Explainers

വൈദ്യുതി ബില്ലില്‍ ഷോക്കുണ്ടേ ?: അടുത്ത മാസം മുതല്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയുണ്ടാകും; വര്‍ദ്ധന, ഉപഭോക്താവിന് അധിക ബാധ്യത ഉണ്ടാക്കുന്നില്ലെന്ന് KSEBയുടെ മുന്‍കൂര്‍ ജാമ്യം; സര്‍ ചാര്‍ജും, വൈദ്യുതി ചാര്‍ജ്ജും തമ്മിലുള്ള വ്യത്യാസം ?

ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വിലകൂടിയ സാഹചര്യത്തില്‍ വൈദ്യുതിക്കും വില കൂടുമെന്നത് സ്വാഭാവിക പ്രതിഭാസമായി മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരേ എന്തു പറഞ്ഞാലും ഒരു കാര്യവുമില്ലെന്ന് ജനങ്ങള്‍ക്കറിയാം. പ്രതിഷേധങ്ങള്‍ കൊണ്ടോ, പരാതികള്‍ കൊണ്ടോ, കൂട്ടിയ ചാര്‍ജ്ജ് കുറയ്ക്കുന്ന നടപടി ഉണ്ടാകില്ലെന്നതാണ് വസ്തുത. എന്നാല്‍, വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് പ്രകാരമാണ് അടുത്ത മാസം മുതല്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് ശരാശറി 12 പൈസയുടെ വര്‍ദ്ധനവ് വരുത്തുന്നത്. ഒരു യൂണിറ്റ് വൈദ്യുതിക്ക് 12 പൈസ എന്നു പറയുമ്പോള്‍ തുച്ഛമാണെന്നു തോന്നുമെങ്കിലും ഉപയോഗിക്കുന്ന വൈദ്യുതിയുടെ മൊത്തം കണക്കെടുക്കുമ്പോള്‍ അത്, വലിയ തുകയായി മാറും.

നിലവിലെ സാമൂഹ്യ സാഹചര്യത്തില്‍ ഒരു ശരാശരി കുടുംബത്തിന്റെ ബജറ്റ് തകരാന്‍ ഇതു തന്നെ ധാരാളമാണ്. ജോലി ചെയ്തു കിട്ടുന്ന സമ്പാദ്യം കൊണ്ട് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നാട്ടിലുള്ളത്. ഇതിനിടയിലൂടെ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന വരുമ്പോള്‍, അത് താങ്ങാനാകുമോ എന്നതാണ് പ്രശ്‌നം. സാമ്പത്തിക ഞെരുക്കത്തിലാണ് കേരളമെന്ന് സര്‍ക്കാര്‍ പറയുന്നു. കേന്ദ്ര സഹായം വേണ്ട രീതിയില്‍ കിട്ടുന്നില്ല എന്ന സത്യവും ഇതിനു പിന്‍ബലമായി പറയുന്നു. കേന്ദ്ര സര്‍ക്കാരും വായ്പ എടുത്താണ് മുന്നോട്ടു പോകുന്നതെന്നാണ് കേന്ദ്രമന്ത്രിമാരുടെയും വിശകലനം. ഇതിനിടയില്‍ കിടന്ന് ശ്വാസം മുട്ടുന്ന ജനം ആകെ വിഷമത്തിലും.

