്‍ട്ടികളുടെ കേരളാ ഘടകത്തിലെ സമുന്നതരായ രണ്ടു നേതാക്കള്‍ തമ്മിലുള്ള രാഷ്ട്രീയമായ കേസാണ്. ഒന്ന്, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും, മുന്‍ ആരോഗ്യ മന്ത്രിയും പാര്‍ട്ടിയുടെ വനിതാ വിംഗിന്റെ സമുന്നതയായ നേതാവുമാണ് പി.കെ. ശ്രീമതി. രണ്ടാമത്തെയാള്‍ ബി.ജെ.പി സംസ്ഥാന നേതാവും, പാര്‍ട്ടി ഔദ്യോഗിക വക്താവുമാണ് ബി. ഗോപാലകൃഷ്ണന്‍. കേരളത്തിലെ ബി.ജെ.പിയുടെ നിലപാടുകള്‍ പറയുന്നവ്യക്തി. അങ്ങനെയൊരാള്‍ രാഷ്ട്രീയമായാണ് പി.കെ. ശ്രീമതിക്കെതിരേ ചാനല്‍ ചര്‍ച്ചയില്‍ ആരോപണം ഉന്നയിച്ചത്.

ഇന്നലെ കോടതി വളപ്പില്‍വെച്ച് പി.കെ. ശ്രീമതിയോടൊപ്പം നിന്ന് ബി. ഗോപാലകൃഷ്ണന്‍ മാപ്പ് എന്നു പറയുമ്പോള്‍, ഒരു സ്ത്രീയ്ക്കു മുമ്പില്‍ പുരുഷനുണ്ടായ തെറ്റിനു ക്ഷമ ചോദിക്കുന്നതായി തോന്നിയെങ്കില്‍ അതാണ് തെറ്റ്. അത് ഒരു രാഷ്ട്രീയം കൂടിയായിരുന്നു. ഇന്നലെ ക്ഷമ പറയുകയും, ഇന്ന് ആ ക്ഷമയെ ഔദാര്യമെന്നു പറയുകയും ചെയ്യുമ്പോള്‍ തന്നെ അതിലെ രാഷ്ട്രീയം വെളിവാകുന്നുണ്ട്. ചര്‍ച്ചയ്ക്കാധാരമായ വിഷയത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറയുന്ന ഗോപാലകൃഷ്ണന്‍ പിന്നെ എന്തിനാണ് ക്ഷമ പറയാന്‍ തയ്യാറായത്. അവിടെയാണ് പി.കെ. ശ്രീമതിയെ വെറും സ്ത്രീയായി കണ്ടു എന്നത് മനസ്സിലാകുന്നത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വളപ്പില്‍ നടന്ന മാപ്പ് നാടകം അവസാനിക്കുന്നില്ല എന്നുറപ്പിക്കാം. ഇതിന്റെ രണ്ടാം ഭാഗവും മൂന്നാം ഭഗവും വരാനിരിക്കുന്നതേയുള്ളൂ.

അത് മാപ്പായിട്ടാണോ, അതോ ക്ഷമാപണമായിട്ടാണോ എന്ന് കണ്ടറിയണം. ആരാണ് പറയുന്നതെന്നും കണ്ടറിയണം. ഇന്നലെ മാപ്പു പറഞ്ഞ ഗോപാലകൃഷ്ണന്‍ ഇന്ന് മാറ്റി പറയുമ്പോള്‍ അതിനോട് പ്രതികരിക്കാതെ പോവുകയാണ് പി.കെ. ശ്രീമതി. ശ്രീമതിക്കൊപ്പം കോടതി വളപ്പില്‍ ഇപ്പോഴത്തെ സി.പി.എമ്മിന്റെ വക്താവു കൂടിയായ കെ.എസ്. അരുണ്‍കുമാറുണ്ട്. ഇദ്ദേഹവും മറ്റൊരു ചാനലിലെ അവതാരകനെതിരേ മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ട്. ആ കേസിന് അവതാരകനെ കോടതി വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതും പാര്‍ട്ടിയുടെ ഇടപെടലിന്റെ കരുത്തായാണ് സോഷ്യല് മീഡിയയില്‍ അണികള്‍ ആഘോഷിച്ചത്. ഇന്നലത്തെ ഗോപാലകൃഷ്ണന്റെ മാപ്പും സമാന രീതിയില്‍ രാവിലെ മുതല്‍ ഇരുട്ടും വരെ സി.പി.എം അണികള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ചു.

