തമ്പുരാന്‍മാരെല്ലാം എമ്പുരാന്റെ വിവാദജത്തിനു പിന്നാലെ തൂങ്ങി നില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ പിന്നോക്ക വിഭാഗമായ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിന്റെ പ്രശ്‌നങ്ങളെല്ലാം അരികു വത്ക്കരിക്കപ്പെട്ടു പോവുകയാണ്. ഒരു ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ ദേവസ്വം ബോര്‍ഡ് വഴി കൂടല്‍ മണിക്യം ക്ഷേത്രത്തില്‍ ജോലിക്കെടുത്തിട്ടും, അവന് അവിടെ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു. സ്വയം ജോലി രാജി വെച്ചാല്‍ കാരണമോ, കാര്യമോ തിരക്കേണ്ടതില്ലല്ലോ എന്നതാണ് സത്യം. അവന് ആ ജോലി വേണ്ടാത്തതു കൊണ്ട് രാജി വെച്ചു. അത്രതന്നെ. സമൂഹവും, സര്‍ക്കാരും,. ക്ഷേത്രം സ്വന്തമാണെന്നു കരുതുന്നവരും ദൈവവുമെല്ലാം ഹാപ്പി.
പക്ഷെ, യാഥാര്‍ഥ്യം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ആരും തുറന്നു പറയുന്നില്ല എന്നു മാത്രം. കാരണം, ദളിതനെ കൊല്ലുന്നത്, അവന്‍ പോലുമറിയാതെ ആയിരിക്കണണെന്ന് ഫ്യൂഡല്‍ സമൂഹം ഇന്നും ചിന്തിച്ചുറപ്പിച്ചിട്ടുണ്ട്. നവോത്ഥാനവും കഴിഞ്ഞ്, നവോത്ഥാന നായകരുടെ പിന്‍ഗാമികളെല്ലാം വിശ്രമിക്കുമ്പോള്‍, ഈ നാട്ടില്‍ ദളിതര്‍ അടക്കമുള്ള പിന്നോക്ക വിഭാഗത്തിന് എല്ലാ സ്വാതന്ത്ര്യവും ലഭിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി, സാമ്പത്തിക പിന്നോക്കവും, മുന്നാക്കത്തിലെ പിന്നാക്കക്കാരുടെ പ്രശ്‌നവും മാത്രമാണുള്ളതെന്നാണ് വിശകലനം. യഥാര്‍ത്ഥ പിന്നാക്കക്കാരെല്ലാം മുന്നാക്കക്കരായി മാറിയെന്നാണ് വെയ്പ്പ്. ഒരുപിടി മണ്ണു പോലും സ്വന്തമായില്ലാതിരുന്ന വിഭാഗത്തിന് കോളനികളും, കുടുകിടപ്പവകാശവും, കാടും, കാട്ടിലെ അളന്നു നല്‍കി മണ്ണുമല്ലാതെ, സാമൂഹിക പരിവര്‍ത്തനം ഉണ്ടായെന്ന് പറയാനാകില്ല.