ഗ്യാസിനും, വെള്ളത്തിനും വില വര്‍ദ്ധന. സര്‍ക്കാര്‍ ഓഫീസുകളിലെ സൗജന്യ സേവനത്തിനു പോലും പണം കൊടുക്കേണ്ട അവസ്ഥ. പുതിയ കാലത്തില്‍ എല്ലാവരും ആണ്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നു എന്നതാണ് മാനദണ്ഡം. ഇത്തരം കുടുംബങ്ങള്‍ക്ക് ചെറിയ വര്‍ദ്ധനവ് താങ്ങാനാവുമെന്നതാണ് വാദവും. എന്നാല്‍, വൈദ്യുതി ചാര്‍ജ്ജ് മാത്രമല്ല, വര്‍ദ്ദിച്ചിരിക്കുന്നതെന്ന മറു ചോദ്യമാണ് ജനങ്ങള്‍ക്കുള്ളത്. കെ.എസ്.ഇ.ബി 736.27 കോടി രൂപ ലാഭത്തിലാണെന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. പിന്നെയും എന്തിനാണ് വര്‍ധിപ്പിച്ച താരിഫ് നിരക്കിനു പുറമേ ഉപയോക്താക്കളില്‍ നിന്നു സര്‍ചാര്‍ജ് കൂടി പിരിക്കുന്നതെന്ന സംശയം പലര്‍ക്കുമുണ്ട്.

കൊടുംചൂടില്‍ വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിരക്കു നല്‍കേണ്ടിവരുന്നതിനൊപ്പമാണ് ഏപ്രിലിലും സര്‍ചാര്‍ജ് പിരിക്കാനുള്ള കെ.എസ്.ഇ.ബിയുടെ തീരുമാനം. നിലവില്‍ പ്രതിമാസ ബില്ലിങ് പരിധിയിലുള്ള ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 6 പൈസയും ദ്വൈമാസ ബില്ലില്‍ യൂണിറ്റിന് 8 പൈസയുമാണ് സര്‍ചാര്‍ജ്. ഏപ്രിലില്‍ ഇരുവിഭാഗങ്ങള്‍ക്കും അത് 7 പൈസയാകും. രണ്ടു മാസത്തിലൊരിക്കല്‍ വൈദ്യുതി ബില്‍ ലഭിക്കുന്ന ഉപയോക്താക്കള്‍ക്ക് ഏപ്രിലില്‍ യൂണിറ്റിന് ഒരു പൈസയുടെ ആശ്വാസം കിട്ടുമെങ്കിലും മാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്നവര്‍ക്ക് നഷ്ടമാണ് ഉണ്ടാകുക. വൈദ്യുതി ബില്ലില്‍ ഈടാക്കുന്ന ഇന്ധന സര്‍ചാര്‍ജ് ദ്വൈമാസ ബില്ലില്‍ യൂണിറ്റിന് ഒരു പൈസ കുറയ്ക്കാനും പ്രതിമാസ ബില്ലില്‍ യൂണിറ്റിന് ഒരു പൈസ കൂട്ടാനും കെ.എസ്.ഇ.ബി തീരുമാനിച്ചതോടെയാണിത്.

സംസ്ഥാനത്തിന്റെ ആവശ്യം നിറവേറ്റാനായി കെ.എസ്.ഇ.ബിക്ക് വൈദ്യുതി കൂടിയ വിലയ്ക്ക് പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നതിന്റെ കണക്കുകള്‍ പരിശോധിച്ച് റെഗുലേറ്ററി കമ്മിഷന്‍ പുറപ്പെടുവിക്കുന്ന ഉത്തരവു പ്രകാരമാണ് വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 2022 ഡിസംബറില്‍ പുറത്തിറക്കിയ ചട്ടങ്ങള്‍ പ്രകാരം, വൈദ്യുതി വാങ്ങല്‍ ചെലവില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ രണ്ടു മാസത്തിനുള്ളില്‍ത്തന്നെ ഉപഭോക്താവിനു കൈമാറണം. 2025 ഫെബ്രുവരിയില്‍ വൈദ്യുതി വാങ്ങാന്‍ 14.38 കോടി രൂപയുടെ അധികബാധ്യത കെ.എസ്.ഇ.ബിക്ക് ഉണ്ടായിട്ടുണ്ട്. ഇത്തരം അധികബാധ്യത പരിഹരിക്കാന്‍ അടുത്ത താരിഫ് വര്‍ധന വരെ കാത്തിരിക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും എന്നതിനാലാണ് ഇന്ധനസര്‍ചാജ് പിരിക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയത്.