ഇതിനു ശേഷമാണ് മാപ്പ് നാടകത്തിന്റെ അകവും പൊരുളും അടങ്ങുന്ന കുറിപ്പുമായി ബി. ഗോപാലകൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ പി.കെ ശ്രീമതി പ്രതിരോധത്തിലായി. പി കെ ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത് ഔദാര്യമാണെന്നാണ് ബി ഗോപാലകൃഷ്ണന്‍ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്. കോടതി പറഞ്ഞിട്ടല്ല മാപ്പ് പറഞ്ഞതെന്നും ഒരു സ്ത്രീയുടെ അന്തസ്സിന് ക്ഷതം സംഭവിച്ചു എന്ന് നേരിട്ട് ശ്രീമതി ടീച്ചര്‍ പറഞ്ഞപ്പോള്‍, അന്തസ്സായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി കേരള രാഷ്ട്രീയത്തിന് മാതൃകയാക്കാനാണ് ഖേദം രേഖപ്പെടുത്തിയതെന്നും ബി ഗോപാലകൃഷ്ണന്റെ കുറിപ്പില്‍ പറയുന്നു.

ഇന്നലെ ഹൈക്കോടതിയില്‍ ഹാജരായ ശേഷമാണ് മധ്യസ്ഥന്റെ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശപ്രകാരം ഗോപാലകൃഷ്ണന്‍ മാധ്യമങ്ങള്‍ മുമ്പാകെ പരസ്യമായി ഖേദം പ്രകടിപ്പിച്ചത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ആരോപണമാണ് കേസിന് ആധാരം. ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. പി.കെ ശ്രീമതി മന്ത്രിയായിരിക്കെ മകന്റെ കമ്പനിയില്‍ നിന്നും ആരോഗ്യ വകുപ്പ് മരുന്നുകള്‍ വാങ്ങി എന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ ആരോപണം.

  • ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എന്ന് യാതൊരു താല്പര്യവും ഇല്ലായിരുന്നു. പക്ഷെ എന്താണ് സംഭവം എന്ന് എല്ലാവരും അറിയണമല്ലോ.. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ഔദാര്യമാണ് എന്റെ ഖേദം ‘ ഇത് മാതൃകയാകട്ടെ എന്ന് കരുതി രേഖപ്പെടുത്തിയതാണ്.. കോടതി പറഞ്ഞിട്ടൊ കേസ്സ് നടത്തിയിട്ടൊ അല്ല,ഒരു സ്ത്രീയുടെ അന്തസ്സിന് ക്ഷതം സംഭവിച്ചു എന്ന് നേരിട്ട് ശ്രീമതി ടീച്ചര്‍ പറഞ്ഞപ്പോള്‍ അന്തസ്സായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി ഞാന്‍ കേരള രാഷ്ട്രീയത്തിന് മാതൃകയാക്കാനാണ് ഖേദം രേഖപ്പെടുത്തിയത്.ശ്രീമതി ടീച്ചറുടെ മകന്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ എന്ന തട്ടിപ്പ് കമ്പനിയുടെ ഡയറക്ടര്‍ ആണന്നും ശ്രീമതി ടീച്ചര്‍ ആരോഗ്യ മന്ത്രിയായ കാലത്ത് അനഭിമത ഇടപാട് നടത്തിയെന്നുമുള്ള അന്തരിച്ച എം.എല്‍.എ പി.ടി തോമസിന്റെ അരോപണം ഞാന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതായിരുന്നു എനിക്കെതിരെയുള്ള ആരോപണം. എനിക്കെതിരെ കേസ്സ് കൊടുത്ത ടീച്ചറോട് ടീച്ചറുടെ വക്കീല്‍ പറഞ്ഞു കേസ്സ് നില്‍ക്കില്ല കാരണം പി.ടി തോമസ് പത്രസമ്മേളനം നടത്തി പറഞ്ഞ കാര്യം ആവര്‍ത്തിച്ചതാണ് ‘. ഇത് മനസ്സിലാക്കിയ വക്കീല്‍ ടീച്ചറെ ഉപദേശിച്ചു ഒത്ത് തിര്‍പ്പ് വെച്ച് തീര്‍ക്കുക കണ്ണൂര്‍ കോടതിയില്‍ ഒത്ത് തീര്‍പ്പ് വെച്ചു. ഒത്ത് തീര്‍പ്പ് സമയത്ത് ശ്രീമതി ടീച്ചര്‍കണ്ണൂര്‍ ജില്ലയിലെ ടീച്ചറുടെ ബന്ധുക്കള്‍ ടീച്ചറെ കളിയാക്കുന്നതടക്കം പറഞ്ഞ് വിഷമിച്ച് കരഞ്ഞപ്പോള്‍ ഒരു സത്രീയുടെ കണ്ണുനീരിന് എന്റെ രാഷ്ട്രീയത്തേക്കാള്‍ വില ഉണ്ടന്ന് വിശ്വസിക്കുന്ന ഞാന്‍ രാഷട്രീയത്തിന്റെ അന്തസ്സിന് ഖേദം പറയാം എന്ന് പറഞ്ഞു. ഇതാണ് ഇ ഖേദം കേസ്സ് തീര്‍ന്നപ്പോള്‍ ടീച്ചര്‍ ഖേദം പത്രക്കാരോട് പറയണമെന്ന് എന്നോട് അഭ്യര്‍ത്ഥിച്ചു. ടീച്ചര്‍ വിളിച്ച് പറഞ്ഞ് വരുത്തിയ പത്രക്കാരോട് ഇതൊന്നും പറയാതെ എനിക്ക് പോകാമായിരുന്നു. കാണാതിരിക്കാമായിരുന്നു. മറ്റൊരു ദിവസത്തേക്ക് വരാം എന്ന് പറയാമായിരുന്നു. കേരള രാഷ്ടീയത്തില്‍ എന്നും ഓര്‍ക്കുന്ന ഒരു മാതൃകയാകട്ടെ എന്റെ ഖേദം എന്ന് ഞാന്‍ ചിന്തിച്ച് ഉറപ്പിച്ച് പറഞ്ഞതാണ്. ആരും പറയിപ്പിച്ചതല്ല ആവശ്യപ്പെട്ടതുമല്ല പറയേണ്ട കാര്യവും എനിക്കില്ല കേസ്സ് നടത്തിയിട്ടുമില്ല നടത്തിയാല്‍ എനിക്കെതിരെ ഒന്നും ചെയ്യാനും പറ്റില്ല പക്ഷെ എന്റെ അന്തസ്സായ രാഷ്ട്രീയ തീരുമാനമായി ഞാന്‍ ഖേദം രേഖപ്പെടുത്തി. ഇതൊന്നും അറിയാത്ത അന്തം കമ്മികള്‍ വെറുതെ പൊലിപ്പിച്ചിട്ടിട്ട് വിവരക്കേട് പറയുന്നു.’ശ്രീമതി ടീച്ചര്‍ എന്നോട് നന്ദിയും നല്ലത് വരും എന്ന് പറഞ്ഞാണ് പിരിഞ്ഞത് അത് എന്തുകൊണ്ട് എന്ന് അന്തം കമ്മി കളെ അറിയുക. മറ്റൊരു പ്രധാന കാര്യം ടീച്ചറോട് ഞാന്‍ ഉശളശ നേതാവ് അരുണ്‍ കുമാര്‍ സാക്ഷി നിര്‍ത്തി പറഞ്ഞു മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ എന്ന തട്ടിപ്പ് കമ്പനിയുടെ ഡയറക്ടര്‍മാര്‍ കണ്ണൂരിലെ പ്രസിദ്ധഇജങ നേതാക്കളായി അന്തരിച്ച ചിലരുടെ മക്കളാണന്ന രേഖകള്‍ മനോരമ പത്രത്തില്‍ വന്നിട്ടുണ്ടായാരുന്നു. ഈ കാര്യം പറയരുതെന്ന ടീച്ചറുടെ അഭിപ്രായം ഞാന്‍ അംഗീകരിച്ചത് രാഷ്ട്രീയ അന്തസ്സിന് വേണ്ടിയാണ്. CPM നേതാക്കളുടെ മക്കളുടെ പേര് ഉണ്ടായിരുന്നങ്കിലും ടീച്ചറുടെ മകന്റെ പേര് കണ്ടെത്തിയില്ലാത്ത സാഹചര്യത്തിലാണ് എന്റെ സ്വന്തം തീരുമാനപ്രകാരം ഖേദം രേഖപ്പെടുത്തിയത്. അത് ദുര്‍വ്യഖ്യാനം ചെയ്യുന്നവരോട് ഒന്നെ പറയാനുള്ളു അന്തസ്സുള്ളവര്‍ക്ക് മനസ്സിലാകും അല്ലാത്തവര്‍ കുരക്കും. ഞാന്‍ അന്തസ്സിന് നിരക്കാത്തതായി ഒന്നും ചെയ്യില്ല എന്റെ നിശ്ചയത്തില്‍ നിന്ന് പിന്നോട്ടില്ല.പണ്ട് PS ശ്രീധരന്‍പിള്ളയോട് മാപ്പ് പറഞ്ഞ ദേശാഭിമാനിയും ഇപ്പോ ള്‍ ഞാന്‍ ഫയല്‍ ചെയ്ത മാനഹാനി കേസ്സില്‍ തൃശ്ശൂര്‍ CJM കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് ഗോവിന്ദനും നടക്കുന്നുണ്ടെന്ന കാര്യം ഈ കൂട്ടര്‍ മറക്കണ്ട.