ജാതി കേരളത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കനലായി എരിയുന്നുണ്ട് ഇപ്പോഴും വര്‍ണ്ണ വിവേചനവും തമ്പ്രാന്‍-ജന്‍മി-ജാതി വ്യവസ്ഥയും. സ്ത്രീധനം ചോദിക്കരുത്-വാങ്ങരുത്-കൊടുക്കരുത് എന്ന് സര്‍ക്കാരും, നിയമവും അനുശാസിക്കുന്നുണ്ട്. നിയമപരമായി തടഞ്ഞിട്ടുമുണ്ട്. എന്നാല്‍, കേരളത്തില്‍ സ്ത്രീധനം കൊടുക്കാതെ കല്യാണങ്ങള്‍ നടക്കുമോ. അങ്ങനെ നടന്നിട്ടുള്ള കല്യാണങ്ങളുടെ അഴസ്ഥ പില്‍ക്കാലത്ത് എന്താണ് സംഭവിച്ചിട്ടുള്ളത്. ഇങ്ങനെ നിയമം, എഴുതി വെയ്ക്കുകയും, വാതോരാതെ പ്രസംഗിക്കുകയും ചെയ്യുകയല്ലാതെ, നടപ്പാക്കുക എന്ന സമ്പ്രദായം ശക്തമായി വന്നിട്ടില്ല. ഇതുപോലെയാണ് ജാതി വെറിയും വര്‍ണ്ണ വെറിയും. പരസ്യമായി പണ്ടു പറഞ്ഞിരുന്ന ജാതീയതയെ പല രൂപങ്ങളാക്കി ഇന്നും കടത്തിക്കൊണ്ടു പോകുന്നുണ്ട്. ചിലയിടങ്ങളില്‍ അത്, പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണനെ ക്ഷേത്രത്തില്‍ വിലക്കിയതും, കൂടല്‍ മാണിക്യ ക്ഷേത്രത്തിേെല കഴകത്തെ ജോലിയില്‍ കയറ്റാത്തതും പ്രത്യക്ഷമായ പ്രതിഷേധം തന്നെയാണ്.
ചീഫ് സെക്രട്ടറി ശരദാ മുരളീധരന്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ അല്ലെങ്കിലും, കറുത്ത നിറമുള്ളവര്‍ ആയതുകൊണ്ട് അധസ്ഥിതരെപ്പോലെയാണെന്ന രീതിയിലാണ് കളിയാക്കിയതും. അതായത്, കറുത്ത നിറം അടയാളപ്പെടുത്തുന്നത്, ദേവന്‍മാരെയും അസുരന്‍മാരെയുമാണ്. ദേവന്‍മാരെല്ലാം ദൈവത്തോട് ചേര്‍ന്നു നില്‍ക്കുന്നവരാണ്. അസുരന്‍മാരോ, അകന്നു നില്‍ക്കുന്നവരും. ദൈവത്തില്‍ നിന്നും അകന്നു നില്‍ക്കുന്നവരായ അസുരന്‍മാരുടെ നിറമെല്ലാം കറുപ്പാണ്. കൊമ്പും തലയും വാലുമൊക്കെയുള്ള വികൃത രൂപമുള്ളവര്‍. ഇവര്‍ സമൂഹത്തിന്റെ അടിത്തട്ടിലാണ് ജീവിക്കുന്നതും. ഇവരുടെ നിറം കറുപ്പാണ്. ദളിത് വിഭാഗഹത്തില്‍പ്പെട്ടവരാണ് കറുപ്പു നിറമുള്ളവര്‍. അത്തരക്കാരെ ദൈവത്തിന്റെ സന്നിധിയില്‍ ജോലിക്കെടുക്കാന്‍ കഴിയില്ലെന്നു തന്നെയാണ് ബാലുവിനെ അകറ്റിക്കൊണ്ട് വെളിവാക്കിയതും.
രണ്ടാഴ്ചത്തെ മെഡിക്കല്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയ കൂടല്‍മാണിക്യം ക്ഷേത്രം കഴകം ജീവനക്കാരന്‍ തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു രാജി വെച്ചിരിക്കുയാണ്. ചൊവ്വാഴ്ച ദേവസ്വം ഓഫീസിലെത്തിയാണ് രാജി നല്‍കിയത്. ആരോഗ്യപരമായ കാരണങ്ങളാലും വ്യക്തിപരമായ കാരണങ്ങളാലുമാണ് രാജി എന്നാണ് രാജു അറിയിച്ചിരിക്കുന്നത്. അതിനിടെ ബാലു രാജി പിന്‍വലിച്ചാല്‍ പരിഗണിക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ രക്ഷപ്പെടാന്‍ വേണ്ടി മാത്രമായി ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഭയം കാരണമല്ല ബാലുവിന്റെ രാജി. സര്‍ക്കാര്‍ ബാലുവിനൊപ്പം നിന്നുവെന്നും വാസവന്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ അമ്മാവന്‍ രാമചന്ദ്രനോടൊപ്പം ബാലു കൂടല്‍മാണിക്യം ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്ററെ കണ്ടിരുന്നു. ദേവസ്വം ഓഫീസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ബുധനാഴ്ച മുതല്‍ കഴകം ജോലിക്ക് കയറുമെന്നുമാണ് അപ്പോള്‍ അദ്ദേഹം പറഞ്ഞത്.