കെ.എസ്.ഇ.ബിക്കു സ്വന്തം നിലയില്‍ യൂണിറ്റിന് പത്തു പൈസ വരെയും റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോടെ 9 പൈസ കൂടിയും സര്‍ചാര്‍ജ് പിരിക്കാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. ബാധ്യത കുറയുന്നതിന് ആനുപാതികമായി ഇതില്‍ മാറ്റമുണ്ടാകും. ദീര്‍ഘകാലമായി 19 പൈസയായിരുന്നു ഇന്ധന സര്‍ചാര്‍ജ്. ബാധ്യതകള്‍ കുറഞ്ഞതിനാല്‍ 2025 ഫെബ്രുവരിയില്‍ റെഗുലേറ്ററി കമ്മിഷന്‍ അനുവദിച്ചിരുന്ന 9 പൈസ പിന്‍വലിച്ചിരുന്നു. ഇതോടെ സര്‍ചാര്‍ജ് 10 പൈസയായി. വീണ്ടും ബാധ്യതകള്‍ കുറഞ്ഞ മുറയ്ക്ക് മാര്‍ച്ചില്‍ അത് പ്രതിമാസം ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ യൂണിറ്റിനും 6 പൈസയും, രണ്ടുമാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് 8 പൈസയുമാക്കി. ഏപ്രിലില്‍ ഈ രണ്ടു വിഭാഗത്തിനും സര്‍ചാര്‍ജ് 7 പൈസ ആയാണ് നിശ്ചയിച്ചിരിക്കുന്നത്.

1000 വാട്സിനു താഴെ കണക്റ്റഡ് ലോഡും 40 യൂണിറ്റിനു താഴെ പ്രതിമാസ ഉപയോഗവുമുള്ള ഉപയോക്താക്കളെ ഇന്ധന സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. കെ.എസ്.ഇ.ബി ഉള്‍പ്പെടെയുള്ള വൈദ്യുതി വിതരണ കമ്പനികള്‍ നിശ്ചിത കാലയളവിലേക്കുള്ള മൊത്തം റവന്യൂ ആവശ്യകത മുന്‍കൂര്‍ തയാറാക്കി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനു സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഏതെല്ലാം സ്രോതസ്സുകളില്‍ നിന്നു വൈദ്യുതി വാങ്ങാന്‍ ഉദ്ദേശിക്കുന്നു, അവ ഓരോന്നിനും പ്രതീക്ഷിക്കുന്ന ചെലവ് എന്നിവ കൂടാതെ ജീവനക്കാരുടെ ചെലവ്, ഭരണപരമായ ചെലവുകള്‍, പൊതു ചെലവുകള്‍ എന്നിങ്ങനെ എല്ലാ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും. ഇത് വിശദമായി പരിശോധിച്ചതിനു ശേഷം ഉപയോക്താക്കളുടെ ഭാഗം കൂടി കേട്ടാണ് റെഗുലേറ്ററി കമ്മിഷന്‍ വരും വര്‍ഷങ്ങളിലേക്കുള്ള വൈദ്യുതി നിരക്ക് അനുവദിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ നല്‍കിയിരിക്കുന്ന കണക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം.

അതേസമയം, കെ.എസ്.ഇ.ബി വൈദ്യുതി ചാര്‍ജ്ജ് വര്‍ധ്ധനവുമായി ബന്ധപ്പെട്ട് ഇന്നലെ ഇറക്കിയ പത്രക്കുറിപ്പില്‍ സര്‍ ചാര്‍ജ്ജ് കുറച്ച കണക്കാണ് ആദ്യം പറഞ്ഞു തുടങ്ങുന്നത്. വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ് നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് എന്തു ഗുണം കിട്ടുമെന്നത് അറിയിക്കാന്‍ വേണ്ടിയായിരുന്നു KSEB ശ്രമിച്ചത്. എന്നാല്‍, 2025 ജനുവരി മനുതല്‍ ഈടാക്കിക്കൊണ്ടിരുന്ന ഇന്ധന സര്‍ചാര്‍ജ്ജ് ആയ 19 പൈസ 2025 ഏപ്രിലില്‍ 7 പൈസയായി കുറ#്ഞിട്ടുണ്ടെന്നാണ് പറയുന്നത്. ഈ കുറവ് ഉപഭോക്താക്കള്‍ക്ക് അനുഭവേദ്യമാകണമെങ്കില്‍ മാര്‍ച്ച് മാസം കടന്ന്, ഏപ്രില്‍ മാസത്തെ ബില്ല് കിട്ടണം. എങ്കില്‍ മാത്രമേ, സര്‍ ചാര്‍ജ്ജ് കുറഞ്ഞിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ കഴിയൂ. അപ്പോഴാണ് KSEB പറഞ്ഞിരിക്കുന്നത്, ഏപ്രിലില്‍ സര്‍ ചാര്‍ജ്ജ് 7 പൈസയായി കുറഞ്ഞിട്ടുണ്ട് എന്ന്.

