കഴിഞ്ഞ 11 വര്‍ഷത്തെ നരേന്ദ്രമോദിയുടെ ഭരണം ഭാരതത്തെ എല്ലാ മേഖലയിലും പുരോഗതിയിലേക്ക് നയിക്കുകയാണെന്ന് എന്‍.ഡി.എ സംസ്ഥാന കരട് രാഷ്ട്രീയ പ്രമേയം. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയ ഭാരതം അടുത്ത് തന്നെ മൂന്നാം സ്ഥാനത്തേക്ക് ഉയരുമെന്നാണ് എല്ലാ പഠനങ്ങളും പറയുന്നത്. അടിസ്ഥാന വികസന രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് രാജ്യത്തിനുണ്ടായത്. ജനക്ഷേമ നയങ്ങളും അടിസ്ഥാന വിഭാഗങ്ങളോടുള്ള കരുതലും മോദി സര്‍ക്കാരിനെ വീണ്ടും തിരഞ്ഞെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. മോദി സര്‍ക്കാര്‍ ഹാട്രിക്ക് വിജയം നേടിയത് വികസനത്തിനുള്ള ജനങ്ങളുടെ അംഗീകാരമാണെന്ന കാര്യത്തില്‍ എതിരാളികള്‍ക്ക് പോലും സംശയമില്ലെന്ന് പ്രമേയത്തില്‍ പറയുന്നു.
എന്നാല്‍ നമ്മുടെ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ സങ്കടപ്പെടുത്തുന്നതാണ്. വിദ്യാഭ്യാസരംഗത്തും ആരോഗ്യമേഖലയിലും ഏറെ മുന്നിലായിരുന്ന നമ്മുടെ സംസ്ഥാനത്തെ ആറുപതിറ്റാണ്ടുകളായി മാറി മാറി ഭരിച്ചു കൊണ്ടിരിക്കുന്ന ഇടത്-വലത് മുന്നണികള്‍ പൂര്‍ണമായും തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. വികസനമുരടിപ്പിന്റെ കാര്യത്തിലാണ് ഇന്ന് കേരളം നമ്പര്‍ വണ്‍ സ്ഥാനം അലങ്കരിക്കുന്നത്. കൃഷി, വ്യവസായം എന്നീ മേഖലകള്‍ ഈ നാട്ടില്‍ നിന്നും ഏതാണ്ട് പൂര്‍ണമായും അപ്രത്യക്ഷമായിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയിലെ തകര്‍ച്ചയ്ക്കും കാര്‍ഷിക മേഖലയിലെ തകര്‍ച്ചയ്ക്കും വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികള്‍ക്കും രണ്ടു മുന്നണികളും കാരണക്കാരാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.
പരമ്പരാഗത നെല്‍കര്‍ഷകര്‍ക്ക് പോലും ഇവിടെ രക്ഷയില്ലാത്ത അവസ്ഥയാണ്. മറ്റ് സംസ്ഥാനങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടി നിരവധി പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കേന്ദ്രം നല്‍കുന്ന ആനുകൂല്ല്യങ്ങള്‍ പോലും തടഞ്ഞുവെക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലാകാലത്തും ശ്രമിക്കുന്നത്. നെല്‍കര്‍ഷകര്‍ക്ക് കേന്ദ്രം താങ്ങുവില വര്‍ദ്ധിപ്പിക്കുമ്പോള്‍ സംസ്ഥാനം അത് കൃത്യമായി കുറയ്ക്കുന്നത് നാം കാണുന്നതാണ്. വ്യവസായത്തിന്റെ കാര്യം പറയുകയാണെങ്കില്‍ കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേരളത്തിന്റെ ശാപത്തെ കുറിച്ച് വ്യക്തമായ ചിത്രം പാര്‍ലമെന്റില്‍ പറയുകയുണ്ടായി. നോക്കുകൂലി പോലെത്തെ പരിഷ്‌കൃത സമൂഹത്തിന് ഒട്ടുംചേരാത്ത കമ്മ്യൂണിസ്റ്റ് കാടന്‍ നിയമങ്ങളാണ് കേരളത്തിലെ വ്യവസായമേഖലയെ ഇല്ലാതാക്കിയത്.