എന്നാല്‍, പിന്നീട് വീണ്ടുമെത്തി രാജി നല്‍കി മടങ്ങുകയായിരുന്നു. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നാണ് അമ്മാവന്‍ രാമചന്ദ്രന്‍ പ്രതികരിച്ചത്. ഫെബ്രുവരി 24-നാണ് ബാലു കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകം ജോലിയില്‍ പ്രവേശിച്ചത്. താത്കാലിക ജോലിക്കാരനെ ഒഴിവാക്കി ഇദ്ദേഹത്തെ നിയോഗിച്ചതിനെതിരേ വാരിയര്‍ സമാജവും ക്ഷേത്രം തന്ത്രിമാരും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന്, അവധിയെടുത്തു പോയി. മാര്‍ച്ച് ആറിനാണ് ഇദ്ദേഹത്തെ അറ്റന്‍ഡര്‍ ജോലിയിലേക്ക് മാറ്റിയത്. താത്പര്യം അറ്റന്‍ഡര്‍ ജോലിയാണെന്നു ആവശ്യപ്പെട്ട് ബാലു ദേവസ്വത്തിന് ഇ മെയില്‍ അയച്ചിരുന്നു. എന്നാല്‍, കഴകം ജോലിതന്നെ ചെയ്യണമെന്നായിരുന്നു ദേവസ്വത്തിന്റെ നിലപാട്. അതിനിടെ പ്രതികരണവുമായി ദേവസ്വം റിക്രൂട്ട്മെന്റ് ചെയര്‍മാന്‍ കെ.വി മോഹന്‍ദാസ് രംഗത്തു വന്നു. ബാലുവിന്റെ തസ്തിക മാറ്റിയത് തെറ്റെന്ന് കെ.വി മോഹന്‍ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
തെറ്റിദ്ധാരണ നീക്കാന്‍ ചര്‍ച്ചക്ക് വിളിച്ചിട്ട് ക്ഷേത്രം തന്ത്രി വന്നില്ലെന്നും ക്ഷേത്രത്തിലെ തന്ത്രിമാരുടെ നിലപാട് പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കെ.വി മോഹന്‍ദാസ് പറഞ്ഞു. ബാലുവിനെ കഴക സ്ഥാനത്ത് നിന്ന് മാറ്റി മറ്റൊരു ഓഫീസിലേക്ക് മാറ്റി നിയമിച്ച കൂടല്‍മാണിക്യം ദേവസ്വത്തിന്റെ നിലപാടും തെറ്റാണ്. ബാലു രാജിവെച്ച ഒഴിവില്‍ വരുന്ന അടുത്ത ഉദ്യോഗാര്‍ഥി നിയമപ്രകാരം ഈഴവ വിഭാഗത്തില്‍ നിന്ന് തന്നെയാണ്. കൂടല്‍ മാണിക്യം ക്ഷേത്രമാണ് കഴകം തസ്തികയിലെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഉദ്യോഗാര്‍ത്ഥിയെ നിയമിച്ചത്. ഉദ്യോഗാര്‍ത്ഥി രണ്ടാഴ്ചയോളം ആ തസ്തികയില്‍ ജോലി ചെയ്തിരുന്നു. പിന്നീട് അയാളെ താല്‍ക്കാലികമായി വേറെ തസ്തിയിലേക്ക് വിന്യസിച്ചു. ഇതിനു ശേഷമാണിപ്പോള്‍ അദ്ദേഹം രാജിവെച്ചത്.