അടുത്ത മാസത്തെ ബില്ലില്‍ സര്‍ ചാര്‍ജ്ജ് കുറയുമെന്ന് പറയുന്നതിന്റെ സാങ്കേതികത KSEB ഉദ്യോഗസ്ഥര്‍ക്കു മാത്രമേ അറിയൂ. എന്നാല്‍, ബില്ല് കൈയ്യില്‍ കിട്ടുന്ന ഉപഭോക്താവിന് വില വര്‍ദ്ധനയില്‍ മാറ്റം വരുന്നില്ല. ഏപ്രില്‍ മുതല്‍ വൈദ്യുതി ചാര്‍ജ്ജില്‍ 12 പൈസയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഈ വര്‍ദ്ധനവ്, സര്‍ ചാര്‍ജ്ജില്‍ കുറച്ചിരിക്കുന്ന തുകയായി മാറുമെന്നാണ് KSEB അദികൃതര്‍ പറയുന്നത്. അങ്ങനെ വരുമ്പോള്‍ നേരത്തെ സര്‍ ചാര്‍ജ്ജ് കൊടുത്തിരുന്നതു പോലെത്തന്നെ ബില്ല് വരുമെന്നര്‍ത്ഥം. അപ്പോഴും ഉപഭോക്താവിന് സര്‍ ചാര്‍ജ്ജില്‍ ഇളവു വരുത്തിയതിന്റെ ആശ്വാസം ലഭിക്കുന്നില്ല. കാരണം, കുറവു വരുത്തിയ 12 പൈസയുടെ ആനുകൂല്യം കിട്ടുമെന്നു പറയുന്ന ഏപ്രിലില്‍ തന്നെയാണ് വൈദ്യുതി ചാര്‍ജ്ജ് യൂണിറ്റിന് 12 പൈൗസ കൂട്ടുന്നതും.

എന്നാല്‍, ഇതിലെ മറ്റൊരു ഒളിയമ്പ്, സര്‍ ചാര്‍ജ്ജും, വൈദ്യുതി ചാര്‍ജ്ജും എന്നതാണ്. വര്‍ദ്ധിപ്പിക്കുന്നത്, വൈദ്യുതി ചാര്‍ജ്ജാണ്. അത് ബില്ലില്‍ കൃത്യമായി പ്രതിഫലിക്കുക തന്നെ ചെയ്യും. എന്നാല്‍, വൈദ്യുതി സര്‍ ചാര്‍ജ്ജ് 12 പൈസ കുറച്ചാലും അതിന് മാനദണ്ഡം വെച്ചിട്ടുണ്ട്. ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെ ഇന്ധന സര്‍ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയുള്ളവരില്‍ നിന്നും സര്‍ ചാര്‍ജ്ജും വൈദ്യുതി ചാര്‍ജ്ജും ഈടാക്കാനാകും എന്നതാണ്.

CONTENT HIGH LIGHTS; Is there a shock in the electricity bill?: Electricity charges will increase from next month; KSEB’s advance assurance that the increase will not cause additional burden on the consumer; What is the difference between sur charge and vaidhi charge?

Latest News