Explainers

ഗാസയില്‍ പട്ടിണിയും മരണവും നിറയുന്നു: ലോകത്തിലെ എല്ലാ വിശ്വാസികള്‍ക്കും ഇന്ന് പെരുനാള്‍; ഗാസയില്‍ ഓരോ 45 മിനിറ്റിലും ഒരു കുട്ടിയെ വീതം ഇസ്രയേല്‍ കൊലപ്പെടുത്തുന്നു; പ്രാര്‍ത്ഥനകള്‍ മാത്രം ബാക്കി

പെരുനാളിന്റെ മധുരവും, മണവും നുകരുന്ന ലോകത്തിന്, അറിയാന്‍ ഗാസയില്‍ നിന്നും അത്രയും മധുരമല്ലാത്ത വാര്‍ത്തകള്‍ നിലയ്ക്കാതെ വരികയാണ്. പട്ടിണിയുടെയും, മരണങ്ങളുടെയും നാടായി മാറിയ ഗാസയില്‍ പെരുനാളുണ്ടോ. അഴര്‍ എന്തെങ്കിലും വയറു നിറച്ച് കഴിച്ചിട്ടുണ്ടാകുമോ. അവര്‍ക്ക് വെടിയൊച്ചകളില്ലാതെ, മരണം മുഖാമുറം കാണാതെ ജീവിക്കാനാകുന്നുണ്ടോ. ഇതെല്ലാം ചോദ്യങ്ങളുടെ രൂപത്തില്‍ ലോകത്തിലെ എല്ലാ വിശ്വാസികള്‍ക്കും മുമ്പില്‍ നിറയുകയാണ്. പുത്തനുടുപ്പും, പുത്തന്‍ ആഭരണങ്ങളും, ആഘോഷങ്ങളും, വിഭ സമൃദ്ധമായ ഭക്ഷണവുമെല്ലാം മുന്നില്‍ നിറയുമ്പോള്‍ ഓര്‍ക്കേണ്ട ഒരു കൂട്ടം മനുഷ്യരുണ്ട്.

അസാന്തിയുടെ പകലുകളിലും, രാവുകളിലും, എല്ലാ ദിവസവും പട്ടിണിയുടെ നോവറിഞ്ഞ്, ഒരുതുള്ളി വെള്ളം പോലും കിട്ടാതെ പൊടിപടലങ്ങള്‍ക്കിടയില്‍ നോമ്പെടുക്കുന്ന മനുഷ്യക്കോലങ്ങളെ. അവര്‍ക്ക് സമാധാനം നഷ്ടപ്പെട്ടിട്ട് നാളേറെയായി. ആരാണ് വരുടെ ആരാച്ചാരെന്ന് തിരിച്ചറിയാനാവാത്ത വിധം ക്ഷീണിതരായിരിക്കുന്നു. അവര്‍ക്ക് പോകേണ്ട ഇടങ്ങള്‍ നിശ്ചയിക്കുന്നത് മറ്റു രാജ്യക്കാരാണ്. അമേരിക്കയും, ഇസ്രയേലും ചൂണ്ടിക്കാട്ടുന്ന ഇടത്തേക്ക് എല്ലാം വാകിക്കെട്ടി പേകാന്‍ വിധിക്കപ്പെട്ടവര്‍. അവര്‍ക്കെന്ത് പെരുനാള്‍. ഗാസയില്‍ മരിച്ചു വീഴുന്നതില്‍ പാതിയും കുരുന്നു കുട്ടികളാണ്. ഉച്ചത്തിലുള്ളൊരു ശബ്ദം കേട്ടാല്‍ പോലും ഞെട്ടുന്ന കുരുന്നുകള്‍ക്കു മീതേ ഒരു പ്രദേശം തന്നെ നശിപ്പിക്കാനാകുന്ന ബോംബിട്ടാല്‍ എന്താണ് സംഭവിക്കുക.