ഈഴവ കമ്യൂണിറ്റിക്ക് സംവരണ പ്രകാരം അര്‍ഹതപ്പെട്ടതാണ് സ്ഥാനം. ചെറിയ ഒരു റാങ്ക് പട്ടികയാണ് ഇപ്പോഴുള്ളത്. തസ്തികമാറ്റി കൊടുക്കാന്‍ ഒരാള്‍ക്കും അധികാരമില്ല. താല്‍ക്കാലികമായി വേറെ തസ്തികയില്‍ നിയമിക്കുക അല്ലായിരുന്നു ദേവസ്വം ചെയ്യേണ്ടിയിരുന്നത്. തന്ത്രിമാരുമായി ആലോചിച്ച അതേ തസ്തികയില്‍ നിലനിര്‍ത്തുകയായിരുന്നു വേണ്ടിയിരുന്നത്. പഴയ മാമൂലകളില്‍ നിന്നും മാറാനാകാത്ത അവസ്ഥ നമ്മുടെ നാട്ടിലുണ്ട്. വലിയ സമരത്തിന് ശേഷമാണ് ക്ഷേത്രപ്രവേശനം അനുവദിച്ചത്. അത് നിര്‍ബന്ധിച്ച് ചേയ്യേണ്ടിവന്നുവെന്നാണ് ചരിത്രം പറയുന്നത്. ബാലുവിന്റെ നിയമനത്തില്‍ തന്ത്രിമാര്‍ പറയുന്ന കാര്യം ശരിയല്ല. കാരായ്മ തസ്തിക അല്ല ഓപ്പണ്‍ തസ്തികയാണത്. വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്താല്‍ തസ്തികയുമായി മുന്നോട്ടു പോകും. ദേവസ്വം റിക്രൂട്ട്മെന്റിന്റെ കാര്യത്തില്‍ തെറ്റിദ്ധാരണ അകറ്റാന്‍ തന്ത്രിമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതാണ്. തിരുവനന്തപുരത്ത് ഉണ്ടെങ്കിലും ചര്‍ച്ചയ്ക്ക് വരാന്‍ സന്നദ്ധനല്ല എന്ന മറുപടിയാണ് തന്ത്രി നല്‍കിയത്.
നിസഹകരണമായിരുന്നു തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ബാലുവിന്റെ നിയമന കാര്യത്തില്‍ തന്ത്രിമാരുടെ നിലപാട് തെറ്റാണ്. നിയമനം റിക്രൂട്ട്മെന്റ് ബോര്‍ഡിന് വിട്ട ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വത്തിന്റെ തീരുമാനത്തില്‍ തന്ത്രിമാരും ഒപ്പിട്ടിരുന്നു. എന്നിട്ടാണ് കഴകത്തിന്റെ പേരില്‍ ജാതി വിവേചനം കാട്ടിയത്. ബാലുവിന്റെ രാജി സ്വീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ സി കെ ഗോപി. ദേവസ്വം കമ്മിറ്റി ചേര്‍ന്ന് കത്ത് പരിശോധിക്കുമെന്നും സി കെ ഗോപി പറഞ്ഞു. കഴകം ജോലിയില്‍ നിന്ന് മാറ്റി തന്നെ ഓഫീസ് അറ്റന്റര്‍ തസ്തികയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബാലു അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ അപേക്ഷ പ്രകാരം കൂടല്‍മാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് നിയമനം നടത്താന്‍ അധികാരം ഇല്ലെന്നും സി കെ ഗോപി പറഞ്ഞു. ബാലു നല്‍കിയ അപേക്ഷ പിന്നീട് സര്‍ക്കാരിലേക്ക് അയച്ചെന്നും അപേക്ഷയില്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചിരിക്കുകയാണ്. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുല്‍ (18) എന്ന ആദിവാസി പയ്യനാണ് തൂങ്ങി മരിച്ചത്. ഏതാനും ദിവസം മുന്‍പ് മുട്ടില്‍ സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കല്‍പറ്റ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ വൈകിട്ട് കോഴിക്കോട് നിന്ന് പെണ്‍കുട്ടിയേയും ഒപ്പമുണ്ടായിരുന്ന ഗോകുലിനേയും കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ താല്‍ക്കാലിക താമസ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നു