ഏറ്റവും ഒടുവില്‍ വ്യവസായം തുടങ്ങാന്‍ ശ്രമിച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന ആന്തൂരിലെ സാജന്‍ വരെ നമ്മുടെ മുമ്പിലുണ്ട്. ട്രേഡ് യൂണിയനുകളുടെ അനാവശ്യ സമ്മര്‍ദ്ദങ്ങളും ഇടത്- വലത് മുന്നണികളുടെ തെറ്റായ ഭരണനയങ്ങളുമാണ് സംരഭകരെ കേരളത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതെന്ന് വ്യക്തമാണ്. ഭാരതം വികസിതമാകുമ്പോള്‍ കേരളവും വികസിക്കേണ്ടതുണ്ട്. കക്ഷി-രാഷ്ട്രീയത്തിനപ്പുറം കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ദേശീയ ജനാധിപത്യ സഖ്യം ഒരുക്കമാണ്. നമ്മള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നിലേക്ക് വെക്കുന്ന മുദ്രാവാക്യം വികസിത കേരളം എന്നതാണ്. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് പിന്തുണ നല്‍കണമെന്ന് എന്‍.ഡി.എ സംസ്ഥാന നേതൃയോഗം കേരളത്തിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.
-
കേരളത്തെ വഞ്ചിക്കുന്ന ഭരണ-പ്രതിപക്ഷ മുന്നണി
ഭരണപക്ഷം എന്ത് ചെയ്താലും അതിനെ പിന്തുണയ്ക്കുന്ന പ്രതിപക്ഷം കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുണ്ടക്കൈ – ചൂരല്‍മല പുനര്‍നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപമൂലധന വായ്പ അനുവദിച്ചത്. എന്നാല്‍ അത് കേന്ദ്ര അവഗണനയാണെന്നും പറഞ്ഞ് എല്‍ഡിഎഫിനൊപ്പം യോജിച്ച സമരം നടത്തുമെന്നാണ് വിഡി സതീശനും കെ.സുധാകരനും പറയുന്നത്. സംസ്ഥാനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം കേന്ദ്രമാണെന്ന പിണറായി വിജയന്റെ വാദത്തെ പ്രതിപക്ഷം ഏറ്റുപറയുകയാണ്.
കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത എമ്പുരാന്‍ എന്ന സിനിമയെ പോലും രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പിണറായി വിജയന്‍ ശ്രമിച്ചപ്പോള്‍ അതിന് കൂട്ടുനില്‍ക്കുകയാണ് പ്രതിപക്ഷം ചെയ്തത്. പിണറായി വിജയന്റെ രാഷ്ട്രീയ അജണ്ടയ്ക്ക് കുടപിടിക്കുന്ന സമീപനമാണ് കോണ്‍?ഗ്രസ് പുലര്‍ത്തുന്നത്. കേരളത്തില്‍ യുഡിഎഫ് ഏതാ എല്‍ഡിഎഫ് ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. കേരളത്തിലെ പ്രതിപക്ഷത്തിന് ദിശാബോധം നഷ്ടപ്പെട്ടു. പ്രതിപക്ഷ ധര്‍മ്മം എന്നാണെന്ന് വിഡി സതീശന് മനസിലാകുന്നില്ല. വന്‍കിടക്കാരുടെ 28,000 കോടി രൂപയുടെ നികുതി കുടിശിക പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ പാവങ്ങളെ ചൂഷണം ചെയ്യുകയാണ്.
എന്നാല്‍ പ്രതിപക്ഷം നിശബ്ദമാണ്. പിണറായി സര്‍ക്കാരിന്റെ വീഴ്ചകളെ എതിര്‍ക്കുന്നതിനു പകരം മോദിയെ എതിര്‍ത്താല്‍ മതി എന്ന മിഥ്യാധാരണയാണ് പ്രതിപക്ഷത്തിനുള്ളത്. സര്‍ക്കാറിന്റെ ജനവിരുദ്ധത തുറന്നുകാണിക്കലാണ് പ്രതിപക്ഷത്തിന്റെ കടമ. എന്നാല്‍ പിണറായി വിജയന്‍ പറയുന്ന ക്യാപ്‌സൂള്‍ ചങ്ക് തൊടാതെ വിഴുങ്ങുകയാണ് സതീശന്‍ ചെയ്യുന്നത്. പത്തു വര്‍ഷത്തിനിടെ കേരളത്തിന് കേന്ദ്രം നല്‍കിയ സാമ്പത്തിക സഹായത്തിന്റെ കണക്ക് എന്തുകൊണ്ടാണ് വിഡി സതീശന്‍ പറയാത്തത്.