അത് സംഭവിച്ചു കൊണ്ടേയിരിക്കുന്നു ഗാസയില്‍. ഗാസയുടെ പെരുനാള്‍ വിഭവങ്ങള്‍ എത്തിക്കുന്നത് ഇസ്രയേലാണ്. ബോംബായും, മിസൈലായും, ബുള്ളറ്റുകളായുമൊക്കെ. തലയരുത്തും, കാലുവെട്ടിയും, കൈ മുറിച്ചുമൊക്കെ ബലി കൊടുകൊണ്ടേയിരിക്കുന്നു. ഗാസയിലെ 2.3 ദശലക്ഷം നിവാസികളില്‍ പകുതിയോളം കുട്ടികളാണ്. കഴിഞ്ഞ 17 മാസത്തിനിടെ, ഇസ്രയേലി ആക്രമണങ്ങള്‍ അവരുടെ വീടുകള്‍ തകര്‍ക്കുകയും സ്‌കൂളുകള്‍ നശിപ്പിക്കുകയും അവരുടെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ അടിച്ചമര്‍ത്തുകയും ചെയ്തു. ജീവന്‍ നഷ്ടപ്പെട്ട കുട്ടികളെക്കാള്‍ ദുരിതം അനുഭവിക്കുന്നത് രക്ഷപ്പെട്ട കുട്ടികളാണ്. ബാല്യത്തിന്റെ മധുരം നുണയാതെ യുദ്ധത്തിന്റെ മുറിവുകളും പേറി ജീവിക്കേണ്ടി വരുന്ന ആ കുട്ടികളുടെ ഭാവി തന്നെ ശൂന്യതയിലാണ്. ഗാസയില്‍ ഓരോ 45 മിനിറ്റിലും ഒരു കുട്ടിയെ വീതം ഇസ്രയേല്‍ കൊലപ്പെടുത്തുന്നു എന്നാണ് അല്‍ജസ്സീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതായത് കഴിഞ്ഞ 535 ദിവസത്തിനുള്ളില്‍ പ്രതിദിനം ശരാശരി 30 കുട്ടികള്‍ കൊല്ലപ്പെടുന്നു. 2023 ഒക്ടോബര്‍ 7 മുതല്‍ ഇസ്രയേല്‍ കുറഞ്ഞത് 17,400 കുട്ടികളെ കൊന്നിട്ടുണ്ട്. അതില്‍ 15,600 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയും പലരും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നു. അതില്‍ മിക്കവരും മരിച്ചതായും കരുതപ്പെടുന്നു. അതിജീവിച്ച കുട്ടികളില്‍ പലരും ഒന്നിലധികം യുദ്ധങ്ങളുടെ ആഘാതം സഹിച്ചവരാണ്. അവരെല്ലാം ഇസ്രയേലി ഉപരോധത്തിന്റെ അടിച്ചമര്‍ത്തല്‍ നിഴലില്‍ ജീവിതം ചെലവഴിച്ചു പോരുന്നു. ജനനം മുതല്‍ അവരുടെ നിലനില്‍പ്പിന്റെ എല്ലാ വശങ്ങളെയും യുദ്ധം നന്നെ ബാധിച്ചു. ഗാസയുടെ ഭാവിയ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇസ്രയേല്‍ ഇതുവരെ ഇല്ലാതാക്കിയത് ഒരു വയസ്സ് തികയാത്ത 825 കുഞ്ഞുങ്ങളെയാണ്.