അതേസമയം, മാപ്പ് നാടകവുമായി ബന്ധപ്പെട്ട് ബി.ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനു പിന്നാലെ അപകീര്‍ത്തി കേസില്‍ ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്റെ വാദങ്ങള്‍ തെറ്റാണെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും പി കെ ശ്രീമതി പ്രതികരിച്ചു. ഗോപാലകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ കാര്യത്തിലും തല്‍ക്കാലം മറുപടിയില്ലെന്നുമാണ് അവര്‍ പറയുന്നത്. തത്ക്കാലം മറുപടിയില്ലെങ്കിലും, പിന്നീട് ഇതിന് മറുപടി പറയുമെന്നാണ് അതിനര്‍ത്ഥം. അപ്പോള്‍ മാപ്പ് നാടകം നീണ്ടു പോകുമെന്ന് ഉറപ്പിക്കാം. സത്യം മാത്രമേ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ പറയാവൂ എന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ‘തെളിവുകള്‍ ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയവര്‍ക്ക് അതിന് കഴിഞ്ഞില്ല. ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ എന്റെ കൈവശം തെളിവോ രേഖകളോ ഇല്ല’ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

ഇന്നലെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറഞ്ഞതും, ഇന്ന് ഫേസ് ബുക്കില്‍ ഇട്ട കുറിപ്പും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നതാണ് മാപ്പ് നാടകത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്. അതേസമയം തന്റെ മകന് മരുന്ന് കമ്പനിയോ മരുന്ന് കച്ചവടമോ ഇല്ലന്ന് പി.കെ ശ്രീമതി പറഞ്ഞിരുന്നു. കോടതി വളപ്പിലെ കക്ഷികള്‍ തമ്മില്‍ മാധ്യമങ്ങളെ കാണുിന്നതിനു മുമ്പ് സംസാരിച്ചിരുന്നതെന്തായിരിക്കും എന്നാണ് സംശയം. കക്ഷികള്‍ തമ്മില്‍ ധാരണയിലെത്താതെ ഒരിക്കലും ഒരു നേതാവും മാധ്യമങ്ങള്‍ക്കു മുമ്പില്‍ വന്ന് പരസ്യമായി മാപ്പു പറയില്ല. കാരണം, അത് അവര്‍ പ്രതിനിധാനം ചെയ്യുന്ന പരാഷ്ട്രീയ പാര്‍ട്ടിക്ക് ഏല്‍ക്കുന്ന വലിയ തിരിച്ചടിയാണ്.

എന്നിട്ടും. ഈ രണ്ടു രാഷ്ട്രീയ പാര്‍ട്ടീ നേതൃത്വങ്ങള്‍ മാപ്പ് നാടകത്തെ കുറിച്ച് ഒരകക്ഷരം മിണ്ടിയിട്ടില്ല എന്നതാണ് ഹൈലൈറ്റ്. ഒളിഞ്ഞും തെളിഞ്ഞും, രഹസ്യമായുമൊക്കെ ക്ഷമയും, കൊടുക്കല്‍ വാങ്ങലുകളും നടത്തുന്ന നേതാക്കള്‍ അണികളെ കൊല്ലാനും, കൊല്ലിക്കാനും മാത്രമാണ് പരസ്യമായി ആക്രോശവും വെല്ലുവിളികളും നടത്തുന്നത്. ഇ.പി ജയരാജന്റെ വീട്ടില്‍ ബി.ജെ.പി ദേശീയ നേതാവ് നടത്തിയ സൗഹൃദ സന്ദര്‍ശം തെളിയിച്ചത് ഇതല്ലേയെന്ന് പാര്‍ട്ടി അമികള്‍ പോലും ചോദിച്ചിട്ടുണ്ട്. അങ്ങനെ എത്രയെത്ര ഉദാഹരണങ്ങളാണ് ചൂണ്ടിക്കാട്ടാനുള്ളത്.

CONTENT HIGH LIGHTS; “Map Drama” Part 2 and Part 3 confirmed: Will the court cases of P.K. Sreemathy and B. Gopala Krishnan be resolved?; The highlight of the issue is that the party leadership has not intervened?

Latest News