-
ആശമാരുടെ ശാപം ഈ സര്‍ക്കാരിനെ വിട്ടൊഴിയില്ല
ആശമാരോടുള്ള സര്‍ക്കാരിന്റെ ക്രൂരത കാരണം കേരളം ലജ്ജിച്ച് തലതാഴ്ത്തുന്ന അവസ്ഥയാണുള്ളത്. 50 ദിവസമായി തുടരുന്ന ഈ സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു മനസാക്ഷിയുമില്ലെന്ന് ഒരിക്കല്‍ കൂടി കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായിരിക്കുകയാണ്. മുടിമുറിക്കല്‍ സമരത്തിലേക്ക് പോലും കടക്കേണ്ട ?ഗതികേടിലേക്കാണ് സര്‍ക്കാര്‍ ആശമാരെ എത്തിച്ചത്. പിഎസ്.സി മെമ്പര്‍മാരുടെ ഓണറേറിയം, ഹെലികോപ്റ്റര്‍ വാടക, മന്ത്രിമാരുടെ സ്റ്റാഫുകളുടെ ശമ്പളവും പെന്‍ഷനും തുടങ്ങിയ അനാവശ്യ ധൂര്‍ത്ത് ഒഴിവാക്കിയാല്‍ മാത്രം ആശമാര്‍ക്ക് 21,000 രൂപ നല്‍കാന്‍ സാധിക്കും.
എന്നാല്‍ സമരത്തെ അവഹേളിക്കുന്ന സര്‍ക്കാരിന് കേരളത്തിലെ ജനങ്ങള്‍ അര്‍ഹിക്കുന്ന മറുപടി നല്‍കും. കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടേയും സമരമാണിത്. വൈകാരികമായ ഈ സമരത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കില്ല. പരാക്രമം സ്ത്രീകളോട്അല്ല വേണ്ടതെന്ന് പിണറായി വിജയന്‍ മനസിലാക്കണം. 2021ലെ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് സര്‍ക്കാര്‍ ലംഘിച്ചത്. സ്ത്രീകളുടെ വോട്ട് നേടിയാണ് രണ്ടാം തവണയും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. കേരളത്തിലെ സ്ത്രീകളുടെ പ്രതീകമാണ് ആശമാര്‍. മുഴുവന്‍ സ്ത്രീകളുടെയും പിന്തുണ ഈ സമരത്തിനുണ്ട്.
സ്ത്രീ ശക്തിയോട് ഏറ്റുമുട്ടി പരാജയപ്പെടാനാണ് പിണറായി വിജയന്റെ വിധിയെന്ന് ഉറപ്പാണ്. കേന്ദ്രം കുടിശ്ശിക നല്‍കാനുള്ളതു കൊണ്ടാണ് ആശമാരുടെ ആനുകൂല്ല്യങ്ങള്‍ നല്‍കാനാവാത്തത് എന്നായിരുന്നു സംസ്ഥാന ആരോഗ്യമന്ത്രിയുടെ ആദ്യത്തെ വാദം. എന്നാല്‍ കേന്ദ്ര ആരോ?ഗ്യമന്ത്രി ജെപി നദ്ദാജി പാര്‍ലമെന്റില്‍ ഇത് കൃത്യമായി പൊളിച്ചടുക്കി. കേന്ദ്രം കുടിശ്ശിക ഒന്നും നല്‍കാനില്ലെന്ന് മാത്രമല്ല അധികമായി 120 കോടി രൂപ നല്‍കുകയും ചെയ്‌തെന്ന് ജെ.പി നദ്ദ വ്യക്തമാക്കി. മാത്രമല്ല സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ കണക്കുകള്‍ നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍സെന്റീവ് കൂട്ടാന്‍ കേന്ദ്രം തയ്യാറാണെന്നും ഓണറേറിയം സംസ്ഥാനത്തിന്റെ കടമയാണെന്നും അത് വര്‍ദ്ധിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞതോടെ സിപിഎമ്മിന്റെ കേന്ദ്രവിരുദ്ധ നരേറ്റീവിന്റെ കാറ്റ് പോയി. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിയെ കണ്ട വീണാജോര്‍ജ് കേന്ദ്രം ഇന്‍സെന്റീവ് കൂട്ടാന്‍ തയ്യാറാണെന്ന് അറിയിച്ചുവെന്നാണ് പറയുന്നത്. എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ വീണയെ ആശമാര്‍ കണക്കിന് പറഞ്ഞതും കേരളം കണ്ടു. സെക്രട്ടറിയേറ്റ് നടയില്‍ 53 ദിവസമായി സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് എന്‍.ഡി.എ നേതൃയോഗം എല്ലാ പിന്തുണയും അറിയിക്കുന്നു.