കഴിഞ്ഞില്ല, ഒരു വയസ്സുള്ള 895 കുട്ടികള്‍, രണ്ട് മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള പ്രീസ്‌കൂള്‍ കുട്ടികളായിരിക്കെ മരിച്ച 3,266 പേര്‍, ആറ് മുതല്‍ പത്ത് വയസ്സ് വരെ പ്രായമുള്ള 4,032 പേര്‍, 11 നും 14 നും ഇടയില്‍ പ്രായമുള്ള 3,646 പേര്‍ എന്നിവരും, സ്വാതന്ത്ര്യത്തെയും ഒരിക്കലും സാക്ഷാത്കരിക്കപ്പെടാത്ത ഭാവിയെയും കുറിച്ചുള്ള സ്വപ്നങ്ങള്‍ ഉപേക്ഷിച്ച് അഭയം കണ്ടെത്താന്‍ പാഞ്ഞ് നടന്ന 15 നും 17 നും ഇടയില്‍ പ്രായമുള്ള 2,949 പേരും യുദ്ധത്തില്‍ ജീവന്‍ നഷ്ടമായവരാണ്. ഇതില്‍, 8,899 പേര്‍ ആണ്‍ക്കുട്ടികളും, 6,714 പേര്‍ പെണ്‍ക്കുട്ടികളുമാണ്. മാര്‍ച്ച് 18 ന്, ഗാസ മുനമ്പില്‍ ഉടനീളം ഇസ്രയേല്‍ സൈന്യം നടത്തിയ മാരകമായ ആക്രമണത്തിലും കുറഞ്ഞത് 183 കുട്ടികളെങ്കിലും ഇല്ലാതായിട്ടുണ്ട്.

ഒഴിഞ്ഞു കിടക്കുന്ന സ്‌കൂളുകളും, ഗ്രൗണ്ടുകളിലുമൊന്നുമെത്താന്‍ ഗാസിയില്‍ ഇനി കുട്ടികളില്ല ഗാസയിലെ കുട്ടികള്‍ക്ക് മാനുഷിക സഹായം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല, കൂടുതല്‍ വഷളാവുകയും ചെയ്യുന്നുവെന്നാണ് സേവ് ദി ചില്‍ഡ്രന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപരോധത്തിനും നിരന്തരമായ ബോംബാക്രമണത്തിനും ശേഷം ഗാസയിലെ കുട്ടികളുടെ മാനസികാരോഗ്യം തകര്‍ന്നടിയുകയാണ്. അക്രമത്തില്‍ നിന്ന് അവര്‍ക്ക് സങ്കല്‍പ്പിക്കാനാവാത്ത മാനസിക ആഘാതം, ശരീരഭാഗങ്ങള്‍ നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ശാരീരിക പരിക്കുകള്‍, കുടുംബങ്ങള്‍, വീടുകള്‍, അവരുടെ സ്‌കൂളുകള്‍ എന്നിവ നഷ്ടപ്പെടുന്നത് എല്ലാം കുട്ടികളെ തളര്‍ത്തുന്നുണ്ട്.

അതുമാത്രമല്ല, ഗാസയിലെ എല്ലാവരും ഇപ്പോള്‍ ക്ഷാമത്തിന്റെ ഭീഷണിയിലാണ്. ഭക്ഷ്യ അരക്ഷിതാവസ്ഥയുടെയോ അതിലും മോശമായതോ ആയ പ്രതിസന്ധി ഘട്ടങ്ങളെയോ അവര്‍ നേരിടുന്നു. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യത വളരെ പരിമിതമാണ്. ഗര്‍ഭിണികള്‍ക്ക് ആവശ്യമായ പോഷകാഹാരവും ആരോഗ്യ സംരക്ഷണവും ലഭിക്കുന്നില്ല. പോഷകാഹാരം കിട്ടാതെ വളരുന്നു അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ആരോഗ്യ സ്ഥിതി വളരെ ദുര്‍ബലമാണെന്നാണ് സേവ് ദി ചില്‍ഡ്രന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതോടൊപ്പം ഇട്ട വസ്ത്രത്തില്‍ വീടുകളില്‍ നിന്നും പലായനം ചെയ്തവര്‍ ശൈത്യകാലത്തെ നേരിടാന്‍ ഒട്ടും തയ്യാറല്ല എന്നതും ഒരു ഭീഷണിയാണ്. പ്രദേശത്തെ തണുത്ത താപനില കുട്ടികളുടെ പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തുകയും ന്യുമോണിയ പോലുള്ള മാരകമായ രോഗങ്ങള്‍ക്ക് അവരെ ഇടയാക്കുകയും ചെയ്യും എന്നുള്ളതും വെല്ലുവിളിയാണ്.