രാവിലെ ശുചിമുറിയില്‍ പോയ ഗോകുല്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ആദിവാസി പയ്യന്‍ തൂങ്ങി മരിച്ചതില്‍ ദുരൂഹത ആരോപിചട്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതും കേരളത്തിലാണ് നടന്നതെന്ന് മനസ്സിലാക്കുമ്പോഴാണ് പിന്നോട്ട വിഭാഗത്തിന്റെ പ്രശ്‌നങ്ങളുടെ രൂക്ഷത തിരിച്ചറിയുന്നത്. അതേസമയം, യുവാവിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി. ഇന്നലെ രാത്രി 11 മണിയോടെയാണ് ഗോകുലിനെയും യുവതിയേയും സ്റ്റേഷനിലെത്തിച്ചത്. അതിനാല്‍ ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ഇന്നു രാവിലെ 7.45നാണ് ശുചിമുറിയിലേക്കു പോയത്. 10 മിനിറ്റ് കഴിഞ്ഞിട്ടും തിരിച്ചു വരാത്തതില്‍ സംശയം തോന്നിയതിനാല്‍ വിളിച്ചു നോക്കി. അനക്കമില്ലാതെ വന്നതോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോള്‍ ഷര്‍ട്ടില്‍ തൂങ്ങിയ നിലയിലായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
യുവാവിന്റെ മരണത്തില്‍ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും രംഗത്തെത്തി. സംഭവം നടക്കുന്ന സമയത്തെ സ്റ്റേഷനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ കാണിക്കണമെന്ന് യുഡിഎഫും ബിജെപിയും ആവശ്യപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ദൃശ്യങ്ങള്‍ കാണിക്കാമെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും യുഡിഎഫും ബിജെപിയും പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. പൊലീസിന്റെ അനാസ്ഥയുടെ തെളിവാണ് യുവാവ് മരിച്ചതെന്ന് എഐവൈഎഫ് ആരോപിച്ചു. എസ്എച്ച്ഒ ഉള്‍പ്പെടെയുള്ളവരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് വിവിധ ആദിവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
കേരളത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടക്കുന്ന ഒരു കാര്യമാണിത്. പിന്നോക്ക വിഭാഗത്തിന്റെ കൊലപാതകങ്ങളോ, ആത്മഹത്യകളോ, തിരസ്‌ക്കരിക്കപ്പെടലുകളോ. ഇതിനൊന്നും ആര്‍ക്കും എവിടെയും ഉത്തരവാദിത്വമില്ല. വാര്‍കളോ, വിവാദങ്ങളോ, പ്രക്ഷോഭങ്ങളോ ഉണ്ടാകതുന്നില്ല. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി മാറുകയും ചെയ്യുന്നു. എന്നാല്‍, കേരളത്തിലെ ജാതി-വര്‍ണ്ണ വ്യവസ്ഥ നിലനിന്നിരുന്ന കാലത്തില്‍ നിന്നും എത്രയോ മുമ്പിലാണ് സമൂഹം. എന്നിട്ടും, ജാതിയും-വര്‍ണ്ണവും നോക്കി ജോലിയെ വേര്‍തിരിക്കുകയും, മനുഷ്യരെ കൊല്ലുകയും ചെയ്യുന്നതിന് അറുതി വന്നിട്ടില്ല എന്നു തന്നെ പറയേണ്ടി വരും.
content high lights;The ‘color picture’ of caste-based Kerala has not changed: Koodal Manikyam Kazhakam Balu, the color of Chief Secretary Saradha Muraleedharan, and the tribal boy who hanged himself in the toilet at the police station are obvious examples.