-
തീരദേശ ജനതയുടെ ജീവിത ദുരിതങ്ങള്‍ അകറ്റണം
തീരദേശ ജനത നിരവധി ജീവിത ദുരിതങ്ങളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ്- എല്‍ഡിഎഫ് മുണികള്‍ ഒന്നും ചെയ്യുന്നുമില്ല. കടലാക്രമണ ഭീഷണിയും പട്ടിണിയും രോഗങ്ങളുമടക്കം തീരജനത നിരവധിയായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. ഭയപ്പാടില്ലാതെ മത്സ്യബന്ധനത്തിനു പോകാന്‍ കഴിയുന്ന സാഹചര്യവും അവര്‍ക്കില്ല. മത്സ്യ സമ്പത്തു കുറഞ്ഞതും
പ്രകൃതി ക്ഷോഭങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളും തീരദേശജനതയെ വലിയ ദുരിതത്തിലാക്കിയിട്ടുണ്ട്.
മാറിമാറി ഭരണത്തിലിരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ അവര്‍ക്ക് വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കിയത്. തീരമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കുടിവെള്ള ക്ഷാമവുമൊക്കെ ഇപ്പോഴും വലിയ പ്രശ്നങ്ങളായി തുടരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള നിരവധി പദ്ധതികളുടെ ഗുണം സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം അവര്‍ക്ക് ലഭിക്കുന്നുമില്ല. തീരദേശ ജനതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദേശീയ ജനാധിപത്യ സംഖ്യം പ്രതിജ്ഞാബദ്ധമാണ്.
-
ലഹരിയുടെ സ്വന്തം നാട്
ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോള്‍ ലഹരി മാഫിയയുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ലഹരി മാഫിയ അഴിഞ്ഞാടുന്നു. ഇതിന്റെ ഭാഗമായി കൊടുംക്രൂരമായ കൊലപാതകങ്ങളും അക്രമങ്ങളും സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ആവര്‍ത്തിക്കുകയാണ്. അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റ് കേരളത്തില്‍ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും നിഷ്‌ക്രിയമാണ്. കൊട്ടേഷന്‍ സംഘങ്ങളെയും ലഹരിമാഫിയകളെയും നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമായിരിക്കുകയാണെന്നും ദേശീയജനാധിപത്യ സഖ്യം സംസ്ഥാന നേതൃയോഗം വിലയിരുത്തി.
-
പുതിയ കേരളത്തിനായി കൈകോര്‍ക്കാം
കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും കേരളത്തില്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ആയുഷ്മാന്‍ ഭാരത്, ജല്‍ജീവന്‍ മിഷന്‍, പ്രധാനമന്ത്രി അര്‍ബന്‍ ആവാസ് യോജന തുടങ്ങിയ നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് നിശ്ചലമായിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഇടനിലക്കാരില്ലാതെ സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക് എത്തേണ്ടതുണ്ട്. അതുപോലെ രാജ്യം മുഴുവന്‍ അലയടിക്കുന്ന വികസനക്കാറ്റ് കേരളത്തിലും എത്തേണ്ടതുണ്ട്. തൊഴിലില്ലായ്മയില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനമായി മാറിയ കേരളത്തില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്.
സംരഭകരെ സംസ്ഥാനത്തിലേക്കെത്തിക്കേണ്ടതുണ്ട്. ഇവിടുത്തെ പുതിയ തലമുറയ്ക്ക് ആത്മവിശ്വാസം നല്‍കേണ്ടതുണ്ട്. അതിന് വേണ്ടി എന്‍ഡിഎ മുന്നോട്ട് വെക്കുന്ന പുതിയ രാഷ്ട്രീയത്തെ മുഴുവന്‍ മലയാളികളും പ്രത്യേകിച്ചും യുവജനത പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വികസിത കേരളം യാഥാര്‍ത്ഥ്യമാവാന്‍, നവോത്ഥാന നായകര്‍ സ്വപ്നം കണ്ട പുതിയ കേരളത്തെ വീണ്ടെടുക്കാന്‍ കൂട്ടായപരിശ്രമം ആവശ്യമാണ്. എല്ലാവര്‍ക്കും വേണ്ടി എല്ലാവര്‍ക്കും ഒപ്പം വികസിത കേരളം യഥാര്‍ഥ്യമാക്കുവാന്‍ ദേശീയ ജനാധിപത്യ മുന്നണിയോടൊപ്പം അണിചേരണമെന്ന് എന്‍ഡിഎ നേതൃയോഗം കേരളത്തിലെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നുവെന്നും കസരട് പ്രമേയത്തില്‍ പറയുന്നു.
CONTENT HIGH LIGHTS;’For all, with all’ Let’s join hands for a developed Kerala: National Democratic Alliance draft political resolution; The resolution also states that the curse of the Asha will not leave the government