പോളിയോ പടരുന്ന സാഹചര്യമുണ്ടായിരുന്നതും ഗാസ നേരിട്ട മറ്റൊരു ദുരന്തമായിരുന്നു. ഉയര്‍ന്ന പോഷകാഹാരക്കുറവ് നിരക്ക് കുട്ടികളെ അണുബാധയ്ക്ക് കൂടുതല്‍ ഇരയാക്കിയിരുന്നു. ജല, ശുചിത്വ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കൂടിയാണ് പോളിയോ വൈറസ് വീണ്ടും ഉയര്‍ന്നു വരാന്‍ കാരണമായിരുന്നത്. 2025 ഫെബ്രുവരി 22 മുതല്‍ 26 വരെ ഒരു കൂട്ട വാക്സിനേഷന്‍ കാമ്പയെന്‍ ഗാസയല്‍ നടത്തിയിരുന്നതായി WHO റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോളിയോയില്‍ നിന്ന് സംരക്ഷിക്കുന്നതിനായി 10 വയസ്സിന് താഴെയുള്ള 591,000-ത്തിലധികം കുട്ടികള്‍ക്ക് നോവല്‍ ഓറല്‍ പോളിയോ വാക്സിന്‍ നല്‍കി. ഗാസയിലെ മലിനജല സാമ്പിളുകളില്‍ പോളിയോവൈറസ് അടുത്തിടെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ കാമ്പയിന്‍ ആരംഭിച്ചിരുന്നത്. 10 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളിലേക്കും മുമ്പ് വാക്സിനേഷന്‍ ലഭിക്കാത്ത കുട്ടികളിലേക്ക് പോലും എത്തിച്ചേരുക, രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുക, പകര്‍ച്ചവ്യാധി അവസാനിപ്പിക്കുക എന്നിവയായിരുന്നു കാമ്പയിന്റെ ലക്ഷ്യം. പലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് ഈ കാമ്പയിന്‍ നയിച്ചത്.

ലോകാരോഗ്യ സംഘടന, UNICEF, ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി, മറ്റ് പങ്കാളികള്‍ എന്നിവരുടെ പിന്തുണയോടെയായിരുന്നു ഇത്. പക്ഷെ അത്രയൊക്കെ കരുതലുകളോടെ കുഞ്ഞുങ്ങളെ ഭദ്രമാക്കാന്‍ ശ്രമിച്ചിട്ടും ഇസ്രയേലിന്റെ ക്രൂരതയ്ക്ക് ഈ കുഞ്ഞുങ്ങള്‍ ഇരയാകുന്നത് അങ്ങേയറ്റം വേദനാജനകമായ കാര്യമാണ്. അതിനിടയില്‍, ഗാസ മുനമ്പില്‍ നിന്ന് കുടിയിറക്കപ്പെട്ട പലസ്തീനികളെ സ്വീകരിക്കാന്‍ സമ്മതിക്കുന്ന രാജ്യങ്ങളെ കണ്ടെത്താന്‍ ഇസ്രയേല്‍ ഭരണകൂടം തങ്ങളുടെ മൊസാദ് ചാര ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. വലിയ തോതില്‍ പലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള വഴികള്‍ തേടുന്നുണ്ടെന്ന് രണ്ട് ഇസ്രയേലി ഉദ്യോഗസ്ഥര്‍ ആക്സിയോസിനോട് പറഞ്ഞു.

കിഴക്കന്‍ ആഫ്രിക്കയിലെ രണ്ട് ദരിദ്ര സംഘര്‍ഷബാധിത രാജ്യങ്ങളായ സൊമാലിയ, ദക്ഷിണ സുഡാന്‍ എന്നിവയുമായും ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായും ചര്‍ച്ചകള്‍ ഇതിനകം നടന്നിട്ടുണ്ടെന്ന് രണ്ട് ഇസ്രയേലി ഉദ്യോഗസ്ഥരും ഒരു മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥനും അവകാശപ്പെട്ടു. ആഴ്ചകള്‍ക്ക് മുമ്പ് നെതന്യാഹു മൊസാദിന് രഹസ്യ നിയമനം നല്‍കിയതായാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഗാസയില്‍ നിന്ന് പലസ്തീനികളെ നീക്കം ചെയ്യുന്നതിനുള്ള മറ്റ് നടപടികളും ഇസ്രയേല്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെന്നും അതേസമയം, യുദ്ധം പുനരാരംഭിക്കുകയും പ്രദേശത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് പലസ്തീനികളെ ഒഴിപ്പിക്കാനുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗാസ കൂടുതല്‍ കൂടുതല്‍ കൈവശപ്പെടുത്തുമെന്ന് നെതന്യാഹുവും മറ്റ് ഇസ്രയേലി രാഷ്ട്രീയക്കാരും വീണ്ടും അവകാശപ്പെടുന്നുണ്ട്. ഗാസയിലെ 90 ശതമാനം നിവാസികളും ഇതിനകം തന്നെ യുദ്ധം മൂലം പലായനം ചെയ്തിട്ടുണ്ട്. 50,000 ത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിക്കുകയും ചെയ്തു.

അതേസമയം, പലസ്തീനികള്‍ അനുഭവിച്ച ഭീകരത വകവയ്ക്കാതെ, സ്വന്തം നാട്ടില്‍ നിന്ന് അവരെ പുറത്താക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി എതിര്‍ക്കാനാണ് ഹമാസിന്റെ തീരുമാനം. ഗാസയിലെ തദ്ദേശീയ ജനതയെ വംശീയമായി തുടച്ചുനീക്കാനുള്ള തന്റെ പദ്ധതി ഫെബ്രുവരിയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആദ്യമായി അനാച്ഛാദനം ചെയ്തത്. പദ്ധതി പ്രകാരം, പലസ്തീനികളുടെയോ ജോര്‍ദാന്‍, ഈജിപ്ത് സര്‍ക്കാരുകളുടെയോ സമ്മതം പരിഗണിക്കാതെ തന്നെ ഗാസയിലെ ജനങ്ങളെ ജോര്‍ദാനിലേക്കും ഈജിപ്തിലേക്കും നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിക്കുമെന്നൊക്കെയാണ് ട്രംപ് പറയുന്നത്. ഗാസയില്‍ ഇസ്രയേലി വംശഹത്യ ആരംഭിച്ചതുമുതല്‍, നിലവിലെ ഇസ്രയേലി ഭരണകൂടത്തിലെ മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി ഇസ്രയേലി ഉദ്യോഗസ്ഥര്‍ ഗാസയുടെ വംശീയ ഉന്മൂലനത്തിന് ആഹ്വാനം ചെയ്തുവരികയാണ്.

ഗാസയിലെ ജനങ്ങളെ പുറത്താക്കണമെന്ന ആവശ്യം ഇസ്രയേല്‍ മന്ത്രി ഇദിത് സില്‍മാന്‍ അടുത്തിടെ ആവര്‍ത്തിച്ചിരുന്നു. ‘ഗാസ മുനമ്പിനുള്ള ഏക പരിഹാരം പലസ്തീന്‍ ജനതയെ ഇല്ലാതാക്കുക എന്നതാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ, ഗാസയെ വംശീയമായി തുടച്ചുനീക്കാനുള്ള പദ്ധതിയെ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ഗ്രൂപ്പുകളും സര്‍ക്കാരുകളും വ്യാപകമായി അപലപിച്ചിട്ടുണ്ട്. പെരുനാള്‍ ആഘോഷനാളില്‍ ഓര്‍ക്കണം അവരെയും.

CONTENT HIGH LIGHTS; Hunger and death are filling Gaza: Today is a holiday for all believers in the world; Israel is killing a child every 45 minutes in Gaza; Only prayers remain

Latest News